2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

നോവ്

ഓരോ മഴത്തുള്ളികളും
കൈവിട്ടു പോകുമ്പോൾ...
മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും.
തേങ്ങുന്ന മനസ്സോടെ...
അവർ ചോദിക്കും...
നീ എന്നെ മറക്കുമോ..
ചോദ്യത്തിന് മറുപടിയില്ലെങ്കിൽ കൂടി ഇരുകൂട്ടർക്കുമറിയാം.ഈ ബന്ധത്തിന് പെയ്തൊഴിയും വരേയെ ആയുസ്സുള്ളൂവെന്ന്.
മനുഷ്യജീവിതത്തിലെ ചില ബന്ധങ്ങളും ഇങ്ങിനെ തന്നെയാണ്.

2016, ഏപ്രിൽ 13, ബുധനാഴ്‌ച

ഒരു ക്ഷമ ചോദിക്കലിൽ തീരും...എല്ലാം

കാലചക്രമിനിയും ഇരുളും.....
യാത്രാപഥത്തിൽ ഇരുട്ട് പരക്കും മുൻപ്  എന്നെ അടുത്തറിയുന്നവരോടും...അല്ലാത്തവരോടും ...വാക്കാലോ,പ്രവൃത്തിയാലോ ദുസ്സഹമായി തോന്നിയിട്ടുണ്ടെങ്കിൽ ഒരു ക്ഷമായാചനം നടത്തട്ടെ...!
ജീവിതത്തിലെ നാൾവഴി പലപ്പോഴും ഇടുങ്ങിയതും,ഇരുണ്ടതും,ഇടർച്ചയേറിയതുമാണ്.ഇന്ന് കണ്ടവരെ..സംസാരിച്ചവരെ...അടുത്തറിഞ്ഞവരെ നാളെ കാണാൻ കഴിഞ്ഞെന്ന് വരില്ല.കാരണം ഓരോ യാത്രയുടെയും അവസാനം എവിടെ...എങ്ങിനെയെന്നറിയില്ല.ചിലപ്പോഴൊക്കെ ചില വാക്കുകളും,പ്രവൃത്തിയും...അരുചിയും...അരോചകവുമായി തോന്നിയേക്കാം.ചിലത് തീനാളം പോലെയും. വേർപാടിന്റെ മുഖം പലർക്കും പല രീതിയിലാണ് ദർശിക്കാൻ കഴിയുക.അതിൽ സൗഹൃദമുണ്ടാകാം....സ്നേഹബന്ധങ്ങളുണ്ടാകാം....
ചിലതൊക്കെ എത്ര അകറ്റിനിർത്തിയാലും പൂർവ്വാധികം വാശിയോടെ അടുത്ത് കൂടും.മറ്റുചിലത്  എത്രത്തോളം അടുപ്പിച്ച് കൂടെ കൂട്ടാൻ ശ്രമിച്ചാലും അകന്നകന്ന് പോവുകയേയുള്ളു....
ഒരിക്കലും കൈവരാതെ പോയ പാഴ്കിനാവ് പോലെ....
ഞാനും ശ്രമിച്ചിട്ടുണ്ട്.ചിലതൊക്കെ അടുപ്പിച്ച് നിർത്താനും,കൂടെ കൂട്ടാനും.പക്ഷെ തെന്നിമാറി പോയിട്ടേയുള്ളൂ.
അടുത്തറിയുന്നവരെയും...ഇഷ്ടപ്പെടുന്നവരെയും കൂടെ കൂട്ടി ബന്ധങ്ങൾ ബന്ധനങ്ങളാകാതെ കാത്ത് സൂക്ഷിക്കാൻ കഴിയുക.അതിന് നിതാന്ത പരിശ്രമം തന്നെ വേണ്ടിവരും.അതിൽ ചിലപ്പോഴൊക്കെ ചിലർ വിജയിക്കും.ഒരുപാട് പേർ പരാജയപ്പെടുകയും ചെയ്യും.
ഓരോ പുൽനാമ്പുകളും ഒരുനാൾ കരിഞ്ഞുണങ്ങും.
ഒരു പക്ഷെ ....ആരംഭത്തിലോ.....അല്ലെങ്കിൽ മധ്യാഹ്നത്തിലോ....അതുമല്ലെങ്കിൽ മൂർധന്യത്തിലോ...
അതെപ്പോ... എങ്ങിനെ.. ഇതാണ് വേർതിരിച്ചെടുക്കാൻ കഴിയാത്തത്.ഇത് തന്നെയാണ് എന്റെയും നിങ്ങളുടെയും ജീവിതവും.

