2017, ഒക്‌ടോബർ 31, ചൊവ്വാഴ്ച

വിതച്ചതും...കൊയ്തതും നീ തന്നെ

നമ്മുടെയൊക്കെ ജീവിത യാത്രയ്ക്ക് ഇന്നെത്രയോ വർഷം പൂർത്തിയായിരിക്കുന്നു.തീർന്നില്ല...ജനമാന്ത്യം വരെ ഈ യാത്ര തുടരണം.നമുക്കായി ഈശ്വരൻ കരുതിയതൊക്കെയും നമ്മൾ ഈ യാത്രയിൽ അനുഭവിച്ചു തീർക്കണം.ഇതിനെയാണ് നമ്മൾ എപ്പോഴും വിധിയെന്ന് ഓമനപേരിട്ട് വിളിക്കാറ്.പക്ഷേ....ഇനിയൊരു ജന്മമുണ്ടെങ്കിൽ....ഈ ജന്മമനുഭവിച്ചതൊന്നും ദൈവത്തിന്റെ വരദാനത്തിൽ പെടരുതേയെന്ന് മൗനമായി പ്രാർത്ഥിക്കുന്നവരും നമുക്കിടയിൽ ഒരുപക്ഷേ ഉണ്ടാകാം.
കാലത്തിന് മായ്ക്കാൻ കഴിയാത്ത അതിർവരമ്പുകളോ...മുറിവുകളോ... മനുഷ്യ മനസ്സിൽ നിലനിൽക്കുന്നില്ല..സ്നേഹത്തിന്റെ മൃദുലതയും..പ്രണയത്തിന്റെ തേങ്ങലും...വിരഹത്തിന്റെ വിങ്ങലും അനുഭവിച്ചവരായിരിക്കും നമുക്കിടയിൽ കൂടുതൽ.എന്നിട്ടും...ചിലർ...വീണ്ടുമെപ്പോഴോ..ചില ഇടവേളകൾക്കപ്പുറം
സ്നേഹപൂർവ്വമായൊരു വാക്കിൽ...ചില വരികൾക്കിടയിലെ...സ്നേഹം തുളുമ്പുന്ന അക്ഷരങ്ങളിലേക്ക് വീണ്ടും ചാഞ്ഞുപോകുന്നു.ഞാൻ ഇനിയും അനുഭവിച്ചോളാ൦ എന്ന പ്രതിജ്‌ഞ എടുത്തവരെപ്പോലെ...അതിനിടയിലേക്ക് കമിഴ്ന്നടിച്ച് വീഴുന്നു.അറിഞ്ഞും അറിയാതെയും ഇന്നുകളിൽ ചിലർ വീണ്ടും വിഡ്ഢിവേഷം കെട്ടി ആടാൻ ശ്രമിക്കുമ്പോൾ...ഇതിനെയും വിധിയെന്ന് വിളിക്കാൻ പറ്റുമോ...?

