2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഇന്നും....ഇന്നലെയും

അവൾ നൽകിയ സ്നേഹം ഇനിയും
ഒരു തോരാമഴയായി
എന്റെ കൺകളിൽ പെയ്യുമ്പോൾ...
ഒരിക്കൽ എല്ലാമെല്ലാമായിരുന്ന
ഇപ്പോൾ ഒന്നുമല്ലാതായി തീർന്ന എന്നെ ഇനി
എന്നെങ്കിലും ഓർക്കുമോ
എന്നറിയില്ല.
സ്നേഹിച്ചവരെ മറക്കാൻ...
സ്വന്തം മനസ്സിനോട്‌
പറയേണ്ടി വരുമ്പോൾ...
മനസ്സിൽ ഒളിപ്പിച്ചു വെക്കുന്ന കണ്ണുനീർ തുള്ളികൾ
ജീവിതാവസാനം വരെ
ഹൃദയത്തെ വേദനിപ്പിച്ചു
കൊണ്ടിരിക്കുന്നു.
അവളുടെ സാന്ത്വനവും
ശബ്ദവും,പുഞ്ചിരിയും,
കുസൃതിയും,പിണക്കങ്ങളും,
പിന്നേയുമെന്തൊക്കെയോ...
എല്ലാം ഇപ്പോൾ ഓർമ്മകൾ
മാത്രമായി തീരുന്നു.
രണ്ടായി പകുത്തെടുത്ത ചിന്തയും
തേഞ്ഞു തീരാറായ കുറേ
നഷ്ട സ്വപ്നങ്ങളും.
പിന്നെ യാഥാർത്ഥ്യങ്ങളിലേക്കുള്ള
യാത്രയിൽ..സ്വയമുരുകിത്തീർന്ന
മെഴുകുതിരിപോലെ.,
സ്വന്തമായിരുന്നെങ്കിലും ഇപ്പോൾ
അന്യതയുടെ പതർച്ചയും,
വിരഹത്തിന്റെ കണ്ണീരും...
നഷ്ടപ്പെടലിന്റെ ശ്യൂന്യതയും...
എല്ലാമെല്ലാം എന്റെ...
സ്വന്തമായിരുന്നു.
ഇപ്പോഴും അരണ്ടവെളിച്ചത്തിൽ...
മൂടൽ മഞ്ഞുപോലെ ഉള്ളിൽ
നിറയുന്ന സ്നേഹത്തേയും...
കനം കുറഞ്ഞൊരു
സ്പർശ്ശനത്തേയും..
ഞാൻ തിരിച്ചറിയുന്നു.
എന്നിട്ടും.....??

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ആദ്യ പ്രണയം....(ചെറുകഥ)

വർഷങ്ങളുടെ ദൂരം താണ്ടി...കുറെ നാളുകൾക്ക് മുൻപ്,ശരത്കാലത്തിന്റെ ആ വിളറിയ ആകാശത്തിന് കീഴെയിരുന്ന് ഞാൻ അറിഞ്ഞ സ്നേഹത്തിന്റെ....ആ വന്യമായ സ്പർശം എന്റെ വരണ്ട കണ്ണുകളിൽ ഒരു തിരിച്ചു കിട്ടലിന്റെ നനവായി.ആ സ്വരം ഓരോ അണുവിലും ജീവന്റെ പൂർണ്ണതയായി എന്റെ ഓർമ്മയിൽ ത്രസിച്ചു കൊണ്ടേയിരിക്കുന്നു.
ആ ക്ഷീണിച്ച നാട്ടുപാതയിലൂടെ നടന്നു പോകവേ...എന്റെ കണ്ണുകളിലേക്കൊന്ന് നോക്കിയിരുന്നെങ്കിൽ...എന്റെ മനസ്സിലേക്കൊന്ന് ആഴ്ന്നിറങ്ങാൻ ശ്രമിക്കാമായിരുന്നെന്ന് ഞാൻ പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്.ആ കണ്ണുകളുടെ സ്പർശമെന്നപോലെ ...ആ ജീവനിലെ അസ്തിത്വവും ഒരു നിമിഷത്തിന്റെ നൂറിലൊന്നു വ്യത്യാസത്തിൽ എനിക്ക് നഷ്ടമായി.