അവൾ

🍁നീയെന്നെ പ്രതീക്ഷിച്ചുവോ....? ഞാൻ ചോദിച്ചു.
എപ്പോഴും.......തീവ്രമായി....!
മുഖത്തെ വിയർപ്പിലൂടെ അവളുടെ കണ്ണുനീർ കൂടി ഒഴുകിയോ...?അറിയില്ല.
നമുക്കെന്താ പറയാനുള്ളത്...?ഞാൻ വീണ്ടും ചോദിച്ചു.
പറയാനല്ലല്ലോ....നമുക്കുള്ളത്..?കാണുവാനല്ലേ...?
         തിരിഞ്ഞു നിന്ന് ഭൂതകാലങ്ങളിലൂടെ പിന്നോട്ട്....പിന്നോട്ട്.
അവിടെ നിന്നല്ലേ നമുക്ക് കണ്ടു കണ്ട് വരാനുള്ളത്.ആ കാഴ്ചയിൽ അന്നത്തെ തെറ്റ് നമുക്ക് തിരുത്താനാകുമോ....?
തെറ്റിലൂടെയും...ശരിയിലൂടെയും ,ഓടിയും ,നടന്നും ,തളർന്നും.... അറച്ചും നമുക്ക് വീണ്ടും ഇവിടെയെത്താം അല്ലേ....?🍁

ആത്മാർത്ഥ സൗഹൃദം....ഒരു ലഹരിയാണ്

ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ  സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന  സൗഹൃദങ്ങൾ ഓർമ്മകളിൽ  അനുഭൂതികളുടെ ഉണർത്തുപാട്ടായി മാറിയ നിമിഷങ്ങൾ....ഹൃദയത്തിൽ  ഗൃഹാതുരതയുടെ തുയിലുകൊട്ടിയുണർത്തുന്ന സ്തുതികണികകൾ ...പിണക്കത്തിന്റെയും,ഇണക്കത്തിന്റെയും,പൊട്ടിച്ചിരികളുടെയും വിസരിതമായ സ്വപ്നങ്ങളുടെയും  വർണ്ണശഭളമായ ചിത്രമെന്നപോലെ  സൗഹൃദം നീണ്ടുപോകുന്നു.
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതപ്പെടുന്നു.മാറ്റത്തിന്റെ മുഴക്കം അലയടിക്കുന്ന വിഹായസ്സിൽ സൗഹൃദങ്ങളും മാറുന്ന മുഖങ്ങളായി പ്രത്യക്ഷപ്പെടുന്നു.സൗഹൃദങ്ങളുടെ ആഴത്തിലേക്ക്....പരപ്പിലേക്ക് ....മാറുന്ന മുഖങ്ങളിലേക്ക് ....തിരുത്തലുകളിലേക്ക് ഇനിയും ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു.
സൗഹൃദങ്ങൾ ഒരുകാലത്ത് ആത്മാർത്ഥതയുടെ പര്യായങ്ങളായിരുന്നു.എന്നാൽ ഇന്നത്തെ കാലത്ത് ആത്മാർത്ഥ സൗഹൃദങ്ങൾ അപൂർവ്വമായി മാറുന്നു.കാലത്തിന്റെ ചലനത്തിനിടയിലും യുവതലമുറക്ക്  ലഹരി പകരുന്നവയായി സൗഹൃദങ്ങൾ പറയപ്പെട്ടിരുന്നു.എന്നാൽ മാറ്റത്തിന്റെ മാറ്റൊലിയിൽ ഇന്നുകളിലെ സൗഹൃദങ്ങൾ കാലിടറി വീണു.സുഹൃത്ത് ബന്ധത്തിന്റെ മുഖ്യഭാവം മുതലെടുപ്പ് അഥവാ ചൂഷണം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.സുഹൃത്തിന്റെ ധാരാളിത്തത്തിൽ എല്ലാവരും കണ്ണുവെക്കുമ്പോൾ സൗഹൃദത്തിന്റെ ഫലപ്രാപ്തി ജലരേഖയായി മാറുന്നു.
ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്‌കാന്തി കറങ്ങിത്തിരിഞ്ഞ്  ആധുനിക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ  അത് വെറും പഴങ്കഥയായി മാറുന്നു.നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യത്തെ  ഓർത്ത് അഭിനവ സൗഹൃദം നെടുവീർപ്പിടുന്നു.
പഴമയുടെ നൊമ്പരവും,ആധുനികതയുടെ താളവും  നെഞ്ചിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു.

