2018, ഡിസംബർ 10, തിങ്കളാഴ്‌ച

ഇങ്ങനെയും ചിലർ

ആരോടും സംസാരിക്കാതെ...
പലരുടേയും മുൻപിലൂടെ...
ഈ ലോകത്തിൽ ജീവിക്കുന്നെങ്കിലും ആരോടും പരിഭവമില്ലാതെ...
ഇവിടെയെങ്ങുമല്ലാത്തൊരു ജീവിതം.
അവർക്ക് മതമില്ല...
ജാതിയില്ല...
സവർണ്ണ-അവർണ്ണ ചിന്തകളില്ല...
രാഷ്ട്രീയ കൊടിയുടെ നിറഭേദങ്ങളില്ല.
അവർക്ക് മുന്നിൽ ദുഷ്ടന്മാരില്ല നല്ലവരുമില്ല.ഇടയ്ക്കെപ്പോഴോ നമ്മുടെയൊക്കെ മുൻപിൽ വന്ന് കൈനീട്ടുകയും..
എന്തെങ്കിലും കിട്ടിയാൽ ഭക്ഷിച്ചും...
അഴുക്കുചാലിൽ കഴിയുന്ന ജീവികളെ പോലെ ജീവിതം ജീവിച്ചു തീർക്കുന്ന ചിലർ നമുക്കിടയിൽ ഉണ്ട്.
ചിലപ്പോഴൊക്കെ നാം ആട്ടിയകറ്റുന്ന ചിലർ..ഒരുപക്ഷേ
അവർക്കും ചില സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം അല്ലേ..?ആശകൾക്കിടയിൽ...
വിരഹങ്ങൾക്കിടയിൽ...
വേർപ്പാടുകൾക്കിടയിൽ കാലിടറിപ്പോയവരാകാം അവരിൽ ചിലർ..ഒന്നും നമുക്ക് അറിയില്ല...
നാം അത് അറിയാൻ ശ്രമിക്കാറുമില്ല.
കാരണം അവർക്ക് കഥ പറയുന്ന കണ്ണുകളോ..
നിരയൊത്ത പല്ലുകൾ കാട്ടിയ ചിരിയോ ഇല്ല.
അവർക്ക് പങ്കുവെക്കാൻ ഒന്നുമില്ല...
സ്നേഹമോ...
സൗഹൃദമോ...
പ്രണയമോ...ഒന്നും..
അവർക്ക് ആരെയും വഞ്ചിക്കേണ്ട..
അവർ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല...
നാളേക്ക് വേണ്ടി ഒന്നും കാത്തുവെയ്ക്കുന്നുമില്ല...
അവരെ നാം ചിലപ്പോൾ വിളിക്കുന്ന പേരാണ്...ഭ്രാന്തൻ...!
ഇതൊന്നുമല്ലാത്ത നാം....
എന്തൊക്കെയോ നേടാൻ ആഗ്രഹിക്കുന്നു...
നേട്ടങ്ങളുടെ യാത്രക്കിടയിൽ ആരെയൊക്കെയോ ചവിട്ടി താഴ്ത്തുന്നു...
ചിലപ്പോൾ ജീവിതത്തിൽ...
ചിലപ്പോൾ അവരുടെ സ്വപ്നങ്ങളിൽ നിന്ന്.അത് രക്തബന്ധങ്ങളെ ആകാം.
സൗഹൃദങ്ങളെ ആകാം...
സ്വന്തം ലക്ഷ്യപ്രാപ്തിക്ക് വേണ്ടി എന്തും ചെയ്യാൻ ഉത്സാഹം പ്രകടിപ്പിക്കുന്ന മാനസികാവസ്ഥയിൽ നമ്മിൽ ചിലർ...
ഇതിനിടയിൽ...
ബുദ്ധിയും...
വൈഭവവും..
കാര്യശേഷിയും ഉള്ള...
നേട്ടങ്ങൾക്ക് പിറകെ മറ്റു പലരുടെയും സ്വപനങ്ങൾ തല്ലി തകർത്ത്...
മുന്നോട്ട് പായുന്ന നമുക്കിടയിൽ തിമിർത്താടുന്ന ചിലർക്കാണോ...ഭ്രാന്ത്....
അതോ...
ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ട...
ബോധമണ്ഡലങ്ങളിൽ ഇരുട്ട് പരന്ന ഇങ്ങനെയൊക്കെ ജീവിക്കാൻ വിധിക്കപ്പെട്ട അവർക്കാണോ ഭ്രാന്ത്....? നാമും...ചിലപ്പോഴൊക്കെ സ്വയം ചിന്തിച്ചു നോക്കേണ്ടേ....? സ്വന്തം ജീവിതത്തിൽ ഒരുവട്ടമെങ്കിലും...!

