2017, ജനുവരി 25, ബുധനാഴ്‌ച

ഇഷ്ടങ്ങൾക്കപ്പുറം ചില ഉപാധികളോടെ....!!

ഇന്നിന്റെ ലോകത്ത് ഒരാളെ ഇഷ്ടപ്പെടുന്നതു ബാഹ്യമായ ആകർഷണത്താലാണ്. അതിൽ അയാളുടെ തലയെടുപ്പും സമ്പത്തും ജോലിയും പദവിയും പഠനവും ഉൾപ്പെടും. സുന്ദരനായ യുവാവ്, ആസിഡ് ആക്രമണത്തിൽ വിരൂപിയായിപ്പോയ കമിതാവിനെ വിവാഹം കഴിച്ചാൽ അത് ഇഷ്ടമല്ല, സ്നേഹം.
ഉപാധികളുടെ ലോകത്താണ് ഇഷ്ടം. എനിക്കു ഹിതമെങ്കിൽ അത് ഇഷ്ടം. എന്നാൽ സ്നേഹം അതിനപ്പുറത്താണ്. അഹങ്കാരത്തിന്റെ സകല ഭാവങ്ങളും സ്നേഹമുളളിടത്ത് അപ്രത്യക്ഷമാകും. വിനയവും എളിമയും വിധേയത്വവുമെല്ലാം അവിടെ നിറഞ്ഞു നിൽക്കും. മുറിപ്പെടുത്തുന്ന വാക്കുകൾക്ക് അവിടെ സ്ഥാനമില്ല. സ്നേഹം സകലതും ക്ഷമിക്കും. പരസ്പരവിശ്വാസവും വളരും. ഏതു കാറ്റും കോളും അവരിൽ ഒരു ചലനവുമുണ്ടാക്കില്ല.അതിനെല്ലാമപ്പുറം ചിലയിടങ്ങളിൽ നമ്മൾ സ്വയമാറിയാതെ
 ചിലപ്പോൾ വിഡ്ഢിയായെന്നും വരാം..അതാണ് ഇന്നത്തെ ലോകം..!

2017, ജനുവരി 22, ഞായറാഴ്‌ച

മരണം ഒരു നാൾ

ഘനീഭവിച്ചു കിടക്കുന്ന ഓർമ്മകളുടെ വഴിത്താരയിൽ...ചിന്തകൾക്ക് മരണത്തിന്റെ ഗന്ധം...കാഴ്ചാവകഭേദങ്ങളിൽ ഖബറിന്റെ ഇരുട്ട്..ഹൃദയമിടിപ്പുകൾക്ക് ആസുരതാളം...
പുതുമയും,പഴമയും രണ്ടും രണ്ടാണെന്ന്...പറയാതെ പറയുക...!
മരണത്തെ പുൽകുന്ന വേളകളിൽ... മൗനത്തിന്റെ പുതപ്പിനുള്ളിൽ... പിടയുന്ന ആത്മാവും കലഹിക്കുകയായിരിക്കും ശരീരമെന്ന മിഥ്യയെ മറികടക്കുവാൻ..
നിനക്ക് വേണ്ടിയിരുന്നത് എന്റെ ശരീരത്തിന്റെ ചൂടും ആത്മാവിന്റെ താളവുമായിരുന്നു. അതെല്ലാം കവർന്നെടുത്തു എന്റെ തണുത്തുറഞ്ഞ ശരീരം ബാക്കിവെക്കുന്നതെന്തിന്...?ഓ...ജീവിതത്തിലേ സ്വീകാര്യമല്ലാത്തത്...പിന്നെ നിർജ്ജീവമാകുമ്പോൾ എന്ത്...പ്രസക്തി...?
മരണം നിര്‍വച്ചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ ദുനിയാവിലെ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള്‍ പോകേണ്ടവനാണ്‌ ഓരോ വ്യക്തിയും. രാജ്യത്തിന്‍റെ അധിപനെന്നോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വ്യത്യാസമില്ലാതെ മരണം നമ്മെ പിടികൂടുക തന്നെ ചെയ്യും.
“ഓരോ മനുഷ്യനും തന്‍റെ വീട്ടുകാര്‍ക്കിടയില്‍ സുഖമായി വസിക്കുന്നു. മരണമാവട്ടെ അവന്‍റെ ചെരിപ്പിന്‍റെ വാറിനെക്കാള്‍ എത്രയോ അവന്‍റെ അടുത്താണ് “(ബുഖാരി)
മരണ വെപ്രാളത്തില്‍ പെട്ട് ഉഴലുമ്പോള്‍ ചിന്തിച്ചിട്ട്‌ കാര്യമില്ല. അവധിയെത്തിയാല്‍ പോകണം എന്ന ചിന്തയില്‍ ജീവിക്കുക.
ഇതൊരു ഓർമ്മപ്പെടുത്തലാണ്...
ആദ്യമായി എന്നോട് തന്നെയും...പിന്നെ നിങ്ങളോരോരുത്തരോടും....കാരണം ചിലപ്പോൾ ഒരു യാത്രമൊഴിക്ക് പോലും സമയം അനുവദിച്ചു കിട്ടില്ല..

