2016, ജൂലൈ 29, വെള്ളിയാഴ്‌ച

സൗഹൃദം....പ്രണയമാകുമോ....?(ചെറുകഥ)


കാലത്തിന്റെ തുറന്നിട്ട വാതായനത്തിലൂടെ ഒരു തണുത്ത കാറ്റ് കടന്നു വന്നപ്പോൾ എന്റെ ഓർമ്മകൾക്ക് ദുഃഖത്തിന്റെ മൗനവും,വിരഹത്തിന്റെ തീക്ഷണതയും മണക്കുന്നുണ്ടായിരുന്നു.
മനസ്സിലെ നിറം മങ്ങാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും അവളുടെ ചിത്രവുമുണ്ടായിരുന്നു.മനസ്സിലേക്ക് കുറെ നല്ല ഓർമ്മകളെ സമ്മാനിച്ച യാത്രകളിൽ നിന്ന് തന്നെയായിരുന്നു എനിക്കവളെ സുഹൃത്തായി ലഭിച്ചത്.
അവൾ നടന്ന വഴികൾ മൗനത്തിന്റേതായിരുന്നു.പുസ്തകങ്ങളുടെ ഇടയിൽ മാത്രം ചിലവഴിച്ചിരുന്ന അവൾ അപൂർവ്വമായേ ആരോടെങ്കിലും സംസാരിച്ചിരുന്നുള്ളൂ.അത് കൊണ്ട് തന്നെ അവളോട് സംസാരിക്കാൻ എനിക്ക് ഒരുപാട് തയ്യാറെടുക്കേണ്ടി വന്നു.പരിചയപ്പെട്ടത് മുതൽ അവൾ എന്റെ നല്ല സുഹൃത്തായി.അവൾക്ക് ലഭിച്ച നല്ല സുഹൃത്തായിരുന്നോ ഞാൻ...?അതോ മറ്റെല്ലാവരേം പോലെയോ..അതറിയില്ല എനിക്ക്.അന്നും ഇന്നും...
ഈ സൗഹൃദം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിനിടയിൽ എവിടെയെങ്കിലും വെച്ച് ഈ സൗഹൃദം എന്നുള്ളത് അവൾ അറിഞ്ഞിരുന്നില്ലേ.അതോ അവളത് മനപ്പൂർവ്വം മറന്നതാണോ..?
ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ ദിവസങ്ങൾ കടന്നു പോയി.ഉണർവിന്റെ ലഹരിയിൽ നിന്ന് വിടപറയേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു...അത് കൊണ്ടായിരുന്നു വേർപിരിയലിന്റെ കുറിച്ച് മാത്രം സംസാരിച്ചിരുന്നത്.പഴയ ഓർമ്മകളിലേക്ക് തിരിച്ചു വരണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു.ഒപ്പം ഞാനും.പക്ഷേ എനിക്കറിയാമായിരുന്നു ഇനിയൊരിക്കലും എനിക്കാ നാളുകളിലേക്ക് തിരികെ പോകാൻ കഴിയില്ലെന്ന്. ഒരു പക്ഷെ ജീവിത നാൾവഴി യെന്ന  ആ വലിയ അന്തരം തന്നെയായിരിക്കാം കാരണം.
ദിവസങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു.കണ്ടുമുട്ടാറുണ്ടായിരുന്ന
വൈകുന്നേരങ്ങളിൽ അവൾക്ക് പറയാനൊരുപാടുണ്ടായിരുന്നു.നഷ്ടപ്പെടുന്ന സൗഹൃദത്തെ പറ്റി....കഴിഞ്ഞുപോയ കുറെ നല്ല നാളുകളെക്കുറിച്ച്...അപ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർത്തു...എന്തിനായിരുന്നു ഇങ്ങനെ അടുത്തത്.അവസാന നിമിഷങ്ങളിലെപ്പോഴോ ഞാൻ അവളോട് പറഞ്ഞു.ഞാനിനി അവിടേക്ക് വരില്ല.അവൾ ഒന്നും തന്നെ മറുപടി പറഞ്ഞില്ല.പക്ഷെ പിന്നീടെപ്പോഴോ അവൾ പറഞ്ഞു.എനിക്കറിയാം...നീ ഇങ്ങോട്ട് തന്നെ വരുമെന്ന്.
പറയാൻ മറന്നുപോയ യാത്രാമൊഴിയുമായ് ഞാനാ പടിയിറങ്ങി.ഋതുക്കൾ നിരവധി തവണ ചായം തേച്ചുമിനുക്കിയിട്ട്  വേഷങ്ങൾ മാറി കടന്നുപോയി....അവിടെ അവൾ ഇന്നും എന്നെ കാത്തിരിക്കുന്നുണ്ടാവുമോ..?
ഭൂതകാലത്തിന്റെ ഇരുളടഞ്ഞു പോയ ഇടനാഴികളിൽ ഇന്നും അവളുണ്ട്.അവളുടെ സ്വരം കാതിൽ മുഴങ്ങുന്നു.ഞാനവളോട് എത്രയോ വട്ടം സംസാരിച്ചിരുന്നു.
ജീവിതത്തെപ്പറ്റി....ഇവിടത്തെ ബന്ധങ്ങളെപ്പറ്റി..പിന്നെ എന്തിനെയൊക്കെയോ പറ്റി.
        സത്യത്തിൽ ഞാനവളെ സ്നേഹിച്ചിരുന്നുവോ...?അറിയില്ല.എനിക്കെന്നും അന്യമായ ആ മനസ്സിലേക്ക് കടന്നു കയറാൻ ഞാൻ ഒരു പാഴ്ശ്രമം നടത്തി എന്നത് സത്യമാണ്.
ഹൃദയത്തിൽ ആരോ മുള്ളുകൊണ്ട് കോറുന്നു.
ജീവത യാത്രയുടെ വണ്ടി പുറപ്പെടുകയായി.പുറത്ത് അവൾ വീണ്ടും ഓരോർമ്മയാകുന്നു.ഇപ്പോൾ എന്റെ കണ്ണുകൾ നിറയുന്നു.എന്റെ ഹൃദയത്തിന്റെ കോണിൽ അവളും ഉറങ്ങുകയായിരുന്നു...എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.വേണ്ട അവൾ ഉറങ്ങട്ടെ സമാധാനത്തോടെ...നല്ലൊരു നാളെയും സ്വപ്നം കണ്ട്.
സ്വപ്‌നങ്ങൾ കീഴടക്കി ജീവിതത്തിൽ എത്തുമ്പോൾ പലരുടെയും ലോകത്തിന് വലിപ്പം കൂടുന്നു.ആ കാലത്ത് മനസ്സിൽ പെറുക്കി കൂട്ടിയ മാണിക്യകല്ലുകൾക്ക് മേലെ ചപ്പും,ചവറും വന്നടിയുന്നു.വസന്തവും,പൂക്കളും കൊഴിഞ്ഞു പോകുന്നു.
ഒപ്പം നല്ലൊരു മനസ്സും......!