ജീവിതയാത്ര...

ജീവിതം എല്ലായ്‌പ്പോഴും ഒരു ദീർഘദൂര ട്രെയിൻ യാത്രയോ...ബസ്സ് യാത്രയോ പോലെയാണ്.യാത്രയിലൊക്കെയും നമ്മുടെ കൂടെ സഹയാത്രികർ ഉണ്ടാകും...ചിലപ്പോൾ പരിചയക്കാർ....ചിലപ്പോൾ അപരിചിതർ.നമ്മുടെ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുംവരെ യാത്രയുടെ ആരംഭത്തിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവർ ആയിരിക്കില്ല പിന്നീടുള്ള യാത്രയിൽ ഉണ്ടാവുക...ചിലർ പാതി വഴിയിൽ നമ്മോട് യാത്ര പറഞ്ഞും...പറയാതെയും ഇറങ്ങിപ്പോകുന്നു.ജീവിതത്തിൽ ആയാലും...യാത്രയിൽ ആയാലും ആരും നമ്മോടൊപ്പം എല്ലാ കാലത്തും ഉണ്ടാവുകയില്ല.
ഓരോ യാത്രയിലും വേർപിരിയൽ സ്വാഭാവികമാണ്.ഇന്നിലെ പലരുടെയും സോഷ്യൽ മീഡിയ സൗഹൃദങ്ങളും ഇത്തരത്തിൽ ഒരു യാത്രതന്നെയാണ്. ജീവിതത്തിൽ ചിലരെ പരിചയപ്പെടുന്നതും....സൗഹൃദത്തിൽ ഏർപ്പെടുന്നതും ഒരു അനുഗ്രഹമായിട്ടായിരിക്കും...പക്ഷേ...ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മെ കൈപ്പേറിയ ഒരു പാഠം പഠിപ്പിക്കാനായിരിക്കും...കരുതിയിരിക്കുക...!

പുരോഗമനത്തിന്റെ വഴിയിലൂടെ.....

ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...
ചെറിയ തമാശകളിലൂടെയും  കുസൃതികളിലൂടെയും...
പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധങ്ങൾ ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്....പലരും.
നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൗഹൃദത്തില്‍...,പ്രണയത്തില്‍...,
ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.
ചില ബന്ധങ്ങൾ
വ്യക്തമായ തുടക്കമോ...,
ഒടുക്കമോ ഇല്ലാത്ത...
ചില കഥകൾ പോലെ...ഉടലെടുക്കുകയും അവസാനിക്കുകയും ചെയ്യുന്നു.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ...
പ്രണയം...
സൗഹൃദം...
രക്തബന്ധം....
ദാമ്പത്യം ആധുനികലോകത്ത് ഇവയുടെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്.
ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും.
കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും.
സൗഹൃദം എങ്ങിനെ എന്നല്ല.അത് ഏതറ്റം വരെ പോകുന്നു എന്നതാണ്....ചിന്തിക്കേണ്ടത്.
ഇന്നിലെ സോഷ്യൽമീഡിയ സൗഹൃദങ്ങളിൽ ചിലത്....പ്രണയത്തിലേക്കും..
അവസാനം അത് പീഡനങ്ങളിലേക്കും വഴിമാറി പോകുന്നു...
ഈ അടുത്ത കാലത്ത് അങ്ങിനെ ഒരു വാർത്തയും നമ്മിൽ പലരും വായിച്ചിട്ടുണ്ടാകും...
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പീഢനം.എന്തായാലും ഒരു ആപ്ലിക്കേഷൻ എന്ന നിലയിൽ ഇതിനുള്ളിൽ പീഢനം നടക്കില്ല.പിന്നെ എങ്ങിനെ...രാത്രിയും..
പകലുമില്ലാതെ...വ്യക്തമായ രൂപരേഖകളൊന്നുമില്ലാത്തവരുമായി ഒരു നിയന്ത്രണമില്ലാത്ത ചാറ്റിംഗ്..
പോസ്റ്റീവായ സൗഹൃദങ്ങളെ പിന്തള്ളി നെഗറ്റീവ് മാത്രം ഇഷ്ടപ്പെടുന്ന ചിലർ.
വിവേകപരമായ ഉപദേശങ്ങളേക്കാൾ...
വികാരപരമായ വാക്കുകളെ ഇഷ്ടപ്പെടുന്നവർ..
പുരോഗമന ചിന്താഗതിക്കാരണല്ലോ പലരും...അതിൽ ചില സ്‌കൂൾ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സ്കൂൾ വിട്ടുള്ള വരവും പുരോഗമന ചിന്തയിൽ ഉൾപ്പെടുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
കാരണം ചിലരുടെ സഞ്ചാരം അങ്ങിനെയാണ്.
എങ്ങനെയോ വരുന്നു.
എങ്ങിനെയോ തിരിച്ചുപോകുന്നു..ചിലർ തോളിലൂടെ കയ്യിട്ട്...ചിലർ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്...
ഇത്തരം പ്രകടനങ്ങളിൽ വികാരത്തിനടിമപ്പെടുമ്പോൾ മുൻപേ പറഞ്ഞ പുരോഗമന ചിന്താഗതിക്കാർക്ക് വിവേകബുദ്ധി
എന്നൊന്നില്ലേ....?
പ്രണയ പരവശയായ വികാരനിമിഷങ്ങളുടെ പാരമന്യത്തിൽ മൊബൈൽ വിഡീയോ റെക്കോർഡിങ്ങിന് അർദ്ധസമ്മതം മൂളുമ്പോൾ ഓർക്കാമായിരുന്നില്ലേ...
അത് ചതിക്കാനായിരിക്കുമെന്ന്..
ഒരാൾ പിന്നെ രണ്ടാളായി...
പിന്നെ ഇരട്ടിയായി...
വാർത്താമാധ്യമങ്ങൾക്ക് ചാകരയായി...
എവിടെയും തിരിച്ചറിവില്ലാതെ...
ആരുടെയൊക്കെയോ വാക്കുകളിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണമായിരുന്നു..
ഈ യാത്ര എങ്ങോട്ടെന്ന്...
രാത്രിയും...പകലുമില്ലാതെ...
രസം കൊള്ളിക്കുന്നതും വികാരപ്പെടുത്തുന്നതുമായ ചാറ്റിങ്ങിൽ മുഴുകുമ്പോൾ ഓർക്കണമായിരുന്നു... അവസാനം എവിടെ ചെന്നെത്തി നിൽക്കുമെന്ന്...
ആരാണ് ഉത്തരവാദി...?
ചില സമയാസന്ദർഭങ്ങളിൽ മാതാപിതാക്കളും..
പിന്നെ നീയാണ് ഏറ്റവും ശരിയെന്ന് അഹങ്കരിച്ച എന്നിലെ ഞാനും നിന്നിലെ നീയും...

