2018, ജനുവരി 11, വ്യാഴാഴ്‌ച

അഭിനവ മനുഷ്യൻ

എല്ലാ യദാർത്ഥ വിജയത്തിലും എത്തിച്ചേരാൻ ക്ലേശങ്ങളുടെ വഴികളിലൂടെ നടന്നേ മതിയാകൂ..
ചെളിയും മുള്ളുകളുമുള്ള പാടവരമ്പിലൂടെ നടന്നാലല്ലാതെ കതിർമണികൾ
വിളഞ്ഞുലഞ്ഞു കിടക്കുന്ന മണ്ണിലേക്ക് എത്തിച്ചേരാൻ കഴിയുമോ..?
നനുത്ത മണം പരത്തുന്ന മനോഹരമായ റോസാപ്പൂക്കൾ മുള്ളുകളുള്ള ചില്ലകളിൽ അല്ലേ...? വിടർന്നു നിൽക്കുന്നത്.
ആ പൂവിന്റെ ചാരുതയിൽ ലയിച്ച് അതൊന്ന് നുള്ളിയെടുക്കാൻ ശ്രമിക്കുമ്പോൾ ആ മുള്ളുകൾ വിരലുകളിലേൽപ്പിക്കുന്ന ക്ഷതങ്ങളുടെ വേദന ആ പൂക്കളുടെ മനോഹാരിതയിൽ നോക്കിയിരിക്കുമ്പോൾ മഞ്ഞുപോലെ നമ്മിൽ നിന്ന് അലിഞ്ഞു പോകാറില്ലേ...
ഇതു തന്നെയാണ് ജീവിതം.
ക്ലേശങ്ങളിലൂടെ...
കഷ്ടപ്പാടുകളിലൂടെ...
ദുരിതങ്ങളിലൂടെ നടന്നെത്തി നാം നേട്ടങ്ങൾ  കൈവരിക്കുന്നു.
പലതും സ്വന്തമാക്കി കഴിഞ്ഞാൽ അവൻ എല്ലാം മറക്കുന്നു.
പിന്നിട്ട വഴികൾ...
ആ വഴികളിലെ കല്ലും,മുള്ളും..
കഷ്ടതകളിൽ നമ്മോടു കൂടെ ചേർന്നു നിന്നവരെ...
നമ്മുടെ സങ്കടങ്ങളിൽ വേദനിച്ചവരെ...
വളരെ വലുതല്ലെങ്കിലും കൊച്ചു കൊച്ചു സഹായം ചെയ്തവരെ...
എന്തിനേറെ കുടുംബബന്ധങ്ങളെ..രക്തബന്ധങ്ങളെ...
നമ്മെ നെഞ്ചിലേറ്റിയ സൗഹൃദങ്ങളെ...
അങ്ങിനെ പലതും അവൻ മറക്കുകയും മറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു..
ഏത് മതവിശ്വാസപ്രകാരമാണെങ്കിലും ദൈവം ആവശ്യപ്പെടുന്നത് ഭൂമിയിൽ ഉള്ളിടത്തോളം സഹജീവികൾക്ക്...ഇതര മനുഷ്യർക്ക് നൽകാൻ കഴിഞ്ഞിട്ടുള്ള സ്നേഹത്തിന്റെ...നന്മയുടെ ദയയുടെ...കടമയുടെ...കടപ്പാടിന്റെ കണക്കായിരിക്കും.
ഒരുപക്ഷേ...മരണശേഷം മനുഷ്യന് കൂടെ കൊണ്ടുപോകാൻ കഴിയുന്നതും ആ നന്മകളായിരിക്കും...ഇതെല്ലാം മറന്ന് ജീവിക്കുന്ന...പലതിന്റെയും പേരിൽ മറ്റു മനുഷ്യരുടെ ജീവൻ പോലും അപഹരിക്കുന്ന ഇന്നിലെ അഭിനവ കിങ്കരന്മാർ...
കൊല്ലപ്പെട്ടവരോ അറിയുന്നില്ല...തന്റെ ജീവൻ എന്തിന് അപഹരിക്കപ്പെട്ടുവെന്ന്...
കൊന്നവനും അറിയില്ല...താനെന്തിന് മറ്റൊരു ജീവൻ അപഹരിച്ചുവെന്ന്...
ആരോടും സ്നേഹവും..കടപ്പാടും വെച്ച് പുലർത്താത്ത...ആരുടെയും ദുഃഖങ്ങളും,സങ്കടങ്ങളും കണ്ണു നനയിക്കാത്ത...
ഇന്നിലെ മനുഷ്യാ.....നിന്നെ എന്ത് പേര് ചൊല്ലി വിളിക്കണം...?
കാലനോ....കാപാലികനോ....!