2016, ജൂലൈ 28, വ്യാഴാഴ്‌ച

ജീവിതം

എല്ലാം ഒന്ന് കലങ്ങിത്തെളിയുമെന്ന് കരുതി...
പക്ഷേ...കൂടുതൽ കൂടുതൽ കലങ്ങിമറിഞ്ഞു കൊണ്ടേയിരിക്കുന്നു.ഓരോ നിമിഷവും...
ഇന്നലെ എന്നൊന്നില്ല...ഇന്നുമില്ല..ഇനി നാളെ അതുണ്ടാകുമോ..അതും അറിയില്ല.
ഒരു കനലായ് എരിഞ്ഞു ...കടലായി അലയടിക്കുന്നു....ജീവിതം തന്നെയും...ഉൾഭിത്തിക്കുറപ്പേറിയാൽ കുറച്ചൊക്കെ പിടിച്ചു നിർത്താൻ കഴിഞ്ഞേക്കും...അതിന് ആദ്യമേ അടിത്തറ ബലമുള്ളതാകണം...അതില്ലെങ്കിൽ തകർന്നു പോകും ഓരോ ജീവിതവും

2016, ജൂലൈ 22, വെള്ളിയാഴ്‌ച

അവൾ....വീണ്ടും ഓരോർമ്മയായ്...(ചെറുകഥ)


