2022, മേയ് 16, തിങ്കളാഴ്‌ച

ബന്ധങ്ങൾ വഴിയകലുമ്പോൾ

ബന്ധങ്ങൾ വഴിയകലുമ്പോൾ
**********************************
ചില ബന്ധങ്ങൾ ചില സൗഹൃദങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചാലും അകലേക്ക്‌ തെന്നിമാറി കൊണ്ടേയിരിക്കുന്നു.
പ്രത്യേകിച്ചൊരു കാരണവുമില്ലാതെ.
ഹൃദയബന്ധങ്ങൾക്ക്‌ ഇരുപാട്‌ വിലകൽപ്പിച്ചിരുന്നു. ജീവിത യാദാർത്ഥ്യങ്ങളുടെ നെർപ്പോടിൽ ഉരുകി തീരുമ്പോഴും ഹൃദയത്തിനുള്ളിൽ ഒരു ചെറിയ വിശ്വാസമുണ്ടാകും.പക്ഷേ ആ വിശ്വാസം ചിലപ്പോഴൊക്കെ തെറ്റിപ്പോയേക്കാം.ഇതു വരേയുള്ള ജീവിതത്തില ആരും..ഒന്നുമായിരുന്നില്ലായെന്ന്.അപ്പോഴാണു സ്വയം പുഛം തോന്നുക.
അല്ലെങ്കിൽ തന്നെ എന്തെങ്കിലുമൊക്കെ ആവാൻ താൽപ്പര്യവുമുണ്ടായിരുന്നില്ലല്ലോ..? മണൽപ്പരപ്പിലെ വെയിലിന്റെ ചൂടിനേക്കാളും ഉരുകിയൊലിക്കുന്ന അവസ്ഥയിൽ സ്വന്തമായി കെട്ടിയുയർത്തിയ പുറന്തോടിൽ നിന്നും പുറത്താക്കപ്പെട്ട അവസ്ഥ.ഒരു പക്ഷേ അതായിരിക്കും അവസാനത്തേക്ക്‌ മാറ്റി വെച്ചത്‌.ഇത്‌ വരേയും വല്ലത്തൊരഹങ്കാരമായിരുന്നു.ആരൊക്കെയോ ഉണ്ടെന്നും എന്തൊക്കെയോ ആണെന്നും എന്നൊരു തോന്നൽ.ആ മിഥ്യയായ തോന്നലിൽ വല്ലാതെ അഹങ്കാരം തോന്നിയിരുന്നു എന്ന നഗ്നമായ സത്യം.എല്ലം ഒരു വിശ്വാസമായിരുന്നു.വിശ്വസിക്കുന്നതൊന്നും സത്യമാവണമെന്നുമില്ലല്ലോ..?
മുൻപൊരിക്കൽ ഇന്നിന്റെ മാറിലിരുന്ന് ഇന്നലെകളിലെ സന്തോഷങ്ങളുടെ പ്രകാശത്തിനു തിരികൊളുത്തിയ മനസ്സ്‌ ഇപ്പോൾ ഇന്നലെകളുടെ മിഥ്യതയിൽ നിന്ന് ഇന്നിന്റെ യാാർത്ഥ്യങ്ങളിലേക്ക്‌ ഒരു മടക്കയാത്രക്കൊരുങ്ങുകയാണു.
മങ്ങിപോയ ഓർമ്മകളിലെ വിട്ടുപോയ കണ്ണികളെ കൂട്ടിച്ചേർക്കാതെ  ഇന്നുകളുടെ യാദാർത്ഥ്യങ്ങളിലേക്ക്‌ ഒരു മടക്കയാത്ര.ഏകനായി..അന്യനെ പോലെ.
അറിഞ്ഞതും...
അറിയാൻ ശ്രമിച്ചതും...
തിരിച്ചറിയാതെ പോയതും ഞാൻ മാത്രം.

2022, ജനുവരി 25, ചൊവ്വാഴ്ച

ജീവിതയാത്ര......