2018, ജനുവരി 8, തിങ്കളാഴ്‌ച

ശാന്തത

ആഴത്തിലേക്ക് ഉഷ്ണിച്ചിറങ്ങി...
വിജനതയുടെ കരിയിലകൾക്കിടയിൽ പെട്ടുപോയ കാല്പനികതയുടെ നിലക്കാത്ത രോദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ...
റിയലിസം തീർത്ത പാറക്കല്ലുകൾ വക്കുപ്പൊട്ടിയ പ്രതീകാത്മകതയുടെ പിക്കാസ്‌ കൊണ്ട് വെട്ടിക്കീറാൻ ശ്രമിച്ചത്...
കാൽപ്പനികതയിലേക്ക് പിൻവഴികൾ വെട്ടുന്ന തിരക്കിൽ അവൾ അറിഞ്ഞില്ല.
അപ്പോഴേക്കും സെഡേഷൻ അവളുടെ കണ്ണുകളെ കീഴ്‌പ്പെടുത്തി കളഞ്ഞിരുന്നു.വിചിന്തനങ്ങളാൽ പൂപ്പൽ പിടിച്ച അവളുടെ മനസ്സപ്പോൾ തിരയടങ്ങിയ കടൽപോലെ ശാന്തമായിരുന്നു.

ജന്മങ്ങൾക്കപ്പുറത്തേക്ക്

എന്നെങ്കിലും ഒരിക്കൽ പിന്നിലൊരു ഇലയനക്കം...ഒരു വസ്ത്രമർമ്മരം...ഒരു പദന്യാസം...ഒരു നെടുവീർപ്പ്...ഇവയിലേതെങ്കിലുമൊന്ന് കേട്ട് ഒരുപക്ഷേ നീ പിന്തിരിഞ്ഞു നോക്കിയേക്കാം..
         അല്ല...! അതു ഞാനാവില്ല....!
ഞാനപ്പോഴും കാത്തു നിൽക്കുകയാവും...
നീ കടന്നുപോയ വഴിയേ...യുഗങ്ങൾക്കു ശേഷവും കാലൊച്ച കേൾപ്പിക്കാതെ നടക്കാൻ...നിന്നെ പിന്തുടരുകയാണെന്ന് വെറുതെ മോഹിച്ചുകൊണ്ട്...
                   ...മണിക്കുട്ടീ...
ചിലപ്പോൾ പ്രണയം ഇങ്ങനെയുമാണ്.കാലൊച്ച കേൾപ്പിക്കാതെ....
ഹൃദയത്തിലേക്ക് നടന്നു കയറാതെ...അത് നിശബ്ദമായി പ്രണയിനിയെ പിന്തുടരുന്നു...
           .... ജന്മങ്ങൾക്കപ്പുറത്തേക്ക്...
        

