2019, ഏപ്രിൽ 30, ചൊവ്വാഴ്ച

കാലം...കൃത്യനിഷ്ഠയുള്ള തൊഴിലാളി...

കാലത്തിന്റെ പ്രധാന സ്വഭാവം അതിന്റെ വിശ്രമമില്ലാത്ത സഞ്ചാരമാണ്.
ഒരുപാട് പേരെ സന്തോഷപ്പെടുത്തി...
ഒരായിരം പേരെ ദുഃഖത്തിലാഴ്ത്തി...
വേറെ ചിലരുടെ നേരെ അതിന്റെ ക്രൂരമായ അവഗണന പ്രകടിപ്പിച്ചു കൊണ്ട് വിരാമമില്ലാത്ത അവസ്ഥയിലൂടെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.
മനുഷ്യനും...വസ്തുക്കളും ചലനാവസ്ഥയിലാണോ..
നിദ്രാവസ്ഥയിലാണോഎന്നൊന്നും പരിഗണിക്കാതെ..
കാലം അതിന്റെ   സ്വതസിദ്ധമായ ശൈലിയിൽ വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു.കാലത്തിന്റെ ഈ കുത്തിയൊഴുക്കിനിടയിൽ
സ്വന്തം വീട്ടിലെങ്കിലും സ്വൈര്യം ലഭിച്ചെങ്കിൽ എന്ന് പരിഭവം പ്രകടിപ്പിക്കുന്ന ചിലർ...
ശാപവാക്കുകളും...പരിഹാസവും ഏറ്റുവാങ്ങുന്ന ചിലർ...
എന്തിനാ ഇങ്ങനെയൊരു ശാപജന്മം എന്ന തോന്നലിൽ ...
ജീവിതമങ്ങ് അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കുന്ന ചിലർ...
മനസ്സ് നിറയെ മൂടൽമഞ്ഞുമായി ...
ആശങ്കയുടെ ഇരുണ്ട നിറവും പേറി ജീവിക്കുന്ന ചിലർ...
ഇവരൊക്കെയും പലപ്പോഴും ആത്മഗതം പറയും....
എനിക്കാരോടും പരിഭവവും...പരാതിയുമില്ലെന്ന്.....
പക്ഷേ....
നിർത്തലില്ലാതെ പ്രയത്നിച്ചു കൊണ്ടിരിക്കുന്ന കാലത്തെ മാത്രം പഴിക്കുന്നു ഇക്കൂട്ടർ....
എനിക്ക് മാത്രമെന്തേ കഷ്ടകാലം എന്ന് സ്വയം ചോദിക്കുന്നു...
ആരുടെയും പരിഭവങ്ങളും...
പരാതികളും കേൾക്കാതെ കാലചക്രം ഇനിയും ഉരുളും..
കനത്ത ചൂടും...
കോരിച്ചൊരിയുന്ന മഴയുമായി..
ആരുടെയും കഷ്ടതകളിലും നൊമ്പരങ്ങളിലും കണ്ണുടക്കാതെ...
ആരുടെയും പരിദേവനങ്ങളും പരാതികളും ശ്രദ്ധിക്കാതെ....
ചിലർക്ക് നഷ്ടങ്ങളും സങ്കടങ്ങളും മാത്രം നൽകിക്കൊണ്ട്..
അശരണരുടെ സ്വപ്നഗോപുരങ്ങളെ പിടിച്ചുലച്ചുകൊണ്ട്...
നീതിയും...
നീതിനിർവ്വഹണവും രണ്ടും രണ്ടാണെന്ന് പറയാതെ പറഞ്ഞുകൊണ്ട്...
നിരപരാധികളെ ക്രൂശിച്ചും...
അപരാധികളെ തുറന്ന് വിട്ടും....
കാലചക്രം ഇനിയും ഉരുളും...
കൃത്യനിഷ്ഠയുള്ള തൊഴിലാളിയെപ്പോലെ....!