ജീവിതത്തിന്റെ വളരെ വലിയ നീറ്റലുകൾക്കപ്പുറത്ത്‌ വേർപ്പാടിന്റെ നൊമ്പരങ്ങൾ ഉപ്പുതൂണുകളെ ഓർമ്മിപ്പിക്കത്തക്ക വിധം ചിന്തകളിൽ എന്നും കൂട്ടിനുണ്ടാകും ചിലർക്കൊക്കെ.
സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേർന്ന് നടക്കുമ്പോൾ ആയതിന് കാരണഭൂതനായവനിൽ സ്വയം അലിഞ്ഞില്ലാതാകുന്ന അവസ്ഥ.എല്ലാം പൊടിഞ്ഞൊന്നാകുന്നത്‌ പോലെ.
പഴയ കാലം..
അന്ന് ബാല്യത്തിലെ ആകാശത്തിന് വലിപ്പം കുറവായിരുന്നു.
ഏറിയാൽ ഒരു ചെമ്മൺപാതയുടെ നീളവും മരങ്ങളൊഴിഞ്ഞ റബ്ബർ കാടിന്റെ ചതുരവിന്ന്യാസവും മാത്രം ബാക്കി.
പക്ഷേ..
ഇന്നിന്റെ ബാല്യം...
അത് വളരെ...വളരെ വിശാലമാണ്...
സ്വാതന്ത്ര്യത്തിനുമപ്പുറം അമിത സ്വാതന്ത്ര്യമാണ്...
എവിടെയും എന്തുമാകാം ചിന്തയാണ് ഇന്നിലെ സ്‌കൂൾ കോളേജ് പഠനകാലമെന്ന് പലരും പറയാതെ പറയുന്നു.
നേർക്കാഴ്ചയിൽ കാണേണ്ടിയും വരുന്നു.
ഇന്നലെയുടെ എല്ലാം നമുക്ക് അന്യമാകുന്നു എന്ന സത്യം നമ്മൾ തിരിച്ചറിയുകയാണ്.
മനസ്സിലെ ഇല്ലായ്മകളും..ജീവിതത്തിലെ ഇല്ലായ്മകളും തീർത്തും ഒരു വിടവായി തന്നെ നിലകൊള്ളുന്നുണ്ട്.
പലർക്കുമിടയിൽ......
അടുപ്പിച്ച്‌ നിർത്താൻ ശ്രമിക്കും തോറും അകന്നു പോകുന്ന സ്നേഹബന്ധങ്ങൾ....
രക്തബന്ധങ്ങൾ...ബന്ധുക്കൾ .....
അങ്ങിനെ പലരും.
ആ അകൽച്ച ചിലരിലൊക്കെ ശൂന്യതയുടെ ആഴം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജീവിതയാത്രയിൽ നമ്മൾ ആരേയൊക്കെയോ കണ്ടുമുട്ടുന്നു.
ചിലപ്പോ വല്ലാതെ ഇഷ്ടപ്പെടുന്നു.
പിന്നീട് അകന്നു പോകുന്നതും..
അന്യമാകുന്നതും തിരിച്ചറിയാൻ വൈകുന്നു.
കാലം പിന്നേയും നമുക്ക് മേലെ വികൃതി കാണിക്കും.
വാക്കുകൾ കൊണ്ടലങ്കരിക്കാതെ..തൂലിക ചലിപ്പിക്കാതെ മനസ്സിലുള്ളതെല്ലാം കുഴിച്ച്‌ മൂടി അലസോരങ്ങൾക്കും അസ്വാരസ്യങ്ങൾക്കും വിട നൽകി.
മൗനമായ്‌ നടന്നകലുകയാണ് നല്ലതെന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങൾ....
എന്നിരുന്നാലും....
ഓരോരുത്തരും ഇഷടപെടുന്ന വഴി അവരവർ തന്നെ  തിരഞ്ഞെടുക്കുന്നു.ഒന്നോർക്കുക.
ആ വഴിയിൽ സൗഹൃദത്തിന്റെ..
സ്നേഹബന്ധത്തിന്റെ..ബന്ധങ്ങളുടെ ആത്മാർത്ഥതയും  നന്മയും ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക.
കഴിഞ്ഞു പോയ നാളുകളും...
പൊഴിഞ്ഞു വീണ ഇലകളും...
പെയ്തുതീർന്ന മഴത്തുള്ളികളും..
തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഒരുമിച്ച്‌ ചിരിച്ചതും വരും നാളേകളിലെ നിണം പടർന്ന ഓർമ്മകളിൽ സൂക്ഷിക്കാൻ എന്തെങ്കിലുമൊക്കെ ബാക്കി വയ്ക്കുക...!