ആത്മഹത്യ

എന്റെയീ മുറിയില്‍ തനിച്ചിരിക്കുമ്പൊഴും എനിക്കുചുറ്റും ആരൊക്കെയോ നില്‍ക്കുന്നപോലെ…
എന്നിട്ടും, എന്നെയാരും സ്നേഹിച്ചില്ലെന്ന് എന്റെ മനസ്സ്‌ വിങ്ങുന്നു.
ഉറങ്ങുമ്പോള്‍ മരണത്തെ കുറിച്ച്‌ മാത്രം ഓര്‍മ്മകള്‍ വരുന്നു. സ്വപ്നങ്ങളില്‍ മരണത്തിന്റെ മണം തേടി ഞാന്‍ ഓടി നടക്കുന്നു. പട്ടിണിമരണങ്ങളോടും, അപകടമരണങ്ങളോടും, ദുരൂഹമരണങ്ങളോടും ഞാന്‍ ചോദിക്കുന്നു… എന്താണ്‌… ഏതാണ്‌ നിങ്ങളുടെ മണം.. എന്ന്.
രക്തം നിലമാകെ പടര്‍ന്നുകോണ്ടിരുന്നു…
എന്റെ ഭാരം കുറഞ്ഞുവരുന്നതായി ഞാന്‍ അറിഞ്ഞു…
രക്തത്തിനു തണുപ്പാണ്‌… എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പ്‌. തറയിലൂടെ അതെന്നില്‍ നിന്നും അകലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു… ഒരഴുക്കുചാലെന്ന പോലെ…
ഇന്നെല്ലാം മാഞ്ഞു പോകുന്നു…
എങ്ങും ശാന്തമായ പോലെ…
ഇന്നിവിടെ ഞാനെന്റെ അവസാന മാത്രകള്‍ എണ്ണുമ്പോള്‍,
അവസാന ശ്വാസം ഏതെന്ന് കാത്തിരിക്കുമ്പോള്‍, ഞാന്‍ വിതുമ്പിപ്പോകുന്നു…
“ഞാന്‍ ചെയ്ത ജോലികളെല്ലാം ഇതിനു വേണ്ടിയായിരുന്നൊ?? ഞാന്‍ തേടിനടന്നതും ഇതായിരുന്നോ… ഒരാത്മഹത്യക്ക്‌ വേണ്ടിയായിരുന്നോ…”
വൈകിയെങ്കിലും ഞാനറിഞ്ഞു, തെറ്റും ശരിയും രണ്ടല്ല, ഒന്നാണ്‌. ഒന്നിന്റെ തുടക്കവും ഒടുക്കവും ആണ്‌.(കടപ്പാട്)