ആരോ....ഒരാൾ

ചിലർ ഹൃദത്തിൽ അനുവാദമില്ലാതെ കടന്നു കൂടി നമ്മിൽ നിന്നും സ്നേഹം പിടിച്ച് വാങ്ങും.പിന്നെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ് വീണ്ടും കണ്ടുമുട്ടുമെന്ന്  പ്രതീക്ഷകൾ മാത്രം നൽകി നമ്മെ തെല്ലും അറിയാതെ ഒരു ദിവസം കടന്നുപോകും.
വേർപാടിന്റെ മുഖം ...അത് പേടിപ്പെടുത്തും.അതി ക്രൂരമായി.
ചിലപ്പോഴൊക്കെ വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്യും.

നമ്മൾ തന്നോർമ്മയും ഒരുനാൾ ബാക്കിയാവും

🔸........നമ്മൾ തന്നോർമ്മയും ഒരുനാൾ ബാക്കിയാവും......🔹
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
''സൂര്യൻ ഒരു ദിവസം ഉദിച്ച് അസ്തമിക്കുന്ന സമയം നമ്മുടെ ആയുസ്സിന്റെ ഒരു ഭാഗം കൂടി കൊണ്ടുപോകും.അതറിഞ്ഞ്  വ്യസനിച്ചും സൽകർമ്മം ചെയ്തുകൊള്ളണം'' എവിടെയോ വായിച്ച വേദാന്ത ശകലമാണിത്.ജീവിതത്തെക്കുറിച്ച്....പോകുന്ന കാലത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുവാനുതകുന്ന ഇത്തരം ചിന്താസരണികളാണ് കാലവും പ്രായവും നമ്മെ കടന്ന് പോകുമ്പോൾ ആശ്വാസമാകേണ്ടത്.
എന്നാൽ പല ആൾമരങ്ങളും അഹങ്കാരത്തിന്റെ മേലങ്കികളിൽ സ്വയം തടിച്ച് മഞ്ഞുപർവ്വതമായി നിലകൊള്ളുന്നു.രാഷ്ട്രീയമായാലും,സാംസ്കാരികമായാലും,സാഹിത്യമായാലും അവനവന്റെ ഇച്ഛയ്ക്കും ഛോദനയ്ക്കും ശമനൗഷാദമായി ചെയ്ത പ്രവർത്തികൾ സമൂഹത്തിനും മാലോകർക്കും വേണ്ടി  പൂർത്തിയാക്കിയ മഹാകാലങ്ങളായ്  കൊണ്ടാടപ്പെട്ടു ഏമ്പക്കം വിടുന്ന വിടുവായാടിത്തം ഇക്കൂട്ടരുടെ മുഖമുദ്രയാണ്.
ഇതിനിടയിൽ  ജീവിക്കുന്ന കാലത്ത്  സാന്നിദ്ധ്യം കൊണ്ട് സമീപസ്ഥരെ മുഴുവൻ ഒരു മൺ ചിരാതിന്റെ ഇത്തിരി വെട്ടമായെങ്കിലും സേവിച്ച് സ്വയമെരിഞ്ഞു  വെളിച്ചം തന്നിരുന്നവരെയും....തരുന്നവരെയും സ്മരിക്കാൻ ആർക്കുണ്ട് ഇന്നുകളിൽ സമയം..?ഇവ്വിതമങ്ങനെ കാലരഥമുരുണ്ടു നീങ്ങുന്നു.
പോയ കാലത്തെ ചൊല്ലിയുള്ള വേവലാതികളിൽ  എപ്പോഴോ കേട്ട ഒരു നാട്ടുമ്പുറ കഥ ഓർമ്മ വരുന്നു.
അമ്മയോടൊപ്പം ചന്തയിൽ പോയ കുട്ടി കടയിൽ തൂങ്ങിക്കിടക്കുന്ന കിലുക്കിട്ടം(കളിക്കോപ്പ്) നായി കരഞ്ഞു.വീട്ടുസാധാനങ്ങൾ വാങ്ങി മടിശ്ശീല കാലിയായിത്തീർന്ന അമ്മയ്ക്ക് മറ്റ് വഴികളൊന്നുമില്ലാതെ രണ്ട് തല്ല് നൽകി കരച്ചിൽ നിർത്തിക്കേണ്ടി വന്നു.വീട്ടിൽ തിരിച്ചെത്തിയ കുട്ടി അച്ഛനോട് പരിഭവം പറഞ്ഞു.വിഷമം തോന്നിയ അച്ഛൻ പിറ്റേന്നാൾ ജോലികഴിഞ്ഞു വരുമ്പോൾ മകന് കുറച്ച് വിലകൂടിയ കിലുക്കിട്ടം തന്നെ വാങ്ങി കൊണ്ടു വന്നു കൊടുത്തു.അത് കയ്യിൽ കിട്ടിയ ഉടനെ കുട്ടി വീണ്ടും കരയാനാണ് തുടങ്ങിയത്.എന്താണ് കാര്യമെന്ന് അന്വേഷിച്ച രക്ഷിതാക്കൾക്ക് മുന്നിൽ അവൻ ഒന്നുകൂടി ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പറഞ്ഞു."എനിക്കിന്നലെ കിലുക്കണം" എന്ന്.
ഇന്നലെ കിലുക്കാനാവാതെ വേദനിക്കേണ്ടി വന്ന കുട്ടിയുടെയും.....അതിനവസരം നഷ്ടപ്പെടുത്തിയ രക്ഷിതാക്കളുടെ  അസ്വസ്ഥതകളുടെ ആകെത്തുകയാണ് ഈ ജീവിതം. (കാലം മാറി...ഇന്നത്തെ കുട്ടികൾക്ക് കിലുക്കിട്ടം വേണ്ട സ്മാർട്ട്‌ഫോൺ മാത്രമേ വേണ്ടൂ...)പുഴയിൽ ഒഴുകിപോകുന്ന വെള്ളത്തെപോൽ കാലവേഗത്തിൽ പൊലിഞ്ഞു തീരുന്നതാണ് ആയുസ്സും.അത് കൊണ്ട് തന്നെ ഓരോനിമിഷവും ...ദിവസവും...മാസവും..വർഷവും നമുക്ക് അവബോധങ്ങളുടെ പുതു ഊർജ്ജങ്ങളായി തീരട്ടെ.
എൻ .എൻ.കക്കാട് ചൊല്ലിയതുപോലെ........
"നീണ്ടൊരീ യാത്രതൻ വേദനകൾ.....
നീറുന്ന കാൽകളിൽ നോവുമാത്രം.
നീണ്ടൊരീ യാത്രതൻ സാദമെല്ലാം....
നീളും കിനാവിൻ നിഴലുമാത്രം.
ഓരോകവലയിൽ നമ്മളൊന്നി-
ച്ചൂണ് കഴിച്ചു വലിച്ചെറിഞ്....
വാടിക്കരിഞ്ഞൊരു നാക്കിലായായ്-
നമ്മൾ തന്നോർമ്മയും ബാക്കിയാവും.

