2017, മാർച്ച് 26, ഞായറാഴ്‌ച

പ്രണയം പോലെ


യഥാർത്ഥത്തിൽ തെളിവാർന്ന സൗഹൃദം..
ഏറ്റവും നല്ല പ്രണയം പോലെയാണ്..കാരണം ഈ  പ്രണയത്തിൽ വല്ലാത്തൊരു ഇച്ഛാശക്തിയുണ്ടാകും..
ഒന്നു പിണങ്ങിയാൽ..
വെറുതെ ഒന്ന് ദേഷ്യപ്പെട്ടാൽ...
ഒന്നു കുറ്റപ്പെടുത്തിയാൽ നൊമ്പരപ്പെടുകയും..
ഒന്ന് ആശ്വസിപ്പിച്ചാൽ...മനസ്സൊരു തെളിനീരുറവയായ്...വീണ്ടും ഒഴുകുന്നെങ്കിൽ..ഇതല്ലേ...പ്രണയം...?ഇതിനല്ലേ..വില നിശ്ചയിക്കാൻ കഴിയാത്ത മൂല്യമുള്ളത്...!പക്ഷേ ഇന്നിന്റെ കാലത്ത് ഇല്ലാത്തതും ഇത് തന്നെയല്ലേ..?
ഇഷ്ടങ്ങൾക്കിടയിൽ കൂടി കഴിയുമ്പോഴും....വാക്ചാതുര്യത്തിൽ മുന്നോട്ട് പോകുമ്പോഴും ഈ ഒരു ബന്ധത്തിന്റെ വില അറിയണമെന്നില്ല....!!! പക്ഷേ...തമ്മിൽ തമ്മിൽ കുറ്റപ്പെടുത്തി ആ  സാമീപ്യം കുറച്ചു സമയത്തേക്കു നഷ്ടപ്പെടുമ്പോഴോ....അല്ലെങ്കിൽ നഷ്ടപ്പെടുത്തുമ്പോഴോ ആണ്  ഈ ഒരു ബന്ധത്തിന്റെ യഥാർത്ഥ വില അറിയാൻ കഴിയുക.ചിലത് ഒഴുക്ക് നഷ്ടപ്പെട്ട അരുവി പോലെ...കുറച്ചു നിമിഷത്തേക്ക് വ്യതിചലനമില്ലാതെ...നിൽക്കും..തടയണ ഒന്ന് തകർന്നാൽ..വീണ്ടും പടർന്നൊഴുകും...ചിലത് എന്നെന്നേക്കുമായി വറ്റിവരണ്ടു പോകും..
പരിചയത്തിൽ തുടങ്ങി കണ്ണീരിൽ അവസാനിക്കുന്നതല്ല...യഥാർത്ഥ ബന്ധങ്ങൾ.
മനസ്സിൽ തുടങ്ങി മരണം വരെ
 നിൽക്കുന്നതാകട്ടെ...ഓരോ ബന്ധവും....
                 ........ ഓർക്കുക......
ഒരു ശത്രുവിൽ നിന്ന് മിത്രത്തിലേക്കും, മിത്രത്തിൽ നിന്ന് ശത്രുവിലേക്കും ഉള്ള ഏറ്റവും കുറഞ്ഞ ദൂരം, ഒരു വാക്ക്‌  ആണ്...പറഞ്ഞുപോയ വാക്കും....വലിച്ചെറിഞ്ഞ കല്ലും...തിരികെയെടുക്കാൻ പറ്റില്ല എന്ന പഴമൊഴി...അർത്ഥസമ്പുഷ്ടമാണ്.....

2017, മാർച്ച് 21, ചൊവ്വാഴ്ച

വിജനതകളിലൂടെ

യാത്രകൾ നീളുകയാണ്.വിജനതകളിലൂടെ....
ഈ യാത്രക്കിടയിൽ ഒരു തണൽമരം...?എവിടെയെങ്കിലും....അറിയില്ല.
ലാഭങ്ങളില്ലാത്ത ജീവിതമായിരിക്കട്ടെ എന്റേത്.
പോരായ്മകളിൽ പൊട്ടിച്ചിരിക്കുന്ന...
ഇല്ലായ്മകളിൽ മൂളിപ്പാട്ടുപാടുന്ന....
എന്റേത് മാത്രമായൊരു സംതൃപ്ത ജീവിതം.
ഇന്നലെകളുടെ ചാപല്യമായിരുന്ന താത്കാലികതയിൽ നിന്ന് ....അതിർവരമ്പുകളൊന്നുമില്ലാത്ത യാഥാർത്ഥ്യങ്ങളിലേക്ക്.....
ഏകാന്തപഥികനായി.....
എല്ലാം വളരെ അകലെയാണ്.
ഒരുപാടകലെ......
അങ്ങകലെ വീണ്ടുമൊരു മങ്ങിയ നിഴൽ കാണുന്നത് പോലെ.
അതൊരുപക്‌ഷേ എന്റെ ജീവിതത്തിന്റെ നിഴലായിരിക്കും.
അല്ലെങ്കിൽ അതെന്റെ........?

