2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

നേർകാഴ്ച

ഓരോ മനുഷ്യജീവിതത്തിലും അനുഭവിച്ചു തീർക്കാൻ എന്തെല്ലാമാണ് പതിയിരിക്കുന്നത്..
സങ്കടങ്ങൾ...വേദനകൾ...വേർപാടുകൾ..നഷ്ടങ്ങൾ...ദാരിദ്ര്യം..അസുഖങ്ങൾ...അങ്ങിനെ നീണ്ടുപോകുന്നു വിഷയ പട്ടിക.മരണം പലപ്പോഴും ഒരു കള്ളനെപോലെയാണ് കടന്നു വരാറുള്ളതെന്ന് പറയാറുണ്ട്.പക്ഷേ...ഈ ദുഖങ്ങളും,സങ്കടങ്ങളും നൊമ്പരങ്ങളുമെല്ലാം...ഓർക്കാപ്പുറത്ത് ഒരു കള്ളനെപ്പോലെ തന്നെയല്ലേ നമ്മെ തേടി കടന്നു വരുന്നത്.പലപ്പോഴും ഇതിൽ നിന്നൊക്കെ ഒരു മോചനം ഒരിക്കലും സാദ്ധ്യമല്ല എന്നത് ഒരു ദുഃഖ സത്യം മാത്രം.നരകയാതനയുടെ പടിവാതിലിൽ തലയിട്ടടിച്ച്..സ്വയം ശപിക്കുകയും പൊട്ടിക്കരയാനും വിധിക്കപ്പെട്ട ചില മനുഷ്യജന്മങ്ങൾ.. ഈ പ്രപഞ്ചത്തിന്റെ അറിയാപ്പുറങ്ങളിൽ നമ്മുടെയൊക്കെ നേത്രരശ്മികൾ കടന്നു ചെല്ലാത്തിടത്ത് പല സത്യങ്ങളും പതുങ്ങിയിരിക്കുന്നുണ്ട്.അതൊക്കെയും  ഒരുപക്ഷേ അല്പനിമിഷത്തേക്കെങ്കിലും നമ്മെ സങ്കടപ്പെടുത്തിയേക്കാവുന്ന ചില ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്.

തപ്തമീ...ഓർമ്മകൾ

ജീവിതയാത്രയ്ക്കിടയിൽ എവിടെയോ..എങ്ങിനെയൊക്കെയോ നഷ്ടപ്പെട്ട..വാടിക്കരിഞ്ഞ ചില സ്വപ്നങ്ങൾ ഉണ്ടാകും നമുക്ക്.നിറമുള്ളതും,അല്ലാത്തതും. ഒപ്പം ചില പ്രതീക്ഷകളും...പക്ഷേ അതെല്ലാം മറക്കാൻ ശ്രമിക്കുന്ന നാളുകളിലാണ്..ആ ഓർമ്മകളെല്ലാം ഒരു മലവെള്ളപ്പാച്ചിൽ പോലെ നമ്മിലേക്ക് കടന്നുവരിക.നിയന്ത്രിക്കാൻ പറ്റാത്ത ഒഴുക്കോടെ...
വർഷങ്ങൾ കഴിയുമ്പോൾ പലരും നമ്മോട് യാത്ര പറഞ്ഞേക്കാം...അകന്നേക്കാം..വേർപ്പെട്ടേക്കാം..അപ്പോഴും നാം പലരിൽ ഒരുവനായി ഏകാന്തതയുടെ തടവറയിൽ കഴിഞ്ഞുകൂടുന്നുണ്ടാകും..എവിടേക്കും പോകാതെ അല്ലെങ്കിൽ പോകാൻ കഴിയാതെ. അപ്പോഴാണ് നാം ചിന്തിക്കുക..ഇനി...എവിടേക്ക്...പിന്നീടങ്ങോട്ട് വിരസതയുടെ ദിനങ്ങളായിരിക്കും നമ്മിൽ പലരിലും...അനുഭവപ്പെടുക.ജീവിതം എവിടെയോ വഴി മുട്ടിയത് പോലെ..എല്ലാം മറക്കണമെങ്കിൽ ജീവിതമെന്ന സമസ്യ തന്നെ വെട്ടിക്കളയേണ്ടി വരും.അതല്ലാതെ തപ്തമായ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ലല്ലോ...!

