2017, ജൂൺ 30, വെള്ളിയാഴ്‌ച

അകലം

മുൻപേ നടന്നവരും...പിന്നിൽ നടക്കുന്നവരും തമ്മിലുള്ള അകലം അളക്കാൻ കഴിയുമോ...?
പലപ്പോഴും കയ്യെത്തും ദൂരത്ത് തന്നെ ആയിരിക്കും..പക്ഷേ അടുത്ത് കാണാൻ പറ്റാത്തൊരു അകലം ഉണ്ടെന്ന് തോന്നും.
ആ അകലം അളക്കുവാൻ കൈകൾ മതിയാകില്ല...അളവുകോലും മതിയാകില്ല.
ഒരുപക്ഷേ ദിവസങ്ങളുടെ ദൈർഘ്യം...അല്ലെങ്കിൽ മാസത്തിന്റെ...അതുമല്ലെങ്കിൽ വർഷങ്ങളുടെ അകലം...
എല്ലായ്പ്പോഴും അകലം നിർണ്ണയിക്കാൻ സാധിക്കാത്തൊരു അകലം.
സ്നേഹമോ...ആദരവോ..ആർദ്രതയോ...കനിവോ...എല്ലാം നഷ്ടമാകുന്ന ഒരകലം ഇന്നിലെ ജീവിതങ്ങൾക്ക്.
ഓരോ അകലവും നീണ്ടു നീണ്ടു പോകുമ്പോൾ ..ഈ അകലങ്ങളെ എന്ത് പേരാണ് വിളിക്കുക.തലമുറയുടെ വിടവെന്നോ...ന്യുജനറേഷൻ ഗ്യാപ്പെന്നോ വിളിക്കാം..
എങ്കിലും...പേരുകൾ പേരുകളായി തന്നെ നിലനിൽക്കട്ടെ.അകലങ്ങൾ അകലങ്ങളായി നിലകൊള്ളട്ടെ.വേഷവും വേഷപകർച്ചയും നിറഞ്ഞ പൊയ്മുഖങ്ങൾ..പുനർജ്ജനിക്കുമ്പോൾ..
നന്മകൾ...നശിച്ചുപോകുന്ന...നാടും...നഗരവും..!

2017, ജൂൺ 7, ബുധനാഴ്‌ച

ഇത് നീ തന്നെ...!

ആരോ വാതിലിൽ മുട്ടി വിളിച്ചു.
"ആരാണത്...?"അവൾ ചോദിച്ചു.
ഇത് ഞാൻ തന്നെ...അവൻ പറഞ്ഞു.
സമയമായില്ല...!    അവൾ അറിയിച്ചു.
കാലത്തിന്റെ ചിറകിൽ പറന്ന് പറന്ന്-
അവസാനം ക്ഷീണിച്ച് അവൻ വീണ്ടും വന്നു.
ആരാണത്....?അവൾ വീണ്ടും ചോദിച്ചു.
..."ഇത് നീ തന്നെ..." അവൻ പറഞ്ഞു.
അകത്തേക്ക് വരൂ......അവൾ ക്ഷണിച്ചു.

ചില പ്രണയങ്ങൾ

ചില പ്രണയങ്ങൾ.....
ചാഞ്ഞുപെയ്യുന്ന മഴ പോലെയാണ്.
അത് പുൽക്കൊടി തുമ്പുകളെ ഈറനാക്കുന്നു...
പക്ഷേ...വേരുകളിലേക്ക് ഇറങ്ങി ചെല്ലുന്നില്ല.
മരക്കൊമ്പുകളെ ആട്ടിയുലയ്ക്കുന്നില്ല.
പ്രകമ്പനം കൊള്ളിക്കുന്നുമില്ല.
അത് ശരക്കണ്ണീർ പൊഴിച്ചുകൊണ്ട് മണ്ണിന്റെ ഉപതരിതലങ്ങളെ മാത്രം സ്പർശിക്കുന്നു...

മുൻപേ....

