2017, ഡിസംബർ 21, വ്യാഴാഴ്‌ച

ബാക്കിയാകുന്നു ചിലർ

നാം അടുത്തിടപ്പഴകിയവരിൽ നിന്നോ..
അല്ലെങ്കിൽ നാം ഒരുപാടിഷ്ടപ്പെടുന്നവരിൽ നിന്നോ ഉണ്ടാകുന്ന ചില തിക്താനുഭവങ്ങൾ പലപ്പോഴും ഒരു തീരാവേദനയായി പലരുടേയും മനസ്സിൽ ചുറ്റിപ്പിണഞ്ഞു കിടക്കാറുണ്ട്.
സംഭവങ്ങളുടെ വലിപ്പചെറുപ്പത്തിലുപരി അതിന് കാരണക്കാരാകുന്ന വ്യക്തികളെ ആശ്രയിച്ചാവും മിക്കപ്പോഴും സങ്കടങ്ങളുടെയും...വേദനയുടെയും ഏറ്റക്കുറച്ചിലും വ്യാപ്തിയും അനുഭവപ്പെടുക.
എന്നിരുന്നാലും ചിലതൊന്നും നാം മറക്കാൻ ശ്രമിക്കില്ല.. മറക്കുകയുമില്ല...ഒപ്പം ചില മുഖങ്ങളും..കാരണം...
കഴിഞ്ഞുപോയതൊക്കെയും നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രസക്തമായ ഭാഗങ്ങളായിരുന്നു എന്ന തോന്നലാണ് എല്ലായ്പ്പോഴും നമുക്ക്.
എല്ലാം എന്നേ മറന്ന് പോയെന്ന് നാം പലപ്പോഴും അഭിനയിച്ച് ഫലിപ്പിക്കാൻ ശ്രമിക്കും...നമ്മോട് തന്നെ. ഒപ്പം മറ്റുള്ളവർക്കിടയിലും. പക്ഷേ ചിലതൊന്നും മറക്കാൻ കഴിയാറില്ല എന്നതാണ് സത്യം...! എല്ലായ്പ്പോഴും യാദാർത്ഥ്യങ്ങൾക്ക് നടുവിലൂടെ സഞ്ചരിക്കാൻ ഇടവരുമ്പോഴാണ് പലരും സ്വന്തം ജീവിതത്തിൽ തന്നെ ചില മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നത്.എന്നിട്ടും
അടുത്തവരെ അകറ്റി...അകലങ്ങളിൽ എത്തിപ്പിടിക്കാൻ...ശ്രമിക്കുന്ന ചിലർ... ഇപ്പോഴും ബാക്കി...!

അലിഞ്ഞു ചേരും വരെ

കടിഞ്ഞാണില്ലാത്ത കുതിരയെപോലെയാണ് ആഗ്രഹങ്ങൾ...അതങ്ങിനെ ദിക്കറിയാതെ..കാലമാറിയാതെ മേഞ്ഞുകൊണ്ടേയിരിക്കും.
കിട്ടുന്നതിനനുസരിച്ച് ജീവിക്കുക....അധികമൊന്നും കൊതിക്കാതിരിക്കുക.കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നൊക്കെ പഴമക്കാർ പറയാറുണ്ട്.അവർ അങ്ങിനെ തന്നെ ജീവിച്ച് ചിലതൊക്കെ നമുക്കായി മിച്ചം വെച്ച് കടന്നുപോയവരാണ്.
മനുഷ്യന്റെ അന്തമില്ലാത്ത ആഗ്രഹങ്ങളാണ്..ദുഃഖങ്ങൾക്കും..നഷ്ടബോധത്തിനും കാരണമാകുന്നത്..
ഒരു പുഴപോലെയാണ് മനുഷ്യന്റെ മനസ്സും..ചിലപ്പോൾ കലങ്ങിയും..ചിലപ്പോൾ തെളിഞ്ഞും ഒഴുകിക്കൊണ്ടേയിരിക്കുന്നു..അവസാനം മണ്ണിൽ അലിഞ്ഞു ചേരും വരെ....!

