2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഒരു വിളിപ്പാടകലെ

ചില ബന്ധങ്ങൾ ഒരു വിളിപ്പാടകലെ മാത്രം നിന്ന് എത്തി നോക്കി പോകുമ്പോൾ ...പലപ്പോഴും സ്വന്തം ജീവിതത്തിന്റെ അർത്ഥമില്ലായ്മ തിരിച്ചറിയാൻ
ചില നിമിഷങ്ങൾ മാത്രം മതി. അറിഞ്ഞതിലപ്പുറം വിശ്വാസത്തിലെടുത്തിലായിരുന്നോ...എന്നൊരു തോന്നൽ...ഇല്ലായിരിക്കാം...അതേ...അതാണ് ശരി...ഇനിയും വിശ്വസിപ്പിക്കാൻ എനിക്കറിയുകയുമില്ല...

ഇഴയടുപ്പം...

ജീവിതത്തിന്റെ തിരശ്ശീല ഉയർത്തപ്പെട്ടിരിക്കുന്നത് ചില ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്.ഒരു നൂലിഴ ബന്ധം പോലെ..പ്രത്യക്ഷത്തിൽ ഗോചരമാണെങ്കിലും..ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്  ഈ കെട്ടുറപ്പാണ് ഹേതു.ആ ഇഴയടുപ്പം ഒന്നകന്നാൽ....കെട്ടുകളുടെ ഭദ്രതക്ക് ഒന്നയവ് വന്നാൽ  ആ തിരശ്ശീല എന്നെന്നേക്കുമായി ചുരുഴിഞ്ഞു വീഴും...
ഓരോ മനുഷ്യനും ജീവിതമെന്ന അരങ്ങിലെ അഭിനേതാവ് ആണ്...ചിലതിന്റെ തിരക്കഥ  വളരെ നീണ്ടുപോയേക്കാം..ഒരാൾ തന്നെ പല വേഷപകർച്ചയിലൂടെ  ഒരുപാട് കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വരും..കാമുകനായോ,സുഹൃത്തായോ,സഹോദരനായോ...അങ്ങിനെ നീണ്ടുപോകും..വേഷങ്ങൾ..
തകർത്തഭിനയിക്കുന്നവന് ഒരുപാട് വേഷങ്ങൾ യോജിക്കും..ചില തിരക്കഥകൾ വളരെ പെട്ടെന്ന് അവസാനിക്കുകയും ചെയ്യും...
നമ്മൾ നെയ്തെടുത്ത....നമ്മളാൽ നെയ്തെടുത്ത...ഈ നൂലിഴകളെ ....അതിന്റെ ഇഴയടുപ്പങ്ങളെ അകലാതെ ശ്രദ്ധിക്കാൻ കഠിന പ്രയത്നം തന്നെ ആവശ്യമായി വരും...അതാണ് ജീവിതം...
എന്റെയും....നിങ്ങളുടെയും....!!!
പലരും തോറ്റുപോകുന്നതും ഇവിടെയാണ്...
ഇപ്പോ...ഞാനും തോറ്റുപോയോ...എന്നൊരു സംശയം...ഇല്ലാതില്ല.

മനസ്സ്...

മനുഷ്യന്‍ ചിലപ്പോള്‍ കരുതുന്നു താനെല്ലാറ്റിനും പ്രാപ്തനാണെന്ന്. എന്നാല്‍ തന്നെ കൊണ്ടൊന്നും സാധിക്കുന്നില്ലല്ലോ എന്നായിരിക്കും മറ്റു ചിലപ്പോള്‍ അവന്റെ ചിന്ത. അഹന്തയുടെയും അപകര്‍ഷതാ ബോധത്തിന്റെയും അറ്റങ്ങളിലേക്ക് മാറിമാറിയലയുകയാണ് അവന്റെ മനസ്സ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താനാരാണ്, തന്റെ സാധ്യതകളെന്താണ്, ലക്ഷ്യങ്ങളെന്താണ്, ഈ ഭൂമിയിലെ നിയോഗ ലക്ഷ്യമെന്താണ് എന്നെല്ലാം തിരിച്ചറിയുന്നതില്‍ അവന്‍ പരാജയപ്പെടുന്നു. ഈ വിവേകം അവന്‍ നേടിയെടുക്കേണ്ടത് അനുഭവങ്ങളില്‍ നിന്നാണ്. ഇത്തരം തിരിച്ചറിവുകളെ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഒരു പക്ഷേ വലിയ പാളിച്ചയാകാം. അല്ലെങ്കില്‍ ഒരു പതനമോ പരാജയമോ ആകാം. എന്നാല്‍ അപ്പോഴേക്കും വ്യഥപൂണ്ട് നിരാശയുടെ മിഥ്യാമാളത്തിലേക്ക് ഓടിയൊളിക്കുകയാണ് പലരും.

