2022, മേയ് 16, തിങ്കളാഴ്‌ച

ബന്ധങ്ങൾ വഴിയകലുമ്പോൾ

ബന്ധങ്ങൾ വഴിയകലുമ്പോൾ
**********************************
ചില ബന്ധങ്ങൾ ചില സൗഹൃദങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചാലും അകലേക്ക്‌ തെന്നിമാറി കൊണ്ടേയിരിക്കുന്നു.
പ്രത്യേകിച്ചൊരു കാരണവുമില്ലാതെ.
ഹൃദയബന്ധങ്ങൾക്ക്‌ ഇരുപാട്‌ വിലകൽപ്പിച്ചിരുന്നു. ജീവിത യാദാർത്ഥ്യങ്ങളുടെ നെർപ്പോടിൽ ഉരുകി തീരുമ്പോഴും ഹൃദയത്തിനുള്ളിൽ ഒരു ചെറിയ വിശ്വാസമുണ്ടാകും.പക്ഷേ ആ വിശ്വാസം ചിലപ്പോഴൊക്കെ തെറ്റിപ്പോയേക്കാം.ഇതു വരേയുള്ള ജീവിതത്തില ആരും..ഒന്നുമായിരുന്നില്ലായെന്ന്.അപ്പോഴാണു സ്വയം പുഛം തോന്നുക.
അല്ലെങ്കിൽ തന്നെ എന്തെങ്കിലുമൊക്കെ ആവാൻ താൽപ്പര്യവുമുണ്ടായിരുന്നില്ലല്ലോ..? മണൽപ്പരപ്പിലെ വെയിലിന്റെ ചൂടിനേക്കാളും ഉരുകിയൊലിക്കുന്ന അവസ്ഥയിൽ സ്വന്തമായി കെട്ടിയുയർത്തിയ പുറന്തോടിൽ നിന്നും പുറത്താക്കപ്പെട്ട അവസ്ഥ.ഒരു പക്ഷേ അതായിരിക്കും അവസാനത്തേക്ക്‌ മാറ്റി വെച്ചത്‌.ഇത്‌ വരേയും വല്ലത്തൊരഹങ്കാരമായിരുന്നു.ആരൊക്കെയോ ഉണ്ടെന്നും എന്തൊക്കെയോ ആണെന്നും എന്നൊരു തോന്നൽ.ആ മിഥ്യയായ തോന്നലിൽ വല്ലാതെ അഹങ്കാരം തോന്നിയിരുന്നു എന്ന നഗ്നമായ സത്യം.എല്ലം ഒരു വിശ്വാസമായിരുന്നു.വിശ്വസിക്കുന്നതൊന്നും സത്യമാവണമെന്നുമില്ലല്ലോ..?
മുൻപൊരിക്കൽ ഇന്നിന്റെ മാറിലിരുന്ന് ഇന്നലെകളിലെ സന്തോഷങ്ങളുടെ പ്രകാശത്തിനു തിരികൊളുത്തിയ മനസ്സ്‌ ഇപ്പോൾ ഇന്നലെകളുടെ മിഥ്യതയിൽ നിന്ന് ഇന്നിന്റെ യാാർത്ഥ്യങ്ങളിലേക്ക്‌ ഒരു മടക്കയാത്രക്കൊരുങ്ങുകയാണു.
മങ്ങിപോയ ഓർമ്മകളിലെ വിട്ടുപോയ കണ്ണികളെ കൂട്ടിച്ചേർക്കാതെ  ഇന്നുകളുടെ യാദാർത്ഥ്യങ്ങളിലേക്ക്‌ ഒരു മടക്കയാത്ര.ഏകനായി..അന്യനെ പോലെ.
അറിഞ്ഞതും...
അറിയാൻ ശ്രമിച്ചതും...
തിരിച്ചറിയാതെ പോയതും ഞാൻ മാത്രം.

2022, ജനുവരി 25, ചൊവ്വാഴ്ച

ജീവിതയാത്ര......