വിരഹം

അവൻ....അനേകം ഒഴിവുസമയങ്ങൾ വിനിയോഗിച്ച് കുത്തിക്കുറിച്ചു തന്ന കടലാസ് തുണ്ടുകൾ...
അതിൽ മുഖമമർത്തി കിടക്കുമ്പോൾ...
എപ്പോഴാണ്...? അറിഞ്ഞുകൂടാ...
കണ്ണുനീർ തുള്ളികൾ കടലാസിനെ നനച്ചു കഴിഞ്ഞിരുന്നു.എങ്ങനെയാണ്...?എന്തിനാണ്...? അറിഞ്ഞുകൂടാ....
തള്ളിക്കയറി വരുന്ന തേങ്ങലുകൾ...
ഈശ്വരാ....എനിക്കെന്താണ്.....?
അവൾ ഓർക്കാൻ ശ്രമിച്ചു.ഈ രാത്രിയിലെ ഏതോ നിറപ്പകിട്ടുള്ള നിമിഷത്തിൽ അവൾ സ്വയം മറക്കുകയായിരുന്നു.
ഒരു ഒറ്റപ്പെടൽ വിമ്മിഷ്ടപ്പെടുത്തി തുടങ്ങിയിരുന്നു.
പുതിയൊരു ഏകാന്തതാബോധം...എങ്കിലും അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
ഇതൊക്കെയും സാധാരണമാണല്ലോ..?
അനിവാര്യവുമാണല്ലോ...!

മരണമില്ലാത്ത ഓർമ്മകൾ

ജീവിതയാത്രയ്ക്കിടയിൽ എവിടെയോ..എങ്ങിനെയൊക്കെയോ നഷ്ടപ്പെട്ട ചില സ്വപ്നങ്ങൾ ഉണ്ടാകും നമുക്ക്. ഒപ്പം ചില പ്രതീക്ഷകളും...പക്ഷേ അതെല്ലാം മറക്കാൻ ശ്രമിക്കുന്ന നാളുകളിലാണ്..ആ ഓർമ്മകളെല്ലാം ഒരു മലവെള്ളപ്പാച്ചിൽ പോലെ നമ്മിലേക്ക് കടന്നുവരിക.നിയന്ത്രിക്കാൻ പറ്റാത്ത ഒഴുക്കോടെ...
വർഷങ്ങൾ കഴിയുമ്പോൾ പലരും നമ്മോട് യാത്ര പറഞ്ഞേക്കാം...അകന്നേക്കാം..വേർപ്പെട്ടേക്കാം..അപ്പോഴും നാം പലരിൽ ഒരുവനായി ഏകാന്തതയുടെ തടവറയിൽ കഴിഞ്ഞുകൂടുന്നുണ്ടാകും..എവിടേക്കും പോകാതെ അല്ലെങ്കിൽ പോകാൻ കഴിയാതെ. അപ്പോഴാണ് നാം ചിന്തിക്കുക..ഇനി...എവിടേക്ക്...പിന്നീടങ്ങോട്ട് വിരസതയുടെ ദിനങ്ങളായിരിക്കും നമ്മിൽ പലരിലും...അനുഭവപ്പെടുക.ജീവിതം എവിടെയോ വഴി മുട്ടിയത് പോലെ..എല്ലാം മറക്കണമെങ്കിൽ ജീവിതമെന്ന സമസ്യ തന്നെ വെട്ടിക്കളയേണ്ടി വരും.അതല്ലാതെ തപ്തമായ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ലല്ലോ...!

2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മയ്ക്ക്...

അതിരുകളില്ലാത്ത ആകാശത്തിനു കീഴെ കത്തുന്ന വേനലും...തിളക്കുന്ന ഭൂമിയും വകവെയ്ക്കാതെ കളിച്ചുല്ലസിച്ചു തിമിർത്തു നടന്ന ഒരവധിക്കാലമുണ്ടായിരുന്നു നമ്മുടെയൊക്കെ ബാല്ല്യത്തിന്.വിലക്കുകളും...അതിർവരമ്പുകളുമില്ലാതെ മതിവരുവോളം ആസ്വദിച്ചു നടന്ന അന്നത്തെ ബാല്ല്യം മധുരോതരമായ ഒരോർമ്മ മാത്രമാണ് നമുക്കേവർക്കും.മനസ്സിൽ ബാല്യസ്‌മൃതികളുടെ വർണ്ണങ്ങൾ തിളങ്ങട്ടെ..നാട്ടുമാവിന്റെ ഉച്ചിയിയിൽ പഴുത്ത് തൂങ്ങിനിൽക്കുന്ന മാങ്ങക്ക് വേണ്ടി മത്സരിച്ച് മാവിൽ കയറിയത്...തൊടിയിലോ വഴിയരികിലോ ഉള്ള കശുമാവിൻ ചുവട്ടിൽ വീണുകിടന്നിരുന്ന കശുവണ്ടികൾ വാശിയോടെ പെറുക്കി കൂട്ടിയത്...ആഴം കുറഞ്ഞ തോട്ടിലോ കുളത്തിലോ ചാടി തിമിർത്തത്...വീട്ടുകാരോട് പോലും പറയാതെ സിനിമ കാണാൻ പോയത്...ഒക്കെയും ബാല്യത്തിന്റെ അവധിക്കാല കുതുഹലതകളിലെ വിസ്മരിക്കാത്ത ചിത്രങ്ങളാണ്...ആ ചിത്രങ്ങളൊക്കെയും ഇപ്പോഴും നമ്മുടെയൊക്കെ ഉള്ളിൽ അണയാതെ....മങ്ങാതെ അവശേഷിക്കുന്നു...ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത സുവർണ്ണദിനങ്ങൾ....ചില ഓർമ്മകൾ..നമ്മെ ചിരിപ്പിക്കും...ചിലത് കരയിക്കും..
ഇടയ്ക്കൊക്കെ....അല്ലേ...?