എന്നും ഓർമ്മയുടെ പിശകായി മാറിയ കണ്ണട മാറ്റിവെച്ച് ഇറയത്ത് കിടന്നിരുന്ന പ്ലാസ്റ്റിക്ക് കസേരയിൽ ഇരുന്ന് ഒരു തർപ്പണം പോലെ ഞാൻ വീണ്ടും മുറ്റത്തേക്ക് നോക്കി.ഏത് നനുത്ത കാറ്റിലും തുളുമ്പുന്ന തെങ്ങോലകളെ കാണുമ്പോൾ എനിക്കവളെ ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.താളത്തോടെ ആടുന്ന ആ ഇലകളിലൂടെ ഞാൻ ഒരു നർത്തകിയുടെ രൂപം കനപ്പിച്ചെടുക്കും.അതിലൂടെ ഒന്ന് മുങ്ങിക്കുളിക്കാൻ വെമ്പുമ്പോൾ ഓർമ്മകൾ വീണ്ടും വന്ന് എന്നെ ശ്വാസം മുട്ടിക്കും.
കാലത്തിന്റെ പുസ്തകത്തിൽ ഞാൻ അവൾക്ക് ഒരു നിഴൽ പോലെയായിരുന്നോ...?
അതോ ഓർമ്മത്തെറ്റോ...?
അവളെക്കുറിച്ച് എല്ലാമെനിക്കറിയാമായിരുന്നു.ഒരു പക്ഷെ എന്നെ കുറിച്ച് അധികമൊന്നും അറിയണമെന്ന് അവൾക്ക് തോന്നിയില്ലായിരിക്കാം.ആ അറിവുകളുടെ വേരുകളിലും,ശാഖകളിലും അറിയാത്ത ഒന്നായി ഞാൻ ഉടക്കി നിന്നിരുന്നോ...?അതോ കണ്ണട പോലെ വീണ്ടും ഓർമ്മയുടെ പിശകായി മാറിയോ..?
നൊമ്പരങ്ങൾ എന്നും എന്റെ ഇഷ്ട സംവേദനങ്ങളായിരുന്നു.കണ്ണുനീരിന്റെ പരപ്പിൽ തേടി മയങ്ങുന്ന നിർവൃതി.വായിച്ചുകൂട്ടിയ പുസ്തകങ്ങൾ,കേട്ടുതഴമ്പിച്ച പാട്ടിൻ ശകലങ്ങൾ..അങ്ങനെ മഴയെ തഴുകി വന്ന നീല മേഘം കണ്ടപോലെ അവളും എനിക്ക് ഒരു വേദനയായി മാറി.അതിലൂടെ കിടന്ന് പിടച്ച് എന്നും ഓർമ്മകളുടെ തടവറയിൽ കഴിഞ്ഞു കൂടുവാൻ എനിക്കെന്തോ ആർത്തിയാകുന്നു.ചിരി ഒരക്ഷരത്തെറ്റായി എന്നിൽ നിന്നും വഴുതി വീണ സമയ നീക്കങ്ങൾക്ക് ശേഷം ഞാനൊരു കുറ്റബോധമായി മുഖം മൂടി വലിച്ചുകീറി.എങ്കിലും പിന്നീട് രാത്രിയുടെ അന്ധകാരത്തിൽ എനിക്ക് വെറുതെ ഒന്ന് ചിരിക്കണമെന്ന് തോന്നി.മനസ്സിന്റെ വിശുദ്ധിയിൽ എഴുതാത്ത കവിതയായും,പാടാത്ത പാട്ടായും ആ മുഖം എന്റെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു.
നിറ നിലാവിനെ തലോടുന്ന ആ മുഖത്തെ കൺതടാകങ്ങളിലെ നിശ്ശബ്ദതയോട് എനിക്ക് ബഹുമാനം മാത്രമായിരുന്നു.പതിയെ ചിരിച്ചു മയങ്ങുന്ന ആ മുഖം ഞാൻ കണ്ടിട്ടേയുള്ളൂ..തൊട്ടു നോക്കിയിട്ടില്ല...സത്യം.
എങ്കിലും ആ ശബ്ദം തിരിച്ചറിഞ്ഞ നിമിഷത്തിൽ എനിക്ക് ആനന്ദമായിരുന്നു.ഒരു ചെറിയ കുട്ടിയുടെ ആഹ്ലാദം പോലെ...നിഷ്കളങ്കമായ ഒരസൂയപോലെ.ആ മധുര ശബ്ദവുമായി ഉടക്കി നിൽക്കേണ്ടി വന്നപ്പോൾ എനിക്ക് അവളോട് പറയണമെന്ന് തോന്നിപ്പോയി.എനിക്കിഷ്ടമായിരുന്നു....ശതകോടി നക്ഷത്രങ്ങളെക്കാൾ...അധികമായി..
ഈ ...പ്രപഞ്ചത്തിന്റെ.....
വാക്കുകൾ മുഴുമിപ്പിക്കാതിരുന്നത് നന്നായി എന്ന് എനിക്ക് പിന്നെ എന്തുകൊണ്ടോ തോന്നി.
എങ്കിലും വേദനയില്ല.തടവറയുടെ മുറുകുന്ന സംഗീതം മാത്രം ബാക്കിയാവുന്നു.
പ്രതീക്ഷിച്ച മഴ പെയ്തു തീർന്നപ്പോൾ ആകാശം പോലെ മനസും തെളിയുന്നു...
പക്ഷേ....ഇഴഞ്ഞു നീങ്ങുകയും കറങ്ങിത്തിരിയുകയും ചെയ്യുന്ന കാലത്തിന്റെ മാറ്റങ്ങളെ ആരാണ് എണ്ണിതീർക്കുക...?അല്ലെങ്കിൽ തന്നെ മാറ്റങ്ങൾക്ക് മാത്രം ഒരിക്കലും മാറ്റമില്ലല്ലോ....?

2016, ജൂലൈ 20, ബുധനാഴ്‌ച

വീണ്ടും...ഒരിക്കൽ കൂടി(ചെറുകഥ)

