2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ചില പ്രണയങ്ങൾ




പ്രണയം അനശ്വരമാണ്, അതിന് ജാതിയില്ല, മതമില്ല, അത് എല്ലാ അതിര്‍ത്തികളേയും ഭേദിച്ച് മുന്നേറും. പ്രണയത്തെ കുറിച്ച് വാചാലമാകുന്നവര്‍ പറയുന്ന കാര്യമാണിത്. പക്ഷെ ഇതില്‍ എത്രമാത്രം സത്യമുണ്ട്. ശരിയായിരിക്കാം പ്രണയം തോന്നുന്നതിന് ഇത്തരത്തില്‍ ഉള്ള യാതൊരു വിവേചനങ്ങളും ബാധകമായിരിക്കില്ല. എന്നാല്‍ ഈ അതിര്‍വരമ്പുകള്‍ മറികടന്ന് പ്രണയം ആഘോഷിക്കാന്‍ എത്ര പേര്‍ക്ക് കഴിയാറുണ്ട്.
ഉദാഹരണമായി ഒരു കഥ, അല്ല നടന്ന സംഭവം തന്നെ പറയാം. പ്രണയം സാര്‍വ്വലൌകീകമാണല്ലൊ അതിനാല്‍ ലോകത്തിലെവിടെയും പ്രണയത്തിന്‍റെ ഗതിവിഗതികള്‍ ഒരുപോലെയായിരിക്കും. ഇനി തുര്‍ക്കിയിലെ ഒരു സംഭവകഥയിലേക്ക്.
ഒരു ദിവസം വീടിനു പുറത്തിറങ്ങിയ യാസിന്‍ എന്ന യുവാവ് തന്‍റെ നേരെ എതിര്‍വശത്തുള്ള വീടിനു മുന്നിലെ തപാല്‍ പെട്ടി തുറന്ന് കത്തുകള്‍ എടുക്കുന്ന സുന്ദരിയായ തുര്‍ക്കി പെണ്‍കുട്ടിയെ കണ്ടു. ജോലിക്കു പോവേണ്ടതിനാല്‍ അവളെ കൂടുതല്‍ നേരം ശ്രദ്ധിക്കാന്‍ യാസിന്‍ മെനക്കെട്ടില്ല.
അച്ഛന്‍ നഷ്ട്ടപ്പെട്ട യാസിന് അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു. അതിനാല്‍ എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ യാസിന്‍ അമ്മയ്ക്കരികിലെത്തും. അന്നു പതിനുപോലെ യാസിന്‍ വീട്ടിലെത്തി. തിരക്കു മൂലം മുഷിഞ്ഞ വസ്ത്രങ്ങള്‍ പോലും മാറ്റാനായില്ല.
വൈകുന്നേരം ഒരുപാട് വൈകിയാണ് മത്സ്യത്തൊഴിലാളിയായ യാസിന്‍ വീട്ടിലേക്കു മടങ്ങിയത്. കടുത്ത ജോലിയാല്‍ ക്ഷീണിതനായ യാസിന്‍റെ വേഷം കൂടുതല്‍ മുഷിഞ്ഞ് അവസ്ഥയിലായിരുന്നു. വൈകിയതിനാല്‍ വളരെ വേഗത്തിലാണ് യാസിന്‍റെ നടപ്പ്. ‘സലാം യാസിന്‍’ എന്ന് അഭിവാദ്യം കേട്ടാണ് യാസിന്‍ നിന്നത്. അതെ യാസിന്‍ രാവിലെ കണ്ട് ആ സുന്ദരിയായ തുര്‍ക്കി പെണ്‍കുട്ടി പുഞ്ചിരിപൊഴിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു‍.
യാസിന്‍ ഒരു നിമിഷം അത്ഭുതപ്പെട്ടു പോയി. തനിക്ക് ഇവളെ അറിയില്ലല്ലൊ. ഇവളെങ്ങനെ തന്‍റെ പേര്‍ മനസിലാക്കി. അല്പം വൈകിയാണെങ്കിലും യാസിന്‍ തിരിച്ച് സലാം പറഞ്ഞു. ‘യാസിന് എന്നെ മനസിലായില്ലെ’ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. ‘ക്ഷമിക്കണം മനസിലായില്ല’ യാസിന്‍ പറഞ്ഞു. ‘ഞാന്‍ ഹസ്രേത്താണ്, നിന്‍റെ അയല്‍ക്കാരി ഒര്‍മ്മയില്ലേ...?