2018, ജനുവരി 5, വെള്ളിയാഴ്‌ച

ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ

കഴിഞ്ഞുപോയ കാലവും....
കൊഴിഞ്ഞു വീണ ഇലകളും ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരേപോലെ.ഒരിക്കലും വീണ്ടെടുക്കാനോ..
കൂട്ടിച്ചേർത്തുവെക്കാനോ കഴിയില്ല എന്നതല്ലേ സത്യം.ഇന്നലെകളെ പിന്തള്ളി നാളെകൾ മാത്രം സ്വപ്നം കണ്ട് മുന്നോട്ട് പായുന്നു നാം.
പോയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നെത്തിനോക്കിയാൽ..
ഒരു വിചിന്തനം നടത്തിയാൽ...
സന്തോഷ-സന്താപ നിമിഷങ്ങളുടെ സമ്മിശ്രമായ ഓർമ്മകൾ നമ്മെ തഴുകിയും,തലോടിയും..
ഒപ്പം മിഴികൾ നിറച്ചും കടന്നുപോകുന്നത് അനുഭവിച്ചറിയാൻ കഴിയും.

ഒരുപക്ഷേ സ്വന്തമെന്ന് കരുതിയിരുന്ന...
ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ ചില ബന്ധങ്ങളുടെ കണ്ണികൾ അകന്നു പോയതിന്റെ നൊമ്പരം...
വിരഹം.... വേർപാട് അങ്ങിനെ പലതും...
പിന്നെയും മനുഷ്യൻ പരക്കം പായുന്നു.
കൂടിച്ചേർന്നിരുന്നതിനെ വേർപ്പെടുത്തി...
കുടുംബബന്ധങ്ങൾ തകർത്ത്..
പലതിനേയും ഉന്മൂലനം ചെയ്ത്..
മുന്നിൽ പോകുന്നവരെ തട്ടി മാറ്റി..
പിന്നാലെ വരുന്നവരെ പരിഗണിക്കാതെ ഇനിയും പലതും വെട്ടിപിടിക്കാൻ മുന്നോട്ട് പായുമ്പോൾ പലരും ഓർക്കുന്നില്ല.
അവരവരുടെ നഷ്ടങ്ങൾ..

ഈ യാത്ര എവിടെ വരെ എന്നും അറിയില്ല...
ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്നൊരു ഉറപ്പും ആർക്കുമില്ല..
ജീവിതം മധ്യാഹ്നവും കഴിഞ്ഞ് അസ്തമയത്തോട് അടുക്കുമ്പോഴാണ്
നേടിയതൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്ന ഓർമ്മ...നമ്മിൽ നുരപടർത്തുക..
ചിന്തിക്കാൻ പ്രേരിപ്പിക്കുക...
അതുവരെയും ഓരോരുത്തരുടെയും ചിന്ത നേട്ടങ്ങളെക്കുറിച്ച് മാത്രമായിരുന്നു..
കയ്യിലൊന്നുമില്ലാതെ ജനിക്കുന്നതും...
അവസാനം നേടിയതൊന്നും കൊണ്ടുപോകാൻ കഴിയാതെ യാത്ര തിരിക്കേണ്ടി വരുന്നവരാണ് നാമെന്ന ബോധം ജീവിതത്തിലുടനീളം മനപ്പൂർവ്വം മറന്നാണ് ഓരോരുത്തരും മുന്നോട്ട് പായുന്നത്..

ജീവിത ബന്ധങ്ങളുടെ കണ്ണികൾ എവിടെയെങ്കിലും അറ്റുപോയിട്ടുണ്ടെങ്കിൽ അത് വിളക്കിച്ചേർക്കാൻ സമയവും...സന്ദർഭവും കാത്ത് നിൽക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ.....

ജീവിതാനുഭവങ്ങളുടെ പകർത്തിയെഴുത്ത് അതൊരിക്കലും...എത്ര എഴുതിയാലും  പൂർണ്ണമാകില്ലെന്നറിയാം.പുനർവായന വേണ്ടത് നമ്മുടെയൊക്കെ പോയകാലത്തിന്റെ...
ജീവിതത്തിന്റെ തന്നെയും പിന്നാമ്പുറങ്ങളിലേക്കാണ്..അവിടെ ഓർത്തെടുക്കാൻ പലതുമുണ്ടാകും...നല്ലതും,ചീത്തയും. വേർതിരിച്ചെടുക്കണം എന്നു മാത്രം...!