അക്ഷരങ്ങൾ സ്നേഹത്തിന്റെ ദൈവകാരുണ്യലിപികളാണെന്നും....അക്ഷരങ്ങൾ തെറ്റരുതെയെന്നും....ആരോ ഉള്ളിന്റെ ഉള്ളിൽ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
നമുക്കിടയിലെ അകലം കടലല്ല.മറിച്ച് നിന്റെ ജീവിതയാത്രയിലെ വഴിവിടവാണ്.ഞാൻ വായിച്ചു തീർന്ന പുസ്തകം പോലെ നീ മുഖം മടക്കി സൂക്ഷിച്ചപ്പോൾ വസന്തത്തിന്റെ വേദന...ചിറകടരുന്ന പൂമ്പാറ്റയുടേതാണെന്ന്  ആരാണെന്നോട് ശാസ്ത്രം പറഞ്ഞത്...?
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളുമായി...ഇഷ്ടാനിഷ്ടങ്ങളുടെ പടിക്കെട്ടുകളിറങ്ങുമ്പോൾ...വീണ്ടും ആരോ ഓർമ്മിപ്പിച്ചു.ഇത് ശലഭങ്ങളുടെ ശവകുടീരമാണെന്ന്.വാക്കുകൾ തൂലികയിലൂടെ ജാലവിദ്യകൾ കാണിച്ചിരുന്ന ആ പഴയ കാലത്തിന് മങ്ങലേറ്റുവോ..?അതോ..അവ എവിടെയെങ്കിലും നഷ്ടപ്പെട്ടുവോ..?ഇല്ല.പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല.അല്ലെങ്കിൽ ആ മനോഹരതീരത്തിലൂടെ നടക്കാൻ എന്നെ പ്രേരിപ്പിച്ചതെന്താണ്...?കാട്ടാറിന്റെ സംഗീതത്തിന് ഒരമ്മ കുഞ്ഞിനെ തലോടുന്ന സുഖമുണ്ടെന്ന് തോന്നിയിരുന്നു.ഇപ്പൊ..ആ സംഗീതത്തിന് മാറ്റം വന്നുവോ..?ഇല്ല...എല്ലാം വെറും തോന്നാലുകളാണ്.ആദ്യം എവിടേക്കാണ് പോകേണ്ടതെന്ന് അറിയാതെ ഞാൻ ചുറ്റും നോക്കി.അകലെ ചുവന്ന പൂക്കൾ ചൂടി ആരെയോ കാത്തിരിക്കുന്ന ആ മരം എന്നെ സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മുറിയുടെ മൂലയിൽ എന്നിലെ ഭാവനയെ സൂചിപ്പിക്കുന്നതുപോലെ ഇരുമ്പ്പെട്ടി പൊടി പിടിച്ചിരിക്കുന്നു.ആരും അതിൽ വികൃതി കാട്ടിയിട്ടിട്ടില്ലെന്ന് കണ്ടപ്പോൾ ആദ്യം സന്തോഷിച്ചു.അല്ല കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് എന്റെ ഓർമ്മകളും ഒലിച്ചുപോയത് കൊണ്ടാകാം അത് ശ്രദ്ധിക്കാതെ കിടക്കുന്നതെന്ന് കുറ്റപ്പെടുത്തുവാൻ തുടങ്ങുമ്പോഴേക്കും...നീയും എപ്പോഴെങ്കിലും വേണ്ടപ്പെട്ടവരെ ഓർക്കാറുണ്ടോ...?വീണ്ടും മനസ്സിനുള്ളിൽ നിന്ന് ആരോ ചോദിച്ചപ്പോൾ...ആ ...ചോദ്യത്തിന്റെ പ്രകമ്പനം എന്നെ മൗനിയാക്കി.
ഓർമ്മകൾ ത്തേട്ടി നിൽക്കുന്ന എന്റെ ഗ്രാമത്തിലേക്ക് എനിക്കെന്നെങ്കിലും തിരിച്ചുവരണം.മാണിക്യം കാത്തുപോന്ന സർപ്പങ്ങളതിലേ ഇഴയുന്നുന്നുണ്ടാകാം..മാറ്റു കൂട്ടുവാൻ മാണിക്യമൂതിയൂതി അവ മണ്ണിലിഴയുന്നുണ്ടാകാം.....മനസ്സിന്റെ തൃപ്തിയിൽ അവർ അതിനെ അജ്ഞാതമായ കോണിൽ ഒളിപ്പിച്ച് വെക്കുന്നു.നടക്കല്ലിറങ്ങുമ്പോൾ എനിക്കും സൂക്ഷിക്കണം..വീണ്ടും വഴുതി വീണ് അടിതെറ്റാതിരിക്കാൻ..മനസിന്റെ ജാലകങ്ങളിൽ  കുരുങ്ങിക്കിടക്കുന്ന മാണിക്യത്തെ ഊതിയൂതി മാറ്റു കൂട്ടണം.
ഇനിയും നെയ്ത് കൂട്ടുവാൻ ഒരുപാട് കഥകൾ...ചികഞ്ഞെടുക്കുവാൻ ഒരുപാടോർമ്മകൾ..ആ ഓർമ്മകൾ എന്നുമുണ്ടായിരിക്കട്ടെ.
അതെ..യഥാർത്ഥ പ്രയാണം ആരംഭിക്കുകയായി.ഓരോ വൈതരണികളും
അതിവേഗം പിന്നിടണം.പിടയുന്ന കുറെ ഓർമ്മകളും,നഷ്ടസ്വപ്നങ്ങളും മാത്രമാണ് കൂട്ട്.വരണ്ട ചതുപ്പ് നിലങ്ങൾ കണ്ടപ്പോൾ എന്ത് കൊണ്ടോ എന്റെ ഹൃദയത്തോട് സാദൃശ്യം തോന്നി.ഇല്ല.ഇനി തളരരുത്.ലക്‌ഷ്യം ഒരു മരീചികയാണെങ്കിൽ പോലും.വാസ്തവത്തിൽ ഈ യാത്രാന്ത്യത്തിൽ ബാധ്യതകൾ നിറവേറ്റാനുള്ള കരുത്ത് സംഭരിക്കാനാവുമോ...?അതോ അവയിൽ നിന്ന് ഒളിച്ചോടേണ്ടി വരുമോ...?ഈ ചിന്തകളൊക്കെയും മനസ്സിലിട്ട് അമ്മാനമാടുമ്പോൾ ....മരണം രംഗബോധമില്ലാതെ കടന്നു വരുമോ...?
ഇനിയും ഞാൻ എന്തെഴുതാൻ.. നീ തുറന്നു വായിക്കാത്ത എന്റെ ഹൃദയത്തെക്കുറിച്ചോ...
അതിലെ ഇനിയുമുണങ്ങാത്ത മുറിവുകളുടെയും,അതിന്റെ വേദനകളെ കുറിച്ചുമോ..വയ്യ...!
നിനക്കറിയില്ല...അത് എനിക്കറിയാം...
നീ...എന്നെ അറിഞ്ഞിരുന്നില്ലെന്ന്...!!!