സര്‍വകലാശലായില്‍ പഠിക്കാന്‍ പോയ ഹസ്രേത്താണ് അതെന്നു യാസിന്‍ മനസ്സിലാക്കി. അവളെ കണ്ടിട്ട് ഒരുപാട് നാളായിരിക്കുന്നു. മെലിഞ്ഞുണങ്ങിയിരുന്ന അവള്‍ ഇപ്പോള്‍ സുന്ദരിയായിരിക്കുന്നു- യാസിന്‍ മനസ്സില്‍ കരുതി. പക്ഷെ താനോ, വിശ്രമമില്ലാത്ത പണിമൂലം താനാകെ കറുത്ത് ക്ഷീണിച്ചിരിക്കുന്നു. പോരാത്തതിന് രണ്ട്ദിവ്സം മുമ്പ് വഞ്ചിയിലെ കയര്‍ അടിച്ച് മുഖത്തില്‍ നീളത്തില്‍ ഒരു മുറിവുമുണ്ട്. ചിന്തിച്ചു നിന്ന യാസിനോട് വീണ്ടും സലാം പറഞ്ഞ് ഹസ്രേത്ത് മെല്ലെ വീട്ടിലേക്കു നടന്നു.
പിന്നെ കുറേ ദിവസങ്ങള്‍ അവര്‍ രാവിലെ എന്നും കണ്ടുമുട്ടുമായിരുന്നു അവര്‍ നോട്ടങ്ങളിലൂടെയും ചെറുചിരികളിലൂടെയും എന്തോ കൈമാറുന്നുണ്ടായിരുന്നു. ഒരു ദിവസം കത്തെടുക്കുവാന്‍ വരുന്ന ഹസ്രേത്തിനെ കാത്തു നിന്ന യാസിന്‍ നിരാശനായി. യാസിന്‍ തപാല്‍ പെട്ടിയുടെ അടുത്തു ചെന്നു, അതില്‍ ഒരു ചെറിയ കഷണം പേപ്പര്‍ കിടക്കുന്നു. യാസിന്‍ അതെടുത്തെടുത്തു നോക്കി
. ഹസ്രേത്തിന്‍റെ മൊബൈല്‍ ഫോണ്‍ നമ്പറായിരുന്നു അതില്‍.യാസിന്‍ അന്നു തന്നെ അവള്‍ക്ക് എസ്‌എം‌എസ് അയച്ചു. ഹസ്രേത്ത് സുഖമാണൊ എന്നായിരുന്നു സന്ദേശം.
ഫോണില്‍ ആകെയുണ്ടായിരുന്ന ബാലന്‍സ് അങ്ങനെ കഴിയുകയും ചെയ്തു. കുറച്ചു ദിവസം പണിയില്ലാതിരുന്നത് യാസിനെ കുറച്ചൊന്നുമല്ല വലച്ചത്. എങ്കിലും മൊബല്‍ ഫോണിനുള്ള പണം യാസിന്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലൂടെ യാസിനും ഹസ്രേത്തു തമ്മിലുള്ള പ്രണയം ദൃഢമാവുകയായിരുന്നു. യാസിന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മയ്ക്കു വളരെ സന്തോഷമായി. യാസിന്‍റെ അമ്മ ഹസ്രേത്തിന്‍റെ അമ്മയെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു.
ഔപചാരികമായി കാര്യം അവതരിപ്പിച്ചു. എന്നാല്‍ വളരെ ശാന്തയായി തന്നെ ഹസ്രേത്തിന്‍റെ അമ്മ ആ ആലോചന നിരസിച്ചു. നിങ്ങള്‍ ഭര്‍ത്താവില്ലാത്ത സ്ത്രീയാണ്. നിങ്ങളുടെ മകന്‍ ഒരു മത്സ്യത്തൊഴിലാളിയും. ഞങ്ങളുടെ കുടുംബവുമായി നിങ്ങള്‍ ഒരിക്കലും ചേരില്ല. ഇത്രയും പറഞ്ഞ് അവര്‍ വീട്ടില്‍ നിന്നു പോയി. ഈ സമയത്ത് യാസിന്‍ വീട്ടിലുണ്ടായിരുന്നില്ല.
ക്ഷീണിതനായി മടങ്ങി വരുന്ന മകനോട് ഇക്കാര്യം പറയാന്‍ ആ‍ അമ്മ വിഷമിച്ചു. എങ്കിലും കാര്യം തുറന്നു പറഞ്ഞു, പെട്ടെന്നുള്ള വികാരത്താല്‍ യാസിന്‍ അമ്മയോട് അലപം രോഷത്തോടെ പെരുമാറി. പക്ഷെ അവസാ‍നം ആ അമ്മയും മകനും ഒരുമിച്ച് തങ്ങളുടെ വിധിയെ പഴിച്ചുക്കൊണ്ട് പൊട്ടിക്കരഞ്ഞു. യാസിന്‍ യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങി വന്നു. ദരിദ്രനായ തനിക്ക് ഒരിക്കലും ഉയര്‍ന്ന നിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിക്കാനുമാവില്ല, വിവാഹം ചെയ്യാനുമാവില്ല.
തങ്ങളെക്കാളും പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയെ മാത്രമെ തനിക്ക് ആഗ്രഹിക്കാനാവു. തന്‍റെ കുടുംബത്തേയും പെണ്‍കുട്ടിയുടെ കുടുംബത്തേയും പോറ്റാന്‍ താന്‍ ദിവസവും പന്ത്രണ്ടു മുതല്‍ പതിനെട്ടു മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടതായും വരും. ചിന്തകള്‍ക്ക് ശേഷം യാസിന്‍ ഒരു തീരുമാനമെടുത്തു, തനിക്ക് അമ്മയും അമ്മക്ക് താനും മതി. എന്നാലും ഹസ്രേത്തിന്‍റെ മുഖം മനസില്‍ നിന്നു മായ്ച്ചുകളയാന്‍ ആപാവം യുവാവിനായില്ല.
യാസിന്‍ എന്ന മനുഷ്യന്‍ ചങ്കൂറ്റമില്ലാത്തവനാണ് എന്ന് ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ ഇതു സത്യമല്ലെ, പണവും കുടുംബപശ്ചാത്തലവുമെല്ലാം ഇന്നത്തെ പ്രണയങ്ങളെ ബാധിക്കുന്നുണ്ട് എന്നതു സത്യമാണ്. എല്ലാം ഒത്തുവന്നാല്‍ മാത്രം പ്രണയിക്കാം എന്നു കരുതുന്നവരാണ് ഇന്നത്തെ ഭൂരിപക്ഷം ആളുകളും എന്നു പറഞ്ഞാലും ഒട്ടു അതിശയോക്തിയാവില്ല. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ പ്രണയത്തെ കുറിച്ച് മനോഹര സ്വപ്നങ്ങള്‍ കാണാന്‍ ആരും മറക്കാറില്ല.(കടപ്പാട്)

ജീവിതം സാക്ഷി



ജീവിതം സമ്മാനിക്കുന്നത്‌ ഒരുപാട്‌ ദു:ഖപൂർണ്ണമായ അനുഭവങ്ങളായിരിക്കും.ഒരിക്കലും മറക്കാൻ കഴിയാത്ത....
മനസ്സിൽ നിന്ന് വേർപ്പെടുത്താനാകാത്ത അനുഭവങ്ങൾ.
സന്ദർഭങ്ങളുടെ ആവശ്യത്തിനൊത്ത്‌ മനുഷ്യ-
 സ്നേഹസൗഹൃദങ്ങളിൽ നിന്നുറവയെടുക്കുന്ന
കുളിർമ്മയും...ഊഷ്മളതയുമാണ്‌
യദാർത്ഥ സ്നേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്‌.
കൈകൾ കോർത്തു പിടിച്ചിരിക്കുന്ന മറ്റു മനുഷ്യരുടെ
സ്നേഹ സൗഹൃദങ്ങളുടെ ഊഷ്മളത കൊണ്ടായിരിക്കാം
സ്നേഹത്തിന്റെ നിലനിൽപ്പ്‌ തന്നെ.
ഇണക്കവും...പിണക്കവും...നൊമ്പരവും...നൊമ്പരപ്പെടുത്തലും
ഉണ്ടെങ്കിലേ സ്നേഹത്തിന്റെ മധുരം നുണയാൻ കഴിയൂ.
പുൽനാമ്പുകളിൽ തങ്ങിനിൽക്കുന്ന ജലത്തുള്ളികളിൽ പോലും
സ്നേഹത്തിന്റെ കണികകൾ ഉൾക്കൊള്ളിച്ച പ്രപഞ്ചത്തിന്റെ വികൃതി...
ജീവിതം സമ്മാനിച്ചതും...സമ്മാനിക്കുന്നതും ഒരു പക്ഷേ വിഭിന്നമായ അനുഭവങ്ങളായിരിക്കും.അവ പരസ്പരം പൊരുത്തപെടുകയില്ല.
നഷ്ടങ്ങൾക്ക്‌ ഒരു വീണ്ടെടുപ്പില്ല.വേണ്ടകാലത്ത്‌ കിട്ടാതെ പോയത്‌
പിന്നൊരിക്കൽ കൈവന്നാൽ എന്ത്‌ പ്രയോജനം...?അത്‌ നഷ്ടപെട്ടതിനു പകരമാവില്ല.മറ്റൊന്നാണ്‌.ശൈശവത്തിൽ കൊതിക്കുന്ന കളിപ്പാട്ടം
ജീവിതത്തിന്റെ മധ്യാഹ്നത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞാൽ
തിരിഞ്ഞു നോക്കുമോ...?നടന്നു നീങ്ങിയ വഴിയിലെ തണലും...
ഇളം കാറ്റും സൃഷ്ടിച്ച ചൈതന്യം...
 ഇനി മുന്നോട്ടുള്ള വഴിയിലും നില നിൽക്കുമോ...?അറിയില്ല.
പക്ഷേ..ആഗ്രഹിക്കാം.
തിരികെ കിട്ടുമെന്ന പ്രതീക്ഷയില്ലാത്ത ആഗ്രഹം.
അതെ അതാണ്‌ സത്യം...!

