2017, ജൂലൈ 22, ശനിയാഴ്‌ച

മനസ് എന്ന തൂലിക

മനസ്സൊരു തൂലികയാണ്..
ഓരോന്നിന്റെയും ഉത്ഭവം ഇവിടെ നിന്നാണ്..
നല്ലതും ചീത്തയും എല്ലാമെല്ലാം..
നമുക്ക് കിട്ടുന്ന പ്രതലം...
അത് വെണ്മയുള്ളതും വെളുത്തതും ആണെങ്കിൽ..അവിടെ നല്ലതേ വിടരൂ...
അങ്ങിനെയുള്ളിടത്ത് മനസ്സിലുള്ള പലതും നാം കുടഞ്ഞിടാൻ ശ്രമിക്കും..അത് സ്വാഭാവികം..
അതാണ് സൗഹൃദം..ചിലപ്പോൾ അതിന് സ്ത്രീപുരുഷ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും..പുരുഷന്റെ പൗരുഷമോ..
സ്ത്രീയുടെ സ്ത്രൈണതയോ...വിലയിരുത്തിക്കൊണ്ടോ...അല്ലെങ്കിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടോ ആകരുത് സൗഹൃദബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത്..പലപ്പോഴും പലരും മനസ്സിലാക്കാത്ത....ഒരു ഭാവം ആണിത്..ആത്മാർത്ഥതയുടെ സൗരഭ്യം ഉള്ള
അങ്ങിനെ ഒന്നിൽ ഉൾപ്പെട്ടാൽ...എത്ര വഴക്കടിച്ചാലും...എത്ര അകലാൻ ശ്രമിച്ചാലും ഒരു തുടർകഥ പോലെ ആ ബന്ധം നിർദ്ദാക്ഷിണ്യം മുന്നോട്ടുപോകും..അല്ലാത്തത് പുതുമഴ പോലെ പെയ്തൊഴിയും....ഒരു ദിക്കിൽ നിന്ന് മാറി മറ്റൊരു ദിക്കിലേക്ക് ...അതിന് എവിടെയും സ്ഥിരത ഉണ്ടാകില്ല എന്ന് സാരം..ഓരോ മനുഷ്യനും ഈ ഭൂമിയിൽ ഒരതിഥിയാണ്.ഇന്നല്ലെങ്കിൽ നാളെ തിരികെ പോകേണ്ട അതിഥി.കൊച്ചു കൊച്ചു തെറ്റുകൾ മനുഷ്യസഹജം..അത് തിരുത്താനാണ് ശ്രമിക്കേണ്ടത്..അത് മൂടിവെക്കാൻ ശ്രമിക്കുമ്പോഴോ...അതിനെ കണ്ടിട്ടും കാണാത്ത രീതിയിൽ കടന്നു പോകുമ്പോഴും ആണ് പിന്നീടത് വലിയ തെറ്റായി തീരുന്നത്..പലപ്പോഴും സൗഹൃദങ്ങൾക്കിടയിലെ ഉപദേശങ്ങൾ..അതിന് വേറിട്ട ഒരു മാനം ഉണ്ട്..അത് അതേ രീതിയിൽ തിരിച്ചറിയണം എന്ന് മാത്രം..പലപ്പോഴും നമുക്കൊക്കെ മനസ്സിലാകാതെ പോകുന്നത് ഇവിടെയാണ്..
നമ്മിൽ പലരെയും തിരിച്ചറിയാതെ പോകുന്നതും ഇവിടെയാണ്...
ഈ ബന്ധങ്ങളിൽ...
കാരണം ...ഉപദേശങ്ങൾ..ഊഷരവും...പ്രശംസകൾ...ഊഷ്മളതയുള്ളതുമായി തോന്നി പോകുന്ന കാലഘട്ടത്തിലൂടെയാണ്.നാം ഓരോരുത്തരുടെയും യാത്ര എന്നത് കൊണ്ടുതന്നെ...
വിലകല്പിക്കേണ്ട ബന്ധങ്ങളെ...നെഞ്ചോട് ചേർക്കുക...അല്ലാത്തവയെ..തുടച്ചുമാറ്റുക....
മനസ്സിൽ നിന്നും.
ജീവിതത്തിൽ നിന്നും...!