മനസ്സാണ് ശത്രു...മനുഷ്യനല്ല

മനസ്സിലെ ...ചിന്തകളും..കാഴ്ചപ്പാടും വാക്കുകളാൽ കോറിയിടുമ്പോൾ ചിലയിടങ്ങളിൽ അലസോരമുണ്ടാവുക സ്വാഭാവികം മാത്രം.ആ അസ്വാരസ്യമാണ് ചിലരെ നമ്മിൽ നിന്ന് അകലാനും പിന്തിരിയാനും പ്രേരിപ്പിക്കുക.ചില വാക്കുകളുടെ മൂല്യങ്ങൾ നാമമാത്രമായി മനസ്സിലാകാതെ വരുമ്പോൾ...പെയ്തൊഴിഞ്ഞ മഴപോലെ പല അടുപ്പങ്ങളും പാതിവഴിയിൽ അവസാനിക്കുന്നു.അപ്പോഴൊക്കെ ചില മുഖങ്ങളിൽ വെറുപ്പോ....വിദ്വേഷമോ..വിശ്വാസക്കുറവോ....അങ്ങിനെ എന്തൊക്കെയോ നമുക്ക് കാണാൻ കഴിയും.കാരണം..ചിലതൊക്കെ ചിലർക്കെ ശരിയാകൂ....ചിലർക്ക് മാത്രം.ഓരോ മനസ്സും പലപ്പോഴും ആഴക്കടൽപോലെയാണ്.അതിലെ മലരികളും,ചുഴികളും...എന്തിനേറെ അതിന്റെ ആഴംപോലും അളക്കാൻ കഴിയില്ല.പക്ഷേ ഒന്നുണ്ട്.അതിൽ തളിരിടുന്ന ചില ഇഷ്ടങ്ങൾ അതെപ്പോഴും പ്രണയമാകണമെന്നില്ല.ചിലത് യദാർത്ഥ സൗഹൃദത്തിന്റെ അനുഭൂതിയോ..ആദരവോ..ഒക്കെ ആയിരിക്കും.ഇങ്ങിനെയുള്ള ബന്ധങ്ങളിൽ ചിലപ്പോഴൊക്കെ കുറ്റപ്പെടുത്തലുണ്ടാകും...പഴിചാരലുണ്ടാകും..പിണക്കങ്ങളും....ഇണക്കങ്ങളുമുണ്ടാകും..ഇതിനിടയിൽ ചിലർക്ക് ചിലരെ മനസ്സിലാകും..മറ്റു പലർക്കും മനസ്സിലാകാതെയും വരും.ഒരു തനിയാവർത്തനം പോലെ..ചിലപ്പോൾ വരണ്ടതും...ചിലപ്പോൾ ഒരു മലർവാടിയായും മനസ്സ് രൂപപ്പെടും..പലപ്പോഴും മനസാണ് ശത്രു...മനുഷ്യനല്ല...!

2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

ശൂന്യതയുടെ മുഖം

വിധിയുടെ കടലിൽ....
അലകളുടെ താളത്തിനനുസരിച്ച്...
മുങ്ങിയും പൊങ്ങിയും സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ഒരു പൊങ്ങുതടിയാണ് മനുഷ്യൻ...
ചിലപ്പോൾ ഒഴുക്കിനൊപ്പം ലക്കും,ലഗാനുമില്ലാതെ ഒഴുകിപ്പോകും.മറ്റുചിലപ്പോൾ എവിടെയെങ്കിലും തട്ടിതടഞ്ഞ് നിൽക്കും...
ചിലരെ സംബന്ധിച്ചിടത്തോളം ജീവിതം നീണ്ട ഒരു ഒരുത്സവകാലമാണ്.പൂവിൽ നിന്ന് പൂവിലേക്ക് പാറിപ്പറക്കുന്ന ശലഭങ്ങളെപ്പോലെ ആനന്ദവും,മധുവും തേടി പറന്നു ചെല്ലുന്നു.മറ്റു ചിലരാകട്ടെ ചിറക് തളർന്ന ശലഭത്തെപ്പോലെ...വിധി നൽകിയ നൊമ്പരങ്ങളേറ്റു വാങ്ങി...മൂകരായി തങ്ങളുടെ ദുഃഖങ്ങളെ താലോലിച്ച് ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിൻവാങ്ങുന്നു...
പലപ്പോഴും നമ്മുടെയൊക്കെ ജീവിതത്തിലെ ഓർമ്മകളുടെ ഇരുട്ടിൽ നിന്ന് നമ്മൾ ഒന്ന് കണ്ണുതുറന്ന് നോക്കിയാൽ ശൂന്യതയുടെ മുഖമാണ് പിന്നീടങ്ങോട്ട് കാണാൻ കഴിയുക.

വികൃതമായ വര....

