2018, ഡിസംബർ 10, തിങ്കളാഴ്‌ച

ഇങ്ങനെയും ചിലർ

ആരോടും സംസാരിക്കാതെ...
പലരുടേയും മുൻപിലൂടെ...
ഈ ലോകത്തിൽ ജീവിക്കുന്നെങ്കിലും ആരോടും പരിഭവമില്ലാതെ...
ഇവിടെയെങ്ങുമല്ലാത്തൊരു ജീവിതം.
അവർക്ക് മതമില്ല...
ജാതിയില്ല...
സവർണ്ണ-അവർണ്ണ ചിന്തകളില്ല...
രാഷ്ട്രീയ കൊടിയുടെ നിറഭേദങ്ങളില്ല.
അവർക്ക് മുന്നിൽ ദുഷ്ടന്മാരില്ല നല്ലവരുമില്ല.ഇടയ്ക്കെപ്പോഴോ നമ്മുടെയൊക്കെ മുൻപിൽ വന്ന് കൈനീട്ടുകയും..
എന്തെങ്കിലും കിട്ടിയാൽ ഭക്ഷിച്ചും...
അഴുക്കുചാലിൽ കഴിയുന്ന ജീവികളെ പോലെ ജീവിതം ജീവിച്ചു തീർക്കുന്ന ചിലർ നമുക്കിടയിൽ ഉണ്ട്.
ചിലപ്പോഴൊക്കെ നാം ആട്ടിയകറ്റുന്ന ചിലർ..ഒരുപക്ഷേ
അവർക്കും ചില സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം അല്ലേ..?ആശകൾക്കിടയിൽ...
വിരഹങ്ങൾക്കിടയിൽ...
വേർപ്പാടുകൾക്കിടയിൽ കാലിടറിപ്പോയവരാകാം അവരിൽ ചിലർ..ഒന്നും നമുക്ക് അറിയില്ല...
നാം അത് അറിയാൻ ശ്രമിക്കാറുമില്ല.
കാരണം അവർക്ക് കഥ പറയുന്ന കണ്ണുകളോ..
നിരയൊത്ത പല്ലുകൾ കാട്ടിയ ചിരിയോ ഇല്ല.
അവർക്ക് പങ്കുവെക്കാൻ ഒന്നുമില്ല...
സ്നേഹമോ...
സൗഹൃദമോ...
പ്രണയമോ...ഒന്നും..
അവർക്ക് ആരെയും വഞ്ചിക്കേണ്ട..
അവർ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല...
നാളേക്ക് വേണ്ടി ഒന്നും കാത്തുവെയ്ക്കുന്നുമില്ല...
അവരെ നാം ചിലപ്പോൾ വിളിക്കുന്ന പേരാണ്...ഭ്രാന്തൻ...!
ഇതൊന്നുമല്ലാത്ത നാം....
എന്തൊക്കെയോ നേടാൻ ആഗ്രഹിക്കുന്നു...
നേട്ടങ്ങളുടെ യാത്രക്കിടയിൽ ആരെയൊക്കെയോ ചവിട്ടി താഴ്ത്തുന്നു...
ചിലപ്പോൾ ജീവിതത്തിൽ...
ചിലപ്പോൾ അവരുടെ സ്വപ്നങ്ങളിൽ നിന്ന്.അത് രക്തബന്ധങ്ങളെ ആകാം.
സൗഹൃദങ്ങളെ ആകാം...
സ്വന്തം ലക്ഷ്യപ്രാപ്തിക്ക് വേണ്ടി എന്തും ചെയ്യാൻ ഉത്സാഹം പ്രകടിപ്പിക്കുന്ന മാനസികാവസ്ഥയിൽ നമ്മിൽ ചിലർ...
ഇതിനിടയിൽ...
ബുദ്ധിയും...
വൈഭവവും..
കാര്യശേഷിയും ഉള്ള...
നേട്ടങ്ങൾക്ക് പിറകെ മറ്റു പലരുടെയും സ്വപനങ്ങൾ തല്ലി തകർത്ത്...
മുന്നോട്ട് പായുന്ന നമുക്കിടയിൽ തിമിർത്താടുന്ന ചിലർക്കാണോ...ഭ്രാന്ത്....
അതോ...
ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ട...
ബോധമണ്ഡലങ്ങളിൽ ഇരുട്ട് പരന്ന ഇങ്ങനെയൊക്കെ ജീവിക്കാൻ വിധിക്കപ്പെട്ട അവർക്കാണോ ഭ്രാന്ത്....? നാമും...ചിലപ്പോഴൊക്കെ സ്വയം ചിന്തിച്ചു നോക്കേണ്ടേ....? സ്വന്തം ജീവിതത്തിൽ ഒരുവട്ടമെങ്കിലും...!