2017, ജൂലൈ 17, തിങ്കളാഴ്‌ച

ജീവിതത്തിലെ ചില കണക്കുകൂട്ടലുകൾ

ചില തിരിച്ചറിവുകൾ നമുക്ക് നൽകുക ജീവിതത്തിൽ ഒരു വലിയ പാഠമാണ്. ഇതിലെ പഠ്യേതര വിഷയങ്ങളിൽ...  ഒന്ന്.....രക്ത ബന്ധങ്ങളാകും. രണ്ടാമത്തേത്...സ്നേഹബന്ധങ്ങളാകും, മൂന്നാമത്തേത്... പ്രണയ ബന്ധങ്ങളാകും, നാലാമത്തേത്.....സൗഹൃദബന്ധങ്ങളാകും.. അങ്ങിനെ നീണ്ടുപോകും ഒരു തനിയാവർത്തനം പോലെ. ഇതിലെ ചില കണ്ണികൾ പൊട്ടി പോയാൽ പിന്നെ പഴയപോലെ വിളക്കിചേർക്കാൻ ബുദ്ധിമുട്ടായി തീരും. എങ്ങിനെയൊക്കെ കൂട്ടിക്കിഴിച്ച് നോക്കിയാലും....  ഹരണപ്രക്രിയയും,ഗുണനപ്രക്രിയയും നടത്തി നോക്കിയാലും അവസാനം നമ്മുടെ ഭാഗത്ത് ലഭിക്കുന്ന ശിഷ്ടം ശൂന്യ(പൂജ്യം)മായിരിക്കും.ചില കണക്ക് കൂട്ടലുകൾ നടത്തുമ്പോൾ തിരുത്തലുകൾക്ക് ഇട നൽകാത്ത വിധം വ്യക്തത വരുത്താൻ പ്രയത്നിക്കും.എപ്പോഴൊക്കെയോ ആ പ്രയത്നം വിഫലമായി തീരുമ്പോൾ പിന്നീട് അവിടെ ഒരു മാറ്റി തിരുത്തലുകൾക്ക് പ്രായോഗികതയും,സ്ഥാനമില്ലാതെയും വരും. അപ്പോഴാണ്...ചിലർ നിശബ്ദമായ് പടിയിറങ്ങുക... ബന്ധങ്ങളിൽ നിന്നും.... ഹൃദയങ്ങളിൽ നിന്നും....!

2017, ജൂലൈ 16, ഞായറാഴ്‌ച

അടിയൊഴുക്ക്

പരിചയങ്ങളും...
പരിചയപ്പെടുത്തലുകളും...
സൗഹൃദബന്ധങ്ങളും...
ഒരു ഒഴുക്ക് പോലെയാണ്..
എപ്പോൾ വേണമെങ്കിലും തടയിണ കെട്ടാൻ തയ്യാറായി ഇരിക്കണം എന്നുമാത്രം...കാരണം എത്ര സ്വച്ഛന്ദമായി ഒഴുകുന്ന നദി ആണെങ്കിലും അത് കരകവിഞ്ഞു ഒഴുകാൻ തുടങ്ങിയാൽ... ആപത്താണ്.അതിന്റെ ഇരുകരയിലുമുള്ളതിനെ കൂടി ചുവടോടെ..പറിച്ചു കൊണ്ടുപോകാനുള്ള അടങ്ങാത്ത ആവേശം ആയിരിക്കും അതിന്..
മറ്റുള്ളതിന്റെ നിലനിൽപ്പ് അല്ലെങ്കിൽ.. അതിന്റെ ചുറ്റുപാട്...ആരൊക്കെയോ...അല്ലെങ്കിൽ എന്തിനെ ഒക്കെയോ ആശ്രയിച്ചാണ് നില നിന്നിരുന്നത്...എന്നൊന്നും ഓർക്കാൻ സമയം കിട്ടിയെന്ന് വരില്ല.അതിനുമുമ്പേ കടപുഴകി വീണിട്ടുണ്ടാകും...പിന്നെ ഒഴുക്കിനൊത്ത്...
എവിടെ...എങ്ങിനെയൊക്കെ...എത്തിച്ചേരുമെന്ന ഉറപ്പില്ലാത്ത ഒരു സഞ്ചാരം...മറ്റൊന്നിന്റെ ഇച്ഛക്കനുസരിച്ച്...എവിടെയൊക്കെയോ തട്ടി തകർന്ന്...അവസാനം...ഇരുളിന്റെ അഗാധതയിലേക്ക് ആണ്ടുപോകുന്നു.
എപ്പോൾ വേണമെങ്കിലും കരകവിഞ്ഞൊഴുകിയേക്കാവുന്ന ഒരു നദി പോലെയാണ്...  പലപ്പോഴും ഈ സോഷ്യൽ മീഡിയ സൗഹൃദങ്ങൾ.
പ്രത്യക്ഷത്തിൽ തിരിച്ചറിയാത്തതും..അടിയൊഴുക്കുകൾ വളരെയേറെയുള്ളതുമായ... ജീവിതത്തിന്റെ അടിത്തറപോലും ഇളക്കി മറിക്കാൻ കഴിയുന്ന ഒന്ന്.ഒഴുക്കിനെതിരെ നീന്തിക്കയറാൻ കെൽപ്പുള്ളവർ മാത്രം....ഇതിന്റെ(inbox) ആഴത്തിലേക്കിറങ്ങുക...അല്ലാത്തവർ..കരയിൽ നിന്ന് കൊണ്ട് മാത്രം ഭംഗി ആസ്വദിക്കുക.

