2021, നവംബർ 22, തിങ്കളാഴ്‌ച

സൗഹൃദം

ഓർമ്മകൾ പങ്കുവെക്കുവാനും
സന്തോഷങ്ങൾ
പറഞ്ഞറിയിക്കാനും
വിഷമങ്ങൾ അവതരിപ്പിക്കാനും 
വേണ്ടിയാണു
നമ്മൾ ഒരു സുഹൃത്തിനെ
തേടുന്നത്‌.അല്ലേ..?
സ്നേഹം...അത്‌
കൈകുമ്പിളിൽ കോരിയെടുക്കുവാനൊ..
തട്ടിയെടുക്കുവാനോ 
കഴിയില്ല.അതു...
ഹൃദയത്തിൽ നിന്ന്
പകർന്നുനൽകുവാനേ കഴിയൂ.
മനസ്‌ മനസിനെ
തിരിച്ചറിയുമ്പോൾ
ലഭിക്കുന്ന
അനുഭൂതിയാണു
സ്നേഹമെങ്കിൽ...
സ്നേഹം സ്നേഹമായി
മാറുന്നത്‌...അത്‌
തിരിച്ചു നൽകുമ്പോൾ
മാത്രമാണു.സ്നേഹം
യാദാർത്ഥ്യമാവണമെങ്കിൽ
അവിടെ സൗഹൃദം
ഉണ്ടായേ തീരൂ.

വെറുതെ...

ഏതോ ഭാവത്തിന്റെ പടിവാതിലിൽ...ഒഴിച്ചിട്ട മാറാപ്പുകൾ.ആ മാറാപ്പുകൾ നാഴികക്കല്ലുകളായി...രൂപാന്തരം പ്രാപിക്കുന്നു.മടുപ്പിന്റെ എഴുകടലും താണ്ടി പൂർണ്ണതയിൽ എത്തുമ്പോൾ അപൂർണ്ണമെന്ന അവസ്ഥ.ചിലയിടങ്ങളിൽ നിന്ന് നിശബ്ദം പടിയിറങ്ങേണ്ടി വരുന്നു.
          എല്ലാം വെറുതെ ആയിരുന്നോ...?
ചിലപ്പോൾ നഷ്ടബോധത്താൽ വികാരസൂചികൾ നിശ്ചലമാകുന്നു.
മനുഷ്യൻ വെറുക്കുന്നു മനുഷ്യനെ....!
അന്ധകാരത്തിൽ അമർത്തപ്പെട്ട പ്രകൃതി നിശ്ശബ്ദയാണ്.ഈ മൗനഭഞ്ജനത്തിന് മണിക്കൂറുകളും,ദിവസങ്ങളും വേണ്ടി വന്നേക്കാം...
അത് വരേയ്ക്കും......

പിന്നിട്ട വഴികളും..ചില ബന്ധങ്ങളും

2021, നവംബർ 21, ഞായറാഴ്‌ച

തിരിച്ചറിവ്.......