മനുഷ്യൻ

👉👤.......യൗവ്വനത്തെ വ്യർതഥമായ ചിന്തയാൽ കൊന്ന്....
ബന്ധങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം കേൾക്കാതെ...
പുതിയബന്ധങ്ങളുടെ മരീചികകൾ തീർത്ത മനുഷ്യൻ.
ബന്ധങ്ങളുടെ വിലയറിയാതെ അവയുടെ കഴുത്തറുത്ത്  ഭ്രാന്തമായി പൊട്ടിച്ചിരിച്ച്  വ്രണിതമായ സ്വപ്നങ്ങളിൽ നിന്നും രക്തം വമിക്കുമ്പോൾ അവനറിയുന്നില്ല അവന്റെ നഷ്ടം.ഓർമ്മകളൊട്ടാകെ വിസ്‌മൃതി പുൽകുമ്പോൾ.....
ചിന്തകളൊട്ടാകെ ജീർണിതമാകുമ്പോൾ.....
നേട്ടങ്ങളൊട്ടാകെ മണ്ണോട് ചേരുമ്പോൾ ശ്മശാനത്തിൽ നിന്നട്ടഹസിക്കുന്ന മനുഷ്യൻ.
വെളിച്ചം ഭയന്ന് കണ്ണുകൾ ചൂഴ്ന്ന്  ഇരുട്ടിന്റെ മാറിൽ തല ചായ്ച്ച ഭാവനകളൊക്കെ ചിതലരിക്കുമ്പോൾ ഏകനായി കാതുകൾ കളഞ്ഞ മനുഷ്യൻ.
എല്ലാം നഷ്ടപ്പെട്ടപ്പോൾ.....ശൂന്യതയെ സ്നേഹിച്ചവൻ......
അതിനെ മനസ്സിലേക്കാവാഹിച്ചവൻ.....
അവനാണ് ......
സ്വയമറിയാതെ....മറ്റാരെയും അറിയാതെ ജീവിച്ച മനുഷ്യൻ.
തന്നെ നോക്കും സഹജീവികളുടെ കണ്ണിൽ ഈ ശൂന്യത നിറയുമ്പോൾ നേടുവീർപ്പിട്ടവൻ.
സ്വന്തം ജീവിതമൊട്ടാകെ ശൂന്യതയിൽ വിലയിക്കവെ.....
ഭൂമിക്ക് ഭാരമായി...ശാപമായി തീർന്ന മനുഷ്യൻ.....❗✔

