2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ആഗ്രഹങ്ങൾ

എന്റെ ഇന്നേ വരെയുള്ള ജീവിതം...അനാഥൻ അല്ലെങ്കിൽ തന്നെയും അനാഥനെപ്പോലെ തന്നെ ആയിരുന്നു..ചിലപ്പോഴൊക്കെ സന്തോഷം അനുഭവപ്പെടുമെങ്കിലും എല്ലായ്പോഴും...സ്ഥായിയായ അവസ്ഥ ഒരുപാട് നൊമ്പരങ്ങൾക്കിടയിലൂടെ തന്നെയാണ്...അതെന്റെ വിധി...ഒരു കുന്നോളം ആഗ്രഹിച്ചാൽ ഒരു കുന്നിക്കുരുവോളം കിട്ടും എന്ന പഴമൊഴി പോലെയാണ് എന്റെ ചില സ്വഭാവ വൈകല്യങ്ങളും..അതിനിടയിൽ ആരെയൊക്കെയോ വേദനിപ്പിച്ചു,സങ്കടപ്പെടുത്തി...പലപ്പോഴും എനിക്കൊരു വാശി ആയിരുന്നു...എന്റെ ഇഷ്ടങ്ങളിൽ മാത്രം കടിച്ചു തൂങ്ങി മറ്റുള്ളവരുടെ നൊമ്പരം അറിയാത്ത പോലെ...
എങ്കിലും എന്നിലെ നന്മകളും,ദുഷ്ടതകളും...എന്നിൽ തന്നെ തീരട്ടെ...എന്തൊക്കെയോ ആഗ്രഹിച്ചു..ആരോടൊക്കെയോ വാശി പിടിച്ചു...എന്തിനൊക്കെയോ വേണ്ടി...
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്ന് ഒരു നിമിഷമെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ എന്ന് ഇപ്പൊ വല്ലാതെ ആഗ്രഹിച്ചു പോകുന്നു..
ഒരിക്കലും ഉറപ്പില്ലാത്ത ആഗ്രഹം..

2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഒരു തനിയാവർത്തനം പോലെ

മനസിലെ ആശയങ്ങളും,ചിന്തകളും..കാഴ്ചപ്പാടും വാക്കുകളാൽ കോറിയിടുമ്പോൾ ചിലയിടങ്ങളിൽ..അലസോരം സൃഷ്ടിക്കുക സ്വാഭാവികം..ആ അസ്വാരസ്യമാണ് ചിലരെ പിന്തിരിയാൻ പ്രേരിപ്പിക്കുക.വാക്കുകളുടെ മൂല്യങ്ങൾ നാമമാത്രമായി മനസിലാകാതെ വരുമ്പോൾ ...പെയ്തൊഴിഞ്ഞ മഴ പോലെ പലതും പാതി വഴിയിൽ അവസാനിക്കുന്നു..ഞാനെന്റെ സത്വത്തെ തിരിച്ചറിയുമ്പോൾ ചില മുഖങ്ങളിൽ വെറുപ്പിന്റെയോ....വിദ്വേഷത്തിന്റെയോ...വിശ്വാസക്കുറവിന്റെയോ...എന്തൊക്കെയോ...ചിലത് ഞാൻ തിരിച്ചറിയുന്നു...ചിലതൊക്കെ ചിലർക്കേ ശരിയാകൂ...ചിലർക്ക് മാത്രം...
മനസ് പലപ്പോഴും ആഴക്കടൽ പോലെയാണ്...
അതിലെ മലരികളും,ചുഴികളും,എന്തിനേറെ അതിലെ ആഴം പോലും അളക്കാൻ കഴിയാതെ പോകും.അതിൽ തളിരിടുന്ന ചില ഇഷ്ടങ്ങൾ അതെപ്പോഴും പ്രണയമാകണമെന്നില്ല.
ചിലത് അനുഭൂതിയും,ആദരവുമാണ്....അതിൽ ചിലപ്പോൾ കുറ്റപ്പെടുത്തലുണ്ടാകും,പഴിചാരലുണ്ടാകും,പിണക്കങ്ങളുണ്ടാകും,ഇണക്കങ്ങളുണ്ടാകും...ഇതിനിടയിൽ ചിലർക്ക് ചിലരെ മനസിലാകാതെ വരും...ഒരു തനിയാവർത്തനം പോലെ...
ചിലപ്പോൾ മനസ്...വരണ്ടതും....ചിലപ്പോൾ മലർവാടിയായും രൂപപ്പെടും...പലപ്പോഴും...മനസാണ് ശത്രു....!
മനുഷ്യനല്ല....