2021, ഡിസംബർ 8, ബുധനാഴ്‌ച

ജീവിതം ഓർമ്മത്തെറ്റാകാതിരിക്കാൻ വേണ്ടി

കൈവിരൽതുമ്പുകളുടെ ദ്രുതചലനങ്ങളിൽ കൂട്ടിച്ചേർക്കപ്പെടുന്ന അക്ഷരങ്ങൾ..പിന്നീടത് വാക്കുകളായും... കഥയായും, കവിതയായും രൂപപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകും.ചിലപ്പോൾ നഷ്ടപ്രണയം,സൗഹൃദം,വേർപാട്,അതിലെ സ്ഥായിയായ നൊമ്പരം,ദുഃഖം,വേദന. അങ്ങിനെ നീണ്ടുനീണ്ടുപോകും കാരണങ്ങൾ.ചിലപ്പോൾ അതെല്ലാം കൂടി ഒരു തീച്ചൂളപോലെ ആളിക്കത്തും... ഇവിടെന്നാണ് പലരും എഴുതി തുടങ്ങുക...മനസ്സിലെ ആശയങ്ങളും,മറ്റും.എഴുതപ്പെടുന്ന വരികളിൽ ഈണം വന്നാൽ അത് കവിതയായും, നീണ്ടുപോയാൽ കഥയായും,വളരെ ശോഷിച്ചുപോയാൽ അത് ഓർമ്മക്കുറിപ്പായും രൂപാന്തരം പ്രാപിക്കും.നമ്മൾ എഴുതപ്പെടുന്ന വാക്കുകളും,അതിലെ ആന്തരീകാർത്ഥവും എല്ലാരും തിരിച്ചറിയണമെന്നില്ല.പക്ഷെ ചിലർ തിരിച്ചറിയും,ഓരോ മനുഷ്യരിലും എന്നും നിലനിൽക്കുന്ന സ്ഥായിയായ ഒരു ഭാവമുണ്ട്.അത് സന്തോഷമല്ല.ദുഖവും,വേദനയും മാത്രമാണ്.
ജീവിതത്തിൽ കൈവിട്ടുപോയാൽ കൂട്ടിച്ചേർക്കാൻ കഴിയാത്ത ഒന്നുണ്ട്.അത് ചിലബന്ധങ്ങളാണ്.ഇന്നിന്റെ കാലത്ത് ബന്ധങ്ങക്ക് മാറ്റു കുറവാണ്.വൈഷ്യമിത്തിലോ,കലഹത്തിലോ പല ബന്ധങ്ങളുടെയും ഒഴുക്ക് നഷ്ടപ്പെട്ടുപോകുന്നു.പിന്നെയങ്ങോട്ട് ആരാദ്യം ക്ഷമ പറയും എന്നൊരു നോക്കിയിരിപ്പാണ്.ചിലർ ഇഷ്ടങ്ങളുടെ തീവ്രതയിൽ തെറ്റുകാരനോ, തെറ്റുകാരിയോ അല്ലാതിരുന്നിട്ടും തെറ്റ് ഏറ്റ് പറയാൻ ഉത്സാഹം കാണിക്കും,അതുപോലുള്ള ബന്ധങ്ങൾ ഇങ്ങനെ തട്ടീം,മുട്ടീം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും.ചിലതിന്റെ ഉണർവും,പ്രകാശവും എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.പണ്ട് കാലത്ത് പറയാറുള്ള ഒരു വാക്കുണ്ട്...സ്നേഹത്തിന് കണ്ണും,മൂക്കുമില്ലെന്ന്... യാദാർത്ഥത്തിൽ അതിന് കണ്ണും,മൂക്കുമൊന്നും ഉണ്ടായിട്ടല്ല പഴമക്കാർ അങ്ങിനെ പറഞ്ഞത്...ആ ഇഷ്ടങ്ങളുടെ... തീവ്രതയും,ആദരവും കണ്ടിട്ടാണ്.
പക്ഷെ...ഇന്നുകളിലെ സ്നേഹബന്ധങ്ങൾക്ക് കണ്ണും,മൂക്കും മാത്രമല്ല.രണ്ട് കൊമ്പും,കൂർത്ത ധ്രംഷ്ഠകളുമുണ്ടെന്നാണ് എന്റെ ഭാഷ്യം.
ബന്ധങ്ങളുടെ വിലയറിയുന്നവൻ ...ആ പ്രകാശത്തെ തല്ലിക്കെടുത്താൻ ശ്രമിക്കില്ല..മറിച്ച് ..എതിരായി വീശുന്ന ഓരോ കാറ്റിലും അത് അണയാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
ജീവിതം ഒരു ഓർമ്മതെറ്റാകാതിരിക്കാൻ വേണ്ടി.