2017, ജൂലൈ 12, ബുധനാഴ്‌ച

തിരിച്ചറിവ്

ഒരുനിമിഷം തരൂ.....നിന്നിലലിയാൻ...
ഒരു യുഗം തരൂ.... നിന്നെ അറിയാൻ....
എനിക്കേറെ ഇഷ്ടപ്പെട്ട വരികൾ.
വരികളുടെ അർത്ഥം വളരെ അർത്ഥസമ്പുഷ്ടമാണ്.
ഒരു വ്യക്തിയിലോ...വ്യക്തിത്വത്തിലോ അലിഞ്ഞു ചേരാൻ...അല്ലെങ്കിൽ ഇഷ്ടപ്പെടാൻ..ആ രൂപഭാവങ്ങൾ നെഞ്ചിലേറ്റാൻ ഒരു നിമിഷം മതി.
പക്ഷേ.......
ഒരു വ്യക്തിയെ...അവന്റെ അല്ലെങ്കിൽ അവളുടെ ചിന്തയെ...പ്രവർത്തിയെ....സ്വഭാവത്തെ തിരിച്ചറിയാനും...മനസ്സിലാക്കാനും ഒരു യുഗം തന്നെ വേണ്ടി വരും.ഇന്നിന്റെ കാലത്ത് പലർക്കും തെറ്റ് പറ്റുന്നതും ഇവിടെയാണ്...
ഒരുപക്ഷേ ജീവിത തകർച്ചയുടെ തുടക്കം ഇവിടെ നിന്നാകും.ആ സത്യം ഉൾക്കൊള്ളുക വളരെ വൈകിയാണ്..
വേർതിരിച്ചറിയാൻ ശ്രമിക്കുക...
നല്ലതും..ചീത്തയും...!

2017, ജൂലൈ 11, ചൊവ്വാഴ്ച

വഴിത്തിരിവുകൾ

കൃതജ്ഞതാപൂർവ്വം സ്മരിക്കാനും..
അടുപ്പത്തിന്റെ ആഴം കൊണ്ട് ശിരസ്സ് നമിക്കാനും നമ്മുടെയൊക്കെ ജീവിതത്തിൽ കുറെ പേരുണ്ടാകും...അവരിൽ ആരാണ് പ്രധാനി എന്ന് ചോദിച്ചാൽ വ്യക്തമായി ഒരുത്തരം നൽകാൻ നമുക്ക് കഴിയുകയുമില്ല.
ചിലപ്പോൾ...ഒരു വ്യക്തിയോ...വ്യക്തിത്വമോ ആകാം...
നമ്മുടെയൊക്കെ ജീവിതത്തിൽ യാദൃശ്ചികതകൾക്ക് വളരെയേറെ പങ്കുണ്ട്.
മുൻകൂട്ടി ആസൂത്രണം ചെയ്തത് പോലെയല്ല പലപ്പോഴും വഴിത്തിരുവുകൾ ഉണ്ടാകുക.
ചിലരെ പരിചയപ്പെടുന്നത് പോലും അങ്ങിനെയാണ്...ചിലർ ജീവിതത്തിന്റെ പാതിദൂരം കൈകോർത്ത് മനസ്സറിഞ്ഞ് കൂടെയുണ്ടാകും...ചിലർ തുടക്കത്തിലോ...പാതിവഴിയിലോ..യാത്രപോലും പറയാതെ നടന്നകലും...
എന്തിനും...പരസ്പര വിശ്വാസം എന്ന...ഒരു ഉള്ളടക്കമാണ്...ഓരോ ബന്ധത്തിന്റെയും..ആഴവും പരപ്പും...നിർവചിക്കുന്നത്...ആ ഒരു വിശ്വാസം ഇല്ലെങ്കിൽ...ഒരിക്കലും കൂടിച്ചേരാത്ത നേർരേഖപോലെയാകും ഓരോ ബന്ധവും..
സ്വന്തം പ്രവർത്തിയും..സ്വഭാവമഹിമയും അതിന് മൂലകാരണമാണ്...
തുടക്കം കൊണ്ട് അവിശ്വസിച്ച ഒന്നിനെയും നമ്മുക്ക് മാറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല...കാരണം അവർ അത് തിരുത്താൻ തയ്യാറാകില്ല എന്ന് തന്നെ.
എല്ലായിപ്പോഴും നൊമ്പരങ്ങളും...മുറിപ്പാടുകളുമാണ്...നമ്മെ നാമാക്കുന്നത്...ഓരോ ജീവിത ബന്ധങ്ങൾക്കിടയിലും ചിലരുണ്ട്..ഉറങ്ങുന്നവരും...ഉറക്കം നടിക്കുന്നവരും.
ഉറങ്ങുന്നവരെ വിളിച്ചുണർത്താം......
പക്ഷേ.....
ഉറക്കം നടിക്കുന്നവരേയോ....?