2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഹൃദയ താളം

ഏകാന്തതയ്ക്ക് ഒരു വല്ലാത്ത താളം ഉണ്ട്.ഒറ്റപ്പെടുക എന്ന അവസ്ഥയല്ല മറിച്ച് ഒറ്റയ്ക്കിരിക്കുക എന്ന അവസ്ഥ ചിലപ്പോൾ ഒരു രസമാണ്.. ചിലപ്പോൾ എവിടെയൊക്കെയോ...എന്തൊക്കെയോ നഷ്ടപ്പെട്ടതിന്റെ....നഷ്ടപ്പെടുത്തിയതിന്റെ നോവും...നീറ്റലും ആയിരിക്കും.ഒരു വീടിനുള്ളിലോ മുറിക്കുള്ളിലോ എവിടെയുമാവട്ടെ, ചുറ്റുംമൗനത്തിന്റെതായ ഒരു സംഗീതം ഒഴുകി ഇറങ്ങി വരും.കണ്ണുകളടച്ച് മനസ്‌ സ്വതന്ത്രമായി വിട്ടാൽ ചിന്തകളുടെ കുത്തൊഴുക്കിൽ ഒരു അപ്പൂപ്പൻ താടിയെ പോലെ പറന്നു പറന്നു നടക്കാം.ഒരൽപം കഴിഞ്ഞു കണ്ണുകൾ തുറന്നു ചിന്തകള് നമ്മളെ കുറിച്ച് മാത്രം ആക്കുക.അത് വേറെ ഒരു അനുഭവമാണ്.ഞാനും എന്റെ ഉള്ളിലെ ഞാനും മാത്രമാകുന്ന അനുഭവം.സ്വയം രണ്ടായി നിന്ന് തന്നോട് തന്നെ കൂട്ട് കൂടുന്ന മായാജാലം.എന്നും എന്റെ ഒടുങ്ങാത്ത പ്രണയം ഈ ഏകാന്തതയോടാണ്..അത് അവസാനിക്കുന്നതേയില്ല..! പ്രണയം....അത് ആർക്കും ആരോടും തോന്നാം.അത് വാക്കുകളിൽ കൂടിയോ....അക്ഷരങ്ങൾ ആയോ.. അതുമല്ലങ്കിൽ ഒരു നോട്ടം കൊണ്ടോ അറിയിക്കാം...എന്നാൽ ഒരിക്കലും അറിയിക്കാൻ പറ്റാതെ മനസ്സിന്റെ ഉള്ളിൽ ഒരുവിങ്ങലായി അവസാനിക്കുന്ന പ്രണയമുണ്ട്....അതിനൊരു നോവുണ്ട്...സുഖമുള്ള നോവ്.ഒരുപാട് ദൂരെയാണെന്നു അറിഞ്ഞിട്ടും അന്യനാണെന്ന് അറിഞ്ഞിട്ടും മനസ്സിൽ ഇന്നും സ്വന്തമാണെന്ന് കരുതി....കൂടെയുണ്ടെന്ന് കരുതി.... മനസ്സിലെ കൂട്ടിൽ പ്രണയം പങ്കു വെച്ച്...... ആ പ്രണയം വരുത്തിയ മുറിപ്പാട്...പിന്നെയും പിന്നെയും മനസ്സിനെ കുത്തി നോവിപ്പിച്ചു.... എന്തിനായിരുന്നു.......????ആരോടും തോന്നാത്ത ,ഒരിക്കലും തോന്നാത്ത ഒരു പ്രണയം . നിന്നോട്മാത്രം തോന്നിയത്....???? അരുതേ എന്ന് മനസ്സ് ആയിരം വട്ടം വിലക്കിയപ്പോഴും....ആ മനസ്സിനെപ്പോലും വെറുത്തു നിന്നെ പ്രണയിച്ചത്..... മറക്കാൻ കഴിയാതെ മനസ്സിൽ നിന്ന് മായ്ക്കാൻ കഴിയാതെ മൗനമായ എന്റെ പ്രണയം.....നീ അറിയാത്ത എന്റെ പ്രണയം.... മരിക്കാത്ത ശരീരവും മരിച്ച മനസ്സും എനിക്ക് സമ്മാനിച്ച പ്രണയം....ആ പ്രണയ ഓർമ്മകളാണോ ഇന്ന് എന്റെ അക്ഷരങ്ങൾ...? അറിയില്ല.ഈ അക്ഷരങ്ങളെ ഇന്ന് ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു.....അതിലൂടെ വേറെ ചിലതിനെയും.... ആ ഓർമ്മകളെയും.....!!