ഒരു നാൾ...

അർത്ഥം മനസ്സിലാകാത്ത വാക്കും. 
വിശ്വാസനീയമല്ലാതെ തോന്നുന്ന സൗഹൃദവും..
തിരിച്ചറിയാതെ പോകുന്ന ബന്ധങ്ങളും..
എല്ലാം ഒരുപോലെയാണ്..
വെളിച്ചത്തിൽ നിന്ന് നോക്കിയാൽ പ്രകാശോദ്വീപനത്തോടെയും....
ഇരുട്ടിൽ നിന്ന് നോക്കിയാൽ കനത്ത അന്ധകാരവും അവിടെ നിഴൽ നാടകം കളിച്ചേക്കാം..ഇവിടെ മനസാണ് പ്രധാനം...അതിലെ ചിന്താധാരയും...
ചിലപ്പോഴൊക്കെ അതിനിടയിലൂടെ വ്യതിചലിച്ചു വന്ന വിശ്വാസങ്ങളൊക്കെയും സത്യമാകണമെന്നില്ല...എല്ലാം തെറ്റുമാകണമെന്നുമില്ല...ചിലത് ചിലപ്പോൾ ചിലർക്ക് ശരിയാകാം....ചിലർക്ക് തെറ്റായും തോന്നാം.
ഒഴുക്കിലേക്ക് ഞെട്ടറ്റുവീണ ഇല ചിലപ്പോൾ ഒഴുക്കിന് എതിർ ദിശയിലേക്ക് തെന്നി നീങ്ങണമെന്ന്...ഒരു പക്ഷേ ചിന്തിച്ചു പോയേക്കാം...അവിടെ ചിന്തയെ ഉണ്ടാകൂ...പ്രവൃത്തികൊണ്ട് ഫലമുണ്ടാകില്ലെന്ന തിരിച്ചറിവ് ഒരുപാട് ദൂരം ഒഴുക്കിനൊപ്പം നീങ്ങിയതിന് ശേഷമേ തിരിച്ചറിയൂ..പിന്നെയങ്ങിനെ പൊയ്‌ക്കൊണ്ടേയിരിക്കും...എവിടെയെങ്കിലുമൊക്കെ തട്ടിതടഞ്ഞു ...അവസാനം അതിന്റെ സ്ഥായിയായ ഭാവം നഷ്ടപ്പെടും വരെ...
പിന്നെ ഒരുനാൾ അഗാധതയിലേക്ക്...ആണ്ടുപോകും...ഒരിക്കലും തിരികെ വരാതെ....ഇതുപോലെയാണ് നമ്മിൽ ചിലരുടെ ചില ബന്ധങ്ങളും...!!