2016, ജൂലൈ 17, ഞായറാഴ്‌ച

ജീവിതത്തിലെ ചില കണക്കുകൂട്ടലുകൾ

ചില തിരിച്ചറിവുകൾ നമുക്ക് നൽകുക ജീവിതത്തിൽ ഒരു വലിയ പാഠമാണ്.ഇതിലെ പഠ്യേതര വിഷയങ്ങളിൽ ഒന്ന് രക്ത ബന്ധങ്ങളാകും.രണ്ടാമത്തേത് സ്നേഹബന്ധങ്ങളാകും,മൂന്നാമത്തേത് പ്രണയ ബന്ധങ്ങളാകും,നാലാമത്തേത് സൗഹൃദബന്ധങ്ങളാകും..അങ്ങിനെ നീണ്ടുപോകും ഒരു തനിയാവർത്തനം പോലെ.ഇതിലെ ചില കണ്ണികൾ പൊട്ടി പോയാൽ പിന്നെ പഴയപോലെ വിളക്കിചേർക്കാൻ ബുദ്ധിമുട്ടായി തീരും.എങ്ങിനെയൊക്കെ കൂട്ടിക്കിഴിച്ച് നോക്കിയാലും ,ഹരണപ്രക്രിയയും,ഗുണനപ്രക്രിയയും നടത്തി നോക്കിയാലും അവസാനം നമ്മുടെ ഭാഗത്ത് ലഭിക്കുന്ന ശിഷ്ടം ശൂന്യ(പൂജ്യം)മായിരിക്കും.ചില കണക്ക് കൂട്ടലുകൾ നടത്തുമ്പോൾ തിരുത്തലുകൾക്ക് ഇട നൽകാത്ത വിധം വ്യക്തത വരുത്താൻ പ്രയത്നിക്കും.എപ്പോഴൊക്കെയോ ആ പ്രയത്നം വിഫലമായി തീരുമ്പോൾ പിന്നീട് അവിടെ ഒരു മാറ്റി തിരുത്തലുകൾക്ക് പ്രായോഗികതയും,സ്ഥാനമില്ലാതെയും വരും.

2016, ജൂലൈ 15, വെള്ളിയാഴ്‌ച

ചില പ്രണയങ്ങളും.....സൗഹൃദങ്ങളും


ദൂരേക്ക് പോയാലും തിരിച്ചു വരാനാവുന്ന വിധത്തിൽ ചില നല്ല പ്രണയങ്ങളും,സൗഹൃദങ്ങളും ചില വഴികളിൽ അവശേഷിക്കാറുണ്ട്.ചില നേരങ്ങളിൽ താൻ ഒറ്റക്കാണെന്നും...എന്തിനോ വേണ്ടി ദുഃഖിതനാണെന്നും  തിരിച്ചറിഞ്ഞ് ഇതിൽ ഏതെങ്കിലും ഒന്ന് ദൂരെ നിന്ന് നമ്മെ മാടിവിളിക്കുന്നു....
            .....വരുന്നോ.....?
ഓർമ്മിക്കാൻ ഇങ്ങനെ ഒരു വഴി ബാക്കി കിടക്കുന്നുണ്ടെന്നും....മറക്കല്ലേ...എന്നും പറയുന്നു.
അതിനൊന്ന് സമ്മതം മൂളിയാൽ മതി.മനസിന്റെ മറവിയാകാശത്ത് നിന്ന്..മഴവില്ലുകൾ പതിയെ വിടരുകയായി.നെഞ്ചിൻകൂടിലെ മുവന്തി ചോപ്പിൽ ഒരായിരം മിന്നാമിന്നികൾ ഒരുമിച്ച് തെളിഞ്ഞപ്പോലെ.....
നല്ല പ്രണങ്ങൾക്കും...സൗഹൃദങ്ങൾക്കും  നന്നായി പിൻവിളിക്കാൻ അറിയാം.
അത് കേട്ടാൽ സൗഹൃദ-പ്രണയാനുരാഗികൾക്ക് പോവാതിരിക്കാനുമാവില്ലെന്ന് ....ആ പ്രണയത്തിനും, സൗഹൃദത്തിനുമറിയാം.

2016, ജൂലൈ 12, ചൊവ്വാഴ്ച

അസ്തമയം


നിമിഷങ്ങളും,മണിക്കൂറുകളും,ദിവസങ്ങളും...ഒന്നിനു പിറകെ മറ്റൊന്നായ് കൊഴിഞ്ഞു വീഴുന്നു.പറഞ്ഞുതീർക്കാൻ ഒരുപാട് ബാക്കി കിടക്കുന്നു.ഒരു നീണ്ട കഥ പോലെ.അതിനുള്ള അവസരം.അതാണ് പ്രധാന്യമർഹിക്കുന്നത്.പക്ഷെ അത് തന്നെയാണ് ചില തിരക്ക് പിടിച്ച ജീവിതങ്ങളിൽ എത്തിപ്പെടാത്തതും.അല്ലെങ്കിൽ തന്നെ സ്വന്തം നഷ്ടങ്ങൾക്കൊരിക്കലും വീണ്ടെടുപ്പില്ലല്ലോ...!ചിലർ സ്വയം നഷ്ടപ്പെടുത്തുന്നു.നവ ബന്ധങ്ങൾ അതിന്റെ ആകർഷണീയത,പരിലാളനകൾ,സൗകുമാര്യം ഇതൊക്കെയോ അതുമല്ലെങ്കിൽ ദേഷ്യം,വൈരാഗ്യം,വിശ്വാസക്കുറവ്,പിണക്കം...അങ്ങിനെപ്പോകുന്നു കാരണങ്ങൾ.ചിലർക്ക് സ്വയമറിയാതെയും നഷ്ടപ്പെടുന്നു.അതിൽ എല്ലാം പെടും.സമാധാനം,സന്തോഷം,സ്നേഹം,പ്രത്യാശ,പ്രണയം,സൗഹൃദം,ആദരവ്,വിശ്വാസം...ഇതെല്ലാം ഒരിക്കൽ നഷ്ടപ്പെട്ടുപോയാൽ പിന്നെ എത്ര ശ്രമിച്ചാലും ഒരു വീണ്ടെടുപ്പ് ഉണ്ടാകില്ല എന്ന സത്യം പലപ്പോഴും പലരും മറന്നു പോവുകയാണ് ജീവിതത്തിൽ.പുതു ഉണർവുകളെ തേടുമ്പോൾ പലപ്പോഴും പഴമയുടെ പരിരംഭണം എന്നോ കളിച്ചു മടുത്ത ഒരു കളിപ്പാട്ടം പോലെയാകും ചിലരുടെ മനസ്സിൽ. നമ്മിൽ ചില മനസ്സുകൾക്ക്  കാന്തീകധ്രുവങ്ങളെക്കാൾ ശക്തികൂടുതലാണ്.ആകർഷിക്കാനും,വികർഷിക്കാനും പെട്ടെന്ന് സാധിക്കും.എന്തിനേറെ ഏറ്റവും വലിയ ആകർഷണ വസ്തു മനുഷ്യൻ തന്നെയല്ലേ...?
ചിന്തകൾ ബാല്യവും,കൗമാരവും,യൗവ്വനവും കടന്ന് അസ്തമയത്തിലേക്കെത്തുമ്പോൾ..ശരിയും,തെറ്റും വേർതിരിക്കാൻ കഴിയുന്നില്ല.എങ്കിലും ഒന്നറിയാം...എവിടെയോ...തെറ്റല്ലാത്ത ഒരു ശരിയുണ്ട്...അത് ഒരു പക്ഷേ........?