ജന്മാർത്ഥങ്ങളെ മാറ്റിമറിച്ചേക്കാമായിരുന്ന ആ ഒരു നിമിഷാമ്ശം വരുംവരായ്കകളുടെ സാധ്യതകളായി എന്നെ അമ്പരപ്പിച്ചു കൊണ്ടിരുന്നു.
എന്റെ കൈത്തലം മുറുകെ പിടിച്ച അവൾ നിശ്ശബ്ദയായിരുന്നു.അവളുടെ സ്പർശം എന്റെ ആധുരതകൾക്ക് അവസാനമില്ലാത്ത ഉത്തരമായി.അൽപ്പനേരം കഴിഞ്ഞ് ഒരു നിശ്വാസത്തോടെ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു.
ക്ഷമിക്കൂ.... ഞാൻ എന്തൊക്കെയോ പറഞ്ഞു.
സാരമില്ല എന്നൊരു ചെറുചിരിയോടെ അവൾ എന്റെ അടുത്ത് നിന്നും എഴുന്നേറ്റ് പോയി.
ചരൽ പാതയിലൂടെ പതിഞ്ഞ കാൽവെപ്പുമായി അവൾ നടന്നു നീങ്ങുന്നത് ഞാൻ ജനലിലൂടെ നോക്കിനിന്നു.ചുറ്റും നിശബ്ദരായി നിന്ന വൃക്ഷങ്ങളിൽ നിന്ന് ഒരു മെലിഞ്ഞ കാറ്റ് വീശിക്കൊണ്ടിരുന്നു.അതിന്റെ അലിവിൽ വർഷങ്ങൾക്ക് ശേഷം എന്റെ മനസ്സ് ശാന്തമായി.ഉള്ളിലെ തരിശിൽ തണുത്തുറഞ്ഞിരുന്ന  സാഹസ്രാബ്ധങ്ങളുടെ പ്രണയം ഒരു ഉഷ്ണമഴയായ് ഉരുകിയൊലിക്കുന്നതറിഞ്ഞ് കൊണ്ട് ഞാൻ ഒരു മയക്കത്തിലേക്ക് കണ്ണടച്ചു.പക്ഷേ..ഓർമ്മകൾ...ഉറക്കത്തെ ആട്ടിപ്പായിച്ചു.
അവളുടെ കണ്ണുകൾക്ക് പറഞ്ഞാൽ തീരാത്ത വിഷാദമായിരുന്നു.സ്നേഹത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്ന എനിക്ക് അത് കണ്ടാൽ ഇഷ്ടപെടാ തിരിക്കാനുമാവില്ല.ഇഷ്ടമുള്ളവരോടെല്ലാം...പിണക്കത്തോടെ എന്നോട്ടെത്ര സ്നേഹമുണ്ട് എന്ന് നിരന്തരം കണക്ക് ചോദിക്കുന്ന അവളോടെനിക്ക് കനിവ് തോന്നി.
അത് തന്നെയായിരുന്നു ആദ്യത്തെ പ്രണയം.
അത് പ്രണയമായിരുന്നില്ല.അലിവായിരുന്നു... ആർദ്രഹൃദയമുള്ള ആർക്കും തോന്നുന്ന കനിവ് എന്ന് ന്യായീകരിച്ചു സ്വയം രക്ഷപ്പെടാൻ ശ്രമിച്ചു ഞാൻ.ഒരിക്കലേ പ്രണയിച്ചുവുള്ളുവെന്നും...അത് ജീവിതത്തോളമെത്തിയെന്നും... പറയുമ്പോൾ സ്നേഹിതർ അമ്പരന്ന് ചിരിക്കാറുണ്ട്.പ്രണയം ഒരു പരീക്ഷണമാണെന്നും,സത്യാന്വേഷണമാണെന്നും...പരീക്ഷിച്ചു...പരീക്ഷിച്ചു അന്വേഷിച്ചന്വേഷിച്ചു ശരിയിലേക്ക് എത്തുകയാണ് വേണ്ടതെന്നുമുള്ള സത്യാന്വേഷണ പരീക്ഷകരായ ഹൃദയത്തിലെ ചങ്ങാതിമാരുടെ കാഴ്ചപ്പാട് ശരിയാണെന്നും തോന്നാറുണ്ട്.എന്നിട്ടും എന്റെ ജീവിതമായ പ്രണയം തോറ്റുപോയെന്ന് തോന്നിയിട്ടില്ല.