ഇന്നിന്റെ ലോകം

പഴയകാലം...ബാല്യം നിഷ്ക്കളങ്കമായിരുന്നു.അവിടെ അതിർവരമ്പുകളും അതിർത്തി രേഖകളും ഉണ്ടായിരുന്നില്ല.ആണും പെണ്ണും എന്ന വ്യത്യാസം പോലും ആരെയും തൊട്ടുതീണ്ടിയിരുന്നില്ല.പക്ഷേ ഇന്ന് കാലത്തിനനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു...പണ്ട് കുട്ടിക്കാലത്തെ സ്നേഹവും അടുപ്പവും സ്ത്രീപുരുഷ ശരീരവ്യത്യാസങ്ങളോടായിരുന്നില്ല...കൂട്ടു കൂടി കളിക്കണം ആർത്തുല്ലസിക്കണം.പക്ഷേ ഇന്നത്തെ കൗമാര അടുപ്പങ്ങൾക്കൊക്കെ മറ്റൊരു രൂപമാണ്...ഇന്നിലെ കൗമാര സൗഹൃദങ്ങൾ പലതും പ്രണയ പരവശമാണ്..
ചിന്തകൾക്ക് ...പ്രവർത്തികൾക്ക്..ഒക്കെയും നിറവ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കുന്നു..ബസ്സ്റ്റാന്റുകളിലെ തൂണുകൾക്ക് മറപിടിച്ചു നിന്നു കിന്നാരം പറയുന്ന പല കണ്ണിമകളും വല്ലാതെ വെട്ടിപ്പിടയുന്നു..പലപ്പോഴും പഠിക്കുന്ന സ്‌കൂളിലേക്ക് സമയത്തിനുമുമ്പ് കയറി ചെല്ലാനുള്ള ത്വരയല്ല പലരുടെയും കണ്ണുകളിൽ തെളിയുന്നത്...പ്രതീക്ഷിച്ചവരെ കാണാത്തതിലുള്ള വിങ്ങലും വേർപാടുമാണ് പല സ്കൂൾകുട്ടികളിലും കാണാൻ കഴിയുക..ആൾ സഞ്ചാരമുള്ള റോഡിൽ നിന്നും ആളൊഴിഞ്ഞ ഇടവഴികൾ തേടുന്ന ചില കൗമാരങ്ങൾ..ചിലപ്പോൾ തോളിലൂടെ കൈയിട്ടും...ചിലപ്പോൾ അണിവയറിലൂടെ ചേർത്തുപ്പിടിച്ചും നടന്നു പോകുന്നതും ഒരു കാഴ്ചയാണ്...പ്രിയപ്പെട്ട പെണ്കുട്ടീ...നീ ഒന്നു മറന്നു പോയി...നാളെ ആ കൈ നിന്റെ മറ്റു ശരീരഭാഗങ്ങളിലേക്ക് നീളുമെന്ന്...

              അതിനുമപ്പുറം പുകവലിയിൽ ഹരം കൊണ്ട കൗമാരം...അത് ബസ് സ്റ്റാന്റ് ടോയ്‌ലറ്റുകളിൽ സ്ഥിരം കാഴ്ചയാണ്...അതിൽ സ്‌കൂൾ ബാഗ് 
തോളിലിട്ട ആറാം ക്ളാസ് കാരനും അതിനുമുകളിലേക്കുള്ളവരും ഉണ്ട് എന്നതാണ് സത്യം...വെറും പുകവലി മാത്രമോ ...അതോ അതിനപ്പുറത്തേയ്ക്ക് വേറെയെന്തെങ്കിലും കൂടിയാണോ എന്ന് കണ്ടറിയണം....