2018, നവംബർ 27, ചൊവ്വാഴ്ച

2018, നവംബർ 12, തിങ്കളാഴ്‌ച

2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ദിവാസ്വപ്നം പോലെ

ഓർമ്മകൾ മാത്രം ബാക്കി

പ്രതീക്ഷകൾ മാത്രം ബാക്കി

കറുത്തിരുണ്ട കാർമേഘങ്ങൾക്കും എന്തെങ്കിലുമൊക്കെ പറഞ്ഞു തീർക്കാനുണ്ടാകും.  
ആർക്കും മനസ്സിലാകാത്ത സങ്കടങ്ങളും...
പ്രതീക്ഷകളും..
സ്വപ്നങ്ങളുമൊക്കെ.
ആ ഗദ്‌ഗദങ്ങൾ ...കണ്ണുനീർ തുള്ളികൾ... കോരിച്ചൊരിയുന്ന മഴയായി ഉതിർന്ന് വീഴുമ്പോൾ പലപ്പോഴും പല രൂപങ്ങളും കൈനീട്ടുന്നു.
വൃക്ഷലദാതികൾ..
ജീവജാലങ്ങൾ...
എന്തിനേറെ മനുഷ്യർ പോലും..
കൈനീട്ടി വാങ്ങുമ്പോഴും പലപ്പോഴും ആരുടേയും കൈപ്പിടിയിലൊതുങ്ങാതെ വീണ്ടും പിടഞ്ഞു വീഴുമ്പോൾ ...
ആത്മനിർവ്വൃതിയോടെ...
കനിവോടെ...
ആത്മാർത്ഥതയോടെ എല്ലാമെല്ലാം ഏറ്റുവാങ്ങുന്ന  ഭൂമിയെന്ന കനിവിന്റെ നിറബിംബം.
അതൊരു സത്യം.
പക്ഷേ.....മനുഷ്യൻ..
ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥ രൂപമാണവന്...
വ്യത്യസ്ഥ സ്വഭാവമാണവന്...
വ്യത്യസ്ഥ ആഗ്രഹങ്ങളാണവന്.
ഒന്നിലും തുല്യത കൽപ്പിക്കാത്ത ജീവിതമാണവന്...
പലപ്പോഴും ഭൂമിയേ പോലൊരു കനിവിന്റെ നിറദീപം തേടി നമ്മിൽ പലരും അലയുന്നുണ്ടാകാം.
പക്ഷേ കണ്ടു കിട്ടാൻ പ്രയാസമായിരിക്കും.
കാരണം ഇന്നിന്റെ ലോകത്ത്‌ ഒരാൾക്കും ഒരാളോടും സഹവർത്ഥിത്വമോ...
ആദരവോ..ഒന്നുമില്ലായെന്നതാണ് യാദാർത്ഥ്യം.
നമ്മളൊക്കെ ആഗ്രഹിക്കുന്നതിനും...വിശ്വസിക്കുന്നതിനും അപ്പുറത്തായിരിക്കും പലരുടേയും ചിന്താധാരകൾ.
ജീവിതത്തിൽ പലപ്പോഴും നമ്മൾ ഒരുപാടാഗ്രഹത്തോടെ പലരേയും നെഞ്ചിലേറ്റും.
അതൊരുപക്ഷേ നിഷ്കളങ്ക ബാല്യങ്ങളേ ആയിരിക്കാം.
അല്ലെങ്കിൽ കൗമാരപ്രായക്കാരെ ആയിരിക്കാം.
അല്ലെങ്കിൽ യവ്വനം വഴിഞ്ഞൊഴുകുന്നവരെ ആയിരിക്കാം.
അതുമല്ലെങ്കിൽ വാർദ്ധക്യത്തെ ആയിരിക്കാം.
ഇതിനിടയിലൊക്കെ ഉരുത്തിരിയുന്ന മാനസീകപരിവർത്തനം ഒന്നുമാത്രം.
സ്നേഹം..അല്ലെങ്കിൽ കനിവ്‌.
അതുമല്ലെങ്കിൽ ലാളന.
ഒന്നുകിൽ പകർന്നു നൽകാനോ...അല്ലെങ്കിൽ ആത്മഹർഷത്തോടെ ഏറ്റുവാങ്ങാനോ ആയിരിക്കും പല മനസുകളും തുടികൊട്ടുക.
പലപ്പോഴും ആഹ്ലാദത്തിന്റെ ഉയർന്ന കൊടുമുടിയിലേക്ക്‌ ഈ ബന്ധങ്ങൾ നമ്മെ കൊണ്ടെത്തിച്ചേക്കാം.
ചിലപ്പോൾ സന്തോഷത്തിന്റെ ആ ഉയരങ്ങളിൽ നിന്ന് നമ്മെ തള്ളി താഴെയിട്ടെന്നും വരാം.
ഇതിനിടയിൽ നിന്ന് ചിലരൊക്കെ സ്വന്തം മികവിൽ ഉണർന്നെണീറ്റേക്കാം.
ചിലരെ പിടിച്ചുയർത്താൻ സ്നേഹത്തിന്റെ മറ്റൊരു അദൃശ്യകരങ്ങളുണ്ടാകാം.
പക്ഷേ...ചിലർ മാത്രം
നൊമ്പരങ്ങളുടെ....
വേദനകളുടെ...
ദുഖ:ങ്ങളുടെ...
ഇരുളാർന്ന അന്ധകാരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങി പോവുകയും ചെയ്യും.
ഒരിക്കലും ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരാൻ ആഗ്രഹിക്കാതെ....!