കാരണം തോറ്റുപോയത് ഞാൻ ആയിരുന്നു...ഞാൻ മാത്രമായിരുന്നു.

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

കഥയും....കവിതയും

കൈവിരൽതുമ്പുകളുടെ ദ്രുതചലനങ്ങളിൽ കൂട്ടിച്ചേർക്കപ്പെടുന്ന അക്ഷരങ്ങൾ..പിന്നീടത് വാക്കുകളായും... കഥയായും, കവിതയാണ് രൂപപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ടാകും.ചിലപ്പോൾ നഷ്ടപ്രണയം,സൗഹൃദം,വേർപാട്,അതിലെ സ്ഥായിയായ നൊമ്പരം,ദുഃഖം,വേദന. അങ്ങിനെ നീണ്ടുനീണ്ടുപോകും കാരണങ്ങൾ.ചിലപ്പോൾ അതെല്ലാം കൂടി ഒരു തീച്ചൂളപോലെ ആളിക്കത്തും... ഇവിടെന്നാണ് പലരും എഴുതി തുടങ്ങുക...മനസ്സിലെ ആശയങ്ങളും,മറ്റും.എഴുതപ്പെടുന്ന വരികളിൽ ഈണം വന്നാൽ അത് കവിതയായും, നീണ്ടുപോയാൽ കഥയായും,വളരെ ശോഷിച്ചുപോയാൽ അത് ഓർമ്മക്കുറിപ്പായും രൂപാന്തരം പ്രാപിക്കും.നമ്മൾ എഴുതപ്പെടുന്ന വാക്കുകളും,അതിലെ ആന്തരീകാർത്ഥവും എല്ലാരും തിരിച്ചറിയണമെന്നില്ല.പക്ഷെ ചിലർ തിരിച്ചറിയും,ഓരോ മനുഷ്യരിലും എന്നും നിലനിൽക്കുന്ന സ്ഥായിയായ ഒരു ഭാവമുണ്ട്.അത് സന്തോഷമല്ല.ദുഖവും,വേദനയും മാത്രമാണ്.
ജീവിതത്തിൽ കൈവിട്ടുപോയാൽ കൂട്ടിച്ചേർക്കാൻ കഴിയാത്ത ഒന്നുണ്ട്.അത് ചിലബന്ധങ്ങളാണ്.ഇന്നിന്റെ കാലത്ത് ബന്ധങ്ങക്ക് മാറ്റു കുറവാണ്.വൈഷ്യമിത്തിലോ,കലഹത്തിലോ പല ബന്ധങ്ങളുടെയും ഒഴുക്ക് നഷ്ടപ്പെട്ടുപോകുന്നു.പിന്നെയങ്ങോട്ട് ആരാദ്യം ക്ഷമ പറയും എന്നൊരു നോക്കിയിരിപ്പാണ്.ചിലർ ഇഷ്ടങ്ങളുടെ തീവ്രതയിൽ തെറ്റുകാരനോ, തെറ്റുകാരിയോ അല്ലാതിരുന്നിട്ടും തെറ്റ് ഏറ്റ് പറയാൻ ഉത്സാഹം കാണിക്കും,അതുപോലുള്ള ബന്ധങ്ങൾ ഇങ്ങനെ തട്ടീം,മുട്ടീം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കും.ചിലതിന്റെ ഉണർവും,പ്രകാശവും എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.പണ്ട് കാലത്ത് പറയാറുള്ള ഒരു വാക്കുണ്ട്...സ്നേഹത്തിന് കണ്ണും,മൂക്കുമില്ലെന്ന്... യാദാർത്ഥത്തിൽ അതിന് കണ്ണും,മൂക്കുമൊന്നും ഉണ്ടായിട്ടല്ല പഴമക്കാർ അങ്ങിനെ പറഞ്ഞത്...ആ ഇഷ്ടങ്ങളുടെ... തീവ്രതയും,ആദരവും കണ്ടിട്ടാണ്.