2017, ജനുവരി 20, വെള്ളിയാഴ്‌ച

ബാക്കിയാകുന്നു...ജീവനും,ജീവിതവും

ഓരോ ദിവസവും കണ്ണ് തുറക്കുന്നത്
പ്രതീക്ഷകളുടെ അറ്റമില്ലാത്ത സ്വപ്നങ്ങളിലാണ്‌..
കൂരിരുട്ടില്‍ വെള്ളി വെളിച്ചം തെളിയുന്നതും കാത്തു നാമോരോരുത്തരും..
മനസ്സിലെ ചില ഇഷ്ടങ്ങൾ... സ്വപ്‌നങ്ങളും...ഓർമ്മകളും മാത്രമാണെന്ന് തിരിച്ചറിയുന്നത്‌. കണ്ണുകളില്‍ ഇരുള്‍ മൂടുമ്പോഴാണ്..എങ്കിലും പ്രതീക്ഷിക്കാതെ വയ്യല്ലോ..വീണ്ടും ആ പ്രകാശം തെളിയുമെന്ന്...?
മധുര സ്വപ്‌നങ്ങള്‍ ചാറ്റല്‍ മഴയായും
നഷ്ട സ്വപ്‌നങ്ങള്‍ പേമരിയായും പെയ്തിറങ്ങി
യിട്ടും...ഇനിയും ബാക്കിയാകുന്നു...ജീവനും,ജീവിതവും.
എങ്കിലും പ്രതീക്ഷിക്കാതെ വയ്യല്ലോ..
ഏത് കൂരിരുട്ടിലും വെളിച്ചം വിതറാന്‍ പാകത്തില്‍
ഒരു മെഴുകുതിരി കത്തി നില്‍പ്പുണ്ടാവും..എന്ന്.
കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ കൊണ്ട് മനസ്സില്‍ ഞാനൊരു കളിവീടുണ്ടാക്കി.. ദുഃഖംകൊണ്ട് ഞാനതിനു അടിത്തറപാകി... വേദനകൊണ്ട് ഞാനതിനെ കെട്ടിപ്പൊക്കി... കണ്ണുനീര്‍കൊണ്ട് ഞാനതിനെ ദിനവും നനച്ചു... മൌനം കൊണ്ട് ഞാനതിനെ തേച്ചുമിനുക്കി... ക്ഷമ കൊണ്ട് ഞാനതിനു നിറമേകുകയും ചെയ്തു. മനസ്സുകൊണ്ട് ഭംഗിയായി ജീവിത ചിത്രം വരച്ചു..
 പുഞ്ചിരി നിറഞ്ഞൊരു കളിവീടിന്‍ മുറ്റത്ത്‌.. വേരുകള്‍ മുളക്കാത്ത ചെടികള്‍ നട്ടു.
 ഇലകള്‍ തളിര്‍ക്കാത്ത ചെടികള്‍ കൊണ്ട് പൊന്‍വസന്തമൊരുക്കാന്‍ കാത്തിരുന്നു.
എന്റെ  സ്വപ്നങ്ങളില്‍ നീ ഉണ്ടായിരുന്നു.
എന്റെ മൗനത്തിലും നീ ഉണ്ടായിരുന്നു.
ഒരു നാള്‍ നഷ്ട്ടപെടലിന്‍റെ വേദനയിലും നീ ഉണ്ടായിരുന്നു..
എങ്കിലും നിന്നോടുള്ള സ്നേഹം ബാക്കി വെച്ച്
നിന്റെ ഇനിയുള്ള‍ ജീവിതത്തിൽ നിന്ന് തന്നെ ഞാൻ വിടപറഞ്ഞു പോകുമ്പോള്‍
നിനക്ക് ഞാന്‍ എന്ത് ബാക്കി വെക്കണം?
ഒന്നുമില്ല പകരം തരാന്‍... ഒന്നും..