ഞാൻ എന്നും മുൻപേ നടന്നു.
എന്നിട്ടും അവൾ പൊടുന്നനെ മുൻപിൽ പ്രത്യക്ഷപ്പെടുമ്പോൾ ഞാനറിഞ്ഞിരുന്നില്ല.
അവൾ പിന്നിലാകുമ്പോൾ എനിക്ക് മുന്നേറ്റമില്ലാതാകുന്നത്.
അവൾ വേലിയരികിൽ പൂക്കളിറുത്തു നിന്നു....കിളികളോട് കിന്നാരം പറഞ്ഞു.
അവൾ മുൻപേ പോകാൻ ഞാൻ വഴിയരികിലേക്ക് മാറി നിന്നു.
അത് അവളറിഞ്ഞില്ല.
ഞങ്ങൾ അത് അറിയുമ്പോൾ പരസ്പരം അന്യാധീനപ്പെട്ടു കഴിഞ്ഞിരുന്നു.
പുഴയുടെ തീരങ്ങൾ മാറി..
തീരങ്ങളുടെ പുഴയൊഴുകി പോകുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ല..
അന്യോന്യം...രണ്ട് ധ്രുവങ്ങളിൽ ആയതും അറിഞ്ഞില്ല...ഇനിയൊരിക്കലും കൂടി ചേരാത്ത രണ്ട് ധ്രുവങ്ങളിൽ....!

