2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ആധുനീക മനുഷ്യൻ

ഗർഭപാത്രത്തിന്റെ സത്യമായ ഇരുട്ടിൽ നിന്ന് ലോകത്തിന്റെ മിഥ്യയായ വെളിച്ചത്തിലേക്ക് വിധിയാൽ വലിച്ചെറിയപ്പെട്ട മനുഷ്യൻ...
ബാല്യത്തെ ഏകാന്തതയുടെ തടവറയിലാക്കി  മൂകമായ ആത്മാവിനെ ചങ്ങലയിലിട്ട് വിരഹത്തിന്റെ മുള്ളാൽ കുത്തിനോവിച്ച് നോവിന്റെ കയങ്ങളിൽ ലഹരി കണ്ടെത്തുന്ന മനുഷ്യൻ....
യൗവ്വനത്തെ വ്യർത്ഥമായ ചിന്തയാൽ കൊന്ന് ബന്ധങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം കേൾക്കാതെ പുതിയ ബന്ധങ്ങളുടെ മരീചികകൾ തീർത്ത മനുഷ്യൻ....
സ്വപ്നങ്ങളുടെ വിലയറിയാതെ അവയുടെ കഴുത്തറുത്ത് ഭ്രാന്തമായി പൊട്ടിച്ചിരിച്ച് വ്രണിതമായ സ്വപ്നങ്ങളിൽ നിന്ന് രക്തം വമിക്കുമ്പോൾ അവനറിയുന്നില്ല അവന്റെ നഷ്ടം...
ഓർമ്മകളൊട്ടാകെ വിസ്‌മൃതി പുല്കുമ്പോൾ....ചിന്തകളൊട്ടാകെ ജീർണ്ണിതമാകുമ്പോൾ...നേട്ടങ്ങളൊട്ടാകെ മണ്ണോട് ചേരുമ്പോൾ ചുടലപ്പറമ്പിൽ നിന്നട്ടഹസിക്കുന്ന മനുഷ്യൻ...
വെളിച്ചം ഭയന്ന് കണ്ണുകൾ ചൂഴ്‌ന്ന്...ഇരുട്ടിന്റെ മാറിൽ തല ചായ്ച്ച്....ഭവനകളൊക്കെ ചിതലരിക്കുമ്പോൾ ഏകനായി കാതുകൾ കളഞ്ഞ മനുഷ്യൻ....
എല്ലാം നഷ്ടപ്പെട്ടപ്പോൾ ശൂന്യതയെ സ്നേഹിച്ചവൻ...........
അതിനെ മനസ്സിലേക്ക് ആവാഹിച്ചവൻ.........
അവനാണ് സ്വയമറിയാതെ.....മറ്റാരെയുമാറിയാതെ....ജീവിച്ച മനുഷ്യൻ......
തന്നെ നോക്കും സഹജീവികളുടെ കണ്ണിൽ ഈ ശൂന്യത നിറയുമ്പോൾ നേടുവീർപ്പിട്ടവൻ....തന്റെ ജീവിതമൊട്ടാകെ ശൂന്യതയിൽ വിലയിക്കവേ ഭൂമിക്ക് ഭാരമായി....ശാപമായി തീർന്ന മനുഷ്യൻ.........
സംസാരമൊട്ടാകെ ശൂന്യത നിറച്ച്....ശൂന്യതയുടെ ഭാരം ഭൂമിയെ അറിയിച്ചവൻ. ................
അവനാണ് ശൂന്യതയുടെ ആധുനീക സൃഷ്ടി....
അവനാണ് ആധുനീക മനുഷ്യൻ.!