ജീവിതം

ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും..
ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത്തിനോ...അടുപ്പങ്ങൾക്കോ എന്ത് വിലയാണുള്ളത്...?..നമുക്കോ...നമ്മുടെ ചിന്താഗതികൾക്കോ സ്ഥാനമില്ലാത്ത ചിലയിടങ്ങൾ നമ്മുടെ കണ്മുന്പിൽ തെളിഞ്ഞേക്കാം....അവിടെ നിന്നെല്ലാം നിശബ്ദം പടിയിറങ്ങുക..പിന്തിരിഞ്ഞുപോലും നോക്കാതെ....അഥവാ നമുക്കായി എവിടെയെങ്കിലും ....എന്തെങ്കിലും നമ്മുടെ ജീവിതം ബാക്കി വെച്ചിട്ടുണ്ടെങ്കിൽ....അതൊരുനാൾ നമ്മെ തേടിയെത്തും...അത് തീർച്ച...!
കാലത്തിന്റെ പൂക്കൾ വിടരുകയും,കൊഴിയുകയും ചെയ്യും.അനസ്യൂതം.
വസന്തവും,ഗ്രീഷ്മവും,ശരത്തും,ഹേമന്തവും,ശിശിരവുമായി...ഋതുക്കൾ മാറിമാറി വരും.
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും....
അവിടെ നിന്ന് യൗവ്വനത്തിലേക്കും ഓരോ മനുഷ്യനും നീന്തികടക്കും...അവസാനം വാർദ്ധക്യത്തിലേക്കും...എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും അതൊക്കെ മറികടന്നിരിക്കും.
ഒരുപാട് പേരെ വേദനപ്പെടുത്തി...അതിലേറെ പേരെ വാക്കുകൊണ്ടോ,പ്രവൃത്തി കൊണ്ടോ ചവിട്ടിമെതിച്ച്....ജീവിതസുഖങ്ങൾ തേടിയുള്ള യാത്രയിലായിരിക്കും അപ്പോൾ..
പിന്നെ ഒരു ദിവസം....നമുക്ക് ഉണ്ടെന്ന് കരുതിയിരുന്നതെല്ലാം നമ്മെ വിട്ടുപോകും...
പിന്നെയും നാം ജീവിക്കേണ്ടി വരും....
ചിലപ്പോൾ ആർക്കെന്നോ...?എന്തിനുവേണ്ടിയെന്നോ പോലുമറിയാതെ...ഒന്നും ആരെയും തളർത്തരുത്....ഇതാണ് എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം..

പുരോഗമനത്തിന്റെ വഴിയിലൂടെ.......



ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...
ചെറിയ തമാശകളിലൂടെയും  കുസൃതികളിലൂടെയും... 
പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധങ്ങൾ ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്....പലരും. 
നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൗഹൃദത്തില്‍...,പ്രണയത്തില്‍..., 
ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.
ചില ബന്ധങ്ങൾ
വ്യക്തമായ തുടക്കമോ..., 
ഒടുക്കമോ ഇല്ലാത്ത... 
ചില കഥകൾ പോലെ...ഉടലെടുക്കുകയും അവസാനിക്കുകയും ചെയ്യുന്നു. 
അടുത്തത് എന്ത് എന്ന് അറിയാനാവാതെ...
പ്രണയം... 
സൗഹൃദം... 
രക്തബന്ധം....
ദാമ്പത്യം ആധുനികലോകത്ത് ഇവയുടെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്.
 ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും. 
കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും. 
സൗഹൃദം എങ്ങിനെ എന്നല്ല.അത് ഏതറ്റം വരെ പോകുന്നു എന്നതാണ്....ചിന്തിക്കേണ്ടത്.
ഇന്നിലെ സോഷ്യൽമീഡിയ സൗഹൃദങ്ങളിൽ ചിലത്....പ്രണയത്തിലേക്കും..
അവസാനം അത് പീഡനങ്ങളിലേക്കും വഴിമാറി പോകുന്നു...
ഈ അടുത്ത കാലത്ത് അങ്ങിനെ ഒരു വാർത്തയും നമ്മിൽ പലരും വായിച്ചിട്ടുണ്ടാകും...
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പീഢനം.എന്തായാലും ഒരു ആപ്ലിക്കേഷൻ എന്ന നിലയിൽ ഇതിനുള്ളിൽ പീഢനം നടക്കില്ല.പിന്നെ എങ്ങിനെ...രാത്രിയും..
പകലുമില്ലാതെ...വ്യക്തമായ രൂപരേഖകളൊന്നുമില്ലാത്തവരുമായി ഒരു നിയന്ത്രണമില്ലാത്ത ചാറ്റിംഗ്..
പോസ്റ്റീവായ സൗഹൃദങ്ങളെ പിന്തള്ളി നെഗറ്റീവ് മാത്രം ഇഷ്ടപ്പെടുന്ന ചിലർ.
വിവേകപരമായ ഉപദേശങ്ങളേക്കാൾ...
വികാരപരമായ വാക്കുകളെ ഇഷ്ടപ്പെടുന്നവർ..
പുരോഗമന ചിന്താഗതിക്കാരണല്ലോ പലരും...അതിൽ ചില സ്‌കൂൾ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സ്കൂൾ വിട്ടുള്ള വരവും പുരോഗമന ചിന്തയിൽ ഉൾപ്പെടുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
കാരണം ചിലരുടെ സഞ്ചാരം അങ്ങിനെയാണ്.
എങ്ങനെയോ വരുന്നു.
എങ്ങിനെയോ തിരിച്ചുപോകുന്നു..ചിലർ തോളിലൂടെ കയ്യിട്ട്...ചിലർ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്...
ഇത്തരം പ്രകടനങ്ങളിൽ വികാരത്തിനടിമപ്പെടുമ്പോൾ മുൻപേ പറഞ്ഞ പുരോഗമന ചിന്താഗതിക്കാർക്ക് വിവേകബുദ്ധി
എന്നൊന്നില്ലേ....?
 പ്രണയ പരവശയായ വികാരനിമിഷങ്ങളുടെ പാരമന്യത്തിൽ മൊബൈൽ വിഡീയോ റെക്കോർഡിങ്ങിന് അർദ്ധസമ്മതം മൂളുമ്പോൾ ഓർക്കാമായിരുന്നില്ലേ...
അത് ചതിക്കാനായിരിക്കുമെന്ന്..
ഒരാൾ പിന്നെ രണ്ടാളായി...
പിന്നെ ഇരട്ടിയായി...
വാർത്താമാധ്യമങ്ങൾക്ക് ചാകരയായി...
എവിടെയും തിരിച്ചറിവില്ലാതെ...
ആരുടെയൊക്കെയോ വാക്കുകളിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണമായിരുന്നു..
ഈ യാത്ര എങ്ങോട്ടെന്ന്...
രാത്രിയും...പകലുമില്ലാതെ...
രസം കൊള്ളിക്കുന്നതും വികാരപ്പെടുത്തുന്നതുമായ ചാറ്റിങ്ങിൽ മുഴുകുമ്പോൾ ഓർക്കണമായിരുന്നു... അവസാനം എവിടെ ചെന്നെത്തി നിൽക്കുമെന്ന്...
ആരാണ് ഉത്തരവാദി...? 
ചില സമയാസന്ദർഭങ്ങളിൽ മാതാപിതാക്കളും..
പിന്നെ നീയാണ് ഏറ്റവും ശരിയെന്ന് അഹങ്കരിച്ച എന്നിലെ ഞാനും നിന്നിലെ നീയും...
ആ വികലമായ വിവേചനബുദ്ധിയും...
ഇത്തരം പോസ്റ്റുകൾ സ്വതവേ ആരും ഇഷ്ടപ്പെടണമെന്നില്ല...വായിക്കണമെന്നുമില്ല...
വരികളിൽ പ്രണയവും...ഒപ്പം പെണ്ണെഴുത്തും മാത്രം ഇഷ്ടപ്പെടുന്നവർ തീർത്തും വായിക്കേണ്ടതില്ല...
എത്രമാത്രം വിഷയാസ്പദമാണെങ്കിലും പോലും...സംഭവങ്ങൾക്കല്ല...
ചില പേരുകൾക്കും..രൂപഭാവങ്ങൾക്കുമാണ് ആഭിമുഖ്യം....
എന്നത് വേറെ കാര്യം...!