പക്ഷെ...ഇന്നുകളിലെ സ്നേഹബന്ധങ്ങൾക്ക് കണ്ണും,മൂക്കും മാത്രമല്ല.രണ്ട് കൊമ്പും,കൂർത്ത ധ്രംഷ്ഠകളുമുണ്ടെന്നാണ് എന്റെ ഭാഷ്യം.
ബന്ധങ്ങളുടെ വിലയറിയുന്നവൻ ...ആ പ്രകാശത്തെ തല്ലിക്കെടുത്താൻ ശ്രമിക്കില്ല..മറിച്ച് ..എതിരായി വീശുന്ന ഓരോ കാറ്റിലും അത് അണയാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.
ജീവിതം ഒരു ഓർമ്മതെറ്റാകാതിരിക്കാൻ വേണ്ടി.

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സൗഹൃദം...അർത്ഥവും,വ്യാപ്തിയും


ജീവിതത്തിനും....മരണത്തിനുമിടയിലെ ....
ഉറക്കിനും,ഉണർവിനുമിടയിൽ...ഒരു റോസാപൂവിതളിന്റെത്രയും നേർമ്മയോടെ കാത്തു സൂക്ഷിച്ചിരുന്ന ചിലതൊക്കെ...കാലം ഒരു പാഴ്കിനാവായി മാറ്റിമറിക്കുന്നു.
സൗഹൃദം ഒരു കുന്നോളമുണ്ടാകും...പക്ഷെ അതിന്റെ അർത്ഥവും,വ്യാപ്തിയും പലർക്കും തിരിച്ചറിയാൻ കഴിയില്ല.അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പലർക്കും കഴിയുകയുമില്ല.ആ ആഴങ്ങളിൽ പറഞ്ഞറിയിക്കാനാകാത്ത....ഒരു സാന്ത്വനമുണ്ട്...ഉണർവുണ്ട്,പിണക്കങ്ങളുണ്ട്,ഇണക്കങ്ങളുണ്ട്..ആത്മാർത്ഥമായ ആദരവും,ശ്രദ്ധയുമുണ്ട്.മഞ്ഞു തുള്ളിയുടെ നേർമ പോലെയുള്ള സ്നേഹവുമുണ്ട്.അതിന്റെയൊക്കെ വ്യതി ചലനമെന്നോണം ചില അരുതായ്മകൾ ശ്രദ്ധയിൽ പെടുമ്പോൾ ചില കുറ്റപ്പെടുത്തലുകളുമുണ്ടാകാം.
ഇന്നിന്റെ സോഷ്യൽ മീഡിയ സൗഹൃദം ഇങ്ങിനെ പോകുന്നു.ഹായ് ഡാ...സീയു ഡാ...
പോരുന്നോ...അവസാനം സന്ദേശങ്ങൾക്ക് അർത്ഥതല വ്യത്യാസങ്ങൾ..അശ്ലീലതയും കടന്നു വരുമ്പോൾ മാത്രമാണ് എനിക്ക് തെറ്റിയല്ലോ...അവനെ അല്ലെങ്കിൽ അവളെ ഒന്ന് നാറ്റിച്ചിട്ടു തന്നെ കാര്യം എന്ന ചിന്തയിൽ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് എടുക്കലായി... എഫ്ബിയിൽ പോസ്റ്റലായി....പിന്നെ അതിനും കിട്ടും ഒരു നൂറ് കമന്റുകൾ...അവന്റെ ഭാഗം മാത്രമെന്തേ പോസ്റ്റിട്ടത്...നിന്റെ ഭാഗമെവിടെ?
നീ ശരിയല്ലാത്തത് കൊണ്ടാണ്....നിന്നോടാരു പറഞ്ഞു കൂട്ടുകൂടാൻ...അങ്ങിനെ അങ്ങിനെ നീണ്ടുപോകും.അടുത്തിടെ ഒരു സ്ത്രീനാമാധാരിയുടെ ഒരു ഇമേജ് കണ്ടു.ഒരു സ്ത്രീയും,ഒരു വാഹനവും....അതിന് അടിക്കുറിപ്പായി പോസ്റ്റ് ചെയ്ത വാചകം....പോരുന്നോ...എന്ന്.... ഇത് പോലുള്ള പോസ്റ്റുകൾക്ക് പിന്നെ  എങ്ങിനെയുള്ള കമന്റുകളാണ്  വരിക എന്ന് സ്വയം ആലോചിച്ചാൽ തന്നെ മനസ്സിലാക്കാൻ കഴിയില്ലേ...?
