2018, മാർച്ച് 28, ബുധനാഴ്‌ച

സത്യവും.....മിഥ്യയും...


ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാട് അനുഭവിക്കുമ്പോഴും...
പലർക്കുമിടയിൽ നേടിയെന്ന് ഉറപ്പുള്ള..
അതിൽ അഭിമാനിക്കുന്ന ചില കണക്കുകൾ ഉണ്ട്.
നല്ല മനസ്സുള്ള ഇണകളെ കിട്ടിയെന്ന് ഭാര്യാഭർത്താക്കന്മാരും..
നല്ല അച്ഛനമ്മമാരെ കിട്ടിയെന്ന് മക്കളും..
നല്ല മക്കളെ കിട്ടിയെന്ന് മാതാപിതാക്കളും..
സ്വയം അഭിമാനിച്ചിരുന്ന ഒരുകാലം.
ഇതിന്റെയൊക്കെ പിന്നിൽ സ്നേഹമെന്ന നിർവചിക്കാനോ...വിവരിക്കാനോ കഴിയാത്ത വികാരമാണ്..
ഇതേ സ്നേഹം കൊണ്ടുതന്നെയാണ് പിണങ്ങിയും...
പരിഭവിച്ചും...
സ്നേഹിച്ചും...
ഉപദേശിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവർക്കും കഴിയുന്നത്.കുടുംബം എന്ന വിളക്കിന്റെ എണ്ണയും തിരിയുമാണ് ഇതെല്ലാം.
പക്ഷേ....
ഇന്ന് പലവീടുകളിലും...
ഈ വിളക്കിന്റെ പ്രകാശം നന്നേ മങ്ങിപ്പോകുന്നു..
സാങ്കേതിക വിദ്യയുടെയും വിവരത്തിന്റെയും ചുവടുവച്ച് നീങ്ങുന്ന ഇന്നിന്റെ യുവത്വത്തിനിടയിൽ...
ഉപദേശവും...
പരിഭവവും കാലഹരണപ്പെട്ട ചിന്താഗതി മാത്രം..
വളർത്തി വലുതാക്കിയതിന്റെയോ....
അതിനിടയിൽ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളുടെയോ...
സങ്കടങ്ങളുടെയോ..
വേദനയുടെയോ കണക്കുകൾ കൂട്ടിനോക്കാൻ പലരും മറന്നു പോകുന്നു.
കാലത്തിനൊപ്പം നീങ്ങണം എന്ന ചിന്താഗതിയിൽ...
മറച്ചു വെച്ചതൊക്കെയും പുറത്തേക്കെടുക്കാൻ ഒരു ത്വര ചിലർക്ക്...
ഒരുപാട് പരിതാപകരമായ കണ്ടറിവുകളും കേട്ടറിവുകളും ഉണ്ടായിട്ടും....
വിവേകബുദ്ധിയോടെ പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിൽ പലരും വികാര വിഭ്രാന്തിയോടെ  പെരുമാറുന്നു എന്നതാണ് യാദാർത്ഥ്യം.
ഇവിടെ ഉപദേശങ്ങൾക്കും...
പരിഭവങ്ങൾക്കും സ്ഥാനമില്ല...
മറിച്ച് താനാണ് ശരി എന്ന മൗഢ്യമായ വിശ്വാസം മാത്രം ചിന്തകളിലും സ്വപ്നങ്ങളിലും പ്രവർത്തിയിലും ഊന്നൽ കൊടുത്ത ചിലർ.
എല്ലായ്പ്പോഴും സത്യത്തിന്റെ മുഖം വികൃതമാണ്...
മിഥ്യയുടെ മുഖം തെളിഞ്ഞും നിൽക്കുന്നു...വികാരം വിവേകത്തെ കീഴടക്കും മുൻപേ ചിന്തിക്കണം...സത്യമേത്...മിഥ്യയേത് എന്ന്....അല്ലെങ്കിൽ ജീവിതം അണയാൻ പോകുന്ന തിരിവിളക്കിന്റെ അവസാനത്തെ ആളിക്കത്തൽ മാത്രമായി തീരും.....!