വേർപാട്

🌷☘ബന്ധങ്ങൾ ഇന്നുകളിൽ ഒരു യാത്രയയപ്പിന്റെ വക്കോളമെത്തി നിൽക്കുന്നു.സ്നേഹപൂർവ്വമായ ആ യാത്ര ചോദിക്കലിന് യാത്രാ മംഗളം ചൊല്ലിയില്ലെങ്കിലും....സ്വയമറിയാതെയെന്ന വിധം യാത്രാനുമതിയും.മൗനാനുവാദവും നൽകും.
ചിലപ്പോഴൊക്കെ ചില മാറ്റങ്ങളും അകൽച്ചകളും നല്ലതാണ്.
കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും കഴിയും.
വേർപ്പാടിന്റെ മുഖം എത്ര വിരൂപമാണെന്ന്  തിരിച്ചറിയാൻ ഇതൊരു സഹായകമായിൽത്തീരും☘🌷

നന്ദി


💖.............കൈവെള്ള നിറയെ പവിഴമുത്തുകൾ ഒരുക്കൂട്ടും മുൻപ്...വർണ്ണഭംഗി കണ്ട് കൊതി തീരും മുൻപ്,ഹൃദയത്തിൻ കോണിലെവിടെയോ ആരുമറിയാതെ കോറിയിട്ട,കൊച്ചുസ്വപ്നങ്ങളാൽ തീർത്ത അവ്യക്തമായ നിരവധി ചിത്രങ്ങൾക്കും...മൗനത്തിൻ ഈറനണിഞ്ഞ ഭാഷയിൽ തീർത്ത....പൂർണ്ണമാകാതെ പോയ ഒട്ടനേകം നിശ്ചലകവിതകൾക്കും,വിചിത്രമായ നിറം പകരാനായി കാണാമറയത്തെ മഞ്ഞിൻ കൂടാരങ്ങളിലേക്ക് പറയാതെ മാഞ്ഞുപോകും സൗഹൃദങ്ങൾക്കിടയിലും...വാനിലെ നക്ഷത്രങ്ങൾക്കിടയിൽ കണ്ണുചിമ്മി ചിരിക്കുന്ന ചില നക്ഷത്രങ്ങളെ പോലെ ബാക്കിയാവുന്നു ചില സൗഹൃദങ്ങൾ.ഒരു നാൾ ചിറക്‌വീശിയടിച്ച് അവയും പറന്നുപോകുമെങ്കിലും .....അറിയാതെ...
ആർദ്രമായ ഹൃദയത്തോടെ....
അറിയാതെ....സ്വയമറിയാതെ മന്ത്രിച്ചു പോകും ഒരു വാക്ക്.
ഒരായിരം നന്ദി

ബന്ധങ്ങൾ

മഴയില്ലാത്ത പകലും...ദു:ഖമില്ലാത്ത സന്തോഷവും...വേദനയില്ലാത്ത സമാധാനവും ആർക്കും ഈശ്വരൻ നൽകാറില്ല.മഴമേഘങ്ങൾക്ക് സൂര്യനെ വളരെ കുറച്ച് നേരത്തേക്കെ മറച്ചുവെക്കാൻ കഴിയൂ.അല്ലാതെ ആകാശത്തിന്റെ നെറ്റിയിൽ നിന്ന് സൂര്യനെ തുടച്ചുമാറ്റാൻ ആ മേഘങ്ങൾക്ക് കഴിയില്ലല്ലോ...?
മഴമേഘങ്ങൾ പെയ്തൊഴിയുമ്പോൾ ആകാശവും ഭൂമിയും കൂടുതൽ ശോഭയോടെ തെളിയുന്നു.
ഇത് പോലെയാണ് ചില ബന്ധങ്ങളും...
വിശ്വാസത്തിന്റെ തണലിലും...നിഴലിലും നിൽക്കുമ്പോഴാണ് സ്നേഹ ബന്ധത്തിന്റെ തെളിച്ചവും...വിശുദ്ധിയും മനസിലാക്കാൻ കഴിയുക.