ലോകത്തിന്റെ നാശത്തിനായി കാലം വരച്ചുചേർത്ത വികൃതമായ വരയാണ് മതം.
ലോകത്തെ വെട്ടിമുറിക്കുന്നു....
മനുഷ്യനെ വെട്ടിമാറ്റുന്നു....
അതേ... മനുഷ്യരിൽ ചിലർ ജീവിതമാകുന്ന യാദാർത്ഥ്യങ്ങൾക്കിടയിൽ കൂടുതൽ സുഖവും,സൗകര്യങ്ങളും നേടാനുള്ള ഒരു മാർഗ്ഗം കണ്ടെത്തി.മതം.....ആ മതത്തെ ഒരായുധമാക്കി മാറ്റി പരസ്പരം പോർവിളിക്കുന്നു പിന്നെയും ചിലർ.
കുരുതികൾ നടത്തുന്നു.നാം തന്നെ നമുക്കിടയിൽ മതിലുകൾ തീർക്കുന്നു..
ഹിന്ദുവെന്നും...മുസ്ലീമെന്നും..കൃസ്ത്യാനിയെന്നും പേരുള്ള വൻമതിൽ.പണ്ട് തോളിലൂടെ കയ്യിട്ട് നടന്നവരാകും...ഒരുപക്ഷേ നാളെ ജീവനെടുക്കുക..
നാം കേട്ട ശംഖനാദം....
നാം കേട്ട ബാങ്ക് വിളി...
നാം കേട്ട സുവിശേഷം...എല്ലാം ഒരുകാലത്ത് സ്നേഹത്തിന്റെ....സാഹോദര്യത്തിന്റെ സംഗീതമായിരുന്നു...
ഇന്നോ...മനുഷ്യമനസ്സുകളിൽ ചേക്കേറിയ സ്വാർത്ഥചിന്തയുടെ പരിണിതഫലമെന്നോണം..
നമുക്കിടയിൽ ഇഴുകി ജീവിച്ചിരുന്ന പലരെയും നാം മറന്നു പോകുന്നു...പുറമേക്ക് പുഞ്ചിരിക്കുമെങ്കിലും ..ഉള്ളിന്റെയുള്ളിൽ വർഗ്ഗീയത എന്ന ശത്രു ഉറക്കം നടിക്കുന്നു...
കാലമേ.....നിന്റെ യാത്ര എങ്ങോട്ട്...?
കലികാലമേ...നീ എവിടെ ചെന്നവസാനിക്കും...?

2017, ഒക്‌ടോബർ 21, ശനിയാഴ്‌ച

ഒരു പിൻവിളിക്കായ്


നമ്മൾ

സ്‌നേഹിച്ചിരുന്നവര്‍ മരിക്കുകയും അവരുടെ സ്‌നേഹമില്ലാതെ ആളുകള്‍ ജീവിക്കുകയും ചെയ്യുന്നുണ്ട്. യഥാർത്ഥ മരണം ആയാലും മനസ്സിലെ ഓർമ്മകളിലെ മരണമായാലും.എന്നാല്‍ 'ജീവിതം ഓര്‍മകളല്ലാതെ മറ്റൊന്നുമല്ല'.
കാരണം ഇഷ്ടങ്ങൾക്ക് മരണം സംഭവിക്കുമ്പോൾ ചിന്തകൾക്ക് ജീവൻ വെയ്ക്കുന്നു.ഒരു തോരാ മഴയായി നമ്മിൽ പെയ്തിറങ്ങി ഇടയ്ക്കെപ്പോഴോ അകന്നു പോകുന്ന ചില ബന്ധങ്ങൾ..
എന്നിട്ടും നമ്മൾ ഒരു പിൻവിളിക്കായ് വീണ്ടും കാതോർക്കുന്നു.
വീണ്ടും  തിരികെ ലഭിക്കില്ലെന്നറിഞ്ഞിട്ടും നമ്മൾ പിന്നെയും പ്രതീക്ഷിക്കുന്നു..എന്തൊക്കെയോ..
മൺമറഞ്ഞതും കാണാതെ പോയതും...എല്ലാമെല്ലാം...
നഷ്ടങ്ങൾ ഒരുപാടുണ്ടായാലും..ഞാനും..നിങ്ങളുമൊക്കെ
പിന്നെയും...ആഗ്രഹിക്കുന്നു...സ്വപ്‌നങ്ങൾ കാണുന്നു...അതിന് ചിന്തകൾ കൊണ്ട് വർണ്ണങ്ങളും വാരി പൂശുന്നു...
ഇതൊക്ക തന്നെയല്ലേ...? നമ്മൾ...!