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

നഷ്ടപ്രണയം

കാലാന്തരങ്ങളോളം കാത്തു സൂക്ഷിക്കണമെന്ന് വിശ്വസിച്ചുറപ്പിച്ച എന്റെ പ്രണയം....കാലയവനികക്കുള്ളിൽ എവിടെയോ...എപ്പോഴോ മറഞ്ഞുപോയി...
ബന്ധങ്ങൾ മീസാൻകല്ല്‌ പോലെ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും ...പലപ്പോഴും ഖബറിൽ മണ്ണിട്ടു മൂടിയ അവസ്ഥയാണ്...നിർജ്ജീവമായി.ഇമയനക്കങ്ങളില്ലാതെ...സ്പന്ദനങ്ങളില്ലാതെ...ഇതുവരെ ഉണ്ടായിരുന്ന ഇഴയടുപ്പം എങ്ങനെയൊക്കെയോ വഴുതിമാറി അകന്നുപോയി.
ഒരർത്ഥത്തിൽ ചിന്തിക്കുന്നതിനും,ആഗ്രഹിക്കുന്നതിനും അപ്പുറമാണ് മനുഷ്യജീവിതം...വലിയൊരന്തരം കാരണഹേതുവാകാം...ആകാം...എന്നല്ല ആണ് എന്ന വിശ്വാസത്തിന്റെ അടിത്തറക്കാണ് ബലം കൂടുതൽ...പലപ്പോഴും ഞാനത് മറന്ന് പോയി എന്നതാണ് സത്യം.ഇപ്പോഴാണ് അർത്ഥശൂന്യത മനസ്സിലാകുന്നത്....എല്ലാ ചിന്തകൾക്കും,ആഗ്രഹങ്ങൾക്കും,വിശ്വാസങ്ങൾക്കുമപ്പുറം....ദിനരാത്രങ്ങളുടെ ദൈർഘ്യം മാത്രം ബാക്കി..
     ...നന്ദിയാരോടു ഞാൻ ചൊല്ലേണ്ടൂ......?

ബന്ധം

അർത്ഥം മനസ്സിലാകാത്ത വാക്കും.
വിശ്വാസനീയമല്ലാതെ തോന്നുന്ന സൗഹൃദവും..
തിരിച്ചറിയാതെ പോകുന്ന ബന്ധങ്ങളും..
എല്ലാം ഒരുപോലെയാണ്..
വെളിച്ചത്തിൽ നിന്ന് നോക്കിയാൽ പ്രകാശോദ്വീപനത്തോടെയും....
ഇരുട്ടിൽ നിന്ന് നോക്കിയാൽ കനത്ത അന്ധകാരവും അവിടെ നിഴൽ നാടകം കളിച്ചേക്കാം..ഇവിടെ മനസാണ് പ്രധാനം...അതിലെ ചിന്താധാരയും...
ചിലപ്പോഴൊക്കെ അതിനിടയിലൂടെ വ്യതിചലിച്ചു വന്ന വിശ്വാസങ്ങളൊക്കെയും സത്യമാകണമെന്നില്ല...എല്ലാം തെറ്റുമാകണമെന്നുമില്ല...ചിലത് ചിലപ്പോൾ ചിലർക്ക് ശരിയാകാം....ചിലർക്ക് തെറ്റായും തോന്നാം.
ഒഴുക്കിലേക്ക് ഞെട്ടറ്റുവീണ ഇല ചിലപ്പോൾ ഒഴുക്കിന് എതിർ ദിശയിലേക്ക് തെന്നി നീങ്ങണമെന്ന്...ഒരു പക്ഷേ ചിന്തിച്ചു പോയേക്കാം...അവിടെ ചിന്തയെ ഉണ്ടാകൂ...പ്രവൃത്തികൊണ്ട് ഫലമുണ്ടാകില്ലെന്ന തിരിച്ചറിവ് ഒരുപാട് ദൂരം ഒഴുക്കിനൊപ്പം നീങ്ങിയതിന് ശേഷമേ തിരിച്ചറിയൂ..പിന്നെയങ്ങിനെ പൊയ്‌ക്കൊണ്ടേയിരിക്കും...എവിടെയെങ്കിലുമൊക്കെ തട്ടിതടഞ്ഞു ...അവസാനം അതിന്റെ സ്ഥായിയായ ഭാവം നഷ്ടപ്പെടും വരെ...
പിന്നെ ഒരുനാൾ അഗാധതയിലേക്ക്...ആണ്ടുപോകും...ഒരിക്കലും തിരികെ വരാതെ....ഇതുപോലെയാണ് നമ്മിൽ ചിലരുടെ ചില ബന്ധങ്ങളും...!!