ഒരു നനുത്ത നീർതുള്ളിയായി ഇറ്റുവീണ്..
ഒരു പേമാരിയായി പെയ്തിറങ്ങി പോകുമ്പോൾ കണ്ണിൽ കണ്ടതെല്ലാം തച്ചുടയ്ക്കാനുള്ള ശ്രമമായിരുന്നു മഴയ്ക്ക് ...
പെയ്തിറങ്ങിയതിനുമപ്പുറം രണ്ടു ദിവസം കൂടി ശ്രമിച്ചിരുന്നെങ്കിൽ ഈ മഴയ്ക്ക് കേരളത്തെ ഒന്നുകൂടി ഭീതിയിലാഴ്ത്താൻ കഴിയുമായിരുന്നില്ലേ...
ചില അഹങ്കാരങ്ങൾക്കിടയിൽ ...
ഒരു തിരിച്ചടിയായി പലരും ഇതിനെ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ....
അതൊരുപക്ഷേ സത്യമാകാം..അതെ..! ചിലർക്ക് മുൻപിൽ കാലം നൽകിയ തിരിച്ചടി...
നഷ്ടങ്ങൾ ആയിരുന്നു പലർക്കും..
ജീവൻ...ജീവിതം...
ഉറ്റവർ..ഉടയവർ..ബന്ധുക്കൾ...
വീട്  അങ്ങിനെ പലവിധ നഷ്ടങ്ങൾ...
അതിനിടയിലും..
ജാതി-മത വിദ്വേഷമില്ലാതെ ജീവിക്കാനും...സഹായിക്കാനും...
സാന്ത്വനിപ്പിക്കാനും മനുഷ്യനെ പ്രേരിപ്പിച്ച 
ചില മണിക്കൂറുകളും ദിവസങ്ങളും നമ്മിലൂടെ കടന്നുപോയി....
അല്ലെങ്കിൽ തന്നെ സാന്ത്വനസ്പർശങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലല്ലോ...
ഒരു പാത്രത്തിൽ ഉണ്ടെണീറ്റ്..
ഒരു പായിൽ കിടന്നുറങ്ങാൻ അവസരം നൽകിയപ്പോൾ കാലം നമുക്ക് നൽകിയ ഒരു ഓർമ്മപ്പെടുത്തലാണ്...ഈ പ്രളയം... ജാതിയല്ല...
മതമല്ല...
രാഷ്ട്രീയമല്ല...
മനുഷ്യരും...മനുഷ്യത്വവുമാണ് വലുത് എന്നൊരു ഒരു ഓർമ്മപ്പെടുത്തൽ...
ഇത്രയൊക്കെ അനുഭവിച്ചിട്ടും തിരിച്ചറിവാകാത്ത പലരുമുണ്ട് നമുക്കിടയിൽ..
ഈ കഴിഞ്ഞ നാളിലെ ഒരു ബസ്സ്‌ യാത്രയാണ് ഈ വരികൾക്ക് പ്രചോദനം...
ബസ്സിൽ പുരുഷന്മാർക്ക് സ്വധവേ റിസർവേഷൻ സീറ്റ് ഇല്ല...വികലാംഗർ..സീനിയർ സിറ്റീസൻ ഒഴിച്ചാൽ..
സ്ത്രീകൾ...അമ്മയും കുഞ്ഞും...
അങ്ങിനെ പോകുന്നു റിസർവേഷൻ.
തിക്കിലും തിരക്കിനുമിടയിൽ ഒരു സ്ത്രീ കൈക്കുഞ്ഞുമായി കേറിയാൽ അവരുടെ നോട്ടം ആദ്യം പാറി ചെല്ലുക പുരുഷന്മാർ ഇരിക്കുന്നിടത്തേക്കായിരിക്കും...
പലപ്പോഴും ഒരു സ്ത്രീ സീറ്റൊഴിഞ്ഞു കൊടുക്കുന്നതിനു മുൻപേ ഏതെങ്കിലും ഒരു പുരുഷൻ സീറ്റൊഴിഞ്ഞു കൊടുത്തിട്ടുണ്ടാകും...
സ്ത്രീകൾക്കിടയിൽ പലർക്കും മടിയാണ്...
ആരാദ്യം എഴുന്നേൽക്കും എന്ന ചിന്തയാണ്...
ഇനി വിഷയത്തിലേക്ക് വരാം...
മുൻപിലായ് ചില സീറ്റുകളിൽ ഓരോരുത്തരായി ഇരിക്കുന്നുണ്ട്...
അതിനിടയിൽ ഒരാൾ ...
കണ്ടാൽ മാന്യതയുടെ പരിവേഷമുള്ള ഒരാൾ തൊട്ടപ്പുറത്ത് ഒറ്റയായിരിക്കുന്ന പെൺകുട്ടിയോട് പറഞ്ഞു...
ഒന്ന് അടുത്ത സീറ്റിലേക്ക് മാറിയിരുന്നാൽ ഞങ്ങൾ രണ്ടുപേർക്ക് ഈ സീറ്റിൽ ഇരിക്കാമായിരുന്നു എന്ന്....
എന്തുകൊണ്ടോ ആ പെൺകുട്ടി ആ വാക്കിന് ചെവികൊടുത്തില്ല...
ഇത് സ്ത്രീകൾക്കുള്ള സീറ്റാണ് എന്ന് പറഞ്ഞ് ഒരു ദുശ്ശാഠ്യക്കാരിയെപ്പോലെ അടുത്ത സീറ്റിലേക്ക് മാറിയിരിക്കാതെ യാത്ര ചെയ്യുമ്പോൾ അയാൾ പലരോടായി പറയുന്നുണ്ടായിരുന്നു...
പ്രളയക്കെടുതിയിലൂടെ കടന്നു വന്നതാണെന്ന്...
അതും ഒരു ഓർമ്മപ്പെടുത്തലായിരുന്നു....
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ആൺ-പെൺ വ്യത്യാസമില്ലായിരുന്നു എന്ന്.
പ്രായം...
ജാതി..
മതം....
രാഷ്ട്രീയം...
ഒന്നുമൊന്നും ഇവർക്കിടയിൽ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചില്ലായെന്ന്....
ഒന്ന് മാറിയിരിക്കാൻ അവളെ ചിന്തിപ്പിക്കാത്തത് എന്തായിരിക്കും...?
ഒരുപക്ഷേ....
ചിലർ ഇങ്ങനെ ആയിരിക്കും...
ആരുടേയും കഷ്ടതകൾ ഇവർക്കൊരു വിഷയമല്ല...
പരിദേവനങ്ങളും...പരിഭ്രാന്തികളും ഇതുപോലുള്ളവർക്ക് പ്രശ്നമേയല്ല....
എന്നായിരിക്കും ഇവർക്കൊക്കെ തിരിച്ചറിവുണ്ടാകുക...അതോ....ഇവരെന്നും ഇങ്ങനെ തന്നെ ജീവിക്കുമോ....?
എനിക്കറിയില്ല....! നിങ്ങൾക്കോ....?