2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

ചിന്തകൾ

ചിന്തകൾ ശിശിരവും, ഹേമന്തവും,വർഷവും കടന്ന് ശൈഥ്യ മേഖലകളും,കുളിര്മയുടെ തെളിനീർ നിറഞ്ഞ തടാകവും പിന്നിട്ട് തരിശ് ഭൂമിയിലൂടെ...ഇവിടെ ഒരു പ്രത്യേകതയുണ്ട്...സ്വന്തം ജീവവായു കൊടുത്ത് ഉണർവേകാൻ ശ്രമിച്ചാലും ഒരു പുൽനാമ്പ് പോലും ഊഷര ഭൂമിയിൽ കിളിർക്കില്ല..മുളക്കില്ല...ആ പ്രയത്നം നിഷ്ഫലമാകും...
ഈ യാത്രയിൽ പലരെയും പോലെ ഞാനും തോൽവി സമ്മതിക്കാം...
ഓരോ ഇലകൾ കൊഴിയുമ്പോഴും വീണ്ടും തളിർക്കുമെന്നറിഞ്ഞിട്ടും ആ മരം വേപഥു പൂണ്ടെങ്കിൽ...ഞെട്ടറ്റു വീഴുന്ന ആ ഇലയുടെ നൊമ്പരം എന്തായിരിക്കും...കാലം സാക്ഷി..

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഭാഗ്യനിർഭാഗ്യം

ഭാഗ്യമോ....അതിന്റെ നിറമെന്താണ്...?
ചിലപ്പോഴൊക്കെ ഭാഗ്യനിർഭാഗ്യങ്ങൾക്ക് മരണത്തിന്റെ നിറം തന്നെയല്ലേ...?
രാത്രിയുടെ ഇരുട്ടിലോ.... പകലിന്റെ വെളിച്ചത്തിലോ... ഒച്ചവെക്കാതെ...മരണം കടന്നുവരും..അടുത്തെത്തുമ്പോഴാണ് അതിന്റെ സാന്നിധ്യം അറിയുക തന്നെ...പിന്നെ ആ തലോടൽ ഏറ്റുവാങ്ങുമ്പോൾ അതിന്റെ സ്പർശവും തിരിച്ചറിയും...പക്ഷേ.., അപ്പോഴേക്കും പിടി മുറുക്കിയിരിക്കും.
വിഭ്രാന്തിയോടെ രക്ഷപ്പെടാൻ ശ്രമിക്കും.
കഴിയില്ല.ഏതോ മാന്ത്രിക സ്പർശനത്തിലെന്ന പോലെ....മനസ് മരവിക്കും...ബുദ്ധി മന്ദീഭവിക്കും
പിന്നെ എപ്പോഴൊക്കെയോ....യാന്ത്രികമായ കാൽവെപ്പുകളോടെ മരണത്തിന്റെ പാത പിന്തുടരും.....നൊമ്പരങ്ങളുടെ....
വേദനകളുടെ...സന്തോഷങ്ങളുടെ...ആഗ്രഹങ്ങളുടെ...ഇഷ്ടങ്ങളുടെ....പ്രണയങ്ങളുടെ...പിണക്കങ്ങളുടെ ...ഈ മായീക വലയത്തിലേക്ക്...ഈ മരുപ്പച്ചയിലേക്ക് ഇനി ഒരിക്കൽ കൂടി തിരികെ വരാൻ കഴിയാതെ...അവസാനമായി ഒന്ന് യാത്രപറയാനോ... പരിഭവങ്ങളെ ഒന്ന് പറഞ്ഞു തീർക്കാൻ പോലും കഴിയാതെ...ഒരു നീണ്ട യാത്ര....!