അപൂർണ്ണമീ...മനസ്സ്

നമ്മുടെയൊക്കെ ജീവിതത്തിൽ.. നമ്മെ ആകർഷിച്ച...നാം ഒരുപാടിഷ്ടപ്പെട്ട
ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ ചിലരൊക്കെ   നമ്മെ തെല്ലും അറിയാതെ കടന്നു പോയിട്ടുണ്ടാകും ചിലപ്പോഴൊക്കെ.ആ ഓർമ്മകൾ...അത് എത്ര വേദനിപ്പിക്കുന്നതാണെങ്കിൽ പോലും..ഹൃദയത്തെ പൊള്ളിയടർത്തിയാലും
നാം വീണ്ടും ഓർക്കാൻ ശ്രമിക്കുന്നു.ഒരുപക്ഷേ നാം തല്ലിക്കൊഴിച്ചതും...അല്ലെങ്കിൽ നമ്മെ അടർത്തി മാറ്റിയതും ആകാം.എങ്കിൽ തന്നെയും
മനസ്സിലെ നിറം മങ്ങാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ അവരുടെ മുഖവും ഉണ്ടാകും.
പഴയ ഓർമ്മകളിലേക്ക്...ആ നാളുകളിലേക്ക് തിരിച്ചു പോകണമെന്ന് നാം വെറുതെ ആഗ്രഹിക്കും...പക്ഷേ നമുക്കറിയാം..ഇനിയൊരിക്കലും ആ നാളുകളിലേക്ക് നമുക്ക് തിരിച്ചു ചെല്ലാനാകില്ലെന്ന്..!
തവ-മനോഹര നിത്യസ്മരണയാണ്...ഓരോ ജീവിതവും.ഒരിക്കലും പൂരിപ്പിച്ച് തീർക്കാൻ കഴിയാത്ത സമസ്യ പോലെ അപൂർണ്ണമാണ് ഓരോ മനസ്സും.....!

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

ആഗ്രഹങ്ങളും..സ്വപ്നങ്ങളും അവസാനിക്കാത്ത മനസ്സ്


ആശകളും നിരാശകളുമാണ്..ഓരോ മനുഷ്യന്റെയും ഉയർച്ചയുടേയും താഴ്ച്ചയുടേയും അളവുകോൽ ആകുന്നത്.
ആശകൾ ഓരോരുത്തരേയും മുന്നോട്ട് ജീവിപ്പിക്കാൻ പ്രേരിപ്പിക്കുമ്പോൾ...അതിന് ഉത്ത്വേജനം നൽകുമ്പോൾ നിരാശകൾ പലപ്പോഴും അതിന് തടയിടുന്നു..സ്വപ്നങ്ങളും,ആഗ്രഹങ്ങളുമില്ലാത്ത മനുഷ്യരില്ല..മനസ്സെന്ന വിഹായസ്സിൽ ഇതൊന്നിനും അന്ത്യവും ഇല്ല..ചെറുപ്പത്തിൽ ചില കളിപ്പാട്ടങ്ങളെ കുറിച്ച് ആഗ്രഹിക്കുന്നു...കുറച്ചു കൂടി നല്ലതോ വലുതോ കിട്ടിയാൽ എങ്ങിനെയിരിക്കും എന്ന് സ്വപ്നം കാണുന്നു...ബാല്യം കഴിഞ്ഞ് കൗമാരത്തിന്റെയും യൗവ്വനത്തിന്റെ ഇടയിലെത്തുമ്പോൾ ഒരു ആണിന് പെണ്ണിലും,പെണ്ണിന് ആണിലും ഇഷ്ടം തോന്നുന്നു..അവരോടൊപ്പമുള്ള നിമിഷങ്ങളെ ആഗ്രഹിക്കുന്നു...അതിനെകുറിച്ച് വർണ്ണാഭമായി സ്വപ്നം കാണുന്നു..ഇനി കൗമാരം വഴിമാറി യൗവ്വനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ ചിലത് നേടി..ചിലത് നേടാൻ കഴിയാതെ..വേറെ ആർക്കോ മുൻപിൽ തലകുനിച്ച്...ആരെയോ മംഗല്യച്ചരട് അണിയിക്കുന്നു...പിന്നെയും ജീവിതം കുറച്ചുകൂടി മുന്നോട്ട് പോകുമ്പോൾ..ചിന്തകൾ മാറിമാറിയുന്നു..പവിത്രമായ ഈ ബന്ധത്തിനിടയിൽ അസ്വാരാസ്യങ്ങൾ മറ നീക്കി പുറത്തുവരുന്നു...എന്നും പരിപ്പും,സാമ്പാറും കൂട്ടിയുള്ള ഭക്ഷണം അല്ലേ ഒരു ദിവസം ഇറച്ചിക്കറി കൂട്ടി ഭക്ഷണം കഴിക്കണം എന്ന ചിന്തയെന്ന പോലെ ചിലരുടെ ചിന്തകളും...ആഗ്രഹങ്ങളും...തമാശ പറയുന്ന...അല്ലെങ്കിൽ പൊട്ടിച്ചിരിപ്പുക്കുന്ന മറ്റൊരു പുരുഷനിലോ...കാണാൻ അഴകുള്ള..പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു പെണ്ണിലോ ചെന്നെത്തി നിൽക്കുന്നു...അത് അയൽപ്പക്കത്തുള്ളവരോ..സ്ഥിരം കാണുന്നവരോ...എന്തിനേറെ ഒരു സോഷ്യൽ മീഡിയ ഫ്രണ്ട് പോലും ആകാം..
പിന്നെ ഒരേയൊരു ചിന്ത...നേടണം...അല്ലെങ്കിൽ അനുഭവിക്കണം..
അതിനിടയിൽ എന്ത് പ്രതിബന്ധങ്ങൾ വന്നാലും തട്ടിയെറിയും...അത് സ്വന്തം രക്തത്തിൽ പിറന്ന മക്കളോ...ഭർത്താവോ,ഭാര്യയോ ആയിരുന്നാൽ പോലും.ചിലരൊക്കെ അതിനിടയിൽ തളർന്നു വീഴുന്നു...വീണ്ടും എഴുന്നേൽക്കാൻ കഴിയാതെ.മാനവും,അഭിമാനവും നഷ്ടപ്പെട്ട്.
കഴിഞ്ഞ ദിവസം റയിൽവേ സ്റ്റേഷനിൽ ഭർത്താവിനു മുൻപിൽ വെച്ച് ഭാര്യ കാമുകനെ ചുംബിച്ചത്...പാവം ഹതഭാഗ്യനായ അയാൾ തളർന്നു വീണത്..മനുഷ്യന്റെ ആഗ്രഹം അത് എവിടെയും അവസാനിക്കുന്നില്ല...ഒരു പൂവിൽ നിന്ന് മറ്റു പൂക്കളിലേക്ക് പരാഗണം നടത്തുന്ന ചിത്രശലഭങ്ങളെപ്പോലെ...മനുഷ്യമനസ്സും അതിലെ ആഗ്രഹങ്ങളും പാറി നടക്കുന്നു..ഓരോന്നും മൊട്ടാണോ...പൂവാണോ..കരിഞ്ഞതാണോ...എന്ന ചിന്തപോലും ഇല്ലാതെ...ഒരുപക്ഷേ നന്മയും,നേർമയും,കുളിർമയും ഉള്ള ഒരു പനിനീർ പൂവിനെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാകും...ആ യാത്ര....!
                                        

