2025, സെപ്റ്റംബർ 21, ഞായറാഴ്‌ച

ഒരുപാട് ദൂരേക്ക്.....

ഇടവേളകളുടെ

വന്യമായ അന്ധകാരത്തിൽ

മുങ്ങിപ്പോയ ഞാൻ വല്ലാതെ ഹൃദയത്തിലേറ്റിയ ഒരു

സൗഹൃദത്തിന്റെ ഓർമ്മക്കായ്‌

ഞാനിതിവിടെ

എഴുതിച്ചേർക്കുകയാണ്.

പ്രത്യേകിച്ച്‌ പേരെടുത്ത്‌

വിളിക്കാൻ കഴിയാത്ത എനിക്ക് മുൻപെങ്ങും ലഭിച്ചിട്ടില്ലാത്ത ഏതോ നിമിഷങ്ങളുടെ ഇടവേളയിൽ

വന്യമായ അന്ധകാരത്തിൽ

മുങ്ങിപ്പോയ ഒരു കുഞ്ഞു

സൗഹൃദത്തിന്റെ ഓർമ്മക്കായ്‌

ഞാനിതിവിടെ

എഴുതിച്ചേർക്കുകയാണ്.....


പ്രത്യേകിച്ച്‌ പേരെടുത്ത്‌

വിളിക്കാൻ കഴിയാത്ത

ദിവസങ്ങളുടെ മറവിൽ ഇടയ്ക്കിടക്ക്

എന്തിനോ വേണ്ടി അകന്നു പോകുന്ന

ഒരു കൊച്ചു സൗഹൃദം.

മനസ്സിനെ തൊട്ടുണർത്തിയ

പിന്നീട്‌ മണിക്കൂറുകൾക്കുള്ളിൽ

ഹൃദയത്തെ ഞെരിച്ചമർത്തി..

നൊമ്പരപ്പെടുത്തി

അകന്നുപോയ സൗഹൃദം.

എന്തിനായിരുന്നു ഈ വരവും

പോക്കും എന്ന് എത്ര ആലോചിച്ചിട്ടും

മനസ്സിലാകുന്നില്ല.

ഒരു പക്ഷെ സൗഹൃദത്തിന്റെ അളവുകോൽ വേറെ എന്തെങ്കിലും ആയിരിക്കാം.

സ്റ്റാറ്റസോ അങ്ങിനെ എന്തെങ്കിലും ആകാം.

ചില ബന്ധങ്ങൾ പലർക്കും നേരമ്പോക്ക് ആണെങ്കിൽ ആരെങ്കിലും ചിലർക്ക് അത് ജീവവായു ആയിരിക്കും.

സൗഹൃദം ചിലപ്പോൾ

മഴയായും...

വെയിലായും....

കാറ്റായും വന്നു പോകും.

ആ മഴയിൽ

ചിലപ്പോൾ കുളിരും..

ആ വെയിലിൽ ചിലപ്പോൾ

വിയർത്തൊലിക്കും...

കാറ്റിൽ ദിക്കറിയാതെ പറന്നകലും.

എവിടെയൊക്കെയോ തട്ടിയമർന്ന്

പോയ്ക്കൊണ്ടേയിരിക്കും.

ചിലപ്പോൾ ഒരു

ചെറിയ നിഴലിന്റെ

മറവിൽ തടഞ്ഞു നിൽക്കും.

ഇരുട്ടിന്റെ മറവിൽ

പാറിപ്പറക്കുന്ന മിന്നാമിന്നികൾക്കും അതിന്റേതായ

കർത്തവ്യവും കടമയും ഉണ്ടാകും

അതെത്ര ചെറിയ ജീവിയാണെങ്കിലും.

പക്ഷേ..

അതാരും തിരിച്ചറിയാൻ

ശ്രമിക്കില്ല.

ദൂരങ്ങൾക്കും...

വർണ്ണഭംഗികൾക്കും...

സ്വവർഗ്ഗത്തിനും അപ്പുറത്താണ്

ചില ബന്ധങ്ങളുടെ സ്ഥാനം

എന്നത്‌ പലപ്പോഴായി

പലരും മറന്നു പോകുന്നു

എന്നതാണ് ഇന്നുകളുടെ

അവസ്ഥാ വിശേഷം.

ഇതിനിടയിലെ നൊമ്പരം...

നെഞ്ചിൻ കൂടിന്റെ പിടച്ചിൽ....

ആത്മാർത്ഥയുള്ള ഉത്തരവാദിത്വം അന്വേഷണങ്ങൾ ഇതൊക്കെ

അനാവശ്യ ചോദ്യങ്ങളായി

അവർക്ക്‌ തോന്നിയേക്കാം.

ജീവിതമെന്ന കനത്ത

മതിൽക്കെട്ടിനുള്ളിൽ കഴിയുമ്പോൾ

പലപ്പോഴും പലരും

തിരിച്ചറിയില്ല എന്താണ്

യാദാർത്ഥ്യമെന്ന്.