2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഓർമ്മകൾ ശാപമോ...?

കറുത്തിരുണ്ട കാർമ്മേഘങ്ങൾക്കും എന്തെങ്കിലുമൊക്കെ പറഞ്ഞു തീർക്കാനുണ്ടാകും   ആർക്കും മനസ്സിലാകാത്ത സങ്കടങ്ങളും... പ്രതീക്ഷകളും..സ്വപ്നങ്ങളുമൊക്കെ.ആ ഗദ്‌ ഗദങ്ങൾ ...കണ്ണുനീർ തുള്ളികൾ കോരിച്ചൊരിയുന്ന മഴയായി ഉതിർന്ന് വീഴുമ്പോൾ പലപ്പോഴും പല രൂപങ്ങളും കൈനീട്ടുന്നു.വൃക്ഷലദാതികൾ..ജീവജാലങ്ങൾ...എന്തിനേറെ മനുഷ്യർ പോലും.കൈനീട്ടി വാങ്ങുമ്പോഴും പലപ്പോഴും ആരുടേയും കൈപ്പിടിയിലൊതുങ്ങാതെ വീണ്ടും പിടഞ്ഞു വീഴുമ്പോൾ ...
ആത്മനിർവ്വൃതിയോടെ...
കനിവോടെ...
ആത്മാർത്ഥതയോടെ......
എല്ലാമെല്ലാം ഏറ്റുവാങ്ങുന്ന  ഭൂമിയെന്ന കനിവിന്റെ നിറബിംബം.അതൊരു സത്യം.
പക്ഷേ..മനുഷ്യൻ..ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥ രൂപമാണവന്.വ്യത്യസ്ഥ സ്വഭാവമാണവന്.വ്യത്യസ്ഥ ആഗ്രഹങ്ങളാണവന്.ഒന്നിലും തുല്യത കൽപ്പിക്കാത്ത ജീവിതമാണവന്.പലപ്പോഴും ഭൂമിയേ പോലൊരു കനിവിന്റെ നിറദീപം തേടി നമ്മിൽ പലരും അലയുന്നുണ്ടാകാം.പക്ഷേ കണ്ടു കിട്ടാൻ പ്രയാസമായിരിക്കും.കാരണം ഇന്നിന്റെ ലോകത്ത്‌ ഒരാൾക്കും ഒരാളോടും സഹവർത്ഥിത്വമോ..ആദരവോ..ഒന്നുമില്ലായെന്നതാണ് യാദാർത്ഥ്യം.നമ്മളൊക്കെ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കും പലരുടേയും ചിന്താധാരകൾ.ജീവിതത്തിൽ പലപ്പോഴും നമ്മൾ ഒരുപാടാഗ്രഹത്തോടെ പലരേയും നെഞ്ചിലേറ്റും.അതൊരുപക്ഷേ നിഷ്കളങ്ക ബാല്യങ്ങളേ ആയിരിക്കാം.അല്ലെങ്കിൽ കൗമാരപ്രായക്കാരെ ആയിരിക്കാം.അല്ലെങ്കിൽ യവ്വനം വഴിഞ്ഞൊഴുകുന്നവരെ ആയിരിക്കാം.അതുമല്ലെങ്കിൽ വാർദ്ധക്യത്തെ ആയിരിക്കാം.
ഇതിനിടയിലൊക്കെ ഉരുത്തിരിയുന്ന മാനസീകപരിവർത്തനം ഒന്നുമാത്രം.സ്നേഹം..അല്ലെങ്കിൽ കനിവ്‌.അതുമല്ലെങ്കിൽ ലാളന.ഒന്നുകിൽ പകർന്നു നൽകാനോ...അല്ലെങ്കിൽ ആത്മഹർഷത്തോടെ ഏറ്റുവാങ്ങാനോ ആയിരിക്കും പല മനസുകളും തുടികൊട്ടുക.
പലപ്പോഴും ആഹ്ലാദത്തിന്റെ ഉയർന്ന കൊടുമുടിയിലേക്ക്‌ ഈ ബന്ധങ്ങൾ നമ്മെ കൊണ്ടെത്തിച്ചേക്കാം.ചിലപ്പോൾ സന്തോഷത്തിന്റെ ആ ഉയരങ്ങളിൽ നിന്ന് നമ്മെ തള്ളി താഴെയിട്ടെന്നും വരാം.ഇതിനിടയിൽ നിന്ന് ചിലരൊക്കെ സ്വന്തം മികവിൽ ഉണർന്നെണീറ്റേക്കാം.ചിലരെ പിടിച്ചുയർത്താൻ സ്നേഹത്തിന്റെ മറ്റൊരു അദൃശ്യകരങ്ങൾ ഉയർന്ന് വന്നേക്കാം...
പക്ഷേ...ചിലർ മാത്രം നൊമ്പരങ്ങളുടെ..വേദനകളുടെ...ദുഖ:ങളുടെ...ഇരുളാർന്ന അന്ധകാരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങി പോവുകയും ചെയ്യും.ഒരിക്കലും ജീവിതത്തിലേക്ക്‌ തിരിച്ച്‌ വരാൻ ആഗ്രഹിക്കാതെ.....!!