2017, ഡിസംബർ 17, ഞായറാഴ്‌ച

ഓർമ്മക്കുറിപ്പ്

ഞാനൊരു എഴുത്തുകാരൻ അല്ല..സാഹിത്യത്തിന്റെ വൃത്തമോ..പ്രാസമോ..അറിയില്ല.. മറ്റ് നൂലാമാലകളോ വശമില്ല.ചിലർ എല്ലാ നിയമാവലിയും പാലിച്ചെഴുതുന്നവരും..അതിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരും ഉണ്ട്.എനിക്ക് തോന്നിയപോലെ ഞാനും എഴുതട്ടെ...
ചിലപ്പോഴൊക്കെ എഴുതാതിരിക്കുമ്പോൾ സങ്കർഷമാണ്‌....വാക്കുകൾ തൃപ്തികരമായി നിരത്തുവാനുള്ള യജ്ഞമാണ്‌...ആവാഹനമാണ്‌.
ശരിയാവുന്നു എന്ന് തോന്നുമ്പോഴുള്ള ആഹ്ലാദത്തിന്റെ നിമിഷം അകലെ അവ്യക്തമായി കാണുമ്പോൾ അതിലേക്ക്‌ എത്തിച്ചേരാനുള്ള തീവ്രയത്നം തുടരുന്നു.
അത്‌ അകലെയല്ല...അകലെയല്ല എന്ന് മനസ്‌ മന്ത്രിക്കുന്നതിനിടയിൽ പതുക്കെ പതുക്കെ മുമ്പോട്ടുള്ള ആ കാൽ വെപ്പുകളാണ്‌ പലപ്പോഴും ഓരോ ജീവിതത്തെയും അർത്ഥവത്താക്കുന്നത്‌.
കൈയ്പ്പും മധുരവും കലർന്നതാണ്‌ ജീവിതം.നമ്മുടെ കണ്മുൻപിൽ കാണുന്ന ആളുകളെല്ലാം സുഖം മാത്രം അനുഭവിച്ചു ജീവിക്കുകയാണെന്ന് നമുക്ക്‌ തോന്നും.
അവരുടെയൊക്കെ ജീവിതത്തിന്റെ കൂടിക്കുഴഞ്ഞ ഇഴ പിരിച്ചു നോക്കുമ്പോഴേ എവിടെയൊക്കെയോ അത്‌ പിഞ്ഞി പോയിട്ടുണ്ടെന്ന് മനസ്സിലാവുകയുള്ളൂ.
ജീവിതം മുഴുവൻ ദു:ഖപൂർണ്ണമായിരുന്നു
എന്ന് പരിതപിക്കുന്ന പലരുടേയും ജീവിതത്തിൽ സുഖത്തിന്റെ നാളുകളുണ്ടായിരുന്നു എന്നുള്ളതാണ്‌ സത്യം.
നേരെ തിരിച്ചും ഇത്‌ പോലെ തന്നെയാണ്‌ നമ്മുടെയൊക്കെ ജീവിതവും.
ദു:ഖം വരുമ്പോൾ  സന്തോഷത്തിന്റെ നാളുകൾ പലപ്പോഴും മറന്നുപോവുകയാണ്‌.
സന്തോഷത്തിന്റേയും സുഖത്തിന്റേയും നാളുകൾ അനുഭവിച്ചിട്ടുള്ളവരാണ്‌ എല്ലാവരും.തിരിഞ്ഞു നോക്കുമ്പോഴും...മുന്നോട്ട്‌ നോക്കുമ്പോഴും ഭയമാകുന്നുവെന്ന് പലപ്പോഴും പറയുമെങ്കിലും ഭയപ്പെടാത്ത നാളുകൾ നമുക്കുണ്ടായിരുന്നുവെന്ന് ഓർക്കുക.പ്രതീക്ഷയുടെ നാളുകൾ ഇനി വരാനുണ്ടെന്നും ഓർക്കുക.