2017, ജൂലൈ 5, ബുധനാഴ്‌ച

യാത്ര

വെല്ലുവിളികളും...തിരിച്ചടികളും കാലത്തിന്റെ കണക്കുപുസ്തകത്തിൽ ഉള്ളവയാണ്.
കാലവും....ചരിത്രവും പ്രണയിതാക്കളാണെന്ന് തിരിച്ചറിയുക.
കാലം മുറിവുണക്കുമെങ്കിലും...ഒന്നോർക്കുക...!
അത് ആഘാതങ്ങൾ മറക്കുന്നില്ല.
വിധിയെവിടെ കളിക്കുമെന്നറിയാത്തതിനാൽ മൗനിയാവുക.പ്രതിഭാധനനായ പ്രകൃതി പിടി തരാതെ ഒഴിഞ്ഞു മാറുമ്പോൾ..പടിയിറങ്ങുക...അടുപ്പങ്ങളിൽ നിന്ന്...ഇഷ്ടക്കേടുകളിൽ നിന്ന്...അസ്വാരസ്യങ്ങളിൽ നിന്ന്...വിലയും..വിലയില്ലായ്മയും തിരിച്ചറിയുന്നിടത്ത് നിന്ന്...
കാവ്യഭാവന...അത് പ്രണയത്തെപ്പോലെ മനോഹരമാണ്.അതുകൊണ്ട് മാത്രമാണ് ഇവ രണ്ടും ചിരപ്രതിഷ്ഠ നേടുന്നത്.
ഒരു വരദാനമെന്നപോലെ...
ഈണവും,താളവുമില്ലാത്ത സ്പന്ദനങ്ങളുടെ അളവുകോലുമായി...
യാത്രയാകാം......

2017, ജൂലൈ 4, ചൊവ്വാഴ്ച

അറിഞ്ഞും...അറിയാതേയും

ജീവിതത്തിൽ നിന്ന് നാം തന്നെ മായ്ച്ചു കളഞ്ഞ ചില ചിത്രങ്ങൾ...അത് പിന്നീടൊരിക്കലും ഓർമ്മയിൽ തെളിഞ്ഞെന്ന് വരില്ല.
ചില പൊട്ടിച്ചിരികൾ...
കൊച്ചുകൊച്ചു തമാശകൾ...
ഇഷ്ടങ്ങളുടെ പരിലാളനിയിൽ കുതിർന്ന കുറ്റപ്പെടുത്തലുകൾ.. ചെറിയ ചെറിയ പിണക്കങ്ങൾ...
ഇതൊന്നും ശ്രദ്ധിക്കാൻ നമുക്കിടയിൽ സമയം ഉണ്ടാകാറില്ല.അടക്കിപ്പിടിച്ച നൊമ്പരങ്ങൾ ഒരു പൊട്ടിക്കരച്ചിലിന് വഴിമാറുന്നതും നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല.അതൊക്കെയും കയ്യെത്തും ദൂരത്ത് ആയിട്ടുകൂടി...
അവസാനം നോക്കെത്താദൂരത്തിനുമപ്പുറം..ഒരുപക്ഷേ ജീവിതത്തിൽ നിന്ന് തന്നെയും
അകന്നുപോകുമ്പോഴാണ്....ഒരു നഷ്ടബോധം നമ്മിൽ ഉരുത്തിരിയുക....
സ്നേഹമോ...സൗഹൃദമോ...രക്തബന്ധമോ ഒക്കെയാവാം അത്...
പോയ കാലത്തിന്റെ ഓർമ്മകൾ...അത് പലപ്പോഴും സുഖമുള്ളതാകില്ല....
അതിന്റെ മൗനങ്ങളിൽ കരയാനും...അതിന്റെ പച്ചപ്പുകളിൽ തല ചേർത്തു കിടക്കാനും വെറുതെ മോഹിച്ചുപോകും.
അല്ലെങ്കിൽ തന്നെ നഷ്ടങ്ങൾക്കൊരു വീണ്ടെടുപ്പ് ഇല്ലല്ലോ..അതിനിടയിൽ നമ്മിൽ പലരും...പലതും നഷ്ടപ്പെടുത്തുന്നു.
അറിഞ്ഞും....അറിയാതേയും...!