2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ജീവിതമെന്ന തിരശ്ശീല

ജീവിതത്തിന്റെ തിരശ്ശീല ഉയർത്തപ്പെട്ടിരിക്കുന്നത് ചില ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്.ഒരു നൂലിഴ ബന്ധം പോലെ..പ്രത്യക്ഷത്തിൽ ഗോചരമാണെങ്കിലും..ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്  ഈ കെട്ടുറപ്പാണ് ഹേതു.ആ ഇഴയടുപ്പം ഒന്നകന്നാൽ....കെട്ടുകളുടെ ഭദ്രതക്ക് ഒന്നയവ് വന്നാൽ  ആ തിരശ്ശീല എന്നെന്നേക്കുമായി ചുരുഴിഞ്ഞു വീഴും...
ഓരോ മനുഷ്യനും ജീവിതമെന്ന അരങ്ങിലെ അഭിനേതാവ് ആണ്...ചിലതിന്റെ തിരക്കഥ  വളരെ നീണ്ടുപോയേക്കാം..ഒരാൾ തന്നെ പല വേഷപകർച്ചയിലൂടെ  ഒരുപാട് കഥാപാത്രങ്ങളായി അഭിനയിക്കേണ്ടി വരും..കാമുകനായോ,സുഹൃത്തായോ,സഹോദരനായോ...അങ്ങിനെ നീണ്ടുപോകും..വേഷങ്ങൾ..
തകർത്തഭിനയിക്കുന്നവന് ഒരുപാട് വേഷങ്ങൾ യോജിക്കും..ചില തിരക്കഥകൾ വളരെ പെട്ടെന്ന് അവസാനിക്കുകയും ചെയ്യും...
നമ്മൾ നെയ്തെടുത്ത....നമ്മളാൽ നെയ്തെടുത്ത...ഈ നൂലിഴകളെ ....അതിന്റെ ഇഴയടുപ്പങ്ങളെ അകലാതെ ശ്രദ്ധിക്കാൻ കഠിന പ്രയത്നം തന്നെ ആവശ്യമായി വരും...അതാണ് ജീവിതം...
എന്റെയും....നിങ്ങളുടെയും....!!!
പലരും തോറ്റുപോകുന്നതും ഇവിടെയാണ്...
ഇപ്പോ...ഞാനും തോറ്റുപോയോ...എന്നൊരു സംശയം...ഇല്ലാതില്ല.