ഹൃദയത്തിൽ സൂക്ഷിക്കാൻ

ഒരു ബന്ധം ഉണ്ടാകാൻ മാസങ്ങളും,വർഷങ്ങളും വേണോ..?ഒരു നിമിഷം.ജീവനുള്ള ഒരേയൊരു നിമിഷം മാത്രം മതിയാകും.ജീവിതയാത്രയ്ക്കിടയിൽ എത്രയോ മുഖങ്ങൾ നാം കാണുന്നു....എത്രയോ സ്വരങ്ങൾ നാം കേൾക്കുന്നു....കടൽ പോലെ പരന്നു കിടക്കുന്ന ഈ മനുഷ്യ സമൂഹത്തിൽ..പക്ഷേ, എല്ലാ മുഖങ്ങളും...എല്ലാ സ്വരങ്ങളും നമ്മെ പിടിച്ചു നിർത്തുന്നില്ല...
ഒരു മുഖം... ഒരു സ്വരം....
ആൾക്കൂട്ടത്തിൽ നിന്നും ആ മുഖം നമ്മെ തേടിയെത്തുന്നു...അല്ലെങ്കിൽ നാം ആ മുഖത്തെ തേടി പ്പോകുന്നു..
അത് പ്രണയമായിരുന്നോ....അതേ...പ്രണയം എന്നും അങ്ങിനെയായിരുന്നു...നൂറ്റാണ്ടുകൾ പാടപ്പെട്ടിട്ടും അവസാനിക്കാതെ...കവിത തുളുമ്പുന്ന വരികളിൽ ഒതുങ്ങാതെ...ഇനിയുമെത്ര കാണാനും കേൾക്കാനുമായി അവസാനമില്ലാത്ത വഴിപോലെ അത് തലമുറകളെ മാടി വിളിക്കുന്നു.ഓരോരുത്തരും ആ കാലത്തിന് ഹൃദയരക്തം കൊണ്ട് നനച്ച പൂക്കൾ സമർപ്പിക്കുന്നു.അവസാനം സൂക്ഷിക്കാനായി ഒരായിരം ഓർമ്മകൾ മാത്രം നൽകി..ഓരോ ജീവിതത്തിൽ നിന്നും എപ്പോഴൊക്കെയോ പടിയിറങ്ങി പോകുന്നു..ഇവിടെയും ജയിച്ചവരെക്കാൾ കൂടുതൽ തോറ്റവരായിരിക്കും...!

നഷ്ടബോധം

ജീവിതം...ബാല്യവും,കൗമാരവും,യൗവ്വനവും കടന്ന് മുന്നോട്ട് പോകുമ്പോൾ...പൊയ്പോയ ഇന്നലെകളുടെ ഓർമ്മത്താളുകൾക്കിടയിൽ..ഇഷ്ടമായിരുന്ന എന്തൊക്കെയോ നഷ്ടപ്പെട്ടതിന്റെ...നോവും,നൊമ്പരവുമൊക്കെ നമ്മുടെ ഉള്ളിൽ ചിലപ്പോഴൊക്കെ തലയുയർത്തുന്നില്ലേ...?
ഒന്നുകിൽ പറയാൻ മടിച്ച പ്രണയം...അല്ലെങ്കിൽ..കുഞ്ഞു കുഞ്ഞു കാരണങ്ങളാൽ വേർപ്പെട്ടുപോയ സൗഹൃദം...
അങ്ങിനെ എന്തൊക്കെയോ..
ഓരോ നോവും..നഷ്ടബോധവും...മണ്ണിനടിയിൽ നിന്ന് മുളച്ചുപൊങ്ങുന്ന പുൽനാമ്പുകളെപ്പോലെയാണ്..എത്ര മൂടിവെച്ചാലും..പിന്നെയും..കിളിർക്കും..
കാരണം...ഓർമ്മകൾക്കും,നഷ്ട  സ്വപ്നങ്ങൾക്കും ഒരിക്കലും മരണമില്ലല്ലോ...
അതിങ്ങനെ ഇടക്കെപ്പോഴൊക്കെയോ തലയുയർത്തി കുത്തി നോവിക്കുന്നില്ലേ..?
നമ്മിൽ...ചിലരെയൊക്കെ...!