ജീവിതയാത്ര...

ജീവിതം എല്ലായ്‌പ്പോഴും ഒരു ദീർഘദൂര ട്രെയിൻ യാത്രയോ...ബസ്സ് യാത്രയോ പോലെയാണ്.യാത്രയിലൊക്കെയും നമ്മുടെ കൂടെ സഹയാത്രികർ ഉണ്ടാകും...ചിലപ്പോൾ പരിചയക്കാർ....ചിലപ്പോൾ അപരിചിതർ.നമ്മുടെ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുംവരെ യാത്രയുടെ ആരംഭത്തിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവർ ആയിരിക്കില്ല പിന്നീടുള്ള യാത്രയിൽ ഉണ്ടാവുക...ചിലർ പാതി വഴിയിൽ നമ്മോട് യാത്ര പറഞ്ഞും...പറയാതെയും ഇറങ്ങിപ്പോകുന്നു.ജീവിതത്തിൽ ആയാലും...യാത്രയിൽ ആയാലും ആരും നമ്മോടൊപ്പം എല്ലാ കാലത്തും ഉണ്ടാവുകയില്ല.
ഓരോ യാത്രയിലും വേർപിരിയൽ സ്വാഭാവികമാണ്.ഇന്നിലെ പലരുടെയും സോഷ്യൽ മീഡിയ സൗഹൃദങ്ങളും ഇത്തരത്തിൽ ഒരു യാത്രതന്നെയാണ്. ജീവിതത്തിൽ ചിലരെ പരിചയപ്പെടുന്നതും....സൗഹൃദത്തിൽ ഏർപ്പെടുന്നതും ഒരു അനുഗ്രഹമായിട്ടായിരിക്കും...പക്ഷേ...ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മെ കൈപ്പേറിയ ഒരു പാഠം പഠിപ്പിക്കാനായിരിക്കും...കരുതിയിരിക്കുക...!

പുരോഗമനത്തിന്റെ വഴിയിലൂടെ.....

ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...
ചെറിയ തമാശകളിലൂടെയും  കുസൃതികളിലൂടെയും...
പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധങ്ങൾ ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്....പലരും.
നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൗഹൃദത്തില്‍...,പ്രണയത്തില്‍...,
ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.
ചില ബന്ധങ്ങൾ
വ്യക്തമായ തുടക്കമോ...,
ഒടുക്കമോ ഇല്ലാത്ത...
ചില കഥകൾ പോലെ...ഉടലെടുക്കുകയും അവസാനിക്കുകയും ചെയ്യുന്നു.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ...
പ്രണയം...
സൗഹൃദം...
രക്തബന്ധം....
ദാമ്പത്യം ആധുനികലോകത്ത് ഇവയുടെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്.
ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും.
കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും.
സൗഹൃദം എങ്ങിനെ എന്നല്ല.അത് ഏതറ്റം വരെ പോകുന്നു എന്നതാണ്....ചിന്തിക്കേണ്ടത്.
ഇന്നിലെ സോഷ്യൽമീഡിയ സൗഹൃദങ്ങളിൽ ചിലത്....പ്രണയത്തിലേക്കും..
അവസാനം അത് പീഡനങ്ങളിലേക്കും വഴിമാറി പോകുന്നു...
ഈ അടുത്ത കാലത്ത് അങ്ങിനെ ഒരു വാർത്തയും നമ്മിൽ പലരും വായിച്ചിട്ടുണ്ടാകും...
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പീഢനം.എന്തായാലും ഒരു ആപ്ലിക്കേഷൻ എന്ന നിലയിൽ ഇതിനുള്ളിൽ പീഢനം നടക്കില്ല.പിന്നെ എങ്ങിനെ...രാത്രിയും..
പകലുമില്ലാതെ...വ്യക്തമായ രൂപരേഖകളൊന്നുമില്ലാത്തവരുമായി ഒരു നിയന്ത്രണമില്ലാത്ത ചാറ്റിംഗ്..
പോസ്റ്റീവായ സൗഹൃദങ്ങളെ പിന്തള്ളി നെഗറ്റീവ് മാത്രം ഇഷ്ടപ്പെടുന്ന ചിലർ.
വിവേകപരമായ ഉപദേശങ്ങളേക്കാൾ...
വികാരപരമായ വാക്കുകളെ ഇഷ്ടപ്പെടുന്നവർ..
പുരോഗമന ചിന്താഗതിക്കാരണല്ലോ പലരും...അതിൽ ചില സ്‌കൂൾ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സ്കൂൾ വിട്ടുള്ള വരവും പുരോഗമന ചിന്തയിൽ ഉൾപ്പെടുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
കാരണം ചിലരുടെ സഞ്ചാരം അങ്ങിനെയാണ്.
എങ്ങനെയോ വരുന്നു.
എങ്ങിനെയോ തിരിച്ചുപോകുന്നു..ചിലർ തോളിലൂടെ കയ്യിട്ട്...ചിലർ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്...
ഇത്തരം പ്രകടനങ്ങളിൽ വികാരത്തിനടിമപ്പെടുമ്പോൾ മുൻപേ പറഞ്ഞ പുരോഗമന ചിന്താഗതിക്കാർക്ക് വിവേകബുദ്ധി
എന്നൊന്നില്ലേ....?
പ്രണയ പരവശയായ വികാരനിമിഷങ്ങളുടെ പാരമന്യത്തിൽ മൊബൈൽ വിഡീയോ റെക്കോർഡിങ്ങിന് അർദ്ധസമ്മതം മൂളുമ്പോൾ ഓർക്കാമായിരുന്നില്ലേ...
അത് ചതിക്കാനായിരിക്കുമെന്ന്..
ഒരാൾ പിന്നെ രണ്ടാളായി...
പിന്നെ ഇരട്ടിയായി...
വാർത്താമാധ്യമങ്ങൾക്ക് ചാകരയായി...
എവിടെയും തിരിച്ചറിവില്ലാതെ...
ആരുടെയൊക്കെയോ വാക്കുകളിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണമായിരുന്നു..
ഈ യാത്ര എങ്ങോട്ടെന്ന്...
രാത്രിയും...പകലുമില്ലാതെ...
രസം കൊള്ളിക്കുന്നതും വികാരപ്പെടുത്തുന്നതുമായ ചാറ്റിങ്ങിൽ മുഴുകുമ്പോൾ ഓർക്കണമായിരുന്നു... അവസാനം എവിടെ ചെന്നെത്തി നിൽക്കുമെന്ന്...
ആരാണ് ഉത്തരവാദി...?
ചില സമയാസന്ദർഭങ്ങളിൽ മാതാപിതാക്കളും..
പിന്നെ നീയാണ് ഏറ്റവും ശരിയെന്ന് അഹങ്കരിച്ച എന്നിലെ ഞാനും നിന്നിലെ നീയും...