ജീവിതത്തിന്റെ വളരെ വലിയ നീറ്റലുകൾക്കപ്പുറത്ത്‌ വേർപ്പാടിന്റെ നൊമ്പരങ്ങൾ ഉപ്പുതൂണുകളെ ഓർമ്മിപ്പിക്കത്തക്ക വിധം ചിന്തകളിൽ എന്നും കൂട്ടിനുണ്ടാകും ചിലർക്കൊക്കെ.
സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേർന്ന് നടക്കുമ്പോൾ ആയതിന് കാരണഭൂതനായവനിൽ സ്വയം അലിഞ്ഞില്ലാതാകുന്ന അവസ്ഥ.എല്ലാം പൊടിഞ്ഞൊന്നാകുന്നത്‌ പോലെ.
പഴയ കാലം..
അന്ന് ബാല്യത്തിലെ ആകാശത്തിന് വലിപ്പം കുറവായിരുന്നു.
ഏറിയാൽ ഒരു ചെമ്മൺപാതയുടെ നീളവും മരങ്ങളൊഴിഞ്ഞ റബ്ബർ കാടിന്റെ ചതുരവിന്ന്യാസവും മാത്രം ബാക്കി.
പക്ഷേ..
ഇന്നിന്റെ ബാല്യം...
അത് വളരെ...വളരെ വിശാലമാണ്...
സ്വാതന്ത്ര്യത്തിനുമപ്പുറം അമിത സ്വാതന്ത്ര്യമാണ്...
എവിടെയും എന്തുമാകാം ചിന്തയാണ് ഇന്നിലെ സ്‌കൂൾ കോളേജ് പഠനകാലമെന്ന് പലരും പറയാതെ പറയുന്നു.
നേർക്കാഴ്ചയിൽ കാണേണ്ടിയും വരുന്നു.
ഇന്നലെയുടെ എല്ലാം നമുക്ക് അന്യമാകുന്നു എന്ന സത്യം നമ്മൾ തിരിച്ചറിയുകയാണ്.
മനസ്സിലെ ഇല്ലായ്മകളും..ജീവിതത്തിലെ ഇല്ലായ്മകളും തീർത്തും ഒരു വിടവായി തന്നെ നിലകൊള്ളുന്നുണ്ട്.
പലർക്കുമിടയിൽ......
അടുപ്പിച്ച്‌ നിർത്താൻ ശ്രമിക്കും തോറും അകന്നു പോകുന്ന സ്നേഹബന്ധങ്ങൾ....
രക്തബന്ധങ്ങൾ...ബന്ധുക്കൾ .....
അങ്ങിനെ പലരും.
ആ അകൽച്ച ചിലരിലൊക്കെ ശൂന്യതയുടെ ആഴം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജീവിതയാത്രയിൽ നമ്മൾ ആരേയൊക്കെയോ കണ്ടുമുട്ടുന്നു.
ചിലപ്പോ വല്ലാതെ ഇഷ്ടപ്പെടുന്നു.
പിന്നീട് അകന്നു പോകുന്നതും..
അന്യമാകുന്നതും തിരിച്ചറിയാൻ വൈകുന്നു.
കാലം പിന്നേയും നമുക്ക് മേലെ വികൃതി കാണിക്കും.
വാക്കുകൾ കൊണ്ടലങ്കരിക്കാതെ..തൂലിക ചലിപ്പിക്കാതെ മനസ്സിലുള്ളതെല്ലാം കുഴിച്ച്‌ മൂടി അലസോരങ്ങൾക്കും അസ്വാരസ്യങ്ങൾക്കും വിട നൽകി.
മൗനമായ്‌ നടന്നകലുകയാണ് നല്ലതെന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങൾ....
എന്നിരുന്നാലും....
ഓരോരുത്തരും ഇഷടപെടുന്ന വഴി അവരവർ തന്നെ  തിരഞ്ഞെടുക്കുന്നു.ഒന്നോർക്കുക.
ആ വഴിയിൽ സൗഹൃദത്തിന്റെ..
സ്നേഹബന്ധത്തിന്റെ..ബന്ധങ്ങളുടെ ആത്മാർത്ഥതയും  നന്മയും ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക.
കഴിഞ്ഞു പോയ നാളുകളും...
പൊഴിഞ്ഞു വീണ ഇലകളും...
പെയ്തുതീർന്ന മഴത്തുള്ളികളും..
തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഒരുമിച്ച്‌ ചിരിച്ചതും വരും നാളേകളിലെ നിണം പടർന്ന ഓർമ്മകളിൽ സൂക്ഷിക്കാൻ എന്തെങ്കിലുമൊക്കെ ബാക്കി വയ്ക്കുക...!