ജീവിതത്തിന്റെ തിരശീല

ജീവിതത്തിന്റെ തിരശ്ശീല ഉയർത്തപ്പെട്ടിരിക്കുന്നത് ചില ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്.ഒരു നൂലിഴ ബന്ധം പോലെ..പ്രത്യക്ഷത്തിൽ ഗോചരമാണെങ്കിലും..ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്  ഈ കെട്ടുറപ്പാണ് ഹേതു.ആ ഇഴയടുപ്പം ഒന്നകന്നാൽ....കെട്ടുകളുടെ ഭദ്രതക്ക് ഒന്നയവ് വന്നാൽ  ആ തിരശ്ശീല എന്നെന്നേക്കുമായി ചുരുഴിഞ്ഞു വീഴും...
ഓരോ മനുഷ്യനും ജീവിതമെന്ന അരങ്ങിലെ അഭിനേതാവ് ആണ്...ചിലതിന്റെ തിരക്കഥ  വളരെ നീണ്ടുപോയേക്കാം..ഒരാൾ തന്നെ പല വേഷപകർച്ചയിലൂടെ  ഒരുപാട് കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വരും..കാമുകനായോ,സുഹൃത്തായോ,സഹോദരനായോ...അങ്ങിനെ നീണ്ടുപോകും..വേഷങ്ങൾ..
തകർത്തഭിനയിക്കുന്നവന് ഒരുപാട് വേഷങ്ങൾ യോജിക്കും..ചില തിരക്കഥകൾ വളരെ പെട്ടെന്ന് അവസാനിക്കുകയും ചെയ്യും...
നമ്മൾ നെയ്തെടുത്ത....നമ്മളാൽ നെയ്തെടുത്ത...ഈ നൂലിഴകളെ ....അതിന്റെ ഇഴയടുപ്പങ്ങളെ അകലാതെ ശ്രദ്ധിക്കാൻ കഠിന പ്രയത്നം തന്നെ ആവശ്യമായി വരും...അതാണ് ജീവിതം...
എന്റെയും....നിങ്ങളുടെയും....!!!
പലരും തോറ്റുപോകുന്നതും ഇവിടെയാണ്...
ഇപ്പോ...ഞാനും തോറ്റുപോയോ...എന്നൊരു സംശയം...ഇല്ലാതില്ല.