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വിശ്വാസം...അതല്ലേ..എല്ലാം

സ്‌നേഹിച്ചിരുന്നവര്‍ മരിക്കുകയും അവരുടെ സ്‌നേഹമില്ലാതെ ആളുകള്‍ ജീവിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥ മരണം ആയാലും മനസ്സിലെ ഓർമ്മകളിലെ മരണമായാലും.എന്നാല്‍ 'ജീവിതം ഓര്‍മകളല്ലാതെ മറ്റൊന്നുമല്ല'

സസ്യങ്ങള്‍ അതിന്റെ വേരുകളുപയോഗിച്ച് മണ്ണില്‍ നിന്നും അതിന്റെ ജീവിതം വലിച്ചെടുക്കുന്നു. അത് നീക്കപ്പെടുമ്പോള്‍ അതിന്റെ ഇലകള്‍ വാടുകയും അതിന്റെ ഞരമ്പുകള്‍ തളരുകയും ചെയ്യുന്നു. മനുഷ്യനും ഒരര്‍ഥത്തില്‍ സസ്യത്തെ പോലെയാണ്. അവന്റെ ഓര്‍മകളാണ് വേരുകള്‍. അവനുമായി ബന്ധപ്പെട്ട ഓര്‍മകളില്ലാത്ത ഒരു നാട്ടിലേക്ക് അവന്‍ നീക്കപ്പെട്ടാല്‍ ജീവിതത്തിന്റെ ഒഴുക്കിന് തടസ്സം വന്ന പോലെയായിരിക്കും അനുഭവപ്പെടുക. പുതിയ നാട്ടില്‍ അവനെ താമസിപ്പിക്കുമ്പോള്‍ മുറിഞ്ഞിടത്ത് വെച്ച് ചേര്‍ക്കാന്‍ തുടങ്ങുന്നു. പുതിയ മണ്ണിലേക്ക് പറിച്ചു നടുന്ന ചെടി അതിന്റെ വേര് താഴേക്കിറക്കി വളരുന്ന പോലെയാണത്. അതിനെ ആദ്യമുണ്ടായിരുന്നിടത്തേക്ക് വീണ്ടും മടക്കിയാല്‍ പിന്നെയും അത് വാടുന്നു.
ഇന്നുകളിലെ ചില ജീവിത ബന്ധങ്ങളും ഇങ്ങിനെത്തന്നെയാണ്..അത് സൗഹൃദമോ...മറ്റെന്തോ ആയിക്കൊള്ളട്ടെ.
ചിലത് വാടും...ചിലത് തളിർക്കും...