ആത്മാർത്ഥ സൗഹൃദം ഒരു ലഹരിയാണ്.
~~~~~~~~~~~~~~~~~~~~~~~~~~
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ  സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന  സൗഹൃദങ്ങൾ ഓർമ്മകളിൽ  അനുഭൂതികളുടെ ഉണർത്തുപാട്ടായി മാറിയ നിമിഷങ്ങൾ....ഹൃദയത്തിൽ  ഗൃഹാതുരതയുടെ തുയിലുകൊട്ടിയുണർത്തുന്ന സ്തുതികണികകൾ ...പിണക്കത്തിന്റെയും,ഇണക്കത്തിന്റെയും,പൊട്ടിച്ചിരികളുടെയും വിസരിതമായ സ്വപ്നങ്ങളുടെയും  വർണ്ണശഭളമായ ചിത്രമെന്നപോലെ  സൗഹൃദം നീണ്ടുപോകുന്നു.
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതപ്പെടുന്നു.മാറ്റത്തിന്റെ മുഴക്കം അലയടിക്കുന്ന വിഹായസ്സിൽ സൗഹൃദങ്ങളും മാറുന്ന മുഖങ്ങളായി പ്രത്യക്ഷപ്പെടുന്നു.സൗഹൃദങ്ങളുടെ ആഴത്തിലേക്ക്....പരപ്പിലേക്ക് ....മാറുന്ന മുഖങ്ങളിലേക്ക് ....തിരുത്തലുകളിലേക്ക് ഇനിയും ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു.
സൗഹൃദങ്ങൾ ഒരുകാലത്ത് ആത്മാർത്ഥതയുടെ പര്യായങ്ങളായിരുന്നു.എന്നാൽ ഇന്നത്തെ കാലത്ത് ആത്മാർത്ഥ സൗഹൃദങ്ങൾ അപൂർവ്വമായി മാറുന്നു.കാലത്തിന്റെ ചലനത്തിനിടയിലും യുവതലമുറക്ക്  ലഹരി പകരുന്നവയായി സൗഹൃദങ്ങൾ പറയപ്പെട്ടിരുന്നു.എന്നാൽ മാറ്റത്തിന്റെ മാറ്റൊലിയിൽ ഇന്നുകളിലെ സൗഹൃദങ്ങൾ കാലിടറി വീണു.സുഹൃത്ത് ബന്ധത്തിന്റെ മുഖ്യഭാവം മുതലെടുപ്പ് അഥവാ ചൂഷണം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.സുഹൃത്തിന്റെ ധാരാളിത്തത്തിൽ എല്ലാവരും കണ്ണുവെക്കുമ്പോൾ സൗഹൃദത്തിന്റെ ഫലപ്രാപ്തി ജലരേഖയായി മാറുന്നു.
ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്‌കാന്തി കറങ്ങിത്തിരിഞ്ഞ്  ആധുനിക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ  അത് വെറും പഴങ്കഥയായി മാറുന്നു.നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യത്തെ  ഓർത്ത് അഭിനവ സൗഹൃദം നെടുവീർപ്പിടുന്നു.
പഴമയുടെ നൊമ്പരവും,ആധുനികതയുടെ താളവും  നെഞ്ചിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു.

                   

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ചിലർ

ചിലർ വരുന്നു.പുരുഷനാമത്തിലോ...സ്ത്രീ നാമത്തിലോ... സൗഹൃദത്തിന്റെ വ്യാപ്തിയും,അർത്ഥവും അളക്കാൻ...
പലപ്പോഴും വരുന്നത് പരിചയമുള്ളവർ അതും അപര നാമത്തിൽ ..സ്വഭാവ വൈകല്യങ്ങൾ ഉണ്ടോ എന്നറിയാനാകും.
തിരിച്ചുപോകുന്നത് ആത്മാർത്ഥതയിൽ കനൽ കോരിയെറിഞ്ഞിട്ടും....
അവസാനം...എന്ത് നേടുന്നു....ഇവരൊക്കെ..?
ഇതൊക്കെയല്ലേ യാദാർത്ഥത്തിൽ ചതിയും,വഞ്ചനയും...!