എവിടെയാണ് തെറ്റിയത്...? 
ആർക്കാണ് പിഴച്ചത്...
വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കോ...
അദ്ധ്യാപനങ്ങൾക്കോ..അതോ ഈ സമൂഹത്തിനോ...കൂലിപ്പണി ചെയ്ത് കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന പല മാതാപിതാക്കളും അറിയാതെ പോകുന്ന ഒന്നുണ്ട്..സ്‌കൂൾ ഫീസ് എന്ന് പറഞ്ഞു നിങ്ങളോട് ശാഠ്യം പിടിച്ച് ...അല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം പറഞ്ഞ്...വാങ്ങിപോകുമ്പോൾ...അത് ചിലർ ചിലവാക്കുന്നത്...ഇഷ്ടപ്പെട്ടവർക്ക് 200 നും 300 നും ഇടക്കുള്ള വിലക്ക് ചോക്കലേറ്റ് ഇതര മധുരം നുണയിക്കാനാണെന്ന്...ഇതിൽ ആണും പെണ്ണും വ്യത്യാസമില്ല എന്നതാണ്...ഈ വരികൾ വായിക്കുന്നവരിൽ ചിലർ നെറ്റിചുളിച്ചേക്കാം...
കുറ്റപ്പെടുത്തിയേക്കാം...
പക്ഷേ നിങ്ങൾ പരിസരങ്ങളിലേക്ക് കൂടി കണ്ണു തുറന്നു നോക്കുക....ഇതൊക്കെയും ജീവിതത്തിന്റെ നേർക്കാഴ്ചയാണ്...ഇത്തരം കാഴ്ചകളിൽ ഒരു പുരുഷനാണ് പ്രതികരിച്ചതെങ്കിൽ....
ഒരെതിർപ്പിന്റെ ഭാവം ആരിൽ നിന്നെങ്കിലും ഉയർന്നാൽ...പ്രതികരിക്കാൻ ശ്രമിച്ചാൽ അവരെ സദാചാരവാദിയെന്നോ...സദാചാര പോലീസെന്നോ മുദ്ര ചാർത്തിക്കൊടുക്കുന്നു..പിന്നെയാണ് പുകിലും പുക്കാറും...ടിവി ചാനലുകളിൽ അന്തിച്ചർച്ച...സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളും കമന്റുകളും...അവിടെ കാമുകീകാമുകന്മാർ സഹോദരങ്ങളാകും...ചിലയിടങ്ങളിൽ രൂപവ്യത്യാസം കൊണ്ട് അച്ഛനും മോളും വരെയാകും...എതിർപ്പ് പ്രകടിപ്പിക്കാൻ ശ്രമിച്ചവരെ ക്രൂശിക്കാൻ...വനിതാ സംരക്ഷകർ വരെ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളും..
ഇതൊക്കെയും നമ്മൾ ദിനേന കണ്ടു കൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷം മാത്രം.
പക്ഷേ...ഇത്തരം കാഴ്ചകൾ ദിനംതോറും കാണുന്ന സ്ത്രീകളുണ്ട്...അവരിൽ ഒരാൾ മുന്നിട്ട് ഇറങ്ങി ഒന്നു ചോദ്യം ചെയ്തിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ ആഗ്രഹിച്ചു പോയിട്ടുണ്ട്...എവിടെ....ആരു ചോദിക്കാൻ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ മാത്രമാണ് സ്ത്രീകളിൽ ചിലർ പ്രതികരിക്കുക...അപ്പോഴേയ്ക്കും ചിലപ്പോൾ വല്ലാതെ വൈകിപ്പോയിട്ടുണ്ടാകും...