മലരും....മണവും

മലരും മണവും എന്നതു പോലെ കാറ്റും മഴയും എന്നതും ഒരു പ്രയോഗമത്രെ. മണമുണ്ടാകാന്‍ കാരണക്കാരനായ മലര്‍ ഇവിടെ ഗോചരമാണ്. മണം നാം അനുഭവിച്ചറിയുകയയാണ്. എന്നാല്‍ മഴ വര്‍ഷിക്കാന്‍ കാരണക്കാരനാകുന്ന കാറ്റ് ഇവിടെ ഗോചരമല്ല. ഇവിടെ കാരണക്കാരനെ അനുഭവിച്ചറിയുകയും തന്‍നിമിത്തമുണ്ടാകുന്ന പ്രതിഫലനത്തെ നേര്‍ക്കുനേര്‍ ആസ്വദിക്കുകയുമാണ്. അഥവാ പ്രകൃതിയുടെ പ്രതിഭാസത്തിലൂടെ തന്നെ ബുദ്ധിയുള്ളവര്‍ക്ക് മനോഹരങ്ങളായ ദൃഷ്ടാന്തങ്ങള്‍ ദൈവം ഒരുക്കി വെച്ചിരിക്കുന്നു. ഭൂമിയില്‍ ജീവനുള്ള ഏതു ജന്തുവിനും ആവശ്യമുള്ള പ്രാണവായു ദൃഷ്ടി ഗോചരമല്ല. എന്നിട്ടും ഇതിനെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.
കൃത്രിമപ്പൂക്കള്‍കിടയില്‍ നിന്നും യഥാര്‍ഥ മധുമലരുകള്‍ കണ്ടെത്താന്‍ സോളമനോട് ആവശ്യപ്പെട്ട കഥ ഏറെ പ്രസിദ്ധമാണ്. തോട്ടത്തിലെ തേനീച്ചക്കൂട് തുറന്നു കൊണ്ട് അതിസമര്‍ഥയായ രാജ്ഞിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമാനായ സോളമന് നിഷ്പ്രയാസം സാധിച്ചുവെന്നാണ് ചരിത്രം. നന്മയുടെ വസന്തം കണ്ടെത്തല്‍ ബുദ്ധിയുള്ള മനുഷ്യന് പ്രയാസമുള്ള കാര്യമല്ല. എങ്ങിനെയൊക്കെ കലര്‍ത്തപ്പെട്ടാലും. അതു കണ്ടെത്തും. വഴികാട്ടികളുടെ വേഷത്തില്‍ ഉറഞ്ഞു തുള്ളുന്നവര്‍ പരസ്പരം മുക്രയിട്ടു ശബ്ദമലിനീകരണം നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതായിരിക്കും അഭികാമ്യം.
ഇത് പോലെയാണ് ഇന്നിന്റെ ചില ബന്ധങ്ങൾ...ചിലർ തിരിച്ചറിയുന്നു...ചിലർ അറിയാതെ പോകുന്നു...ചിലത് പ്രത്യക്ഷത്തിൽ കാണില്ല...പക്ഷേ കൂടിയേ തീരൂ...പ്രാണവായു പോലെ...ചില മുഖങ്ങൾ കാഴ്ചയിൽ നിറമാർന്നതായിരിക്കും...പക്ഷേ... നമ്മെ മൂടോടെ  പിഴുതെറിയാനുള്ള... ക്രൗര്യവും,കുടിലതയും ഉള്ളിലുണ്ടാകും.
കരയിൽ ആഞ്ഞടിച്ചു...എല്ലാം തകർത്ത് പിൻവാങ്ങുന്ന കടത്തിരകളെപ്പോലെയും ചില ബന്ധങ്ങൾ...എന്നിട്ടും ചിലതൊക്കെ ഉള്ളിൽ അടക്കിവെക്കും പറിച്ചെറിയാന് കഴിയാതെ...
ചില ബന്ധങ്ങൾ ഇങ്ങനെയുമാണ്...മുറിച്ച് പകുത്തു മാറ്റാൻ ശ്രമിച്ചാലും...അതിന് കഴിയാതെ പോകും..അതെത്ര ക്രൂരതയോടെ പെരുമാറിയാലും..
ചിലത് ചീഞ്ഞാൽ ചിലതിന് വളമെന്ന പോലെ... സ്വന്തം ഉയർച്ചക്ക് വേണ്ടി ചിലരെ മനപ്പൂർവ്വം നശിപ്പിക്കാനും ചിലർ...അത് ചിലപ്പോ വാക്കുകൾ കൊണ്ടായിരിക്കാം...പ്രവർത്തികൾ കൊണ്ടുമായിരിക്കാം....