2018, ജൂലൈ 27, വെള്ളിയാഴ്‌ച

പഴിചാരും മുൻപേ.....!!


എല്ലാം ഒന്നു കലങ്ങിതെളിയുമെന്ന് കരുതി...
പക്ഷേ...കൂടുതൽ..
കൂടുതൽ കലങ്ങി മറിഞ്ഞു കൊണ്ടേയിരിക്കുന്നു...
ഓരോ നിമിഷവും..!
ഇന്നലെ എന്നൊന്നുണ്ടായിരുന്നു...
ഇന്നുമുണ്ടായിരുന്നു...
ഇനി- നാളെ എന്താകുമോ എന്നറിയില്ല....!
ഒരു കനലായ് എരിഞ്ഞു..
കടലായി അലയടിക്കുന്നു ജീവിതം തന്നെയും...
ഉൾഭിത്തിക്കുറപ്പേറിയാൽ...
ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ...
കുറച്ചൊക്കെ പിടിച്ചു നിർത്താൻ കഴിഞ്ഞേക്കും എന്ന തോന്നലിൽ...
ജീവിതത്തിന്റെ അടിത്തറ ബലപ്പെടുത്താൻ ഒരു കുഞ്ഞു തൊഴിൽ...
അതായിരുന്നില്ലേ....അവളുടെ സ്വപ്നം...
അതായിരുന്നില്ലേ ഇന്നലെയും...
ഇന്നുമായി പലരും തകർത്തെറിഞ്ഞത്...
ആരുടെ മുൻപിലും കൈനീട്ടാതെ...
ആരുടെ മുൻപിലും സ്വന്തം പരിതാപകരമായ അവസ്‌ഥയെ കുറിച്ച് പറഞ്ഞു കേഴാതെ...
സ്വന്തം അന്നത്തിനായി പരിശ്രമിക്കാൻ സമയം കണ്ടെത്തിയ അവളുടെ കണ്ണുനീർ ഇന്നിതാ ഉതിർന്നു വീഴുന്നു...
പ്രതികരണത്തിന്റെയും...
പ്രതികാരത്തിന്റെയും പടവാളേന്തിയ ചിലരുടെ വാക്കുകൾക്ക് മുൻപിലാണ്...
അവരുടെ വാക്ശരങ്ങൾക്ക് മുൻപിൽ ജീവിതത്തോട് സധൈര്യം പടവെട്ടാൻ ശ്രമിച്ച അവളുടെ മനോധൈര്യം ഒരുനിമിഷം തകർന്നു വീണുവോ...? എന്തിനും...
ഏതിനും പ്രതികരിക്കുന്ന സോഷ്യൽ മീഡിയ ന്യായീകരണ തൊഴിലാളികൾ ഒരുനിമിഷം ഓർക്കണമായിരുന്നു....
അവളും നല്ലൊരു ഭാവിയെ സ്വപ്നം കണ്ടാണ് ഇതിന് മുതിർന്നതെന്ന്....
അവൾക്കും ജീവിതമുണ്ടെന്ന്...
അവൾക്കും സ്വപ്നങ്ങളുണ്ടെന്ന്....
ഓർക്കണമായിരുന്നു....പലതും....
പഴിചാരും മുൻപേ.....!