പ്രിയപ്പെട്ട രക്ഷിതാക്കളെ..............
കാലം മാറി...ചിന്തകളും സ്വപ്നങ്ങളും മാറി...പെണ്ണിന്റെ മാനാഭിമാനത്തിന് വില കുറഞ്ഞു പോകുന്നു..ആ അഭിമാനം കാത്തു സൂക്ഷിക്കേണ്ടവർ തന്നെ പലപ്പോഴും അത് നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്നു...നിങ്ങൾ അന്വേഷിക്കണം... മക്കൾ എവിടെപ്പോകുന്നു എന്ന്...ആരൊക്കെയാണ് അവരുടെ കൂട്ടുകാർ എന്ന്...അവർ എവിടെയൊക്കെയാണ് അലഞ്ഞു തിരിയുന്നത് എന്ന്‌..നിങ്ങൾ അവരുടെ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളുടെ ഫോണ് നമ്പർ സേവ് ചെയ്തു വെക്കുമ്പോൾ അവർ ഒരേ ലിംഗത്തിൽപ്പെട്ട ആരെയാണ് അകറ്റി നിർത്തിയിരിക്കുന്നത് അവരെ അന്വേഷിച്ചറിഞ്ഞ് അവരുമായും വല്ലപ്പോഴും വിശേഷങ്ങൾ അറിയുക...അവർ പറയും എല്ലാം...
കാരണം ഇഷ്ടത്തോടെ കൂടെ കൂട്ടുന്നവരെക്കാൾ സത്യസന്ധരായിരിക്കും അവർ ശത്രുവായി അകറ്റി നിർത്തിയവർ.ഇതൊക്കെയും..നാളെ ഒരു ദിവസം കോടതി വരാന്തകളിൽ സ്വന്തം മക്കളുടെ കാലിൽ വീണ് കെഞ്ചിക്കരയാതിരിക്കാൻ....പല മക്കളും ആത്മഹത്യ ചെയ്യാതിരിക്കാൻ...ആളൊഴിഞ്ഞ കുറ്റിക്കാടുകളിൽ പലരും ഒടിഞ്ഞു നുറുങ്ങിയ..കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ വീണുകിടക്കാതിരിക്കാൻ.....ഒന്നു ചിന്തിച്ചാൽ ചിലപ്പോൾ നിങ്ങൾക്കും തോന്നിയേക്കാം എന്റെ ഈ വരികളിൽ ഒരു വലിയ ശരിയുണ്ടെന്ന്...നിങ്ങൾക്ക് കുറ്റപ്പെടുത്താം...
അതെല്ലാം നിങ്ങളുടെ ഇഷ്ടം പോലെ.....അതിനു മുൻപ് ഒന്നാലോചിക്കുക...
സ്വന്തം കുടുംബത്തിൽ നിന്ന് ആരെങ്കിലും ആയിരുന്നെങ്കിലോ....എന്ന്.
ഇന്നിലെ യുവത്വം...അത് നാളെയുടെ പ്രതീക്ഷയാണ്...പലപ്പോഴും നമ്മൾ പലതും കണ്ടിട്ടും പ്രതികരിക്കാതെ പോകുന്നത്...നാളെയുടെ ആ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ മാത്രം...ബാക്കി വയ്ക്കുന്നു...!