ദു:ഖം

മനസ്സിന് യഥാർത്ഥത്തിൽ കരുത്ത് നൽകുന്നത് ദുഃഖമാണ്. ചൂളയിൽ ചുട്ടെടുക്കപ്പെട്ട മൺപാത്രം പോലെ എല്ലാത്തിനെയും ഉൾക്കൊള്ളാനുള്ള കരുത്ത് മനസിന് നൽകാൻ ദുഃഖപൂർണ്ണമായ അനുഭവങ്ങൾക്കേ കഴിയൂ.....
വാസ്തവത്തിൽ സന്തോഷത്തേക്കാൾ ദുഃഖമാണ് രണ്ട് ഹൃദയങ്ങളെ കൂടുതൽ ഉരുക്കിയിണക്കി ചേർക്കുന്നത്.
ദുഃഖത്തിൽ നിന്നുയർത്തെഴുന്നേൽക്കുന്ന സ്നേഹ-സൗഹൃദ ബന്ധങ്ങൾ എത്രയോ ദൃഢ തയുള്ളതായിരിക്കും

ദാനം

ഒരു മനുഷ്യന് മറ്റൊരാൾക്ക് നൽകാവുന്ന ദാനം എന്താണ്....?
ശത്രുവിനാണെങ്കിൽ നൽകാവുന്ന ദാനം...മാപ്പ്.
എതിരാളിക്കാണെങ്കിൽ സഹിഷ്ണുത.
സുഹൃത്തിനാണെങ്കിൽ നല്കാവുന്നത് ഹൃദയം....
നമ്മുടെ കുഞ്ഞിനാണെങ്കിലോ..ഒരു നല്ല മാതൃക....
അച്ഛനാണെങ്കിൽ നൽകേണ്ടത് ആദരവ്...
അമ്മയ്ക്കാണെങ്കിലോ...?നമ്മളെക്കുറിച്ച് അഭിമാനം കൊള്ളാവുന്ന സ്വഭാവ ശുദ്ധി....
നാം...നമുക്ക് തന്നെ നല്കാവുന്നതോ...
നമ്മളെ ക്കുറിച്ചുള്ള അഭിമാനം

നിശബ്ദനായ്

ഒരിക്കൽ .....
എന്നെങ്കിലും പിന്നിലൊരു ഇലയനക്കം....
ഒരു പദന്യാസം...
ഒരു വസ്ത്രമർമ്മരം....കേട്ടു നീ പിന്തിരിഞ്ഞു നോക്കിയേക്കാം.
അല്ല അത് ഞാനാവില്ല...!
ഞാനപ്പോഴും കാത്തു നിൽക്കുകയാവും .....
നീ കടന്നു പോയ വഴിയേ...
യുഗങ്ങൾക്ക് ശേഷവും കാലൊച്ച കേൾപ്പിക്കാതെ നടക്കാൻ.....നിന്നെ പിന്തുടരുകയാണ് എന്ന്  വെറുതെ മോഹിച്ചുകൊണ്ട്....
ചിലപ്പോൾ പ്രണയം ഇങ്ങനെയുമാണ്.
കാലൊച്ച കേൾപ്പിക്കാതെ .....
ഹൃദത്തിലേക്ക് നടന്നു കയറാതെ അത് നിശബ്ദമായി പ്രണയിനിയെ പിന്തുടരുന്നു.
ജന്മാന്തരങ്ങൾക്കപ്പുറത്തേയ്ക്ക്