2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

പ്രത്യാശ

ജീവിതത്തിൽ പ്രത്യാശകൊണ്ടും...ഇഷ്ടങ്ങൾകൊണ്ടും...
ഞാൻ വരച്ചെടുത്തതോ...വരച്ചു മുഴുവനാക്കാൻ ശ്രമിച്ചതോ ആയ ചിത്രങ്ങൾക്ക് പലപ്പോഴും മിഴിവില്ലാതെ പോയി..എത്രമാത്രം മിഴിവേകാൻ ശ്രമിച്ചാലും പലപ്പോഴും അലങ്കോലമാകുന്നു...
എല്ലാത്തിനും അപ്പുറം പറഞ്ഞറിയിക്കാനാകാത്ത ഒരു ഉണർത്തുപാട്ടിന്റെയോ...വേവിന്റെയോ ബഹിർസ്ഫുരണം...പലപ്പോഴും...പല വിധത്തിലായി മനസ്സിൽ അലയടിച്ചുയരുന്നു...
ചിലപ്പോൾ ശാന്തമായും....ചിലപ്പോൾ ബദ്ധവൈരാഗിയെപോലെയും...
ഇടയ്ക്കെപ്പോഴോ...എന്റെ ഓർമ്മകൾക്ക് മീതെ  ആ...മൗനത്തിന്റെ കനത്ത കരിമ്പടം..ചുരുളഴിഞ്ഞു വീഴുന്നു...

2016, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

നീ...ഒരു മായാത്ത ചിത്രം

ഇന്നീ...വിറങ്ങലിച്ച രാത്രിയിൽ ഒരു സ്വപ്നത്തിന്റെ ഊടും,പാവുമായ്...നിന്നെയോർത്തിരിക്കയാണ് ഞാൻ...ഏതോ നക്ഷത്രങ്ങളുടെ വർണ്ണരാജികൾക്ക് കടം കൊടുത്ത ഒരു സ്വപ്നരാഗം..പതിയെ മൂളുവാൻ മോഹം തോന്നുന്നു.
ഇരുട്ടിന്റെ വരവിൽ ചീവീടുകൾക്ക് സന്തോഷം...
നീ...ഒരു മായാത്ത ചിത്രം....!
തിരയെടുക്കാത്തൊരു മണൽത്തരി....!!
കാലത്തിന്റെ കുത്തൊഴുക്കിൽ മങ്ങിപ്പോകുന്ന സ്നേഹബന്ധം....!!!
ഈ ജീവിതമാകുന്ന അലകടലിന്റെ തിരകൾ എനിക്ക് സമ്മാനിച്ച മുത്ത്ചിപ്പി.....
നിന്റെ കാലൊച്ചകൾ കേട്ടുപഴകിയ ഇടനാഴികളോടും,....നീ വലിച്ചെറിഞ്ഞ പൂക്കളോടും വെറുതെ ദേഷ്യം കാണിച്ച് ഒന്ന് മിണ്ടാൻ പോലും കഴിയാതെ...എന്റെ മൗനത്തിന്റെ അലകടലിലേക്ക് ഒരു മിഴിനീർ കണം കൂടി ചേർത്ത് ഇതാ നിന്റെ പഴയ പരിചയക്കാരൻ.....

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിശബ്ദം

ഏതോ ഭാവത്തിൽ പടിവാതിലിൽ...ഒഴിച്ചിട്ട മാറാപ്പുകൾ.ആ മാറാപ്പുകൾ നാഴികക്കല്ലുകളായി...രൂപാന്തരം പ്രാപിക്കുന്നു.മടുപ്പിന്റെ എഴുകടലും താണ്ടി പൂർണ്ണതയിൽ എത്തുമ്പോൾ അപൂർണ്ണമെന്ന അവസ്ഥ.ചിലയിടങ്ങളിൽ നിന്ന് നിശബ്ദം പടിയിറങ്ങേണ്ടി വരുന്നു.
          എല്ലാം വെറുതെ ആയിരുന്നോ...?
ചിലപ്പോൾ നഷ്ടബോധത്താൽ വികാരസൂചികൾ നിശ്ചലമാകുന്നു.
മനുഷ്യൻ വെറുക്കുന്നു മനുഷ്യനെ....!
അന്ധകാരത്തിൽ അമർത്തപ്പെട്ട പ്രകൃതി നിശ്ശബ്ദയാണ്.ഈ മൗനഭഞ്ജനത്തിന് മണിക്കൂറുകളും,ദിവസങ്ങളും വേണ്ടി വന്നേക്കാം...
അത് വരേയ്ക്കും......