2016, ജൂലൈ 8, വെള്ളിയാഴ്‌ച

കാലം എല്ലാം മായ്ക്കട്ടെ

മനസിന്റെ കോണിലെവിടെയോ...മങ്ങി പ്രകാശിച്ചുകൊണ്ടിരുന്ന ഒരു നുറുങ്ങുവെട്ടം...അതൊരു ആളിക്കത്തലോടെ അവസാനിച്ചു.കെടാതെ കാത്തുസൂക്ഷിക്കാനുള്ള പരിശ്രമത്തിനിടയിൽ തോൽവിയെന്ന അഗാധതയിലേക്ക് വഴുതിവീഴുകയും ചെയ്തു.ചില തോൽവികൾ ചിലരെ വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരിപ്പിക്കും.മറ്റു ചിലരെ ശൂന്യതയിലേക്കും.ആ ശൂന്യത ആയുസ്സിന്റെ നീളം കുറയ്ക്കുമെന്ന് അറിയാതെയും പോകും ചിലർ.ബന്ധങ്ങൾ പലപ്പോഴും ഒരു വഴിവിളക്കാണ്...മങ്ങിക്കത്തുകയാണെങ്കിൽ തന്നെയും വെളിച്ചമേകുന്ന ഒരു വഴി വിളക്ക്.ചില ബന്ധങ്ങൾ പഠിക്കാതെ എഴുതിയ പരീക്ഷകൾ പോലെയാകും..കാരണം അവിടെ തോൽവിയാണ് ഉണ്ടാവുക.പിന്നെ ചില ഓർമ്മകൾ.അത് എത്രമേൽ ഒഴുക്കി കളഞ്ഞാലും പിന്നെയും അതൊരു കനത്ത മഴയായ് നമുക്ക് മേൽ പെയ്തിറങ്ങും.പിന്നെ ബാക്കിയുള്ളത് അൽപ്പം വേദനയായിരിക്കും.അതണയാതെ,കളയാതെ...ഒരു കനലായ്,നോവായി എപ്പോഴും കൊണ്ടു നടക്കേണ്ടിയും വരും
ആശങ്കകൾക്കും,ആകുലതകൾക്കും,പ്രതീക്ഷകൾക്കും വിരാമമേകി...
മനസെന്ന ആവനാഴിയിലെ അവസാന അക്ഷരങ്ങളും കൂട്ടി ചേർക്കാനൊരുങ്ങുമ്പോൾ
വല്ലാത്തൊരു ശൂന്യത ഉള്ളിൽ നിറയുന്നു. അതിനിടയിൽ ഈ തൂലികയുടെ അഗ്രവും തേഞ്ഞുതീരുന്നു.
ഇനിയും ഒരു ഓർമ്മത്തെറ്റിലേക്ക് വഴുതി വീഴാതിരിക്കാൻ ....
  കാലം മായ്ക്കട്ടെ എല്ലാമെല്ലാം.....

2016, ജൂലൈ 7, വ്യാഴാഴ്‌ച

സമർപ്പണം

എനിക്ക് നിന്നോട് തോന്നിയ സ്നേഹത്തിന് കലർപ്പില്ലേയെന്ന്  ശങ്കിച്ചേക്കാം.....
അതിലുപരി എന്നെ നിന്നിലേക്ക് ആകർഷിച്ച സവിശേഷത എന്തായിരിക്കുമെന്ന് ചിന്തിക്കുക...