ജീവിതം

കാലചക്രമിനിയും ഉരുളും.യാത്രാപഥത്തിൽ ഇരുട്ട്‌ പരക്കും മുൻപ്‌...പ്രഭാതമോ...?പ്രദോഷമോ...എന്നറിയാതെ.
പക്ഷേ...
കാലമിനിയും ഉരുളും.കാലത്തിന്റെ ഗതിയെന്തെന്നറിയാതെ മനുഷ്യൻ ജനിക്കുന്നു.ഇനിയും കണക്കു കൂട്ടാൻ കഴിയാത്ത ആയുസ്സിൽ എന്തൊക്കെയോ നേടുവാനാശിക്കുന്നു.
അന്തമില്ലാത്ത ആശകൾക്ക്‌ നടുവിൽ സത്യവും...നീതിയും,സ്നേഹവും...സൗഹൃദവും ഒക്കെ വിസ്മരിക്കുന്നു.അൽപ്പം ചിലതൊക്കെ നേടുവാൻ കഴിയുമെങ്കിലും അനശ്വരമായതൊന്നും തന്നെ നേടുന്നുമില്ല.കിട്ടിയതൊന്നും കൂടെ കൊണ്ടുപോകാൻ കഴിയാതെ യാത്രയുടെ അവസാനത്തിൽ വഴിയിൽ ഉപേക്ഷിക്കുന്നു.
കൈകളിലൊന്നുമില്ലാതെ ജനിക്കുന്നതും...മരിക്കുന്നതും ഒരു തുടർക്കഥയായ്‌ തുടരുന്നു.നേടുമെന്നുറക്കെപറയാതെ മനസ്സിൽ പറഞ്ഞ്‌ കൈകൾ ചുരുട്ടി ഭൂമിയിൽ പിറവിയെടുക്കുന്ന പാവം മനുഷ്യൻ...
അന്ത്യയാത്രയിൽ കൈകൾ നിവർത്തി കയ്യിലൊന്നുമില്ലെന്ന് നിശബ്ദം പറയാൻ വിധിക്കപ്പെട്ട മനുഷ്യൻ.
കഴിഞ്ഞുപോയതിനും..ഇനി വരാനിരിക്കുന്നതിനും നിശബ്ദ സാക്ഷിയായ്‌ കാലചക്രം ഇനിയും ഉരുളും.അതിന്റെ പാതയിൽ ഇരുട്ട്‌ പരക്കും മുൻപേ...അറുത്ത്‌ മുറിച്ചെറിഞ്ഞെന്ന് നമ്മൾ സ്വയം കരുതുമ്പോഴും മുറിഞ്ഞുപോകാത്ത ചില ബന്ധങ്ങളുണ്ടാകാം.അവയെ തിരിച്ചറിയുക.അത്‌ സൗഹൃദമോ...രക്തബന്ധമോ..എന്തായാലും അവയുടെ വില മനസ്സിലാകുക.കാരണം ചില ബന്ധങ്ങൾക്ക്‌ മുറിവുണക്കാനും...നോവകറ്റാനും കഴിയും.ഇങ്ങനെയുള്ള ബന്ധങ്ങളെ പലപ്പോഴും ജീവിതയാത്രയുടെ ആദ്യത്തിലല്ല അവസാനത്തിലേ തിരിച്ചറിയാൻ കഴിയൂ.അപ്പോഴെക്കും ഒരുപാട്‌ വൈകിയിരിക്കും.കൂടെ കൂട്ടണമെന്ന് ഒരുപാടാഗ്രഹിച്ചാലും കൂടിച്ചേരാത്തത്ര ഒരുപാടകലത്തിലേക്ക്‌ നീങ്ങി കഴിഞ്ഞിട്ടുണ്ടാകും നാമൊക്കെ.
ഈ യാത്ര അവസാനിക്കുന്നതിനു മുൻപേ തിരിച്ചറിയുക.തിരിച്ചറിയാൻ ശ്രമിക്കുക.

മരണം

കൂടെ പിറന്നപോൽ....ഒരുവൻ-
ജനിക്കുമ്പോൾ....കൂടെ-
ജനിക്കുന്നു...മരണവും..
അവരാണ്‌ സഹോദരന്മാർ..!
തുടർന്നുള്ള കാലമത്രയും...മരണത്തോട്‌-
കൂട്ടുകൂടാൻ വിസമ്മതിച്ചു ജീവനും..
ഭയത്താൽ ജീവൻ.... മരണത്തെ...
തനിച്ചാക്കി തുടർന്നു സ്വന്തം-
യാത്ര.
മരണമൊരു യാത്രയാണ്‌....
ദു:ഖ പൂരിതമാമീ ജീവിതത്തിൽ-
നിന്നുമൊരു പുതു ജീവനിലേക്ക്‌....
സന്തോഷമാം വസന്തത്തിലേക്ക്‌...
എന്നിരുന്നാലും...
യാഥാർത്ഥ്യ മുൾക്കൊള്ളാൻ-കഴിയാതെ...
ജീവന്റെ ശത്രുവായ്‌ തീർന്നു...
അവൻ ജനനം മുതൽ നമ്മോട്‌-ഒരു
നിഴൽ പോലെ പിച്ചവെച്ച്‌ നടക്കുന്നു..മരണവും.
കാലിടറുന്ന ജീവിതത്തിനു-ഒരു
തിരശീലയെന്ന പോൽ...
ഒരു കൈതാങ്ങായ്‌.....
ഒരു വിരാമമായ്‌........
അവൻ കാത്തിരിക്കുന്നു.
അതെ.....അതാണ്‌ മരണം....!

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

വിരഹം

ഓരോ മഴത്തുള്ളികളും
കൈവിട്ടു പോകുമ്പോൾ...
മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും.
തേങ്ങുന്ന മനസ്സോടെ...
അവർ ചോദിക്കും...
നീ എന്നെ മറക്കുമോ..
ചോദ്യത്തിന് മറുപടിയില്ലെങ്കിൽ കൂടി ഇരുകൂട്ടർക്കുമറിയാം.ഈ ബന്ധത്തിന് പെയ്തൊഴിയും വരേയെ ആയുസ്സുള്ളൂവെന്ന്.
മനുഷ്യജീവിതത്തിലെ ചില ബന്ധങ്ങളും ഇങ്ങിനെ തന്നെയാണ്.