ആഗ്രഹങ്ങളും സ്വപ്നങ്ങളും അവസാനിക്കാത്ത മനസ്സ്...

ആശകളും നിരാശകളുമാണ്..ഓരോ മനുഷ്യന്റെയും ഉയർച്ചയുടേയും താഴ്ച്ചയുടേയും അളവുകോൽ ആകുന്നത്.
ആശകൾ ഓരോരുത്തരേയും മുന്നോട്ട് ജീവിപ്പിക്കാൻ പ്രേരിപ്പിക്കുമ്പോൾ...അതിന് ഉത്ത്വേജനം നൽകുമ്പോൾ നിരാശകൾ പലപ്പോഴും അതിന് തടയിടുന്നു..സ്വപ്നങ്ങളും,ആഗ്രഹങ്ങളുമില്ലാത്ത മനുഷ്യരില്ല..മനസ്സെന്ന വിഹായസ്സിൽ ഇതൊന്നിനും അന്ത്യവും ഇല്ല..ചെറുപ്പത്തിൽ ചില കളിപ്പാട്ടങ്ങളെ കുറിച്ച് ആഗ്രഹിക്കുന്നു...കുറച്ചു കൂടി നല്ലതോ വലുതോ കിട്ടിയാൽ എങ്ങിനെയിരിക്കും എന്ന് സ്വപ്നം കാണുന്നു...ബാല്യം കഴിഞ്ഞ് കൗമാരത്തിന്റെയും യൗവ്വനത്തിന്റെ ഇടയിലെത്തുമ്പോൾ ഒരു ആണിന് പെണ്ണിലും,പെണ്ണിന് ആണിലും ഇഷ്ടം തോന്നുന്നു..അവരോടൊപ്പമുള്ള നിമിഷങ്ങളെ ആഗ്രഹിക്കുന്നു...അതിനെകുറിച്ച് വർണ്ണാഭമായി സ്വപ്നം കാണുന്നു..ഇനി കൗമാരം വഴിമാറി യൗവ്വനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ചിലത് നേടി..ചിലത് നേടാൻ കഴിയാതെ..വേറെ ആർക്കോ മുൻപിൽ തലകുനിച്ച്...ആരെയോ മംഗല്യച്ചരട് അണിയിക്കുന്നു...പിന്നെയും ജീവിതം കുറച്ചുകൂടി മുന്നോട്ട് പോകുമ്പോൾ..ചിന്തകൾ മാറിമാറിയുന്നു..പവിത്രമായ ഈ ബന്ധത്തിനിടയിൽ അസ്വാരാസ്യങ്ങൾ മറ നീക്കി പുറത്തുവരുന്നു...എന്നും പരിപ്പും,സാമ്പാറും കൂട്ടിയുള്ള ഭക്ഷണം അല്ലേ ഒരു ദിവസം ഇറച്ചിക്കറി കൂട്ടി ഭക്ഷണം കഴിക്കണം എന്ന ചിന്തയെന്ന പോലെ ചിലരുടെ ചിന്തകളും...ആഗ്രഹങ്ങളും...തമാശ പറയുന്ന...അല്ലെങ്കിൽ പൊട്ടിച്ചിരിപ്പുക്കുന്ന മറ്റൊരു പുരുഷനിലോ...കാണാൻ അഴകുള്ള..പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു പെണ്ണിലോ ചെന്നെത്തി നിൽക്കുന്നു...അത് അയൽപ്പക്കത്തുള്ളവരോ..സ്ഥിരം കാണുന്നവരോ...എന്തിനേറെ ഒരു സോഷ്യൽ മീഡിയ ഫ്രണ്ട് പോലും ആകാം..
പിന്നെ ഒരേയൊരു ചിന്ത...നേടണം...അല്ലെങ്കിൽ അനുഭവിക്കണം..
അതിനിടയിൽ എന്ത് പ്രതിബന്ധങ്ങൾ വന്നാലും തട്ടിയെറിയും...അത് സ്വന്തം രക്തത്തിൽ പിറന്ന മക്കളോ...ഭർത്താവോ,ഭാര്യയോ ആയിരുന്നാൽ പോലും.ചിലരൊക്കെ അതിനിടയിൽ തളർന്നു വീഴുന്നു...വീണ്ടും എഴുന്നേൽക്കാൻ കഴിയാതെ.മാനവും,അഭിമാനവും നഷ്ടപ്പെട്ട്.
കഴിഞ്ഞ ദിവസം റയിൽവേ സ്റ്റേഷനിൽ ഭർത്താവിനു മുൻപിൽ വെച്ച് ഭാര്യ കാമുകനെ ചുംബിച്ചത്...പാവം ഹതഭാഗ്യനായ അയാൾ തളർന്നു വീണത്..മനുഷ്യന്റെ ആഗ്രഹം അത് എവിടെയും അവസാനിക്കുന്നില്ല...ഒരു പൂവിൽ നിന്ന് മറ്റു പൂക്കളിലേക്ക് പരാഗണം നടത്തുന്ന ചിത്രശലഭങ്ങളെപ്പോലെ...മനുഷ്യമനസ്സും അതിലെ ആഗ്രഹങ്ങളും പാറി നടക്കുന്നു..ഓരോന്നും മൊട്ടാണോ...പൂവാണോ..കരിഞ്ഞതാണോ...എന്ന ചിന്തപോലും ഇല്ലാതെ...ഒരുപക്ഷേ നന്മയും,നേർമയും,കുളിർമയും ഉള്ള ഒരു പനിനീർ പൂവിനെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാകും...ആ യാത്ര....!
                                      

ഒരു കനലായ്....