അർത്ഥം


2017, ജൂൺ 5, തിങ്കളാഴ്‌ച

തിരിച്ചറിയാത്ത പ്രണയം


ഒരിക്കൽ ഞാൻ പ്രണയത്തെ തേടി പോയി.പ്രണയാത്മാക്കൾ പങ്കിടുന്ന സ്വപ്ന താഴ്‌വരയിലേക്ക്‌.....
വീശുന്ന കാറ്റിനോടും,അലയടിക്കുന്ന കടലിനോടും,ഒഴുകുന്ന പുഴയോടും ഞാൻ ചോദിച്ചു.അവർ നീരസ ഭാവത്തോടെ തലയാട്ടി.പൂക്കളുടെ താഴ്‌വരയിലൂടെ പ്രണയിച്ചു നടക്കുന്നവരോട്‌ ചോദിച്ചു.
അവർ പുഞ്ചിരി നൽകി നടന്നു നീങ്ങി.അഗാധതകളിൽ നിന്ന് അഗാധതകളിലേക്ക്‌ നീണ്ടുപോകുന്ന ആ യാത്ര എന്നെ ക്ഷീണിപ്പിച്ചു.ചോദിച്ചതിനുത്തരം കിട്ടാതെ വഴിയോരത്ത്‌ വിഷമിച്ചിരിക്കുമ്പോൾ അതു വഴി ഒരു പെൺകുട്ടി വന്നു.
അവൾ:എന്താ വിഷമിച്ചിരിക്കുന്നത്‌.
ഞാൻ:പ്രണയത്തെ തേടി യാത്ര തിരിച്ചതാണ്.പലരോടും ഞാൻ അതിലേക്കുള്ള വഴി ചോദിച്ചു.പക്ഷേ അവർ തന്ന മറുപടി കളിയാക്കി കൊണ്ടുള്ള ഒരു പുഞ്ചിരി ആയിരുന്നു.....
നിനക്കറിയുമോ പ്രണയത്തിലേക്കുള്ള വഴി...?അവൾ ഒന്നു പുഞ്ചിരിച്ചു.എന്നിട്ട്‌ എന്റെ അടുത്ത്‌ വന്നിരുന്നു.അവൾ പറഞ്ഞു തുടങ്ങി.പ്രണയം ഒരു നിർവ്വചിക്കാനാവാത്ത അവസ്തയാണ്.മനസ്സിനെ മനസ്സുകൊണ്ടറിയുന്ന വികാരമാണ്.നമ്മുടെ ജീവിത യാത്രയിൽ പലതും നമ്മൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോയേക്കാം.പക്ഷേ പ്രണയം അത്‌ നമ്മുടെ ജീവിതാവസാനം വരെ നമ്മുടെ കൂടെ തന്നെയുണ്ടാകും.
ഞാൻ:എന്നിട്ട്‌ ഞാനത് കണ്ടില്ലല്ലോ...?
അവൾ:അതൊരിക്കലും കാണാൻ സാധിക്കില്ല.അനുഭവിച്ചറിയണം.ഇന്ന് ആരുടെ മനസ്സിലും പ്രണയം ഇല്ലായെന്നു പറയുവാൻ കഴിയില്ല.കാരണം ചില പ്രണയം നമ്മളെ പാതി വഴിയിൽ ഉപേക്ഷിച്ചാലും,അതിലൂടെ മറ്റൊരാളെ തേടി പോയാലും ആദ്യ പ്രണയം നമ്മുടെ മനസ്സിൽ ആരും കാണാതെ എന്നും ഉണ്ടാവും.ആരെ പ്രണയിച്ചാലും ആദ്യ പ്രണയം അതൊരാളും മറക്കില്ല.വെറുക്കില്ല.അഥവാ പുറമെ വെറുപ്പ്‌ കാണിച്ചാലും അകതാരിൽ എവിടെയോ ആ പഴയ സ്നേഹം...അവർ പങ്കിട്ട കുറേ നല്ല നിമിഷങ്ങൾ...ഒരുമിച്ചു കണ്ട ഒരുപാട്‌ നല്ല സ്വപ്നങ്ങൾ...ആഗ്രഹങ്ങൾ...ചിലപ്പോൾ  പ്രണയം ക്രൂരനാവും.നമ്മൾ പ്രണയത്തെ തേടി പോകരുത്‌.നമ്മളെ തേടി വരും.അതിന്റെ പുറകെ പോകുംതോറും അതിലേക്കുള്ള ദൂരം കൂടി കൂടി വരും.ഒരു ചിത്ര ശലഭത്തെ തേടി പോകുന്ന പോലെയാവും.ആ പ്രണയത്തെ ശ്രദ്ധിക്കാതെ നീ മുന്നോട്ടു പോകുക.നിന്നെ തേടി നിന്റെ കാൽ ചുവട്ടിൽ വരും.
അവൾ പറഞ്ഞു നിർത്തി.
അവൾ ഒരു പുഞ്ചിരിയോടെ ഒരു പനിനീർപൂവും തന്ന് നടന്നു നീങ്ങി.തേടിയലഞ്ഞതിന്റെ ഉത്തരം കിട്ടിയതിൽ സന്തോഷിച്ചു.പക്ഷേ..അതു പറഞ്ഞു തന്നവൾ നടന്നകലുന്നു..എന്ന വിഷമവും ഉണ്ടായിരുന്നു.ഞാൻ അവളെ വിളിച്ചു.അവൾ അവിടെ തന്നെ നിന്നു.ഞാൻ അവളുടെ അടുത്തേക്ക്‌ നടന്ന് അവളുടെ മുഖത്തേക്കു നോക്കി.അവളുടെ കണ്ണുകളിൽ നിന്നു കണ്ണുനീർ ഒഴുകുന്നു.
ഞാൻ:എന്താ കരയുന്നത്‌...?
അവൾ ഒന്നുമില്ലായെന്ന ഭാവത്തിൽ തലയാട്ടി.അവളോട്‌ ഞാൻ ചോതിച്ചു.
നീ എന്റെ കൂടെ പോരുമോ...?
അവൾ എന്റെ മുഖത്തേക്ക്‌ നോക്കി.
അല്ല എനിക്കു നിന്നെ ഇഷ്ടമായതു കൊണ്ട്‌ ചോദിച്ചതാ.,
അത്‌ പ്രണയമാണോ എന്നെനിക്കറിയില്ല.
നിനക്കിഷ്ടമില്ലെങ്കിൽ...?