2016, ഏപ്രിൽ 6, ബുധനാഴ്‌ച

പ്രണയം

എന്റെ കൈത്തലം മുറുകെ പിടിച്ച് അവൾ നിശ്ശബ്ദയായി നിന്നു. അവളുടെ സ്പർശം എന്റെ ആധുരതകൾക്ക് അവസാനമില്ലാത്ത ഉത്തരമായി.അല്പനേരം കഴിഞ്ഞ് ഒരു നിശ്വാസത്തോടെ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു
      ക്ഷമിക്കൂ....!
ഞാൻ നിന്നോട് എന്തൊക്കെയോ പറഞ്ഞു.
സാരമില്ല-എന്നൊരു ചെറുചിരിയോടെ അവൾ അടുത്ത് നിന്നും എഴുന്നേറ്റ് പോയി.
ചരൽ പാതയിലൂടെ പതിഞ്ഞ കാൽവെപ്പുകളുമായി  അവൾ നടന്നു നീങ്ങുന്നത് ഒട്ടൊരു വ്യഥയോടെ ഞാൻ നോക്കി നിന്നു. ചുറ്റും നിശബ്ദമായി നിന്നിരുന്ന മരങ്ങളിൽ ഒരു മെലിഞ്ഞ കാറ്റ് വീശിക്കൊണ്ടിരുന്നു.അതിന്റെ അലിവിൽ വർഷങ്ങൾക്ക് ശേഷം എന്റെ മനസ് ശാന്തമായി.
ഉള്ളിലെ തരിശിൽ തണുത്തുറഞ്ഞിരുന്ന സഹസ്രാബ്ദങ്ങളുടെ പ്രണയം ഉഷ്ണമഴയായ് ഉരുകിയൊലിക്കുന്നതറിഞ്ഞു കൊണ്ട് ഞാനൊരു മയക്കത്തിലേക്ക് കണ്ണടച്ചു.

ബന്ധങ്ങൾ അകലാതിരുന്നെങ്കിൽ

ഓർമ്മകളെ മറവിയെന്ന ഖബർസ്ഥാനിൽ മറമാടി... അതിനു മീതെ വിദ്വേഷത്തിന്റെയും,അപരിചിതത്വത്തിന്റെയും മീസാൻ കല്ലും നാട്ടി ...ആത്മാർത്ഥത എന്ന മതിൽകെട്ടും ഭേദിച്ച് പുറത്തേക്ക് കടന്ന് ആർത്തട്ടഹസിച്ച് ചിരിക്കാൻ വെമ്പൽ കൊള്ളുന്ന യുവത്വമേ...
കഴിഞ്ഞു പോയ ജീവിതത്തിന്റെ  ഇരുളും,വെളിച്ചവുമുതിർന്ന ആ വഴികളിൽ ഒരു കുഞ്ഞു തിരിനാളം എപ്പോഴെങ്കിലും മിന്നിപൊലിഞ്ഞിരുന്നില്ലേ...?
ഒരുപക്ഷേ, സ്‌നേഹത്തിന്റെ....
അല്ലെങ്കിൽ സൗഹൃദത്തിന്റെ...
അതുമല്ലെങ്കിൽ തീവ്ര ബന്ധങ്ങളുടെ...
          ചിലതൊക്കെ ഉൾത്തടങ്ങളിൽ മുറിവേല്പിച്ചിട്ടുണ്ടാകും...വേറെ ചിലത് ആ മുറിവുകളുടെ നീറ്റലും,നൊമ്പരവും കുറക്കാനും ശ്രമിച്ചിട്ടുണ്ടാകും.പ്രതീക്ഷകൾക്കുമപ്പുറം.
കാരണം...ഓരോ പ്രതീക്ഷയും ഓരോ പുൽനാമ്പായിരുന്നില്ലേ...?നാളെയെന്ന വർണ്ണശഭളതയിലേക്ക്...ഇന്നലെകളിൽ നിന്നും ഇന്നുകളിലേക്കുള്ള യാത്രയിലേക്ക്.
ഇതിനിടയിൽ നാം തഴഞ്ഞവരേക്കാൾ നമ്മെ അടർത്തി മാറ്റിയവരായിരിക്കും കൂടുതൽ.
എന്നിട്ടും ചിലത് ബാക്കിയുണ്ടായിരുന്നിരിക്കും.ഒരു കാറ്റിലും ഉലയാതെ... അണയാതെ ..കാലം മങ്ങലേല്പിക്കുമെങ്കിലും ..ആ മങ്ങിയ പ്രകാശമെങ്കിലും നൽകുന്ന ഒരു കുഞ്ഞു തിരിനാളം...ഇല്ലേ...?