ആനന്ദം

യഥാർത്ഥ ജീവിതത്തിന്റെ ആനന്ദം മറ്റുള്ളവർക്ക്‌ വേണ്ടി നാം ജീവിക്കുമ്പോഴാണ്‌ അനുഭവപ്പെടുക.
നമ്മൾ എത്ര സ്വാർത്ഥരഹിതരാണോ...ഔദാര്യമതികളാണോ...ആ തോതിലായിരിക്കും ആന്തരീകാനന്ദവും.ഈ ആനന്ദം ഒരുപക്ഷേ വേദനകളിലൂടെ...അല്ലെങ്കിൽ സങ്കടങ്ങളിലൂടെ ആയിരിക്കും നാം സ്വന്തമാക്കുക.
അതേ സമയം ആ സ്നേഹം മറ്റുള്ളവരിൽ ജീവന്റേയും...സംതൃപ്തിയുടേയും പ്രകാശകിരണങ്ങൾ വിതറുക തന്നെ ചെയ്യും...ജീവിതം അർത്ഥപൂർണ്ണമാകും...
ഇതിലൂടെ മാത്രമേ നമ്മുടെ സങ്കുചിത്വത്തെ അതിജീവിച്ച്‌ അസ്ഥിത്വത്തിന്റെ സാക്ഷാത്ക്കാരത്തിനു അർഹതയുള്ളവരാകാൻ നമുക്ക്‌ സാധിക്കൂ.
ജീവിതം തള്ളിനീക്കാനുള്ളതല്ല....
മറിച്ച്‌...
ജീവിച്ചു തീർക്കാനുള്ളതാണ്‌.
വിശ്വാസയോഗ്യമായ സൗഹൃദേതര-ബന്ധുജന സമ്പർക്കത്തിലൂടെ മാത്രമേ നമ്മുടെയൊക്കെ ജീവിതത്തിന്റെ വിലയും..നില നിൽപ്പുമൊക്കെ നമുക്ക്‌ തിരിച്ചറിയാൻ കഴിയൂ.

ഉണങ്ങാത്ത മുറിവുകൾ

ചില അറിവുകൾക്ക്‌ പഴമയുടെ അരുചിയുണ്ടാകും.
വിഡ്ഢിത്തമെന്നേ പലരും പറയൂ.
പക്ഷേ...അതിൽ ഒരുപാട്‌ അർത്ഥങ്ങളുണ്ടെന്ന് പിന്നീടേ മനസ്സിലാവൂ..
പഴമയുടെ അരുചിയുള്ള അറിവുകൾ.
പലപ്പോഴും അതൊരു വേദവാക്യമായി അനുഭവപ്പെട്ടേക്കാം.
പക്ഷേ ഇന്നുകളിൽ തത്വത്തേക്കാൾ പ്രാധാന്യം പ്രായോഗികതക്ക്‌ കൊടുക്കേണ്ടി വരുന്നു.
ചില മുറിവുകൾ മനസ്സിനേറ്റാൽ കാലങ്ങെളെത്ര കഴിഞ്ഞാലും അത്‌ ഉണങ്ങണമെന്നില്ല.ഓർമ്മകൾക്ക്‌ മീതെ ഉപ്പുകണം വിതറി ഒരു നീറ്റലായി അത്‌ മനസ്സിനെ ചുറ്റി പിണഞ്ഞ്‌ കിടക്കും.
വേർപാട്‌ എപ്പോഴും വേദനാജനകമാണ്‌.സമാഗമം സന്തോഷ സമന്വിതവും.
ജീവിതത്തിന്റെ മുഖം ഒരുപിടി വേർപാടുകളുടേയും ...സമാഗമങ്ങളുടേയും ആകെ തുകയാണ്‌  .
വേർപാട്‌....
അതൊരു റിഹേഴ്സലാണ്‌  .ശാശ്വതമായ വേർപാട്‌ എന്ന സ്റ്റേജ്‌ പെർഫോമൻസിന്റെ റിഹേഴ്സൽ.

സാധാരണ മനുഷ്യൻ

ജീവിക്കുകയും സ്വപ്നം കാണുകയും കർമ്മങ്ങൾ ചെയ്ത്‌ തീർക്കുകയും...അതിനോടൊപ്പം തന്നെ പുതിയ വിചാര കൂട്ടുകൾ വാരിക്കൂട്ടുകയും ചെയ്യുന്ന ഒരു സാധരണ മനുഷ്യൻ.
താൻ വസിച്ചയിടങ്ങളിൽ അവന്റെ സത്വത്തിന്റേതായ തരംഗങ്ങൾ സൃഷ്ടിക്കുന്നു.അവൻ നടന്നു നീങ്ങിക്കഴിഞ്ഞാൽ പുന:പ്രേരണയുടെ അഭാവത്തിൽ സ്ഥലത്തിന്റെ സത്തയിലേക്ക്‌ ആ തരംഗങ്ങൾ ആടിയടങ്ങുകയും ചെയ്യുന്നു.
                   പഴയൊരു
സൗഹൃദത്തിന്റേയോ..അല്ലെങ്കിൽ പണ്ടെങ്ങോ മാഞ്ഞു പോയ സ്നേഹഗീതത്തിന്റെ ഈണം.
ഒരു തേങ്ങലിന്റേയോ...
പൊട്ടിച്ചിരിയുടേയോ നുറുങ്ങ്‌...
ഒരു നെടുവീർപ്പിന്റെ ചൂട്‌..........
ഇവയിലേതേങ്കിലുമൊന്നിന്റെ തുമ്പ്‌ വേറിട്ട്‌ കിട്ടിയാൽ...അലങ്കോലമായി കിടക്കുന്ന ആ നൂലാമാലകളെ ചൈതന്യവൽക്കരിക്കാനും....പഴയ തരംഗ വ്യാപ്തിയും...അരുവും പുനർജ്ജീവിപ്പിക്കാനും അരനാഴിക പോലും വേണ്ടി വരില്ല.
ബന്ധങ്ങളുടെ  ചങ്ങല കെട്ടുകൾ വരിഞ്ഞു മുറുക്കുമ്പോൾ തീരുമാനങ്ങൾക്ക്‌ ശൈഥല്യം സംഭവിക്കും.ആത്മ ബന്ധങ്ങളുടെ കണ്ണികളെ അറുത്തു മുറിച്ച്‌ കൊണ്ട്‌ സ്വന്തം തീരുമാനത്തിന്റെ അടിത്തറയുറപ്പിക്കാൻ പലപ്പോഴും കഴിയാതെ പോകും.പലപ്പോഴും പലർക്കും നമ്മെ പൂർണ്ണമായി ഉൾക്കൊള്ളാനോ...മനസ്സിലാക്കാനോ കഴിഞ്ഞെന്നു വരില്ല.പലപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് തോന്നും.എന്നിട്ടും നമ്മിൽ നിന്ന് വളരെ അകലെയാണെന്ന തോന്നൽ മനസിൽ ബലപ്പെടുകയും ചെയ്യുന്നുവെങ്കിൽ...പരസ്പരം അലിഞ്ഞു ചേരാത്ത എന്തോ ഒന്ന് ഉണ്ടാകാം...എന്താണത്‌...?