മനസ്സൊരു മാന്ത്രികൻ

മനുഷ്യനോടൊപ്പം ജനിച്ചതാണ്  മനസ്സെങ്കിലും...ആ മനസ്സിനോടൊപ്പം ജനിച്ചതാണ് അനുരാഗവും...ഒന്നു തീർച്ച..!
ഈ ലോകത്തിൽ ഏത് ശാസ്ത്രത്തിനും പൂർണ്ണമായി പഠിക്കാനും,മനസ്സിലാക്കാനും കഴിയാത്ത...അല്ലെങ്കിൽ പഠിച്ചു തീർക്കാൻ കഴിയാത്ത ഒന്ന്...അത് ഒരു മനുഷ്യന്റെ മനസ്സാണ്...സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ...
പുറമേ കാണുന്ന ലാസ്യതക്ക് അപ്പുറം..മലരികളും,ചുഴികളും..അഗാധഗർത്തങ്ങളും അവിടെ മറഞ്ഞു കിടക്കുന്നു..കടലിന്റെ ആഴം അളക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ വിജയിച്ചേക്കാം...പക്ഷേ...ഒരു മനസ്സിന്റെ ആഴവും,വ്യാപ്തിയും അളക്കാൻ ശ്രമിക്കരുത് എന്നാണ് പഴമൊഴി.നാം ആരെയും സ്നേഹിക്കുന്നത് നമ്മുടെ ഇഷ്ടങ്ങൾ അനുസരിച്ചു കൊണ്ടാവരുത്.മറിച്ച് അവരുടെ ന്യായമായ ഇഷ്ടങ്ങളെ അംഗീകരിച്ചു കൊണ്ടാകണം...അതാണ് വിജയം...!

ജീവിതം

ജീവിതത്തിലെ ചില ചോദ്യങ്ങൾക്ക് വളരെ വൈകിയാണ് ഉത്തരം ലഭിക്കുക...ചിലപ്പോൾ നമ്മുടെയൊക്കെ ജീവിതയാത്ര പാതിവഴി പിന്നിട്ടു കഴിയുമ്പോൾ....അല്ലെങ്കിൽ ഈ യാത്ര അവസാനിക്കുന്നതിന്  കുറച്ച് മുൻപ്...
അതുവരേയ്ക്കും ..
ഒരു ചോദ്യവും ആരും കേൾക്കില്ല....
കേൾക്കുന്നവർ ആരും മനസ്സിലാക്കുകയുമില്ല..
മനസ്സിലാക്കിയവരോ ഉത്തരം നൽകുകയുമില്ല.
അതൊരു ഇനിയും പൂരിപ്പിക്കാത്ത സമസ്യ പോലെ തുടർന്നു പോകും.ചിലരൊക്കെയും ദിവാസ്വപ്നങ്ങളിൽ ആണ്.. സഫലമാകാത്ത ആ സ്വപ്നങ്ങൾക്ക്..നിറവും അരുവും പകർന്ന് മുന്നോട്ട് നീങ്ങുന്നു...ഓരോ സ്വപ്നങ്ങൾക്കും ഉറക്കത്തിൽ നിന്ന് ഉണർന്നെണീക്കുന്നത് വരെയേ ആയുസ്സുള്ളൂ എന്ന് പോലും തിരിച്ചറിയാതെ..അവസാനം നേടുമെന്ന് കരുതിയതൊക്കെയും കൈവിട്ട് പോകുമ്പോൾ.. ചിലയിടങ്ങളിൽ നിന്ന്..ചിലരുടെ മനസ്സിൽ നിന്ന് തന്നെയും ക്ഷണിക്കപ്പെടാതെ കയറി ചെന്ന ഒരതിഥിയെ പോലെ തിരിച്ചിറങ്ങി...അവസാനം ഒരു പാഴ്ജന്മമായി മണ്ണിൽ അലിഞ്ഞു ചേരുന്നു.