2017, ഫെബ്രുവരി 12, ഞായറാഴ്‌ച

ഇന്നിലെ ബന്ധങ്ങൾ എവിടെ വരെ....?


രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളുമാണ്‌ ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും. രക്തബന്ധം നിയമപരമായി നിലനിര്‍ത്തേണ്ട ബാധ്യതയാണ്‌., എന്നാല്‍ വ്യക്തിബന്ധങ്ങള്‍ നിയമപരമൊന്നുമല്ലാതിരിക്കെ തന്നെ പറിച്ചുമാറ്റാനാവാത്ത ആത്മബന്ധമായിത്തീരുന്നവയാണ്‌.. അങ്ങനെയുള്ള ബന്ധങ്ങളായി നാം മാറുമ്പോഴും അങ്ങനെയുള്ള ബന്ധങ്ങള്‍ നമുക്കുണ്ടാവുകയും ചെയ്യുമ്പോള്‍ അന്നു മുതല്‍ ജീവിതത്തിന്‌ പുതിയൊരു ഭംഗി ലഭിക്കുന്നു. ഒട്ടുമാവശ്യപ്പെടാതെ നമുക്കുവേണ്ടി കരയുകയും നമ്മുടെ സന്തോഷങ്ങളില്‍ ആനന്ദിക്കുകയും നമുക്ക്‌ കൂട്ടുവരികയും വിട്ടുപോകേണ്ടി വന്നാലും വിട്ടുപോകാനാവാതെ നമ്മെ ആഗ്രഹിക്കുകയും ചെയ്യുന്ന നല്ല ബന്ധങ്ങള്‍!! അകലങ്ങള്‍ക്കിടയിലും അടുത്തുകൊണ്ടേയിരിക്കുന്ന ഹൃദയസൗഹൃദങ്ങളാണവ. മനസ്സിലെന്നും താലോലിക്കാവുന്ന നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ ആര്‍ക്കും അധികമുണ്ടാവില്ല. അത്തരം സുഹൃത്തുക്കള്‍ തണലും തലോടലുമായി നമ്മുടെ ഓര്‍മയില്‍ പോലും കൂടെ വരും. സമയവും സാന്നിധ്യവും സമ്പത്തും നമുക്കുവേണ്ടി അവര്‍ നല്‌കിക്കൊണ്ടേയിരിക്കും. മടുപ്പില്ലാതെ നമുക്കുവേണ്ടി കാത്തിരിക്കും. തിരിച്ചൊന്നും ആഗ്രഹിക്കാതെ ഈ ബന്ധം അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. രണ്ടു പേര്‍ പരസ്‌പരം ഇങ്ങനെ ഹൃദയബന്ധമുണ്ടാക്കുമ്പോള്‍ എന്തൊരു ഭംഗിയാണത്. മൂന്നാമതൊരാള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കാനാവാത്ത വിധം വശ്യമായിരിക്കും ആ ആനന്ദം. ഇത്രയും ആത്മബന്ധമുള്ളവരുടെ മനസ്സുകളകലുമ്പോള്‍ അത്‌, അസാധ്യമായ വേദനയായിരിക്കും. പിണങ്ങുകയും പിരിയുകയും ചെയ്യുമ്പോള്‍ താങ്ങാനാവാത്ത ഹൃദയദുഃഖമുണ്ടാകുന്നു. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോള്‍ ഉറങ്ങാത്ത മുറിവുണ്ടാക്കുന്നു. ചെറിയ കാരണങ്ങളാല്‍ ഒരാള്‍ അകലുമ്പോള്‍ കനമുള്ള കണ്ണീരായി അത്‌ ബാക്കിയാവുന്നു. അന്നോളമുള്ളതെല്ലാം വേദനയുള്ള ഓര്‍മകളാകുന്നു..

2017, ഫെബ്രുവരി 5, ഞായറാഴ്‌ച

ജീവിത യാത്ര

ജീവിതം ഒരു യാത്രയാണ്...തുടക്കവും,ഒടുക്കവും വിധിയെഴുതപ്പെട്ട....
ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള യാത്ര...ഈ യാത്രയിൽ...നാം വില കൽപ്പിക്കുന്ന ചില ബന്ധങ്ങൾ ഉണ്ടാകും...കൂടെ ചേർത്ത് പൊതിഞ്ഞു
സംരക്ഷിക്കാൻ ശ്രമിക്കുന്ന ചിലത്...പക്ഷേ എത്ര തന്നെ കൂട്ടിപ്പിടിച്ചാലും...അത് ഒരുനാൾ നമ്മുടെകൈക്കുമ്പിളിൽ നിന്ന് ഊർന്നുപോകും...
നാമറിയാതെ..ഒരുപക്ഷേ നാം തിരിച്ചറിയുന്നതിനും ...ഒരുപാട് മുൻപേ...
ഇതിനിടയിൽ നാം ഒട്ടും വില കല്പിക്കാത്ത ചില ബന്ധങ്ങളുണ്ടാകും...അതായിരിക്കും..അവസാന യാത്രക്കിടയിൽ
നമ്മോട് ചേർന്ന് നിൽക്കുക..ഒരു വഴി വിളക്കായ്...ഒരു പരിരംഭണമായ്..
നാം തെല്ലും തിരിച്ചറിയാതെ പോയ...ഒന്ന്...
ഓരോ യാത്രയും അവസാനിക്കുന്നതിന് മുൻപ്...അത് കണ്ടെത്തുക...

2017, ഫെബ്രുവരി 1, ബുധനാഴ്‌ച

ജീവിതത്തിന്റെ സൗന്ദര്യം


ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്.
ആത്മാവിനോട്‌ ചേര്‍ന്ന്‌ നില്‌ക്കുന്ന സൗഹൃദങ്ങള്‍
ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുമ്പോള്‍ അത്‌,
 സ്വച്ഛന്ദമായ ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്നു.
 ഒരിക്കലും തമ്മില്‍ പിരിയരുതെന്ന്‌ ആഗ്രഹിക്കുന്നവരും
വിധിയുടെ രണ്ടു വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു.
ഹൃദയത്തോട്‌ ചേര്‍ന്നുനില്‌ക്കുന്നതായിരുന്നാലും
ഏതൊരു ബന്ധത്തിന്‍റെയും അനിവാര്യമായ പര്യവസാനമാണ്‌ വേര്‍പാട്‌.
വേര്‍പാടിന്‍റെ വിണ്ടുകീറുന്ന വേദനയില്‍ വിഷമിക്കുമ്പോഴും
 ഒരു കാര്യം മാത്രമേ നമുക്ക്‌ ചെയ്യാനുള്ളു...വഴിപിരിഞ്ഞു പോയവരെ ഒരുവാക്കുകൊണ്ട് പോലും വീണ്ടും ശല്യപ്പെടുത്താതിരിക്കുക...
കാരണം പാതിവഴിയിൽ തിരിഞ്ഞു നടന്നവരുടെ ഓർമ്മയിൽ പോലും...നമ്മളോ...നമ്മൾ ആഗ്രഹിക്കുന്നതോ...
ഒന്നുമുണ്ടാകില്ല.ഒന്നും...!!