ദാനം

ഒരു മനുഷ്യന് മറ്റൊരാൾക്ക് നൽകാവുന്ന ദാനം എന്താണ്....?
ശത്രുവിനാണെങ്കിൽ നൽകാവുന്ന ദാനം...മാപ്പ്.
എതിരാളിക്കാണെങ്കിൽ സഹിഷ്ണുത.
സുഹൃത്തിനാണെങ്കിൽ നല്കാവുന്നത് ഹൃദയം....
നമ്മുടെ കുഞ്ഞിനാണെങ്കിലോ..ഒരു നല്ല മാതൃക....
അച്ഛനാണെങ്കിൽ നൽകേണ്ടത് ആദരവ്...
അമ്മയ്ക്കാണെങ്കിലോ...?നമ്മളെക്കുറിച്ച് അഭിമാനം കൊള്ളാവുന്ന സ്വഭാവ ശുദ്ധി....
നാം...നമുക്ക് തന്നെ നല്കാവുന്നതോ...
നമ്മളെ ക്കുറിച്ചുള്ള അഭിമാനം

കരുത്ത്

മനസ്സിന് യഥാർത്ഥത്തിൽ കരുത്ത് നൽകുന്നത് ദുഃഖമാണ്. ചൂളയിൽ ചുട്ടെടുക്കപ്പെട്ട മൺപാത്രം പോലെ എല്ലാത്തിനെയും ഉൾക്കൊള്ളാനുള്ള കരുത്ത് മനസിന് നൽകാൻ ദുഃഖപൂർണ്ണമായ അനുഭവങ്ങൾക്കേ കഴിയൂ.....
വാസ്തവത്തിൽ സന്തോഷത്തേക്കാൾ ദുഃഖമാണ് രണ്ട് ഹൃദയങ്ങളെ കൂടുതൽ ഉരുക്കിയിണക്കി ചേർക്കുന്നത്.
ദുഃഖത്തിൽ നിന്നുയർത്തെഴുന്നേൽക്കുന്ന സ്നേഹ-സൗഹൃദ ബന്ധങ്ങൾ എത്രയോ ദൃഢ തയുള്ളതായിരിക്കും

പ്രതീക്ഷകൾ മാത്രം ബാക്കി

ചിലർ ഹൃദത്തിൽ അനുവാദമില്ലാതെ കടന്നു കൂടി നമ്മിൽ നിന്നും സ്നേഹം പിടിച്ച് വാങ്ങും.പിന്നെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ് വീണ്ടും കണ്ടുമുട്ടുമെന്ന്  പ്രതീക്ഷകൾ മാത്രം നൽകി നമ്മെ തെല്ലും അറിയാതെ ഒരു ദിവസം കടന്നുപോകും.
വേർപാടിന്റെ മുഖം ...അത് പേടിപ്പെടുത്തും.അതി ക്രൂരമായി.
ചിലപ്പോഴൊക്കെ വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്യും.

ഒരു നിമിഷം മാത്രം

ചിന്തകൾ ബാല്യവും,കൗമാരവും,യൗവ്വനവും കടന്ന് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു.ചിലപ്പോൾ വേദനാജനകവും....മറ്റു ചിലപ്പോൾ ഒരു മെഴുകുതിരിനാളത്തിന്റെ പ്രകാശം പോലെയും.അതിനാൽ അതിനെ മനസ്സിൽ നിന്ന് പുറന്തള്ളാതെ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചു.
പിന്നെ വീണ്ടും ഓർമ്മകളുടെ ആ ചങ്ങലക്കൊപ്പം മറ്റൊരു കൂട്ടം ഓർമ്മകൾ കൂടി മനസ്സിലൂടെ കടന്ന് പോയി.അപ്പോഴൊക്കെ കൂടുതൽ പിന്നോട്ട് പോകുന്തോറും കൂടുതൽ ജീവിതമുണ്ടായിരുന്നു.ജീവിതത്തിലെ നന്മയും....എന്തിനേറെ ജീവിതം തന്നെയും കൂടുതലുണ്ടായിരുന്നു.പിന്നീടെപ്പോഴോ രണ്ടും ഒന്നായി ചേർന്നു.
ഏറ്റവും പിന്നിൽ ജീവിതത്തിന്റെ തുടക്കത്തിൽ ഒരു പ്രകാശബിന്ദുവുണ്ട്.അവസാന പകുതി വരെയും ഉണ്ടായിരുന്നു.പക്ഷെ ഇപ്പൊ എല്ലാം അസ്തമയത്തോടടുത്തിരിക്കുന്നു.എന്റെ ഓർമ്മകൾ പോലും.ഓർമ്മിക്കാനും....ഓർമ്മകൾ അവസാനിക്കാനും ഒരേയൊരു നിമിഷം മാത്രം മതി.