ഏതോ ഒരു ജന്മത്തിന്റെ ഊടും പാവും പേറിയുള്ള ഈ യാത്ര തുടങ്ങിയിട്ട്‌ കാലം ഒരുപാടായി.ഇതുവരേം എവിടേയും ചെന്നെത്തിയില്ലായെന്നത്‌ ഇതിനിടയിലെ ഒരു സത്യം മാത്രം.ജീവിതം അങ്ങനാ പലപ്പോഴും.ബന്ധങ്ങൾക്കൊരു വിലയുമിലാത്ത കാലം.പലപ്പോഴും നമ്മെ തിരിച്ചറിയാത്ത...മനസിലാക്കാത്ത ചില ബന്ധങ്ങൾ.ഒരുപാടാവേശത്തോടെ ചിലതൊക്കെ നമ്മൾ നെഞ്ചിലേറ്റും.പക്ഷേ കയ്യെത്തും ദൂരത്തെത്തുമ്പോഴേക്കും നമ്മെ അവഗണിച്ച്‌ കൊണ്ട്‌ തള്ളിമാറ്റി ദൂരേക്ക്‌ പോയ്‌ കഴിഞ്ഞിരിക്കും.ഏറ്റവും അടുത്തവർ തന്നെയായിരിക്കും പലപ്പൊഴും മുൻപിൽ.ഇതൊന്നും ചിലരെ ബാധിക്കുന്ന കാരണങ്ങളേ അല്ല.കാരണം ഇന്നൊന്ന്..നാളെ രണ്ട്‌ അതാണല്ലോ പ്രമാണം.ഇതിനിടയിൽ വ്യക്തിയെന്ത്‌...? വ്യക്തിത്വമെന്ത്‌...? സൗഹൃദമെന്ത്‌....?ബന്ധങ്ങളെന്ത്‌...സ്നേഹമെന്ത്‌...?മനുഷ്യനെന്ത്‌...? പലപ്പോഴും നമ്മുടെ ധാരണകളൊന്നും ശരിയാകണമെന്നില്ലല്ലോ..? അങ്ങിനെ വേണമെന്ന് നിർബന്ധം പിടിക്കാനും അവകാശമില്ല.
പക്ഷേ...ഓർക്കുക.
ഓരോ ബന്ധവും ഒരു പളുങ്കുപാത്രത്തിനു തുല്യമാണ്.ഉടയാതെ..തകരാതെ സൂക്ഷിക്കാൻ ഒരുപാട്‌ ശ്രദ്ധയും കരുതലും വേണം.ഒരിക്കൽ തകർന്നാൽ വീണ്ടുമൊരു കൂട്ടിച്ചേർക്കൽ ഒരിക്കലും സാദ്ധ്യമായില്ലെന്ന് വരാം.
വിരഹമോ...വിരഹാർദ്ദ്രമോ അല്ല.പക്ഷേ എന്തോ ഒന്ന് ഉള്ളിൽ കിടന്ന് വല്ലാതെ തിളച്ച്‌ മറിയുന്നുണ്ട്‌.
ഒരു കനലായ്‌....
നോവായ്‌....
നൊമ്പരമായ്‌...
അകൽച്ചയിൽ നിന്ന് മത്രമേ ചിലപ്പോഴൊക്കെ ബന്ധങ്ങളുടെ ഇഴയടുപ്പം തിരിച്ചറിയാൻ സാധിക്കൂ.ഓർമ്മകളുടെ ഘനീഭവിച്ച ഇരുട്ടിലേക്ക്‌ വീണ്ടുമൊരു യാത്ര.ആരേയും ശല്ല്യപ്പെടുത്താതെ.