2017, ജനുവരി 19, വ്യാഴാഴ്‌ച

സാധാരണ മനുഷ്യൻ



ജീവിക്കുകയും സ്വപ്നം കാണുകയും കർമ്മങ്ങൾ ചെയ്ത്‌ തീർക്കുകയും...അതിനോടൊപ്പം തന്നെ പുതിയ വിചാര കൂട്ടുകൾ വാരിക്കൂട്ടുകയും ചെയ്യുന്ന ഒരു സാധരണ മനുഷ്യൻ.
താൻ വസിച്ചയിടങ്ങളിൽ അവന്റെ സത്വത്തിന്റേതായ തരംഗങ്ങൾ സൃഷ്ടിക്കുന്നു.അവൻ നടന്നു നീങ്ങിക്കഴിഞ്ഞാൽ പുന:പ്രേരണയുടെ അഭാവത്തിൽ സ്ഥലത്തിന്റെ സത്തയിലേക്ക്‌ ആ തരംഗങ്ങൾ ആടിയടങ്ങുകയും ചെയ്യുന്നു.
                   പഴയൊരു  സൗഹൃദത്തിന്റേയോ..
അല്ലെങ്കിൽ പണ്ടെങ്ങോ മാഞ്ഞു പോയ സ്നേഹഗീതത്തിന്റെ ഈണം.
ഒരു തേങ്ങലിന്റേയോ...
പൊട്ടിച്ചിരിയുടേയോ നുറുങ്ങ്‌...
ഒരു നെടുവീർപ്പിന്റെ ചൂട്‌..........
ഇവയിലേതേങ്കിലുമൊന്നിന്റെ തുമ്പ്‌ വേറിട്ട്‌ കിട്ടിയാൽ...അലങ്കോലമായി കിടക്കുന്ന ആ നൂലാമാലകളെ ചൈതന്യവൽക്കരിക്കാനും....പഴയ തരംഗ വ്യാപ്തിയും...അരുവും പുനർജ്ജീവിപ്പിക്കാനും അരനാഴിക പോലും വേണ്ടി വരില്ല.
ബന്ധങ്ങളുടെ  ചങ്ങല കെട്ടുകൾ വരിഞ്ഞു മുറുക്കുമ്പോൾ തീരുമാനങ്ങൾക്ക്‌ ശൈഥല്യം സംഭവിക്കും.ആത്മ ബന്ധങ്ങളുടെ കണ്ണികളെ അറുത്തു മുറിച്ച്‌ കൊണ്ട്‌ സ്വന്തം തീരുമാനത്തിന്റെ അടിത്തറയുറപ്പിക്കാൻ പലപ്പോഴും കഴിയാതെ പോകും.പലപ്പോഴും പലർക്കും നമ്മെ പൂർണ്ണമായി ഉൾക്കൊള്ളാനോ...മനസ്സിലാക്കാനോ കഴിഞ്ഞെന്നു വരില്ല.പലപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് തോന്നും.എന്നിട്ടും നമ്മിൽ നിന്ന് വളരെ അകലെയാണെന്ന തോന്നൽ മനസിൽ ബലപ്പെടുകയും ചെയ്യുന്നുവെങ്കിൽ...പരസ്പരം അലിഞ്ഞു ചേരാത്ത എന്തോ ഒന്ന് ഉണ്ടാകാം...എന്താണത്‌...?

2017, ജനുവരി 14, ശനിയാഴ്‌ച



ജീവിത ബന്ധങ്ങൾക്കിടയിലെ അന്യധാബോധമുണർത്തുന്ന
ചില വേർതിരിവുകൾ. മുമ്പെങ്ങുമില്ലാത്ത വിധം തലയുയർത്തി നിൽക്കുമ്പോൾ..എന്തൊക്കെയോ നഷ്ടപ്പെടുകയാണ്
 എന്നൊരു തോന്നൽ അകതാരിൽ എവിടെയോ ഖനം വെയ്ക്കുന്നു.
അതൊരു വെറും തോന്നലല്ല...സത്യമെന്ന് തിരിച്ചറിഞ്ഞതും ഇന്നിലാണ്.വിടരാപൂമൊട്ടുകൾ എല്ലായ്പോഴും കൊഴിഞ്ഞു വീഴാറാണ് പതിവ്..കാരണം അതിന് സൗന്ദര്യവും,സൗരഭ്യവും കുറവായിരിക്കും.
ചില മുറിവുകൾ മനസ്സിനേറ്റാൽ കാലങ്ങെളെത്ര കഴിഞ്ഞാലും അത്‌ ഉണങ്ങണമെന്നില്ല.ഓർമ്മകൾക്ക്‌ മീതെ ഉപ്പുകണം വിതറി
 ഒരു നീറ്റലായി അത്‌ മനസ്സിനെ ചുറ്റി പിണഞ്ഞ്‌ കിടക്കും.
വേർപാട്‌ എപ്പോഴും വേദനാജനകമാണ്‌.സമാഗമം സന്തോഷ സമന്വിതവും.
ജീവിതത്തിന്റെ മുഖം ഒരുപിടി വേർപാടുകളുടേയും ...
സമാഗമങ്ങളുടേയും ആകെ തുകയാണ്‌  .
വേർപാട്‌....
അതൊരു റിഹേഴ്സലാണ്‌  .ശാശ്വതമായ വേർപാട്‌ എന്ന
സ്റ്റേജ്‌ പെർഫോമൻസിന്റെ റിഹേഴ്സൽ.