പിന്നെയും... എന്തൊക്കെയോ.....

അവൾ നൽകിയ സ്നേഹം ഇനിയും ഒരു തോരാമഴയായി എന്റെ കൺകളിൽ പെയ്യുമ്പോൾ...ഒരിക്കൽ എല്ലാമെല്ലാമായിരുന്ന   ഇപ്പോൾ ഒന്നുമല്ലാതായി തീർന്ന എന്നെ ഇനി എന്നെങ്കിലും ഓർക്കുമോ എന്നറിയില്ല.സ്നേഹിച്ചവരെ മറക്കാൻ...സ്വന്തം മനസ്സിനോട്‌പറയേണ്ടി വരുമ്പോൾ...മനസ്സിൽ ഒളിപ്പിച്ചു വെക്കുന്ന കണ്ണുനീർ തുള്ളികൾ ജീവിതാവസാനം വരെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.അവളുടെ സാന്ത്വനവും,..
ശബ്ദവും,.....
പുഞ്ചിരിയും......,
കുസൃതിയും.....
പിണക്കങ്ങളും,.....
പിന്നേയുമെന്തൊക്കെയോ...എല്ലാം ഇപ്പോൾ ഓർമ്മകൾ മാത്രമായി തീരുന്നു.രണ്ടായി പകുത്തെടുത്ത ചിന്തയും തേഞ്ഞു തീരാറായ കുറേ നഷ്ടസ്വപ്നങ്ങളും.പിന്നെ യാഥാർത്ഥ്യങ്ങളിലേക്കുള്ള യാത്രയിൽ..സ്വയമുരുകിത്തീർന്ന മെഴുകുതിരിപോലെ.,സ്വന്തമായിരുന്നെങ്കിലും ഇപ്പോൾ അന്യതയുടെ പതർച്ചയും,വിരഹത്തിന്റെ കണ്ണീരും...നഷ്ടപ്പെടലിന്റെ ശ്യൂന്യതയും...എല്ലാമെല്ലാം എന്റെ...സ്വന്തമായിരുന്നു.ഇപ്പോഴും അരണ്ടവെളിച്ചത്തിൽ...മൂടൽ മഞ്ഞുപോലെ ഉള്ളിൽനിറയുന്ന സ്നേഹത്തേയും...കനം കുറഞ്ഞൊരു സ്പർശ്ശനത്തേയും..ഞാൻ തിരിച്ചറിയുന്നു.എന്നിട്ടും.....??

തിരിച്ചറിവ്

ചിലയിടങ്ങളിലെ ചില മൗനങ്ങൾ പലപ്പോഴും പലതും പറയാതെ പറയുന്നു...ഇന്നലെകളുടെ കാലഹരണപ്പെട്ട എന്നിലെ ചിന്താഗതികൾ..പറഞ്ഞറിയിക്കാൻ ശ്രമിച്ചത് കൊണ്ടോ...അല്ലെങ്കിൽ അതിന് മൂല്യം ഇല്ലാതിരുന്നത് കൊണ്ടോ...അറിയില്ല.പക്ഷേ...ചിലപ്പോഴേക്കെ ഈ മൗനം വല്ലാതെ അലസോരപ്പെടുത്തുന്നുണ്ട്‌...പലപ്പോഴും പ്രതീക്ഷകൾക്കപ്പുറമാണ്...ചിന്തകളും,പ്രവർത്തിയും..
അറിയാൻ ആഗ്രഹിച്ച പലതും അറിയാതെ പോകുന്നു..തിരുത്താൻ ആഗ്രഹിച്ചതൊക്കെ തിരിഞ്ഞു കൊത്തുമോ എന്നും അറിയില്ല...
ജീവിതത്തിൽ പലതും തിരിച്ചറിവിനും അപ്പുറമാണ്....ചിന്തകൾക്ക് മേൽ വികലമായ ചിന്തകൾ അടുക്കി വെച്ച് ഞാനും...