പ്രണയത്തിന്റെ പല ഭാവങ്ങൾ

പ്രണയമോ...ഇഷ്ടമോ...
എന്ത് പേര് ചൊല്ലി വിളിച്ചാലും അതിനെ പറ്റി പറയുക എളുപ്പമല്ല.ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും അതിന് ഓരോരോ രൂപങ്ങളാണ്.പത്തോ,പതിനഞ്ചോ വർഷങ്ങൾക്ക് എന്നിലോ നിന്നിലോ നിറഞ്ഞു തൂവിയ പ്രണയമാകില്ല ഇന്ന് ഉറഞ്ഞ മഞ്ഞായി നമ്മുടെയൊക്കെ ഉള്ളിൽ ഏതെങ്കിലും ഒരു കോണിൽ അടിഞ്ഞുകൂടി കിടക്കുന്നത്.എങ്കിൽ തന്നെയും നാളെ ഒരുപക്ഷേ ചെറിയൊരു തീനാളത്തിന്റെ ചൂടേറ്റ് അത് വീണ്ടും രൂപം മാറിയേക്കാം.എത്ര ഘനീഭവിച്ചാലും...തുടിച്ചൊഴുകിയാലും ഇളകാത്ത ആഴമായി ശാന്തമായാലും അത് ചിലരുടെടെയുള്ളിൽ തന്നെ കിടക്കുന്നു..
ഇതിൽ പലരും പലരെയും പിന്നീട് എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുമ്പോൾ പുറമേക്ക് ചിരിച്ചു സംസാരിക്കുമെങ്കിലും...ഒരു പിടച്ചിൽ താനേ നെഞ്ചിലുയരുന്നുണ്ടാകും...ഇരുവർക്കും..ഒപ്പം ഒരു നഷ്ടബോധവും...ആണിനായാലും പെണ്ണിനായാലും.ജീവിതത്തിൽ പ്രണയിക്കാത്തവർ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ...ഇല്ല...എന്നതാണ് സത്യം...
ഒരു സാദാ പ്രണയകഥകളുടെ ചതുരവടിവുകളെല്ലാം അടങ്ങിയതാവും ഓരോ പ്രണയവും..വിവേകബുദ്ധിയുള്ള പ്രണയം മാംഗല്യത്തോടെ പാവനമാകുന്നുവെങ്കിൽ...
വികാരഭരിതമായ പ്രണയം അത് ശാരീരികസുഖങ്ങൾക്കപ്പുറം പെയ്തൊഴിയുന്നു...ഓരോ പ്രണയത്തിനും തീക്ഷണതയും ഭംഗിയും ഏറുമ്പോൾ ആയുസ്സ് കുറവായിരിക്കും.കാരണം തീവ്രത കൊണ്ട് പൊട്ടിത്തെറിക്കാൻ പോകുന്ന ഏത് വികാരത്തിനാണ് നില നിൽക്കാൻ കഴിയുക..?
ചിലർ പ്രണയിക്കുന്നത് ശരിക്കും ഇഷ്ടം തോന്നിയിട്ട്.....ചിലർ ഒരു രസത്തിനും,നേരമ്പോക്കിനും....മറ്റുചിലർ അടിച്ചുപൊളിച്ചു നടക്കാനുള്ള പണത്തിന്...
ഇന്നിലെ പ്രണയിനികളിൽ പലരും മനസ്സിലാക്കാതെ പോകുന്ന  ഒന്നുണ്ട്.. നിന്നിൽ വന്നെത്തി നിൽക്കുന്ന ഓരോ പ്രണയവും പൂവിൽ നിന്ന് തേൻ നുകരുന്ന വണ്ടിനെപ്പോലെയാണ്...അത് നിന്നിൽ നിന്ന് മറ്റൊന്നിലേക്ക് പറന്നകലും..അവിടെ നിന്ന് വേറൊന്നിലേക്കും..ഒരു പനിനീർ പൂവായിരുന്ന നീ...അവസാനം വാടികരിഞ്ഞുണങ്ങുന്നു...
ഇതല്ലേ സത്യം....?

ഒന്ന് മാത്രം തിരിച്ചറിയാം.....

മനുഷ്യനും...മനുഷ്യത്വത്തിനും വിലയില്ലാത്ത ഈ കാലത്ത് ചില ഓർമ്മക്കുറിപ്പുകൾക്ക് പ്രസക്തിയുണ്ടാകില്ലെന്നറിയാം...
ചിലർ മനുഷ്യത്വത്തിന് വില പറയുന്നു... ഒപ്പം വേറെ എന്തിനൊക്കെയോ വിലയിടാൻ ശ്രമിക്കുന്നു... കേൾക്കേണ്ടി വരുന്ന ചില വാക്കുകൾക്ക് ഉത്തരം ഉണ്ടെങ്കിൽ തന്നെയും...പറയാൻ മനസ്സ് അനുവദിക്കാതെ വരുന്നു...ചില ബന്ധങ്ങൾ ഇത്രയും ക്രൂരമാകുമ്പോൾ  അവയിൽ നിന്നെല്ലാം പിന്മാറുക...എന്നതായിരിക്കും ശരിയെന്ന് തോന്നുന്നു.ചിലത് കണ്മുന്പിൽ
 തെളിഞ്ഞു വരുമ്പോൾ ചിലത് മായകാഴ്ചകളാകുന്നു.സത്യമേത്,മിഥ്യയേത്...ശരിയേത്,തേറ്റേത്.. ഒന്നും തിരിച്ചറിയാൻ പറ്റാത്ത ഒരവസ്ഥ..
ഒന്ന് മാത്രം തിരിച്ചറിയാം ഇപ്പോൾ....
മനുഷ്യനും വിലയില്ല...മാനുഷീക മൂല്യങ്ങൾക്കും വിലയില്ല...
ഇനിയുള്ള ഓരോ സമയവും...ഓരോ വാക്കുകളെയും  ഞാൻ മനസ്സിന്റെ ചൂളയിൽ ഇട്ട് സ്പുടം ചെയ്തെടുക്കട്ടെ....!