2018, ജൂലൈ 23, തിങ്കളാഴ്‌ച

പുതുമഴ പോലെ


മനസ്സൊരു തൂലികയാണ്..
ഓരോന്നിന്റെയും ഉത്ഭവം ഇവിടെ നിന്നാണ്..
നല്ലതും ചീത്തയും എല്ലാമെല്ലാം..
നമുക്ക് കിട്ടുന്ന പ്രതലം...
അത് വെണ്മയുള്ളതും വെളുത്തതും ആണെങ്കിൽ..
അവിടെ നല്ലതേ വിടരൂ...
അങ്ങിനെയുള്ളിടത്ത് മനസ്സിലുള്ള പലതും നാം കുടഞ്ഞിടാൻ ശ്രമിക്കും..
അത് സ്വാഭാവികം..
അതാണ് സൗഹൃദങ്ങളിലും ഉൾക്കൊള്ളേണ്ടത്.
ചിലപ്പോൾ സൗഹൃദത്തിന് സ്ത്രീപുരുഷ
വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും..
പുരുഷന്റെ പൗരുഷമോ..
സ്ത്രീയുടെ സ്ത്രൈണതയോ...
വിലയിരുത്തിക്കൊണ്ടോ..
അല്ലെങ്കിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടോ ആകരുത് സൗഹൃദബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്..
പലപ്പോഴും പലരും മനസ്സിലാക്കാത്ത....
ഒരു ഭാവം ആണിത്..
ആത്മാർത്ഥതയുടെ സൗരഭ്യം ഉള്ള
അങ്ങിനെ ഒന്നിൽ ഉൾപ്പെട്ടാൽ...
എത്ര വഴക്കടിച്ചാലും...
എത്ര അകലാൻ ശ്രമിച്ചാലും...
ഒരു തുടർകഥ പോലെ ആ ബന്ധം നിർദ്ദാക്ഷിണ്യം മുന്നോട്ടുപോകും..
അല്ലാത്തത് പുതുമഴ പോലെ പെയ്തൊഴിയും....
ഒരു ദിക്കിൽ നിന്ന് മാറി മറ്റൊരു ദിക്കിലേക്ക് ...
അതിന് എവിടെയും സ്ഥിരത ഉണ്ടാകില്ല എന്ന് സാരം..
ഓരോ മനുഷ്യനും ഈ ഭൂമിയിൽ ഒരതിഥിയാണ്.
ഇന്നല്ലെങ്കിൽ നാളെ തിരികെ പോകേണ്ട അതിഥി. കൊച്ചു കൊച്ചു തെറ്റുകൾ മനുഷ്യസഹജം..
അത് തിരുത്താനാണ് ശ്രമിക്കേണ്ടത്..
അത് മൂടിവെക്കാൻ ശ്രമിക്കുമ്പോഴോ...
അതിനെ കണ്ടിട്ടും കാണാത്ത രീതിയിൽ കടന്നു പോകുമ്പോഴും ആണ് പിന്നീടത് വലിയ തെറ്റായി തീരുന്നത്..
പലപ്പോഴും സൗഹൃദങ്ങൾക്കിടയിലെ ഉപദേശങ്ങൾ..
അതിന് വേറിട്ട ഒരു മാനം ഉണ്ട്..
അത് അതേ രീതിയിൽ തന്നെ തിരിച്ചറിയണം
എന്ന് മാത്രം..
പലപ്പോഴും ചിലർക്കൊക്കെ മനസ്സിലാകാതെ പോകുന്നതും ഇവിടെയാണ്..
നമ്മിൽ പലരെയും തിരിച്ചറിയാതെ പോകുന്നതും ഇവിടെയാണ്...
ഈ ബന്ധങ്ങളിൽ...
കാരണം ...
ഉപദേശങ്ങൾ..ഊഷരവും...
പ്രശംസകൾ...ഊഷ്മളതയുള്ളതുമായി
തോന്നി പോകുന്ന കാലഘട്ടത്തിലൂടെയാണ്.
നാം ഓരോരുത്തരുടെയും യാത്ര എന്നത് കൊണ്ടുതന്നെ...
വിലകല്പിക്കേണ്ട ബന്ധങ്ങളെ...
നെഞ്ചോട് ചേർക്കുക...
അല്ലാത്തവയെ..തുടച്ചുമാറ്റുക....
മനസ്സിൽ നിന്നും....ജീവിതത്തിൽ നിന്നും...!

2018, ജൂലൈ 21, ശനിയാഴ്‌ച

അകലങ്ങളിലേക്ക്...