2021, നവംബർ 19, വെള്ളിയാഴ്‌ച

പറയാൻ മറന്ന വാക്കുകൾ

ഉരുണ്ടു കൂടിയ ഓരോ കാർമേഘവും..
അവസാനം പെയ്തൊഴിയും..
ഒരിക്കലെങ്കിലും..!
ചില ഓർമ്മകളാണ് മനുഷ്യനെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത്.ആ ഓർമ്മകളിൽ ചിലത് പ്രത്യക്ഷത്തിൽ കാർമേഘം പോലെ  ഘനീഭവിച്ചു കിടക്കുന്നുണ്ടെങ്കിലും...
ഇടയ്ക്കെപ്പോഴോ ഊഷ്മാവിന്റെ വ്യതിയാനമനുസരിച്ച് ഒരിറ്റു ജലമായ് ഉതിർന്നു വീണിരുന്നു.
പറയാൻ മറന്ന വാക്കുകളും,
പാതി വഴിയിൽ നിന്നുപോയ യാത്രയും ഒരുപോലെ....
വീണ്ടും തുടരണമോ....?
അല്ലെങ്കിൽ തുടരേണ്ടി വരുമോ..?
അറിയില്ല..!
ഇടയ്ക്കെപ്പോഴോ ഉയിർത്തെഴുന്നേൽക്കുന്ന ചിന്തകൾ.
ഇന്നിലെ ചില ബന്ധങ്ങളും ഇതുപോലെയാണ്.
മുൻപുണ്ടായിരുന്ന ഒഴുക്കും,സൗന്ദര്യവും നഷ്ടപ്പെട്ട് ചിലത് തുടക്കത്തിലും....
ചിലത് പാതി വഴിയിലും...അവസാനിക്കും...
അർത്ഥം ഗ്രഹിക്കാത്ത വാക്കുകൾ ഒരുപക്ഷേ ഹേതുവായേക്കാം.
ഒരു തിരിച്ചറിവിനും അപ്പുറം...
ഇനിയും കൂടി ചേരുമോ...
എന്നൊരു പ്രതീക്ഷ മാത്രം ബാക്കിയാകും.
 പക്ഷേ....ഇനിയൊരു തിരിച്ചറിവ്....ഉണ്ടാകുമോ...?
അറിയില്ല...!!
ശത്രുവും,മിത്രവും   വാക്കുകളിലൂടെ പുനർജ്ജനിക്കുമ്പോൾ ..
സ്വീകരിക്കുന്നതും...പിന്തള്ളുന്നതും മനസാണ്...
മിത്രമാകാൻ കൊതിച്ചാലും,... 
അതിന് പ്രയത്നിച്ചാലും...പലപ്പോഴും ചിലരുടെയൊക്കെ കാഴ്ചപ്പാടിൽ ശത്രുവായി തീരും...അതാണ് കാലം..
ഇപ്പോൾ ഇന്നലെകൾ എന്നൊന്നില്ലല്ലോ..
ഇന്നുകളും..നാളെകളും മാത്രം ബാക്കി.
ഒപ്പം ചില ഓർമ്മകളും ബാക്കിയാവും...!!

ഓർമ്മത്തെറ്റ്

ഇന്നിലെ പലതും ഒരോർമ്മത്തെറ്റായി തീരുമോ..?മനുഷ്യനും...മനുഷ്യത്വത്തിനും..വിലയില്ലാത്ത കാലത്ത് വ്യക്തിത്വം എന്തിന്..?ഓരോ ജീവിതവും ഒരു നേർരേഖ പോലെയാണ്...ചിലത് തമ്മിൽ എവിടെയെങ്കിലും വെച്ച് കൂടിച്ചേരും...ചിലത് ഒരിക്കലും കൂടിച്ചേരുകയുമില്ല.ചിന്തകളിൽ എന്തൊക്കെയോ കൂടിപിണയുന്നു..വ്യക്തമല്ല ഒന്നും..
കനവ് നിനവാകുകയും...നിനവ് ഓർമ്മകളാകുകയും ചെയ്യുമ്പോൾ..പലപ്പോഴും വിഡ്ഢിവേഷം എടുത്തണിയാതെ തന്നെ പിന്മാറേണ്ടി വരും...
ഒരുപക്ഷേ ജീവിതത്തിൽ നിന്ന്...അല്ലെങ്കിൽ ബന്ധങ്ങളിൽ നിന്ന്..
ഓരോ വാക്കുകൾക്കും അധീതമായി...എന്തൊക്കെയോ ചുരുളഴിഞ്ഞേക്കാം..
അത് എപ്പോൾ...എങ്ങിനെ..? വ്യക്തമല്ല...ഒന്നും..ജീവിതത്തിലെ കണക്കുകൂട്ടലുകൾ എവിടെയൊക്കെയോ പിഴവ് പറ്റുന്നു...ഒരിക്കലും ശരി വരാതെ...!