2016, ഡിസംബർ 28, ബുധനാഴ്‌ച

ഇന്നലെകളിലൂടെ



കാലം ഓർമ്മകൾക്ക്‌ മീതേ കൂടി വലിച്ചിഴച്ചു കൊണ്ടുപോവുകയാണ്‌.
കാത്തിരുന്ന നിമിഷങ്ങളും ദിവസങ്ങളും...
എന്റെ മാത്രം നിശ്വാസങ്ങളേറ്റു വാങ്ങി യാത്ര പറഞ്ഞത്‌ ഞാനല്ലാതെ ആരുമറിഞ്ഞില്ല.ഒരിക്കൽ മാത്രം ചിരിച്ചു.പിന്നെ എപ്പോഴൊക്കെയോ..?
പക്ഷേ എന്തിനായിരുന്നുവെന്ന് വ്യാഖ്യാനിക്കാൻ
ഇപ്പോഴും സാധിച്ചിട്ടില്ലാ എന്നതാണ്‌ സത്യം.
എന്തിനോ വെറുതെ മനസ്സ്‌ പിന്നോക്കം പായുകയാണ്‌.
ഓർമ്മകളുടെ ലോകത്തേക്ക്‌.
ആരോ കൈമാടി വിളിക്കുന്നത്‌ പോലെ.കാണാൻ കഴിയുന്നില്ല.
പക്ഷേ ശബ്ദം കേൾക്കാം.ഒരു പാട്‌ പ്രതിധ്വനികളോടെ.
പലതും അനശ്വരമെന്ന വിശ്വാസത്തോടെ ജീവിതം തള്ളിനീക്കുന്ന
എത്രയോ പേർ.എന്നാൽ അതെല്ലാം മൂഢ സങ്കൽപ്പമാണെന്ന്
 നമ്മിൽ പലരും തിരിച്ചറിയുന്നില്ല.
ഇന്നലെകളെക്കുറിച്ച്‌ ഒട്ടും ഓർക്കാതെ എല്ലാരും
 ഇന്നുകളിലേക്ക്‌ യാത്ര തിരിക്കുകയാണ്‌.തിടുക്കപ്പെട്ട മനസ്സോടെ.
വാക്കുകളിലൂടെ മാത്രം വേദാന്തമോതി.എല്ലാം നല്ലതിനാണെന്ന് വിശ്വസിപ്പിക്കാൻ...സംഭവിച്ചതും സംഭവിക്കാൻ പോകുന്നതുമൊക്കെ
 വിധിയാണെന്ന് കരുതി ആശ്വാസപ്പെടാൻ...
സങ്കൽപ്പങ്ങളിൽ നിന്ന് എത്രയോ വ്യത്യാസപ്പെട്ടതാണ്‌
ജീവിതമെന്ന സമസ്യ.
ഒരു പക്ഷേ  സത്യമാവാം...സങ്കൽപ്പമാവാം...

2016, ഡിസംബർ 27, ചൊവ്വാഴ്ച

ഒരു കണ്ണുനീർ തുള്ളി കൂടി...അടർന്നു വീഴുമ്പോൾ


എപ്പോഴെങ്കിലും ഓര്‍മ്മയുടെ ചിറകിലേറി...
പിന്നിലേയ്ക്ക് ചീറിപ്പാഞ്ഞു പോകുമ്പോള്‍..
ചിലയിടങ്ങളില്‍ നാമറിയാതെ തന്നെ നിന്നുപോകും.
 പലപ്പോഴും ...  നമ്മെ ചിരിപ്പിച്ച...
സന്തോഷിപ്പിച്ച...
വേദനിപ്പിച്ച...ഒത്തിരി സങ്കടപ്പെടുത്തിയ ...
ചില സംഭവങ്ങൾ...ചില ഓർമ്മകൾ
ഞാനും ഒരു യാത്ര പോവുകയാണ്.
അരുതെന്ന് ഓതി ഞാൻ ഉള്ളിൽ നിശബ്ദമായ്
 അവസാനമായി കണ്ട കാഴ്ചയെയും...
കേട്ട വാക്കുകളെയും
മറയ്ക്കാതിരിക്കാനായി ,
  ഉള്ളിൽ നിറഞ്ഞ വേദനയോടെ..മൗനമായ്
 വഴിത്താര ഓരോന്ന് കടന്നു ,
കാലം മരണത്തിന്‍ ഗുഹാമുഖം തേടുന്നു .
കാലം ഏല്‍പ്പിച്ച മുറിവുകളില്‍....
ഒരു കണ്ണുനീർത്തുള്ളി കൂടി അടർന്നു വീഴട്ടെ..

കാണാക്കയം

അടുപ്പം കൊണ്ട് അകലവും...അകലം കൊണ്ട് നൊമ്പരവും സൃഷ്ടിക്കുന്ന ഇന്നിലെ ചില ബന്ധങ്ങളും,സൗഹൃദങ്ങളും..ഒരു കാണാക്കയം പോലെ..അതിലെ ആഴവും,വ്യാപ്തിയും അളന്നു നോക്കാനോ,തിട്ടപ്പെടുത്താനോ കഴിയില്ല പലപ്പോഴും..ചില അടുപ്പങ്ങൾ വഴിയകലുമ്പോൾ..പിന്നെയും ചിലത് തേടിയെത്തുന്നു..ഒരുപക്ഷേ ഇനിയും നഷ്ടപ്പെടാത്ത മനസ്സിലെ നന്മ കൊണ്ടാകാം.
വിരസമായ ജൽപ്പനങ്ങളെ ഏറ്റുവാങ്ങാൻ വേണ്ടി മാത്രം വിധിക്കപ്പെടുന്ന വാക്കുകളിൽ കബളിക്കപ്പെട്ടവന്റെ ജാള്യത അനുഭവപ്പെടുമ്പോൾ നമുക്ക്‌ നമ്മെ തന്നെ എവിടെയൊക്കെയോ എപ്പോഴൊക്കെയോ വെറുക്കാൻ പ്രേരിപ്പിക്കുന്നു.തീരം തലോടുന്ന തിരമാലകൾ മായ്ച്ചു കളഞ്ഞ സ്നേഹം ശബ്ദം നഷ്ടപ്പെട്ടവന്റെ കീഴടങ്ങൽ പോലെ മൂകമായിരിക്കുമ്പോൾ..
ഇവിടെ നമുക്കൊക്കെ ഇനിയും തിരിച്ച്‌ കിട്ടാൻ എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടോ...?
പലപ്പോഴും പലരുടെയും ജീവിതമെന്ന നാടകത്തിൽ ഒരു കഥാപാത്രമായി കൂടിച്ചേരേണ്ടി വരും.ചിലപ്പോൾ മുഖ്യകഥാപാത്രമോ അല്ലെങ്കിൽ ഇടവേളകൾക്കിടയിൽ കടന്ന് ചെല്ലേണ്ടവനോ ആയിരിക്കും.എങ്ങിനെ ആയാലും പര്യവസാനത്തിൽ തിരശ്ശീല വീണുകഴിഞ്ഞാൽ അവന്റെ പ്രസക്തി കഴിഞ്ഞു.ജീവിതത്തിലായാലും...എവിടെയായാലും.