2018, മാർച്ച് 13, ചൊവ്വാഴ്ച

You can't reply to this conversation ....😕


ഒരു ഫ്രണ്ട് റിക്വസ്റ്റിന്റെ നോട്ടിഫിക്കേഷൻ ശബ്ദം മുഴങ്ങുമ്പോൾ......ചിലർ ആലോചിച്ചും..
കൂടുതൽ പേർ ചിന്തിക്കാതെയും...അക്സെപ്റ്റ് എന്ന സ്വിച്ചിലേക്ക് വിരൽ തുമ്പ് അമർന്നു പോകുന്നു.പിന്നീടങ്ങോട്ട് ഒന്നുകിൽ നന്മയുടെ..സന്ദേശവും...വെളിച്ചവും പകരുന്ന സൗഹൃദത്തിലേക്ക്...അല്ലെങ്കിൽ വേദനയുടെയും..ദുഃഖത്തിന്റെയും സമ്മിശ്രവികാരമുണർത്തുന്ന ചിരസ്ഥായിയായ ഇരുട്ടിലേക്കുള്ള ആദ്യ പടിക്കെട്ട് താണ്ടുകയായി.
കഥകൾ..കവിതകൾ...ലേഖനങ്ങൾ..ചിലപ്പോൾ അർത്ഥമില്ലാത്ത വാക്കുകൾ ആണെങ്കിൽ പോലും ലൈക്കും കമന്റുമേകി ആ പരിചയത്തിന്റെ മങ്ങി കത്തിയിരുന്ന തിരി വെളിച്ചം ആളികത്തിക്കാൻ ശ്രമിക്കുന്നു പലരും.വളരെ വൈകാതെ ഇൻബോക്‌സ് എന്ന ഉള്ളറയിലേക്ക് നുഴഞ്ഞു കയറുകയും ചെയ്യുന്നു.പലപ്പോഴും ഒരു തണുത്ത കാറ്റ് പോലെയാകും സംസാരരീതി...വിശേഷങ്ങൾ ചോദിച്ച്...സന്തോഷം പ്രകടിപ്പിച്ച്...സ്നേഹം ചൊരിഞ്ഞ്..തഴുകിയും തലോടിയും...രാത്രിയെന്നോ...പകലെന്നോ വ്യത്യാസമില്ലാതെ ചാറ്റിംഗിൽ മുഴുകിയിരിക്കുന്നു...
പിന്നീടെപ്പോഴോ പറഞ്ഞു പോയ വാക്കിന്റെ  ഗതി വ്യത്യാസമോ...അർത്ഥമോ മറിപ്പോകുമ്പോൾ ചിലർ തിരിച്ചറിയലിന്റെ പാതയിലേക്ക് തിരിയുന്നു.
പരസ്പര പരിചയത്തിന്റെ അകൽച്ചയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കി തരുന്ന നിമിഷങ്ങളുടെ ദൈർഘ്യവുമായി ദിവസങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ പലപ്പോഴും വേദനയുടെ ഹൃദയഭാരവുമായാണ് പലരും അകൽച്ചയെ സീകരിച്ചിട്ടുണ്ടാവുക എന്നതാണ് സത്യം...
തിരിച്ചൊരു റിപ്ലെ ഇല്ലെങ്കിൽ തന്നെയും പിന്നെയും ചിലർ അക്ഷരക്കൂട്ടങ്ങളെ വീണ്ടും ഇൻബോക്സിലേക്ക് കുടഞ്ഞിടുന്നു.
ചിലപ്പോൾ ദുഃഖനിർഭരമായ വാക്കുകളിലൂടെ..
അപ്പോഴും നോ റിപ്ലെ...പിന്നെ പ്രതികാര സമ്മിശ്രമായ വാക്കുകൾ....അപ്പോഴും നോ റിപ്ലെ....
പിന്നീട് പലപ്പോഴും ആ പേരിന് നേരെ ഓണ്ലൈൻ പച്ചവെളിച്ചം തെളിയുമ്പോൾ വെറുതെ വീണ്ടും ആഗ്രഹിക്കുന്നു..ഒന്നുകൂടി അടുക്കാൻ കഴിഞ്ഞെങ്കിൽ...തല്ലുകൂടാൻ കഴിഞ്ഞെങ്കിൽ...സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ...ഹൃദയഭാരത്തോടെ വീണ്ടും ചിലർ ശ്രമിച്ചുകൊണ്ടിരുന്നു...ഒരു hai ലോ..Hi ലോ ഒക്കെ തുടങ്ങുന്ന കുഞ്ഞുകുഞ്ഞു വാക്കുകളിലൂടെ...അപ്പോഴും നോ റിപ്ലെ..
പിന്നീട് എപ്പോഴെങ്കിലും തള്ളിക്കയറി വരുന്ന നോട്ടിഫിക്കേഷന്റെ ശബ്ദം...കേൾക്കുമ്പോൾ എല്ലാം മറന്ന് വിരലുകൾ പരതുന്നു....ആരെയൊക്കെയോ... നഷ്ടപ്പെട്ടതെന്തോ തേടുന്ന വിഭ്രാന്തിയോടെ...
പിന്നെ ഒരുനാൾ ചാറ്റ് ബോക്സിന്റെ താഴെ നീലനിറമാർന്ന ചതുര വടിവിൽ വെളുത്ത അക്ഷരങ്ങൾ തെളിഞ്ഞു കാണുന്നു..
You can't reply to this conversation......
ഇന്നിലെ പല മുഖപുസ്തക സൗഹൃദങ്ങളും ഇങ്ങിനെ തുടങ്ങി...ഇങ്ങിനെ തന്നെ പര്യവസാനിക്കുന്നു.....അല്ലേ...?