2017, മാർച്ച് 19, ഞായറാഴ്‌ച

പ്രത്യാശ


വർണ്ണങ്ങളുടെ ഇന്നലെകളിൽ നിന്ന് വിവർണ്ണങ്ങളുടെ ഇന്നുകളിൽ എത്തിപ്പെടുമ്പോൾ..ചില നഷ്ടങ്ങൾ നമ്മെ മുറിപ്പെടുത്തും... അത് വസ്തുവോ,വ്യക്തിയോ ആകട്ടെ...പലപ്പോഴും നഷ്ടങ്ങൾക്കൊരു വീണ്ടെടുപ്പില്ലെങ്കിലും..തിരികെ കിട്ടില്ലെന്നറിയാമെങ്കിലും പിന്നെയും ആഗ്രഹിക്കും....ഓരോ മനുഷ്യനും...കാരണം..
ആ നഷ്ടം പലപ്പോഴും നമ്മെ തളർത്തുന്ന ഒന്നായത് കൊണ്ടാണ്.ഓരോ ജീവിതത്തിന്റെയും നാൾവഴികൾ ...അതെത്ര ഇരുണ്ടതാണെങ്കിലും..മങ്ങിയതാണെങ്കിലും വെളിച്ചം പകർന്നിരുന്ന ചില ഓർമ്മകൾ ഉണ്ടാകും...ആ ഓർമ്മകൾക്ക് മീതെ മൗനത്തിന്റെ കനത്ത കരിമ്പടം പുതച്ചു പലരും ഇറങ്ങിപ്പോയേക്കാം...കാരണം നമൊക്കെയും...ജീവിച്ചിരുന്നുവെന്നോ...എന്തെങ്കിലുമൊക്കെ നേടിയിരുന്നെന്നോ ഒരു തെളിവുമുണ്ടാകില്ല...പക്ഷേ...നഷ്ടങ്ങൾക്ക് മാത്രം തെളിവുണ്ടാകും.
നിമിഷങ്ങളുടെ ദൈർഘ്യം മാത്രമേ ചില ബന്ധങ്ങൾക്കുള്ളൂ...എപ്പോഴും ചേർന്നു നിൽക്കുമെന്ന പ്രത്യാശ ഉടലെടുക്കുമ്പോഴാണ് അവ സ്വയം അടർന്നു മാറുക.വേർപ്പെട്ട് പോകുക എന്നത് വളരെ എളുപ്പമാണ്.പക്ഷേ വീണ്ടും കൂട്ടി ചേർക്കുക എന്നത് നിഷ്ഫലമായ പ്രവൃത്തിയായി തീരും...ചിലപ്പോഴൊക്കെ.
പലപ്പോഴും ഓരോ മനുഷ്യനും തലകുനിച്ചു കൊടുക്കുക ചില ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടിയാണ്...അത് നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമത്തിനിടയിൽ...ആത്മാഭിമാനം വ്രണപ്പെടുതുന്നവരും നമുക്കിടയിൽ ഉണ്ടാകും...പക്ഷേ....ഒന്നിന്റെ തുടക്കം മറ്റൊന്നിന്റെ അവസാനമാണെന്ന് നമ്മിൽ ചിലർ മറന്നുപോവുകയാണ്...
സ്വന്തം ജീവിതത്തെ പ്രണയിക്കാം....പക്ഷേ അത് നഷ്ടങ്ങൾ മാത്രമേ നൽകൂ.......
പെണ്ണിനെ പ്രണയിക്കാം...അത് വേർപാടിന്റെ വിരഹത്തിലേ അവസാനിക്കൂ......
മറിച്ച് പ്രണയിച്ചാലും പ്രണയിച്ചില്ലെങ്കിലും...
ആഗ്രഹിച്ചാലും...ആഗ്രഹിച്ചില്ലെങ്കിലും...
ഇന്നല്ലെങ്കിൽ നാളെ നമ്മെ തേടിയെത്തുന്ന ഒന്നുണ്ട്....അത് മരണമാണ്...പ്രത്യക്ഷത്തിൽ അല്ലെങ്കിലും എന്നും നമ്മോട് കൂടെ ചേർന്ന് നടക്കുന്ന ഒന്നാണ് അത്..
എന്റെയും...നിങ്ങളുടെയും കൂടെ....!!!

2017, മാർച്ച് 4, ശനിയാഴ്‌ച

ഓർമ്മകളുടെ അസ്തമയം


ചിന്തകൾ ബാല്യവും,കൗമാരവും,യൗവ്വനവും കടന്ന് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു.ചിലപ്പോൾ വേദനാജനകവും....മറ്റു ചിലപ്പോൾ ഒരു മെഴുകുതിരിനാളത്തിന്റെ പ്രകാശം പോലെയും.അതിനാൽ അതിനെ മനസ്സിൽ നിന്ന് പുറന്തള്ളാതെ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചു.
പിന്നെ വീണ്ടും ഓർമ്മകളുടെ ആ ചങ്ങലക്കൊപ്പം മറ്റൊരു കൂട്ടം ഓർമ്മകൾ കൂടി മനസ്സിലൂടെ കടന്ന് പോയി.അപ്പോഴൊക്കെ കൂടുതൽ പിന്നോട്ട് പോകുന്തോറും കൂടുതൽ ജീവിതമുണ്ടായിരുന്നു.ജീവിതത്തിലെ നന്മയും....എന്തിനേറെ ജീവിതം തന്നെയും കൂടുതലുണ്ടായിരുന്നു.പിന്നീടെപ്പോഴോ രണ്ടും ഒന്നായി ചേർന്നു.
ഏറ്റവും പിന്നിൽ ജീവിതത്തിന്റെ തുടക്കത്തിൽ ഒരു പ്രകാശബിന്ദുവുണ്ട്.അവസാന പകുതി വരെയും ഉണ്ടായിരുന്നു.പക്ഷെ ഇപ്പൊ എല്ലാം അസ്തമയത്തോടടുത്തിരിക്കുന്നു.എന്റെ ഓർമ്മകൾ പോലും.ഓർമ്മിക്കാനും....ഓർമ്മകൾ അവസാനിക്കാനും ഒരേയൊരു നിമിഷം മാത്രം മതി.