2016, ഡിസംബർ 23, വെള്ളിയാഴ്‌ച

നഷ്ട പ്രണയം

എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷകൾ മാത്രം നൽകി...എന്നെ തെല്ലും അറിയാതെ നീ കടന്നു പോയ നിമിഷം...!
ഓർമ്മകൾ നൽകാൻ നീ കടന്നുവന്ന ദിവസം..അന്നുമുതൽ എന്റെ മനസ്സിൽ നീ സ്വപ്നങ്ങളും,പ്രതീക്ഷകളും കൊണ്ടൊരു കൂടുകൂട്ടാൻ തുടങ്ങി.ആ കൊച്ചു കൂട്ടിനുള്ളിൽ ചേക്കേറാനും തുടങ്ങി.
നീ വന്നതു മുതൽ മറ്റൊന്നും കാണാൻ എന്റെ കണ്ണുകളും,മറ്റൊന്നും കേൾക്കാൻ എന്റെ കാതുകളും,മറ്റൊന്നും അറിയാൻ എന്റെ ഹൃദയവും എന്നെ അനുവദിച്ചില്ല..
പക്ഷേ..സ്വരുക്കൂട്ടിയതെല്ലാം തകർത്തെറിഞ്ഞ് ...നീ എങ്ങോ പോയ്മറഞ്ഞു....

2016, ഡിസംബർ 18, ഞായറാഴ്‌ച

മായകാഴ്ച്ച

പലപ്പോഴും ഒരു മായാകാഴ്ച പോലെ ...ചിലർ വന്നു പൊയ്‌ക്കൊണ്ടേയിരിക്കും ..ബന്ധങ്ങളിൽ,സൗഹൃദങ്ങളിൽ..അങ്ങിനെ എന്തൊക്കെയോ...എങ്ങനെയൊക്കെയോ ആയി...ചിലപ്പോൾ തെളിവാർന്ന ചിത്രമായി കുറേക്കാലം...മുന്നോട്ടുപോകും...അതിൽ കൂടുതൽ ജീർണ്ണതയുടെ മൂടുപടം അണിഞ്ഞ്..അനിഷ്ടങ്ങളുടെ വകഭേദം തിരഞ്ഞ് ..ഒരു മായകാഴ്ചപോലെ..തിരികെ പോകുകയും ചെയ്യും..ഇന്നിലെ ബന്ധങ്ങൾക്ക് വർണ്ണരാജികൾ ആണ് കൂടുതൽ ഉത്തേജനം നൽകുന്നത്..അത് ചിലപ്പോ കാലത്തിന്റെ മാറ്റമാകാം...അല്ലെങ്കിൽ നേർകാഴ്ചയിലെ വ്യത്യാസങ്ങളും,വ്യതിയാനങ്ങളും,അന്തരങ്ങളും ആയിരിക്കാം..പുതുമ കൂടുതൽ കൂടുതൽ ഉൾക്കൊള്ളും തോറും..പഴമകൾ വേർതിരിച്ചറിയാനോ...പറയാനോ കഴിയാത്ത അരുചിയുടെ വകഭേദങ്ങൾ ആയി മാറും..
പക്ഷേ...ചില സ്വപ്നങ്ങൾക്ക് ഒരിക്കലും നിറഭേദങ്ങൾ ഇല്ല...വകഭേദങ്ങളും ഉണ്ടാകില്ല..
അത് ജീവിതകാലം കൂടെ കൊണ്ടു നടക്കും..
ഒരു ജീവവായു പോലെ...
കാരണം...ഇങ്ങിനെ ചിലതാണ് നമ്മിൽ പലരെയും മുന്നോട്ട് നയിക്കുന്നത്...
ചില സ്വപ്‌നങ്ങൾ.....
ചില പ്രതീക്ഷകൾ...
ചില ആഗ്രഹങ്ങൾ.....
ചില ഇഷ്ടങ്ങൾ ......അങ്ങിനെ എന്തൊക്കെയോ...ഉണ്ടാകും ഓരോരുത്തരുടെയും കൂട്ടിന്...ഒരു സഹയാത്രികനെ പോലെ...എന്നും എപ്പോഴും...
എങ്കിൽ തന്നെയും ...ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാതെ..ചില യാത്രകൾ പാതിവഴിയിൽ അവസാനിക്കുകയാണ് പതിവ്..
കാരണം....കാലം പലപ്പോഴും ചില ജീവിതങ്ങൾക്ക് മേലാണ് അതിന്റെ വികൃത ഭാവം കാണിക്കുക.

2016, ഡിസംബർ 14, ബുധനാഴ്‌ച

കാല്പനികത

ഓർമ്മകളെ താലോലിച്ച് ബഹുദൂരം പിന്നിട്ട്‌...അവസാനം പിന്തിരിഞ്ഞു നോക്കുമ്പോൾ...എന്തൊക്കെയോ നഷ്ടപ്പെട്ടതിന്റെ നൊമ്പരം...നേടുന്നതൊന്നും ശാശ്വതമല്ലെങ്കിലും...ശാശ്വതമായതൊന്നും നേടാനും കഴിയില്ലല്ലോ..
മനുഷ്യൻ പലപ്പോഴും ജീവിതത്തിന്റെ പെരുവഴിയിൽ വെച്ച്‌ കണ്ടുമുട്ടുന്നു.
സ്നേഹിച്ച്‌....
ചിരിച്ചുകളിച്ച്‌....
സങ്കടങ്ങളും... പരിഭവങ്ങളും പങ്കിട്ട്‌ ഏതൊക്കെയോ വഴിത്തിരിവുകളിൽ വെച്ച്‌ പിരിഞ്ഞു പോവുകയാണ്‌....
വീണ്ടുമൊരു കൂടിക്കാഴ്ച്ചക്കുള്ള ഉടമ്പടികളൊന്നും കൂടാതെ. ഇനി അവരിരാരേയെങ്കിലും നമുക്കോ... അവർക്കാർക്കെങ്കിലും നമ്മേയോ കണ്ടുമുട്ടാൻ കഴിയുമോ... ?
അറിയില്ല... !
ചൂടാത്ത പൂവിൻ സുഗന്ധം...
നൽകാനാകാത്ത സ്നേഹത്തിൻ മധുരം.. .
ദാഹജലത്തിനു കാത്തിരിക്കും-
വേഴാമ്പലിൻ ആത്മദാഹം...
വിരിയാൻ വെമ്പുന്ന കലികകാന്തി....
ഇവയെല്ലാമാണ്‌... !
രചനയിൽ വിരിയാത്ത കവിത..
അരങ്ങു കാണാ-നാടകം...
വായിച്ചിടാത്തയാത്മ കഥ...
ഇതിനൊക്കെയുണ്ട്‌ സൗഹൃദങ്ങളേ-
അറിഞ്ഞിടാത്തൊരാനന്ദം.
അനുഭവിച്ചീടാത്ത നൈർമ്മല്യം.
ആസ്വദിച്ചീടാത്ത-
കാൽപനീകതയുടെ നിർവ്വൃതി.