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

യദാർത്ഥ വഴികാട്ടി

ലോകത്തിൽ നമുക്ക് മറ്റെന്ത് തന്നെ ഉണ്ടായിട്ട് എന്ത് കാര്യം...മനസ്സമാധാനം ഇല്ലെങ്കിൽ...
ആ മനസ്സമാധാനം നമുക്ക് കൈവരണമെങ്കിൽ നമ്മൾ സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ നമ്മിൽ മുളപൊട്ടണം.സ്നേഹം കിട്ടുക എന്നത് വലിയ കാര്യമാണ്.ജീവിതത്തിൽ പല സുഖസൗകര്യങ്ങളും നമുക്ക് വില കൊടുത്ത് വാങ്ങാൻ കഴിയും..പക്ഷേ...സ്നേഹമെന്ന വികാരം..ആ കുളിർമ...ആ അനുഭൂതി അത് മാത്രം എത്ര വില നൽകിയാലും കിട്ടില്ല.തമ്മിൽ കാണുമ്പോൾ പല്ലിളിച്ചു കാണിക്കുന്ന മുഖഭാവം പേറിയവർ നമുക്ക് നൽകുന്നത് യദാർത്ഥ സ്നേഹം ആകണമെന്നില്ല.നമുക്ക് പണവും,പ്രതാപവും ഉണ്ടാകുമ്പോൾ നമ്മുടെ ഓരോ പ്രവൃത്തിയേയും പ്രശംസിച്ചും വെറുതെ പുകഴ്ത്തിയും പുറകേ കൂടുന്നവർ നൽകുന്നത് യദാർത്ഥ സ്നേഹം ആയിക്കൊള്ളണമെന്നില്ല.
ശ്രേയസ്സുണ്ടാകുമ്പോൾ മാത്രമല്ല....ഒരു വിഷമം ഉണ്ടാകുമ്പോഴും കൂടെ നിൽക്കാൻ തന്റേടവും...ആത്മാർത്ഥതയും കാണിക്കുന്നവനേ...ഒരു സുഹൃത്ത് എന്ന പേര് ചേരൂ...അങ്ങിനെയുള്ളവർ നിന്നെ നന്മയിലേക്ക്...സത്യത്തിലേക്ക്...മിഥ്യതയിൽ നിന്നും വെളിച്ചത്തിലേക്ക് വഴി നടത്തുന്ന ഒരു വഴികാട്ടി ആയിരിക്കും. അതല്ലാത്തത് ഒക്കെയും വെറും നാട്യം മാത്രം...നിന്നിൽ നിന്ന് എന്തൊക്കെയോ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന അവസരവാദി മാത്രം...!