2021, നവംബർ 22, തിങ്കളാഴ്‌ച

സൗഹൃദം

ഓർമ്മകൾ പങ്കുവെക്കുവാനും
സന്തോഷങ്ങൾ
പറഞ്ഞറിയിക്കാനും
വിഷമങ്ങൾ അവതരിപ്പിക്കാനും 
വേണ്ടിയാണു
നമ്മൾ ഒരു സുഹൃത്തിനെ
തേടുന്നത്‌.അല്ലേ..?
സ്നേഹം...അത്‌
കൈകുമ്പിളിൽ കോരിയെടുക്കുവാനൊ..
തട്ടിയെടുക്കുവാനോ 
കഴിയില്ല.അതു...
ഹൃദയത്തിൽ നിന്ന്
പകർന്നുനൽകുവാനേ കഴിയൂ.
മനസ്‌ മനസിനെ
തിരിച്ചറിയുമ്പോൾ
ലഭിക്കുന്ന
അനുഭൂതിയാണു
സ്നേഹമെങ്കിൽ...
സ്നേഹം സ്നേഹമായി
മാറുന്നത്‌...അത്‌
തിരിച്ചു നൽകുമ്പോൾ
മാത്രമാണു.സ്നേഹം
യാദാർത്ഥ്യമാവണമെങ്കിൽ
അവിടെ സൗഹൃദം
ഉണ്ടായേ തീരൂ.

വെറുതെ...

ഏതോ ഭാവത്തിന്റെ പടിവാതിലിൽ...ഒഴിച്ചിട്ട മാറാപ്പുകൾ.ആ മാറാപ്പുകൾ നാഴികക്കല്ലുകളായി...രൂപാന്തരം പ്രാപിക്കുന്നു.മടുപ്പിന്റെ എഴുകടലും താണ്ടി പൂർണ്ണതയിൽ എത്തുമ്പോൾ അപൂർണ്ണമെന്ന അവസ്ഥ.ചിലയിടങ്ങളിൽ നിന്ന് നിശബ്ദം പടിയിറങ്ങേണ്ടി വരുന്നു.
          എല്ലാം വെറുതെ ആയിരുന്നോ...?
ചിലപ്പോൾ നഷ്ടബോധത്താൽ വികാരസൂചികൾ നിശ്ചലമാകുന്നു.
മനുഷ്യൻ വെറുക്കുന്നു മനുഷ്യനെ....!
അന്ധകാരത്തിൽ അമർത്തപ്പെട്ട പ്രകൃതി നിശ്ശബ്ദയാണ്.ഈ മൗനഭഞ്ജനത്തിന് മണിക്കൂറുകളും,ദിവസങ്ങളും വേണ്ടി വന്നേക്കാം...
അത് വരേയ്ക്കും......