2016, ഡിസംബർ 12, തിങ്കളാഴ്‌ച

ജീവിതം


ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയായൊ പുറമേ കെട്ടിവെക്കുന്ന ഭാരമായോ അല്ല സ്നേഹത്തെ കാണേണ്ടത്. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്. അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പന്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. മനുഷ്യ മനസ്സിലെ സ്നേഹം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നല്ല...
ചില ബന്ധങ്ങളുടെ കെട്ടുറപ്പിനും,ഭദ്രതക്കും,സ്ഥിരതക്കും വേണ്ടി ...ചിലപ്പോഴൊക്കെ ആത്മാഭിമാനം അടിയറവ് വെക്കേണ്ടി വരും.തെറ്റുകാരണല്ലെങ്കിലും....സ്വയം തെറ്റുകാരാണെന്ന ചിന്ത മനസ്സിലുറപ്പിച്ച് മുഖം കുനിക്കേണ്ടി വരും.കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷങ്ങൾക്കപ്പുറം...നമ്മെ അവർ തിരിച്ചറിയാണമെന്നില്ല.
കാരണം.....ആ തിരിച്ചറിവ് സ്വയം തോന്നേണ്ടതാണല്ലോ...?
ഓരോ നിമിഷവും കിണഞ്ഞു പരിശ്രമിച്ചാലും...ചില ബന്ധങ്ങൾ അകന്നകന്നു പൊയ്‌ക്കൊണ്ടേയിരിക്കും...
ഒരുപാടൊരുപാട് അകലേക്ക്...
കയ്യെത്തുന്നതിനും...കണ്ണെത്തുന്നതിനും അപ്പുറത്തേക്ക്...പക്ഷേ...ജീവിതയാത്രയിൽ അകലം പാലിച്ചവരും,വെറുപ്പും,വിദ്വേഷവും കാണിച്ചവരുമൊക്കെ ഒരു നാൾ നമ്മെ തേടിയെത്തും...ശത്രുവാണെങ്കിൽ...ശത്രുതയെല്ലാം മറന്നുകൊണ്ട്...മിത്രമാണെങ്കിലും..ബന്ധുവാണെങ്കിലും കണ്ണീർപൊഴിച്ചുകൊണ്ട്...
നിർജ്ജീവമായ..വെള്ളപുതച്ച്‌ കിടക്കുന്ന നമ്മുടെയൊക്കെ മൃതശരീരത്തിന് മുൻപിൽ...ഒരുനാൾ വന്നു നിൽക്കും..ഇത് നഗ്നമായ യാഥാർഥ്യം....!!

2016, ഡിസംബർ 9, വെള്ളിയാഴ്‌ച

സ്വപ്നം


അബോധമനസ്സിന്റെ പ്രാകൃതഭാഷയാണ് സ്വപ്നം. മാനസികമായ അലച്ചിലിന്റെ ഏറ്റവും സ്വാഭാവികമായതും, പ്രബലവുമായ രൂപവുമാണത്. 
സ്വപ്‌നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്.  സ്വപ്‌നം കാണാത്ത ആരുമുണ്ടാവില്ല. മധുരമുളളതും ഭയപ്പെടുത്തുന്നതും ഇഷ്ടപ്പെടാത്തതും ആയ സ്വപ്‌നങ്ങള്‍. അബോധമനസ്സിന്റെ ഈ ഒളിച്ചുകളിയില്‍ നമ്മുടെ വികാരങ്ങളും വിചാരങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നു.
നല്ല സ്വപ്നങ്ങള്‍ക്ക് വേണ്ടി കണ്ണടച്ചുറങ്ങാനാണ് നാം എപ്പോഴും കൊതിക്കാറുള്ളത്. സ്വപ്നാനുഭവങ്ങളുടെ രുചിഭേദങ്ങളറിയാത്തവരായി മനുഷ്യരില്‍ ആരും ഉണ്ടാവില്ല. 
ഉറങ്ങിക്കഴിഞ്ഞാല്‍ നേരം പുലരുംവരെ നാം ഓരോരോ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റിക്കിടക്കുന്നവരാണ്. അതില്‍ മധുരിക്കുന്നതും, ചവര്‍പ്പനുഭവപ്പെടുന്നതും ചേതോഹരം നിറഞ്ഞതും, ഭയപ്പെടുത്തുന്നതുമെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഇവയൊന്നും അനുവാദം തേടാതെ മനസ്സില്‍ കുടിയേറി ഒരു ലജ്ജയുമില്ലാതെ ഇറങ്ങിപ്പോകുന്നു. ഉറക്കമുണര്‍ന്നാലോ കണ്‍പോളകളിലെ പുകമറ മാറ്റാന്‍ കണ്ണ് തിരുമ്മുമ്പോഴേക്കും ലോകം മാറിയിരിക്കും.
ണര്‍ന്നിരിക്കുന്നവര്‍ക്ക് ഒരു ലോകം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഉറങ്ങുമ്പോള്‍ ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് മടങ്ങുന്നു”
പക്ഷേ...ഇന്നിലെ പലരും സ്വപ്ന ലോകത്താണ്..ജീവിതമെന്ന യാഥാർത്ഥ്യം മറന്ന് കൊണ്ട്..അവരവരുടെ ലോകത്ത്...
സ്വന്തം ഇഷ്ടങ്ങൾ മാത്രം മുറുകെ പിടിക്കുന്നവർ..അതിനിടയിൽ മറ്റുള്ളവർ എന്ത്...?അവരുടെ വേദനകളും...സങ്കടങ്ങളും എന്ത്..?

2016, ഡിസംബർ 8, വ്യാഴാഴ്‌ച

സൗഹൃദം

സൗഹൃദം........ മനസ്സുകളെ പരസ്പരം കോർക്കുന്ന ഒരു കാണാചരട്....
കൊടുക്കൽ വാങ്ങലുകളില്ലാതെ
ലാഭനഷ്ടങ്ങളില്ലാതെ'......
ഹൃദയം ഹൃദയത്തെയറിയുന്ന നേര്...
സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....പക്ഷേ ഇന്നിലെ ചില  സൗഹൃദത്തിന് ആത്മാവ് നഷ്ടമാവുന്ന പോലെ...പുതിയ സംസ്ക്കാരം ഇന്നിന്റെ യുവത്വത്തിനുമുന്നിൽ തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളും.....മെയിലുകളും ചേർന്ന് ആത്മാർത്ഥ സൗഹൃദത്തെ തീരെ ചെറുതാക്കുന്നുവോ...........?
സൗഹൃദം വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുമ്പൊൾ,നമ്മുടെ ഹൃദയകോശങ്ങൾ,ഏകാന്തതയുടെ വേനലിൽ വരളുമ്പോൾ,ഇനിയും വരാനിരിക്കുന്ന സൗഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം....