2017, ജൂൺ 2, വെള്ളിയാഴ്‌ച

ഇലയും.... തണ്ടും

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്
ഒരു ഇലതന്റെ ചില്ലയോടോതി
ഇലയൊന്നു പൊഴിയാതെ ഇപ്പോഴും
ബാക്കിയുണ്ടെന്നൊരു ചില്ല കാറ്റിനോടോതി....
~~~~~~~~~~~~~~~~~~~~~~~~~~~~

വരികളിൽ പറഞ്ഞപോലെ..ജീവന്റെ സ്പന്ദനം ഉൾക്കൊള്ളുന്ന ...ആ ഓർമ്മകളെ ത്വരിതപ്പെടുത്തുന്ന ഒരു ഞെരമ്പ്(നാഡി) അതിന്റെ തനിമയോടെ (പച്ചയായ്) ഉണ്ടെന്ന് ഇല -ചില്ലയോട് പറഞ്ഞത്...കാരണം ആ ഞെരമ്പ്  ആണ് ഇലയുടെ പ്രസരിപ്പ് നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്നത്...
പിന്നീട് ആ ഇലയോ പൊഴിഞ്ഞു വീഴാതെ ബാക്കിയുണ്ടെന്ന് ചില്ല പറഞ്ഞതും ഒന്നുമാത്രമാണ്...ആ ഇലയെ സംരക്ഷിക്കാനുള്ള കഴിവ് തണ്ടിനുണ്ടെന്ന്...
ഇതൊക്കെയും നമ്മുടെ ജീവിതമാണ്...നമ്മുടെ കുടുംബമാണ്...കാരണം...ആ ഉറപ്പ് നമ്മുക്ക് ആദ്യം നൽകിയത്...അച്ഛനാകാം...പിന്നീട് അമ്മയാകാം...സഹോദരനോ,സഹോദരിയോ..ഭർത്താവോ,ഭാര്യയോ...മക്കളോ..ആകാം...
കാരണം...എവിടെയും നാം സംരക്ഷിക്കപ്പെടുമെന്ന ഒരുറപ്പ്...അത് ഉണ്ടാകും...അത് വ്യക്തിബന്ധങ്ങളായാലും ശരി രക്തബന്ധങ്ങളായാലും ശരി..അതുള്ളിടത്തേ എന്തിനും വേരോട്ടമുണ്ടാകൂ..അതിന്റെതായ തനിമയോടെ നിലനിൽക്കാൻ കഴിയൂ..ഒന്നും ശാശ്വതമല്ലെങ്കിലും....എത്രനാൾ കാത്തു സൂക്ഷിക്കാൻ കഴിയുമോ...അത്രയും നാൾ...ആ ഒഴുക്കിനെ തടയാതിരിക്കാൻ ശ്രമിക്കുക..ഇതാണ് നാം ചെയ്യേണ്ടത്..

2017, ജൂൺ 1, വ്യാഴാഴ്‌ച

സഞ്ചാരി



പ്രണയത്തെക്കുറിച്ച് പറയാൻ ശ്രമിക്കരുത്...
പറയപ്പെടുന്ന പ്രണയം പ്രണയമല്ല...!
ശാന്തമായ കാറ്റ്...നിശബ്ദമായ് ...അദൃശ്യമായ് വീശുന്നു.
ഞാനെന്റെ പ്രണയത്തെക്കുറിച്ച് അവളോട് പറഞ്ഞു.എന്റെ ഹൃദയത്തിന്റെ തുടിപ്പുകളും,ചുടു നിശ്വാസങ്ങളും...അവളിലേക്ക് ചൊരിഞ്ഞു.
അവസാനം...തണുത്ത് വിറപൂണ്ട്...ഭയപ്പെട്ട് അവൾ വിടപറഞ്ഞു...അപ്പോൾ നിശബ്ദനായി...അദൃശ്യനായി ഒരു സഞ്ചാരി ആ വഴി വന്നു.ഒരു ദീർഘനിശ്വാസത്തോടെ അവൾ അയാളുടെ കൂടെ പോയി...