ഒരുനാൾ

മനുഷ്യാത്മാവിന്റെ ഗന്ധവും...സ്പർശവും തിരിച്ചറിയാൻ കഴിയാതെ പോകുന്ന അഭിനവ ജനത ഇന്നുകളിൽ ഉറങ്ങിയെഴുന്നേൽക്കുന്നു.സ്ഥാനവലിപ്പത്തിന്റെയും...ജാതീയതയുടെയും പേരിൽ...ആ ഉയർത്തിപ്പിടിക്കുന്ന മഹിമയേക്കാൾ..സ്നേഹവും...സാഹോദര്യവും ആണ് മഹത്തരം എന്ന് മനസ്സിലാക്കാതെ പോകുന്ന പമ്പരവിഡ്ഢിയായ മനുഷ്യർ.കപടതയുടെ...തീനാളമെരിയുന്ന ഭൂമിയിൽ സാഥ്വികമായ മനസ്സോടെ ജീവിക്കുക എന്നത് കഠിനപ്രയത്നമാണ്.
ആത്മാർത്ഥതയുള്ള വാക്കുകളും...ശാന്തമായ മനസ്സും കൈമുതലായുള്ളവരെ പുച്ഛിച്ചു തള്ളുന്ന നവയുഗം...
സാന്ത്വനവും..സ്നേഹവും എന്നേ ഇവിടങ്ങളിൽ നിന്ന് വിസ്‌മൃതിയിലാണ്ടുപോയി...അവശേഷിക്കുന്നത് ജഢതുല്യമായ മനസിനുടമകളായ നാം...അല്ലെങ്കിൽ തന്നെയും പ്രകൃതിയുടെ പവിത്രത നഷ്ടപ്പെട്ടിട്ട് കാലം ഒരുപാടായി..
സർവ്വം സഹിച്ചിരുന്ന ഭൂമിയും ഇപ്പോൾ എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ...കാത്തിരിക്കുന്ന പോലെ...
അത് ചിലപ്പോൾ ഒരു ത്സുനാമിയുടെ പരിരംഭണമോ....ഒരു ഭൂകമ്പത്തിന്റെ പ്രകമ്പനമോ ആയിക്കൂടെന്നില്ല...
ഒരുപക്ഷേ പലതും കണ്ടും...കേട്ടും...സഹിച്ചും
ഈ ഭൂമിക്കും സഹികെട്ടിട്ടുണ്ടാകും...ല്ലേ...?

2017, ഡിസംബർ 15, വെള്ളിയാഴ്‌ച

അർത്ഥമറിയാതെ

വേദനിപ്പിക്കുന്ന...നൊമ്പരമുണർത്തുന്ന കുറച്ച് ഓർമ്മകളും..കുറച്ച് സ്വപ്നങ്ങളും ഉണ്ടാകുമ്പോഴാണ് ഏതൊരാളുടേയും ജീവിതത്തിന് അർത്ഥമുണ്ടാവുക..
കടന്നുപോകേണ്ട വഴിയെ കുറിച്ച് പലർക്കും ഒരു ധാരണയുമില്ലെങ്കിലും...നടന്നുതീർത്ത വഴികളെക്കുറിച്ച് വ്യക്തതയുണ്ടായിരിക്കും.
എങ്കിൽ തന്നെയും പിന്നിട്ട വഴികളുടെ തീരത്ത് കാലത്തിന്റെ  വേലിയേറ്റത്തിലോ...വേലിയിറക്കത്തിലോ..കാലം തീരത്തിട്ട ഒരു മുത്തായി...പവിഴമായി ചില ബന്ധങ്ങൾ പ്രകാശമായമായി നമുക്ക് പലർക്കുമിടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.വക്രമായ ചിന്തയിലോ..ലൈംഗീകമായ അഭിനിവേശത്തിന്റെ വിഴുപ്പ് ഭാണ്ഡങ്ങളിലോ കെട്ടി മൂടപെടാതെ......
ഇവിടെയാണ് യദാർത്ഥ ഇഷ്ടങ്ങൾ പിറവിയെടുക്കുന്നതും...പിച്ചവെച്ചുനടക്കുന്നതും...ഇവിടെയാണ് ചില പിണക്കങ്ങളിൽ സ്വയം വേദനിക്കുന്നതും..ഇണക്കങ്ങളിൽ സ്വയം മറന്നു സന്തോഷിച്ചുല്ലസിക്കുന്നതും...
ചില ബന്ധങ്ങൾ എല്ലായ്പ്പോഴും തീവ്രമാണ്..
പക്ഷേ...നമ്മിൽ പലരും അത് തിരിച്ചറിയാതെ പോകുന്നു എന്നതല്ലേ...യാദാർത്ഥ്യം...?