2016, ഡിസംബർ 7, ബുധനാഴ്‌ച

മിഴിനീർ കണം

സ്നേഹം,സൗഹൃദം,ബന്ധങ്ങൾ എന്നും എവിടെയും വിലപ്പെട്ടതാണ്...!കൊടുത്താൽ കിട്ടും...!കിട്ടണം ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും...ചിലപ്പോൾ അങ്ങനെയാണ് അത്...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോൾ എന്നറിയാതെ കടന്നു വരുന്നു.  ചിലപ്പോൾ സന്തോഷവും,സങ്കടവും,വേദനകളും,വേർപാടും മാത്രം നൽകി അതിൽ ആരൊക്കെയോ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തിൽ ഒരു കൈയ്യൊപ്പിട്ട ശേഷം... ഈ വിട പറഞ്ഞു പോകുന്ന ആരൊക്കെയോ ആണ്.വേർപാടിന്റെ നൊമ്പരം നൽകുക എന്ന് മാത്രം.നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല...ചില കഥകൾ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ...അടുത്തത് എന്ത് എന്ന് അറിയാനാവാതെ...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ...ചില സൌഹൃദങ്ങൾ ദൂരമോ, നിറമോ,ഒന്നും അറിയാതെ സമാന്തരങ്ങളിൽ, സമാനതകളിൽ ഒത്തു ചേരുന്നു...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു... നമ്മൾ ചിലരോടൊക്കെ പറയും"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നു......നിന്റെ സൗഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണ് എന്നൊക്കെ...അതെ...ഓരോ ബന്ധവും വിലപ്പെട്ടതാണ്..പക്ഷേ...ചിലർക്കേ അത് തിരിച്ചറിയാൻ കഴിയൂ...എന്ന് മാത്രം...!
മിഴിനീർ തുള്ളികൾ പറയാനാഗ്രഹിച്ച,...?പറഞ്ഞു തീർന്നിട്ടില്ലാത്ത ഒരുപാടു കാര്യങ്ങൾ.... ആ ഓർമ്മകൾ മനസ്സിലൂടെ കടന്നു വരുമ്പോൾ.. നഷ്ടങ്ങളുടെ ധ്വനിയാണവയ്ക്ക്.....പക്ഷെ അതെല്ലായിപ്പോഴും നമ്മുടെ  മനസ്സിനെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കും.....തടയാൻ നമുക്കാവുകയുമില്ല....

2016, നവംബർ 25, വെള്ളിയാഴ്‌ച

ജീവിതം

ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാക്കാതെ വരും ചിലർക്കെങ്കിലും..
ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത്തിനോ...അടുപ്പങ്ങൾക്കോ എന്ത് വിലയാണുള്ളത്...?..നമുക്കോ...നമ്മുടെ ചിന്താഗതികൾക്കോ സ്ഥാനമില്ലാത്ത ചിലയിടങ്ങൾ നമ്മുടെ കണ്മുന്പിൽ തെളിഞ്ഞേക്കാം....അവിടെ നിന്നെല്ലാം നിശബ്ദം പടിയിറങ്ങുക..പിന്തിരിഞ്ഞുപോലും നോക്കാതെ....അഥവാ നമുക്കായി എവിടെയെങ്കിലും ....എന്തെങ്കിലും നമ്മുടെ ജീവിതം ബാക്കി വെച്ചിട്ടുണ്ടെങ്കിൽ....അതൊരുനാൾ നമ്മെ തേടിയെത്തും...അത് തീർച്ച...!
കാലത്തിന്റെ പൂക്കൾ വിടരുകയും,കൊഴിയുകയും ചെയ്യും.അനസ്യൂതം.
വസന്തവും,ഗ്രീഷ്മവും,ശരത്തും,ഹേമന്തവും,ശിശിരവുമായി...ഋതുക്കൾ മാറിമാറി വരും.
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും....
അവിടെ നിന്ന് യൗവ്വനത്തിലേക്കും ഓരോ മനുഷ്യനും നീന്തികടക്കും...അവസാനം വാർദ്ധക്യത്തിലേക്കും...എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും അതൊക്കെ മറികടന്നിരിക്കും.
ഒരുപാട് പേരെ വേദനപ്പെടുത്തി...അതിലേറെ പേരെ വാക്കുകൊണ്ടോ,പ്രവൃത്തി കൊണ്ടോ ചവിട്ടിമെതിച്ച്....ജീവിതസുഖങ്ങൾ തേടിയുള്ള യാത്രയിലായിരിക്കും അപ്പോൾ..
പിന്നെ ഒരു ദിവസം....നമുക്ക് ഉണ്ടെന്ന് കരുതിയിരുന്നതെല്ലാം നമ്മെ വിട്ടുപോകും...
പിന്നെയും നാം ജീവിക്കേണ്ടി വരും....
ചിലപ്പോൾ ആർക്കെന്നോ...?എന്തിനുവേണ്ടിയെന്നോ പോലുമറിയാതെ...ഒന്നും ആരെയും തളർത്തരുത്....ഇതാണ് എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം..