2017, ജൂലൈ 2, ഞായറാഴ്‌ച

അരനാഴിക

ജീവിക്കുകയും... സ്വപ്നം കാണുകയും...കർമ്മങ്ങൾ ചെയ്ത് തീർക്കുകയും അതിനോടൊപ്പം പുതിയ വിചാരകൂട്ടുകൾ വാരികൂട്ടുകയും ചെയ്യുന്ന
ഒരു സാധാരണ മനുഷ്യൻ....
താൻ വസിച്ചയിടങ്ങളിൽ അവന്റെ സത്വത്തിന്റേതായ തരംഗങ്ങൾ സൃഷ്ടിക്കുന്നു.അവൻ നടന്നു നീങ്ങി കഴിഞ്ഞാൽ പുന:പ്രേരണയുടെ അഭാവത്തിൽ സ്ഥലത്തിന്റെ സത്തയിലേക്ക് ആ തരംഗങ്ങൾ ആടിയടങ്ങുകയും ചെയ്യുന്നു.
പഴയൊരു സ്നേഹഗീതത്തിന്റെ ഈണം...
ഒരു തേങ്ങലിന്റെയോ....
പൊട്ടിച്ചിരിയുടെയോ നുറുങ്ങ്....
ഒരു നെടുവീർപ്പിന്റെ ചൂട്...
ഇവയിലേതെങ്കിലുമൊന്നിന്റെ തുമ്പ് വേറിട്ടു കിട്ടിയാൽ...അലങ്കോലമായി കിടക്കുന്ന ആ നൂലാമാലകളെ വീണ്ടും ചൈതന്യ വൽക്കരിക്കാനും....
പഴയ തരംഗ വ്യാപ്തിയും...അരുവും പുനർജ്ജീവിപ്പിക്കാനും ഒരു മനുഷ്യന് അരനാഴിക മതിയാകും...!

2017, ജൂലൈ 1, ശനിയാഴ്‌ച

അജ്ഞാത സ്വരം

കാറ്റിൽ അജ്ഞാത സ്വരം കേട്ടുവോ...?
ആശ്വാസവാക്കുകൾ അത് രക്ഷയായിരുന്നോ...?
അതോ....ജീവിതം തുടരാനുള്ള ശിക്ഷയോ..? തിരിഞ്ഞു നോക്കിയില്ല.പരാജയം കാംക്ഷിക്കുന്ന കണ്ണുകൾ.അവയ്ക്ക് കുളിർമയേകാൻ സാധ്യമല്ല.ഹൃദയത്തിലേൽക്കുന്ന ഓരോ പ്രഹരവും മരണമാകും എന്ന് പ്രതീക്ഷിക്കുന്ന ദുഷ്ടത.അതിന് മുൻപിൽ സ്വർണ്ണം പോലെ തിളങ്ങാൻ വ്യാഗ്രത.വിജയം പൂർണ്ണമായി എന്ന വിശ്വാസം ഇല്ല.എങ്കിലും താഴെ വീണുടയാതെ നിലനിന്നു വന്നത് ആശ്വാസകരം.വിപരീത സന്ധികൾക്കിടയിലും യാത്ര തുടർന്നത് അജ്ഞാതമായ ആരുടെയൊക്കെയോ അനുഗ്രഹം കൊണ്ടോ...?
അതോ...കർമ്മഫലം കൊണ്ടോ....?
ഒന്നും മനസ്സിലാകുന്നില്ല...ഒന്നും...!