അച്ഛാ...അവൾ വീണ്ടും വിളിച്ചുവോ...?

ജനലഴികളിൽ കൈവിരൽ മുറുക്കി തണുത്ത കമ്പികളിൽ നെറ്റിമുട്ടിച്ച്, ശ്വാസമടക്കിപ്പിടിച്ച്,കണ്ണുകൾ ഇറുക്കിയടച്ച് അയാൾ നിന്നു.
പിന്നീടെപ്പോഴോ കൈവിരലുകൾ തളർന്നയഞ്ഞു.എല്ലാരും നഷ്ടപ്പെട്ട് അപരിചിതമായ സ്ഥലത്ത് എത്തിപ്പെട്ട ഒരു കൊച്ചുകുട്ടിയെ പോലെ നിസ്സഹായനായി.
ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ കാതങ്ങളോടി തളർന്നു വീണവനെ പോലെ അണയ്ക്കുന്നോ..?
പൊടുന്നനെ വിയർപ്പിൽ മുങ്ങിപ്പോയി.
മിഴികളിൽ നീർപൊടിയുന്നു.
ദാഹിക്കുന്നുവോ..?
വെപ്രാളവും,പരവേശമോ..?
കണ്ണുകൾ വീണ്ടും തെക്കേപ്പുറത്തെ ചിതയിലേക്ക് നീണ്ടു.ആരോടോ ഉള്ള വാശി പോലെ വീണ്ടും ആളിക്കത്തുകയാണോ...?
എവിടെയാണ് അവൾക്ക് തെറ്റ്‌ പറ്റിയത്..?
എന്തിനായിരുന്നു അവൾ വീട് വിട്ടിറങ്ങിയത്.
അച്ഛനേക്കാൾ വലുതായിരുന്നോ...അവൾക്ക് ഇന്നലെ പരിചയപ്പെട്ടവനോടുള്ള ഇഷ്ടം..?
നെഞ്ചിടിപ്പോടെ...കണ്ണുനീർ ഇടമുറിയാതെ വഴിക്കണ്ണുമായി നോക്കിയിരുന്ന നിമിഷങ്ങളും,ദിവസങ്ങളും..കഴിഞ്ഞുപോയ നാലോ,അഞ്ചോ ദിവസങ്ങൾ..എല്ലാ തെറ്റും ഏറ്റുപറഞ്ഞു ...പൊറുക്കണേ അച്ഛാ...എന്നുപറഞ്ഞു കരയുന്ന അവളെ സാന്ത്വനിപ്പിക്കാൻ...അവളോട് ക്ഷമിക്കാൻ തയ്യാറായിരുന്നല്ലോ...എന്നിട്ടും അവൾ...
കാത്തിരിപ്പിന്റെ ഇടവേളകൾക്കൊടുവിൽ അവളെ കണ്ടതോ....വിജനമായ ദേശീയപാതയുടെ ഒരു വശത്തുള്ള കുറ്റിക്കാട്ടിൽ...ആരൊക്കെയോ പിച്ചിചീന്തിയ...ഒടിഞ്ഞു മടങ്ങിയ..അർദ്ധനഗ്നയായ തന്റെ മകളുടെ മൃതശരീരം...അവൾ ഉറങ്ങുകയായിരുന്നു..
ഒന്നുമറിയാതെ...
മൊബൈൽ കാമറകൾ അവളുടെ നഗ്നത ഒപ്പിയെടുക്കുന്നതറിയാതെ....വാട്‌സ് ആപ്പിലും,ഫേസ്ബുക്കിലും..അവളുടെ നഗ്നതക്ക് ലൈക്കുകൾ കൂടുന്നതറിയാതെ...ഷെയറുകളിലൂടെ അവളുടെ  രൂപം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പാറിപ്പറക്കുന്നത് അറിയാതെ
അവൾ ഉറങ്ങട്ടെ...ശാന്തമായി ഉറങ്ങട്ടെ...
അച്ഛാ....അവൾ വീണ്ടും വിളിച്ചുവോ...?l