2016, നവംബർ 24, വ്യാഴാഴ്‌ച

മാതൃത്വം

അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടെതായ നിർവചനങ്ങൾ ഉണ്ടാവും. അമ്മ, അതൊരു സത്യം ആണ്. ഇന്ന് നമ്മുടെ സഹോദരീ സഹോദരന്മാര് മറക്കുന്നതും ആ സത്യത്തെയാണ്. പറക്കമുറ്റുന്നത് വരെ ഒന്നും സംഭവിക്കാതെ സ്വന്തം കാലില് നില്ക്കാന് നമുക്ക് കരുത്ത് പകർന്ന അമ്മയെയും അച്ഛനെയും, നമ്മള് ചെയ്യുന്ന കൊച്ചു കൊച്ചുതെറ്റുകൾ ക്ഷമിച്ചും, ശകാരിച്ചും നമുക്ക് നല്ല വഴി കാണിച്ചും തന്ന നമ്മുടെ അമ്മയെയും അച്ഛനെയും നാം വൃദ്ധ സദനങ്ങളിൽ കൊണ്ടുപോയി തള്ളുന്നു. ഒരു നിമിഷം ചിന്തിച്ചു നോക്കു, നമുക്ക് വേണ്ടി അവര് അനുഭവിച്ച കഷ്ടപാടുകൾ വേദനകൾ. നമ്മൾ എത്ര വിഷമിപ്പിച്ചാലും ഉപേക്ഷിച്ചാലും നമ്മെ വെറുക്കാതെ നമ്മെ സ്നേഹിക്കുന്ന ആ മനസ്സ്, അത് നമ്മള് കാണാതിരിക്കരുത്. അവർ മറ്റൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല, സ്നേഹത്തോടെ ഉള്ള നിങ്ങളുടെ ഒരുനോട്ടം,.... ഒരു വാക്ക്.... അത് മതിയാവും ആ പാവങ്ങൾക്ക്.സ്നേഹിക്കുക ഉപേക്ഷിക്കാതിരിക്കുക… കുടിലുകൾ കൊട്ടാരങ്ങളായി മാറി. ഇടവഴികളത്രയും മെറ്റൽ ചെയ്ത റോഡുകളും ഇന്റർലോക്കിട്ട തറകളുമായിമാറി. പക്ഷെ, അപ്പോഴും വീട്ടുവരാന്തയിൽ മാറാതെ നിൽക്കുന്ന ഒരു ചിത്രമുണ്ട് -പൊന്നുമക്കളെ വഴിനോക്കി നിൽക്കുന്ന അമ്മയുടെ മുഖമാണത്… കാലമെത്രമാറിയിട്ടും അമ്മ മാത്രം മാറുന്നില്ല. സ്നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്.ആർദ്രതയുടെ തിരമാലകളായതുണ്ട്. ഓരോ ജനാലക്കരികിലും മക്കളെ കാത്തു നിൽക്കുന്നൊരമ്മയുണ്ട്. ഓരോ അടുക്കളയിലും മക്കൾക്കുവേണ്ടി സ്വയം ഉരുകുന്നുണ്ട് ഓരോ അമ്മയും.
എവറസ്റ്റ് കീഴടക്കാം, അറബിക്കടൽ നീന്തിപ്പോകാം. പക്ഷെ, അമ്മയുടെ സ്നേഹത്തിന് മാത്രം പകരം നില്ക്കാനാവില്ല. ഒരു ജന്മംമുഴുവന് ആ കാൽച്ചുവട്ടിലിരുന്നാലും കുഞ്ഞുന്നാളില് നമുക്കുവേണ്ടി ഉറക്കമൊഴിച്ചിരുന്നതിന്റെ ഒരംശമാവില്ലത്. ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന് ചോദിച്ചാൽ അമ്മയുടെ മടിത്തട്ടാണെന്നല്ലാതെ മറ്റെന്തുത്തരമാണ് നമുക്ക് നൽകാൻ കഴിയുക....?
ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ പദം അമ്മയെന്നല്ലാതെ മറ്റെന്താണ്...?
ഓരോ ഭാഷകളിലേക്ക് മാറുമ്പോഴും അത് വല്ലാതെ സൗന്ദര്യത്തോടെ നിറഞ്ഞു നിൽക്കും. അമ്മയില്ലെങ്കിൽ ഒന്നുമില്ല… ഒന്നും… അമ്മയില്ലെങ്കിൽ വീട് ശൂന്യമാണ്. ആ സ്നേഹമില്ലെങ്കിൽ നമ്മൾ അനാഥരാണ്. അമ്മ ഒരുദിവസം വഴക്കുപറഞ്ഞില്ലെങ്കിൽ അതും ഒരു കുറവാണ്. അമ്മയുടെ കൈയ്യിൽ നിന്ന് ഭക്ഷണം കിട്ടിയില്ലെങ്കിൽ തൃപ്തിയാവില്ല നമുക്കൊരിക്കലും. അമ്മ പായ വിരിച്ചുതരണം,രാവിലെ അമ്മയുടെ വിളികേട്ടുണരണം. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മയില്ലെങ്കിൽ അസ്വസ്ഥതകൊണ്ട് ഭ്രാന്ത് പിടിക്കും മനസ്സിന്. എന്റെ മോൻ എന്ന ആ വിളിമാത്രം മതി ഒരു ജന്മം സഫലമാകും. നമ്മൾ ജയിക്കുന്ന ദിവസം അമ്മക്ക് പെരുന്നാളാണ്.നമ്മുടെ ദുഃഖമാണ് അമ്മയുടെ ദുഃഖം. ഓരോ അമ്മയും ജീവിക്കുന്നത് മക്കൾക്കുവേണ്ടി മാത്രമാണ്.
എവിടെയോ വായിച്ച വാചകം മനസ്സിലിപ്പോഴുമുണ്ട് ‘
മഴ നഞ്ഞ് സ്കൂളിൽ നിന്ന് വരുമ്പോൾ ചേട്ടൻ ഉപദേശിച്ചു –
നിനക്കൊരു കുടഎടുക്കാമായിരുന്നില്ലേ…?
ചേച്ചി സഹതപിച്ചു -
നിനക്ക് മഴ തോർന്നിട്ട് പോരാമായിരുന്നില്ലേ…? അച്ഛന് ദേഷ്യപ്പെട്ടു -
ഇനി ജലദോഷം വരുമ്പോൾ പഠിച്ചോളും!!…തോർത്തെടുത്ത് തലതോർത്തിഎന്റെ അമ്മ പറഞ്ഞു -
ഈ മഴക്കെന്താ ഇപ്പം പെയ്യണംന്ന്…?
എന്റെ കുട്ടി വന്നിട്ട് പെയ്താപ്പോരായിരുന്നോ?