ജന്മാന്തരങ്ങൾക്കിടയിലെ
ചില മരുപ്പച്ചകൾ.
ചിലപ്പോൾ പെരുമഴയായ്‌
പെയ്തിറങ്ങുന്ന ചില സ്നേഹബന്ധങ്ങൾ.ചിലപ്പോൾ നെഞ്ചിൻകൂടിനെ വിറകൊള്ളിക്കുന്ന ഇടിനാദമായോ...
സംഹാരതാണ്ടവമാടുന്ന കൊടുങ്കാറ്റായോ...
അല്ലെങ്കിൽ
പെയ്തിറങ്ങാൻ മടികാണിച്ച്‌
അകന്നു പോകുന്ന ഇരുണ്ട ഘനീഭവിച്ച
കാർ മേഘം പോലെയോ
ആരൊക്കെയോ അകലുന്നു.
ഇതിനിടയിൽ പലപ്പോഴും അന്യഥാ ബോധത്തോടെ ഏകനായോ...ഏകയായോ തിരിഞ്ഞു നടക്കാൻ വിധിക്കപ്പെടുന്നു ചിലർ.
ഇതൊരു പുതുമയല്ലല്ലോ.. അല്ലേ..?
കളിച്ചും...ചിരിച്ചും...
ആർത്തട്ടഹസിച്ചും അവസാനം
കറങ്ങിത്തിരിഞ്ഞ്‌ ഈ വഴിയിലേക്കാണ് പലരും എത്തിച്ചേരാറുള്ളത്‌.
എന്നിട്ടും മൂടൽ മഞ്ഞിന്റെ അവ്യക്‌തതയുള്ള മനസിൽ പണ്ടെപ്പോഴോ കോറിയിട്ട ചില ചിത്രങ്ങൾ തെളിഞ്ഞു വരുന്നുണ്ടാകാം.
ആ ഓർമ്മകൾ ചിലപ്പോൾ കുളിർ മഴയായും
ചിലപ്പോൾ മൂടികെട്ടിയ കാർമേഘം പോലെ ഉരുണ്ടുകൂടുകയും ചെയ്യുന്നു.
പിന്നെ ഇരുട്ടാണ്....
ദിവസങ്ങളോളം ...
അല്ലെങ്കിൽ മാസങ്ങളോളം....
പലപ്പോഴും ഇതിങ്ങനെ നീണ്ടുപോവുകയും ചെയ്യും.ഒരു തുടർകഥ പോലെ.
അപ്പോഴൊക്കെ നമ്മളിൽ ചിലർ തീരുമാനമെടുക്കും.
ഒന്നും ആഗ്രഹിക്കരുതെന്നും..
ഒരു ബന്ധവും പിടിച്ചു വാങ്ങാൻ ശ്രമിക്കരുതെന്നും.
പക്ഷേ അൽപ്പ നേരത്തേക്കോ
അല്ലെങ്കിൽ ചില ദിവസങ്ങൾക്കപ്പുറമോ വീണ്ടും
എന്തൊക്കെയോ ആഗ്രഹിച്ചു പോകുന്നു.
ചിലപ്പോൾ സ്നേഹമാകാം..
അല്ലെങ്കിൽ സൗഹൃദമാകാം.
പക്ഷേ ഇത്‌ രണ്ടിനും ആയുസ്സ്‌ ഇല്ലല്ലോ...?
കയ്യെത്തും ദൂരത്തോളം
എത്തുമെങ്കിലും പരിഹാസ ചിരിയോടെ അകന്നു പോകും...
ഒരുപാട്‌ വേദനിപ്പിച്ച്‌ കൊണ്ട്‌.
കാലചക്രമിനിയും ഉരുളും..
എവിടെ എപ്പോൾ അവസാനിക്കുമെന്നറിയാതെ...
അതോടൊപ്പം ഞാനും..നിങ്ങളുമൊക്കെ...അല്ലേ....?
     

2018, ജൂലൈ 3, ചൊവ്വാഴ്ച

ആഗ്രഹിക്കാം...ഒരു കുന്നോളം

നിസ്സഹായത

ഒരു നാൾ...

പൊയ്മുഖങ്ങൾ പുനർജ്ജനിക്കുമ്പോൾ

പെരുമഴക്കാലം

2018, ഏപ്രിൽ 19, വ്യാഴാഴ്‌ച

ഉടമ്പടികളൊന്നുമില്ലാതെ

ജീവിതം

മനസ്സൊരു മാന്ത്രികൻ

നഷ്ടബോധം

ഹൃദയത്തിൽ സൂക്ഷിക്കാൻ

ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മയ്ക്ക്

അടുപ്പവും അകലവും

ജീവിത യാദാർത്ഥ്യം

വിരഹം

തപ്തമീ ഓർമ്മകൾ

നിനക്കായ് ഒരു വാക്ക്

ജീവിതം

ഫ്രണ്ട്ഷിപ്പ്

അപൂർണ്ണമീ മനസ്സ്

ആദ്യാവസാനം

മറവിയുടെ നാളുകൾ

ശൂന്യതയുടെ മുഖം