ഭ്രമം

ഇന്ന് പ്രണയം ഭ്രമമാണ് പെണ്ണേ...
പണ്ട് പ്രണയം വിവേകത്തോടെ ആയിരുന്നെങ്കിലും..ഇന്ന് പ്രണയം
ശരീരത്തിന്റെ നിമ്ന്യോതികൾ തേടി അലയുന്ന വികാരം മാത്രം...ആർത്തലക്കുന്ന കടലിന് തുല്യം..അതൊരുനാൾ നിന്നെ  വലിച്ചെറിയും...നിന്റെ ഊർജ്ജവും,രക്തവും ജീവനും വലിച്ചെടുത്തിന് ശേഷം...അത് നിതാന്ത ഉറക്കത്തിലേക്ക് നിന്നെ തള്ളി വീഴ്ത്തും...വിവേകം വികാരത്തിന് വഴിമാറി പിഞ്ചുകുഞ്ഞിൽ പോലും അവൻ ആടി തിമിർക്കുന്നുവെങ്കിൽ....പെണ്ണേ...നീ ഇന്ന് യൗവ്വനയുക്തയാണ്....നിന്റെ തരളിതമായ മനസ്സിനെ നീ മാറ്റി ചിന്തിപ്പിക്കുക.ഒരു നാൾ നീ കരഞ്ഞു തളർന്ന് നീണ്ട ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ...നിന്നെ ഓർത്ത് കരയാൻ വിധിക്കപ്പെട്ടവർ വീണ്ടും ഇവിടെ ബാക്കിയാണ് എന്ന ചിന്ത നിന്നിൽ ഉയരട്ടെ...
വിടർന്നു പരിലസിക്കും മുൻപ് മനുഷ്യമൃഗങ്ങളാൽ ഹോമിക്കപ്പെട്ടുപോയ അനേകം കുഞ്ഞുങ്ങളിൽ..അവരുടെ ഓർമ്മയിൽ അശ്രുകണങ്ങൾ അർപ്പിച്ചുകൊണ്ട്..... 

ജീവിതം

സഫലമാകാത്ത ആഗ്രഹങ്ങളിലൂടെ നൊമ്പരങ്ങളും നിരാശകളും ഉണരുമ്പോൾ...
എല്ലാം മറക്കാൻ ഓരോ മനുഷ്യനും വൃഥാ ശ്രമിക്കുന്നു.പക്ഷേ..പഴയ ഓർമ്മകൾ ഉണരുമ്പോൾ അതിനൊപ്പം തന്നെ നൊമ്പരങ്ങളും നിരാശകളും ഉണരുകയാണ്...അതിനെ തടഞ്ഞു നിർത്താൻ ആർക്കും കഴിയുകയുമില്ല..ചില നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളിൽ ഉരുത്തിരിയുന്ന ചിന്തകൾ ഒരുപക്ഷേ ഒരായുഷ്കാലം നമ്മേ സങ്കടപ്പെടുത്തി കൊണ്ടിരിക്കും..അതിനിടയിൽ നീന്തിതുടിച്ച് ജീവിക്കേണ്ടതായും വരും.ജീവിത ബന്ധങ്ങളുടെ ബന്ധങ്ങളിൽ ഉരുകിയൊലിക്കുമ്പോൾ ജീവിതം തന്നെ ഒരു മിഥ്യയാണെന്ന തോന്നൽ ബലപ്പെടും.എല്ലാം മറന്നൊന്ന് കരയാൻ ശ്രമിച്ച നിമിഷങ്ങൾ ഉണ്ടാകാം..പക്ഷേ...ചിലപ്പോഴൊക്കെ കണ്ണീരുപോലും നമ്മോട് പകരവീട്ടും..അടർന്നു വീഴാൻ ഉത്സാഹിക്കാതെ....! ഇതാണ് ജീവിതം..