അമ്മയിൽനിന്ന് പൊക്കിൾക്കൊടി മുറിച്ചുമാറ്റപ്പെട്ട ആ നിമിഷം മുതല് ഞാൻ അനാഥനാണെന്ന് എഴുതിവെച്ച കൂട്ടുകാരാ നിനക്ക് നന്ദി…
ഞാനും അനുഭവിക്കുന്നത് നിന്റെ അതേ വികാരമാണ്… ഒരു മനുഷ്യശരീരത്തിന് താങ്ങാന്പറ്റുന്ന വേദന 45 ഡെൽ യൂണിറ്റ് ആണ്. നമുക്ക് ജന്മം നൽകാൻ പ്രസവസമയത്ത് അമ്മമാര് അനുഭവിക്കുന്ന വേദന 57 ഡെൽ യൂണിറ്റും. അതായത് മനുഷ്യശരീരത്തിലെ 20 അസ്ഥികൾ ഒരേസമയം ഒടിയുമ്പോഴുണ്ടാകുന്ന അത്രയും വേദന…പത്തിരുപ്പത്തിയഞ്ച് വർഷക്കാലം ഭൂമിയിൽ ജീവിച്ചതിനേക്കാളേറെ നാം സുരക്ഷിതത്വമറിഞ്ഞത് പത്തുമാസക്കാലം അമ്മയുടെ വയറ്റില് കഴിഞ്ഞ ആ നാളുകളിലായിരുന്നു. ഓരോ കുഞ്ഞും പിറന്നു വീഴുമ്പോൾ കരയുന്നത് അമ്മയിൽ നിന്ന് വേർപ്പെടുന്നതിന്റെ വേദനകൊണ്ടായിരിക്കാം.അമ്മ… ഒരു സൗഭാഗ്യമാണ്…സ്നേഹമെന്ന പദത്തിന്റെ ലളിതമായഅർത്ഥമാണ് അമ്മ…
ഒന്നു കണ്ടില്ലെങ്കിൽ നൊമ്പരമാകുന്ന,...... ഒന്നു വിളിച്ചില്ലെങ്കിൽ സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലിൽ ലോകത്തിന്റെ മുഴുവൻ കുളിരുമുണ്ട്… ആ മടിയിൽ തല ചായ്ച്ചുറങ്ങുമ്പോൾ ലഭിച്ച ആ ഇളം ചൂടിനോളം വരുന്ന മറ്റൊരു സുഖവും നാം അനുഭവിച്ചിട്ടുണ്ടാവില്ല…അമ്മ പാടി തന്ന താരാട്ടുപാട്ടായിരുന്നു കേട്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ പാട്ട്… അമ്മ ചുട്ടുതന്ന ദോശയോളം വരില്ല നക്ഷത്ര ഹോട്ടിലെ ഒരു മെനുവും… അമ്മ ലോകത്തിലെ മഹാസത്യമാണ്, എല്ലാം നിഷേധിക്കുന്നവരും അമ്മയെന്ന സത്യത്തെ മാത്രം അംഗീകരിക്കും…  പിച്ചവെക്കുന്ന കുഞ്ഞുന്നാളിൽ അമ്മ കാവൽക്കാരിയാണ്…സ്കൂളിലേക്ക് പോകുന്ന ആദ്യ ദിനങ്ങളില് അമ്മ സഹയാത്രികയാണ്… കുരുത്തക്കേടിന്റെ കൗമാരത്തിൽ അമ്മ പൊലീസുകാരിയും അധ്യാപികയുമാണ്…അമ്മ പ്രാർത്ഥിച്ചതത്രയും സ്വന്തം കാര്യത്തിനുവേണ്ടിയായിരുന്നില്ലൊരിക്കലും… കറണ്ടില്ലാത്ത രാത്രികളിൽ ജോലി കഴിഞ്ഞു വരവ് വൈകുമ്പോൾ കാത്തിരുന്ന് കാത്തിരുന്ന് ചിമ്മിണി വിളക്കിന്റെ എണ്ണ തീരുമ്പോഴും മടുപ്പില്ലാതെ,പരിഭവമില്ലാതെ വഴി നോക്കി നിൽക്കും ആ മനസ്സ്… പരീക്ഷയിൽ തോറ്റ്, കളിയില് തകർന്ന്…മടങ്ങിവരുമ്പോൾ സാരമില്ലട ഒക്കെ ശരിയാവും… മോൻ സങ്കടപ്പെടാതിരിക്കെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന മുഖം… ഇല്ല അമ്മക്ക് പകരം നല്കാൻ ഒന്നുമില്ല കയ്യിൽ…സത്യസന്ധമായി ജീവിക്കാന് പഠിപ്പിക്കുമ്പോഴും അമ്മ കള്ളം പറഞ്ഞുകൊണ്ടിരിക്കും… ഉറങ്ങാതെ പഠിക്കുമ്പോൾ..... കാവലിരിക്കേണ്ടെന്ന് പറയുമ്പോൾ അമ്മ പറയും ഇല്ലെടാ എനിക്ക് ഉറക്കം വരുന്നില്ല… ഇഷ്ടഭക്ഷണം കൊതിപ്പിക്കുമ്പോഴും കഴിക്കാതെ പ്ലേറ്റിലേക്കിട്ട് തന്ന് അമ്മ പറയും ഞാനത് കഴിക്കാറില്ലെടാ നീ കഴിച്ചോളൂ… മരുന്ന് വാങ്ങാന് വെച്ച കാശെടുത്ത് തന്ന് അമ്മ പറയും. ഉച്ചക്ക് ഊണ് കഴിക്കാതിരിക്കരുത് നമ്മെ നമ്മൾ സ്വയം സൂക്ഷിക്കണം…മൂന്ന് മക്കളും അമ്മയും അടക്കം മൂന്നുപേരുണ്ട് വീട്ടിലിങ്കിൽ. നാലു പേർക്കുമായി മൂന്ന് ആപ്പിൾ മാത്രമേയുള്ളു. ഉടൻ അമ്മപറയും… എനിക്ക് ആപ്പിള് ഇഷ്ടമല്ലെടാ…ഓർമ്മകളൾക്കിപ്പോഴും ബാല്യത്തിന്റെ നനവാണ്…  സ്കൂളിൽ നിന്ന് ബെല്ലടിച്ചിട്ടും കാണാതിരിക്കുമ്പോൾ ആധി നിറഞ്ഞ കണ്ണുകളോടെ പാതിവഴിയോളം പാഞ്ഞുവരാറുള്ള അമ്മ.. തിമിർത്തുപെയ്യുന്ന കര്ർക്കടക മാസത്തിൽ ഇടിമിന്നലിനെ പേടിച്ച് ഒതുങ്ങികഴിയുമ്പോൾ ആൺ പിള്ളേർ ഇങ്ങനെ പേടിച്ചാലോടാ…എന്ന് പറഞ്ഞ് ധൈര്യം പകർന്ന് നെഞ്ചോട് ചേർക്കും അമ്മ…ദൂരേ ദിക്കുകളിലേക്ക് യാത്ര പോകുമ്പോൾ ആ കണ്ണ് നിറഞ്ഞിരിക്കും…  ആ ഇന്നലെകൾ നമ്മളിൽ പലരും ഓർക്കുന്നുണ്ടാകും…എല്ലാ മഴയും അമ്മ നനഞ്ഞത് എനിക്ക് വേണ്ടിയായിരുന്നു… എല്ലാ വെയിലിലും അമ്മ പൊള്ളിയത് മറ്റാർക്കും വേണ്ടിയുമായിരുന്നില്ല…നടന് “പ്രകാശ് രാജ്” ഒരഭിമുഖത്തില് കണ്ണീരോടെ ഇങ്ങനെ കുറിച്ചു. “എന്റെ അമ്മ മരിച്ചു കിടക്കുമ്പോൾ ആ നനുത്ത കാലുകളിൽ കെട്ടിപ്പിടിച്ച് ഞാന് പറഞ്ഞു… അമ്മേ, ഇനിയൊരു ജന്മമുണ്ടെങ്കില് അമ്മ എന്റെ ഭാര്യയായി ജനിക്കണം, ഭാര്യമാർ അധികാരം കയ്യാളുന്ന ലോകത്ത് എനിക്ക് എന്റെ അമ്മയെ ഒരിക്കലും വേണ്ടപോലെ സ്നേഹിക്കുവാൻ കഴിഞ്ഞിട്ടില്ല… അമ്മേ, മാപ്പ്…” നാം തിരിച്ചറിയണം. ഓരോ മനുഷ്യനും അവനുമുന്നിലെ ലോകാത്ഭുതം അവന്റെ അമ്മയാണെന്ന്…ഓരോ ആണും,പെണ്ണും...ആദ്യം നീ ഒരു മകനോ,മകളോ ആയിരിക്കും....പിന്നീട് നീയൊരു ഭര്ത്താവും,ഭാര്യയോ ആയിത്തീരും....ഒരുപക്ഷേ നീണ്ട കാത്തിരിപ്പിനൊടുവിൽ നീയൊരു അച്ഛനോ,അമ്മയോ ആയി തീരും...അപ്പോഴാണ്...തിരിച്ചറിയുക...
മാതാപിതാക്കളുടെ നൊമ്പരവും,വേദനയും..അലച്ചിലും..എല്ലാമെല്ലാം.....ഒന്ന് സ്നേഹിച്ചൂടെ....അവരെ...?
ഒരു നല്ല വാക്ക് പറഞ്ഞൂടെ...?അവരോട്..
സുഖമില്ലാതെ കിടക്കുമ്പോൾ ഒന്ന് അടുത്തുചെന്ന് ആശ്വസിപ്പിക്കുക....മരുന്ന് കഴിച്ചോ,ഭക്ഷണം കഴിച്ചോ...എന്നൊക്കെ ഒന്ന് സ്നേഹത്തോടെ ആരായുക...ഇതൊക്കെയേ അവർക്ക് വേണ്ടൂ...ഇതൊക്കെയുണ്ടെങ്കിൽ ഏത് കിടന്നകിടപ്പിൽ നിന്നും അവർ ആരോഗ്യത്തോടെ,സന്തോഷത്തോടെ എഴുന്നേറ്റു വരും....നിങ്ങളും,ഞാനും ഇന്ന് അവരോട് എങ്ങിനെ പെരുമാറുന്നോ....അത് തന്നെയാവും....നാളെ എന്റെയും...നിങ്ങളുടെയും ജീവിതത്തിൽ വന്ന് ചേരുക...വിതച്ചതേ..കൊയ്യൂ...കലർപ്പില്ലാതെ...സ്നേഹിക്കാൻ കഴിയട്ടെ...നമുക്ക് അവരെ..