ജീവിതത്തിന്റെ നാൾവഴി

ജീവിതത്തിന്റെ തിരശ്ശീല തന്നെ കെട്ടിയുയർത്തപ്പെട്ടിരിക്കുന്നത്...
ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്..
കാഴ്ചയിൽ ഗോചരമെങ്കിലും...
ഒരു നൂലിഴ ബന്ധം പോലെ...
അത് താങ്ങിയും തലോടിയും നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
സ്ത്രീക്ക് എന്നും ഒരു പരിത്യാഗിയുടെ പരിവേഷമാണ്..
കാരണം അവൾ സർവ്വവും...
സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു...
പക്ഷേ അതും ഒരു പരിധി വരെ മാത്രമെന്നത് പലരും...
എന്തിനേറെ ചില ഭർത്താക്കന്മാർ വരെ മറന്നുപോകുന്നു...
ചില ഘട്ടങ്ങളിൽ അവൾ ഒരു സംഹാരരുദ്രയെപ്പോലെയും ആയിത്തീരും..
ചില സന്ദർഭങ്ങളിൽ മാത്രം...
പക്ഷേ...ഈ പറഞ്ഞതിൽ ഒന്നിലും പെടാത്ത ചിലരും ഉണ്ട്.
കാണുന്ന കാഴ്ചയിൽ നിന്നും...
അനുഭവങ്ങളിൽ നിന്നും ഒരു പാഠവും ഉൾക്കൊള്ളാത്ത ഒരു ജനത നമുക്കിടയിൽ വളർന്നു വരുന്നുണ്ട്..
തെറ്റിനെ ശരിയായും...ശരിയെ തെറ്റായും ഉള്ളിലേക്കാവാഹിക്കുന്ന ചിലർ..
ഇവിടെ തത്വ-സംഹിതകൾക്കോ.....
വ്യക്തിഭദ്രതക്കോ...
അഭിപ്രായങ്ങൾക്കോ സ്വീകാര്യത നൽകാത്ത ചിലർ. 
കാരണം...
ഞാനാണ്...ശരി...എന്റെ ചിന്തയും പ്രവർത്തിയുമാണ് ശരി എന്ന..മിഥ്യധാരണയാണ് പുലർന്നു പോരുന്നത്.
സ്വന്തം അനുഭവങ്ങളിൽ നിന്ന് മാത്രമല്ല....
മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും...
അവരുടെ അഭിപ്രായങ്ങളിൽ നിന്നും 
ഒരു നല്ല പാഠം ഉൾക്കൊള്ളുന്നവനാണ് യദാർത്ഥ വിജയി..
തെറ്റുകുറ്റങ്ങൾ അത് എല്ലാവരിലും ഉണ്ട്...പക്ഷേ...അത്..തിരിച്ചറിയാനുള്ള ചിന്താശേഷി ഉണ്ടാകണമെന്ന് മാത്രം...
ചില അടുപ്പങ്ങൾ നെഞ്ചിലേറി കഴിഞ്ഞാൽ...പലതും മറക്കുന്നു..
ഒരുമിച്ചു കഴിഞ്ഞു കൂടിയ സഹോദരങ്ങൾ..
താരാട്ടുപാടിയുറക്കിയ മാതൃ-പിതൃ ഹസ്തങ്ങൾ...
അവരുടെ പരിരംഭണം...എല്ലാമെല്ലാം മറവിയുടെ മാറാലക്കു പിറകിൽ തട്ടി മൂടുന്നു ഇന്നിലെ ചിലർ. 
കഴിഞ്ഞുപോയതും...
വരാൻ പോകുന്നതും എന്താണെന്ന്...
തിരിച്ചറിയാത്ത ഇവരൊക്കെയും...
നാളെകളിൽ എവിടെ എത്തിച്ചേരും എന്നത്...കണ്ടറിയണം...!