2017, ജനുവരി 13, വെള്ളിയാഴ്‌ച



എന്റെ സ്വപ്നങ്ങളെ പോലെ.....
എന്റെ  പ്രതീക്ഷകളെ പോലെ...
നാളേകൾക്ക് വേണ്ടിയുള്ള എന്റെ-
അടങ്ങാത്ത ദാഹം പോലെ..
കഥയില്ലായ്മയുടെ ലോകത്ത് ഞാൻ
കണ്ടെത്തിയിരുന്ന കദനകഥകൾ പോലെ..
സമാന്തരരേഖകളായ നമ്മുടെ ഇരുവരുടെയും-
ജീവിത യാത്ര പോലെ...
അല്ലെങ്കിൽ തന്നെ........      
ജീവിതത്തിലെ ഓരോ യാത്രയും പാതി വഴിയിൽ
അവസാനിക്കുകയാണല്ലോ...?പതിവ്...!

2017, ജനുവരി 8, ഞായറാഴ്‌ച

ബന്ധങ്ങൾ



ബന്ധങ്ങൾ
--------------------
ബന്ധങ്ങൾ ജീവിതത്തിന്റെ താളമാണ്. 
അവ മോശമാകുമ്പോൾ ജീവിതതാളവും തെറ്റും. 
നിത്യജീവിതത്തിൽ വ്യക്‌തിബന്ധങ്ങൾക്കുള്ള
 പ്രാധാന്യം  ഏറെയാണ്.
പലപ്പോഴും അമിത പ്രതീക്ഷകളാണ് 
ബന്ധത്തെ തകര്‍ക്കുന്നതും വിഷാദ ചിന്തയിലേക്ക് നയിക്കുന്നതും. 
ഓര്‍ക്കുക. ഉയര്‍ച്ചയും താഴ്‌ചയും ജീവിതത്തില്‍ എന്ന പോലെ 
ബന്ധത്തിലും ഉണ്ട്.
ഉന്നതമായ പ്രതീക്ഷകള്‍ എപ്പോഴും പരാജയത്തിലേക്ക് നയിച്ചേക്കാം. 
ഉയര്‍ച്ച എന്നത് എപ്പോഴും ഷോക്കിലേക്കാണ് നയിക്കുന്നത്.
 ബന്ധത്തിന്‍റെ കാര്യത്തിലും അതു വ്യത്യസ്തമല്ല. 
ഏറ്റവും അടുത്തവരെങ്കില്‍ തകര്‍ച്ച കൂടുതല്‍ ഷോക്കായിരിക്കും. 
അതൊരു സാധാരണ തത്വമാണ്. ഒരു കാര്യം മനസ്സിലാക്കുക ..
ജീവിതം സമവാക്യങ്ങള്‍ കൊണ്ടോ........
 സൂത്രവാ‍ക്യങ്ങള്‍ കൊണ്ടോ   ഉണ്ടാക്കിയതല്ല.
 ഒരിക്കലും ഗണിതപരമായി ജീവിതത്തെ സമീപിക്കാനുമാകില്ല.