ഇപ്പോൾ വ്യക്തമായി ഞാൻ

മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്‌.

ചില സൗഹൃദങ്ങളിൽ

ആത്മാർത്ഥതക്കും

വിശ്വസ്ഥതക്കും സ്ഥാനമില്ല എന്നത്.

ഒരുപക്ഷേ ചിലർ അത്‌

ആഗ്രഹിക്കുന്നു പോലുമുണ്ടാകില്ല.

കടലിന്റെ ആഴവും പരപ്പും

ഒരു പക്ഷേ നമുക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞേക്കാം.

പക്ഷേ...മനുഷ്യ മനസ്സിന്റെ

ആഴവും പരപ്പും

അതിലെ ചുഴികളും നമുക്കൊരിക്കലും അളന്ന്

തിട്ടപ്പെടുത്താൻ കഴിയില്ല എന്നതാണ് സത്യം.ചില ബന്ധങ്ങൾക്കിടയിൽ ആരെങ്കിലും ഒരാൾ വിഡ്ഢിയായി തീരുന്നു.

2025, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

ഓർമ്മകളിലൂടെ ഒരു യാത്ര....

എപ്പോഴെങ്കിലും ഓര്‍മ്മയുടെ ചിറകിലേറി...

പിന്നിലേയ്ക്ക് ചീറിപ്പാഞ്ഞു പോകുമ്പോള്‍..ചിലയിടങ്ങളില്‍ നാമറിയാതെ തന്നെ നിന്നുപോകും. പലപ്പോഴും ...  നമ്മെ ചിരിപ്പിച്ച...സന്തോഷിപ്പിച്ച...വേദനിപ്പിച്ച...ഒത്തിരി സങ്കടപ്പെടുത്തിയ ...ചില സംഭവങ്ങൾ...ചില ഓർമ്മകൾ.ഞാനും ഒരു യാത്ര പോവുകയാണ്.അരുതെന്ന്  മനസ്സ് കല്പിക്കുമ്പോഴുംഞാൻ ഉള്ളിൽ നിശബ്ദമായ് അവസാനമായി

കണ്ട കാഴ്ച്ചയേയും

കേട്ട വാക്കുകളെയും

മറക്കാതിരിക്കാനായി ഉള്ളിൽ നിറഞ്ഞ വേദനയോടെ..മൗനമായ് വഴിത്താര ഓരോന്ന് കടന്നു .കാലം മരണത്തിന്‍ ഗുഹാമുഖം തേടുന്നു .

കാലം ഏല്‍പ്പിച്ച മുറിവുകളില്‍...ഒരു കണ്ണുനീർത്തുള്ളി കൂടി അടർന്നു വീഴട്ടെ..ജീവിതമെന്ന ദീർഘദൂര യാത്രയ്ക്കിടയിലെ ഏതോ ഒരു ഇടവേളയിൽ കൂടെ യാത്ര ചെയ്ത ഒരു സഹയാത്രിക.ആ യാത്രയിൽ ഉടനീളം പലതും തമ്മിൽ തമ്മിൽ പറഞ്ഞു...സന്തോഷിച്ചു....ചിരിച്ചു...സന്തോഷങ്ങളും സങ്കടങ്ങളും പങ്കു വെച്ചു.കണ്ണെത്താ ദൂരത്തിനുമപ്പുറം പല കാഴ്ചകളും കൺ കുളിർക്കെ കണ്ട് യാത്ര തുടർന്നു...അവസാനം പാതി വഴിയിൽ ആ യാത്രയും അവസാനിച്ചുവോ എന്നൊരു തോന്നൽ.പലപ്പോഴും ഒരു മായാകാഴ്ച പോലെ ചിലർ വന്നു പൊയ്‌ക്കൊണ്ടേയിരിക്കും ബന്ധങ്ങളിൽസൗഹൃദങ്ങളിൽ..അങ്ങിനെ എന്തൊക്കെയോ...

എങ്ങനെയൊക്കെയോ ആയി...

ചിലപ്പോൾ തെളിവാർന്ന ചിത്രമായി കുറേക്കാലം...മുന്നോട്ടുപോകും...അതിൽ കൂടുതൽ ജീർണ്ണതയുടെ മൂടുപടം അണിഞ്ഞ്..അനിഷ്ടങ്ങളുടെ വകഭേദം തിരഞ്ഞ് ..ഒരു മായകാഴ്ചപോലെ..തിരികെ പോകുകയും ചെയ്യും..ഇന്നിലെ ബന്ധങ്ങൾക്ക് വർണ്ണരാജികൾ ആണ് കൂടുതൽ ഉത്തേജനം നൽകുന്നത്..അത് ചിലപ്പോ കാലത്തിന്റെ മാറ്റമാകാം...അല്ലെങ്കിൽ നേർക്കാഴ്ചയിലെ അന്തരങ്ങളും
വ്യത്യാസങ്ങളും
വ്യതിയാനങ്ങളും അന്തരങ്ങളും ആയിരിക്കാം..പുതുമ  കൂടുതൽ ഉൾക്കൊള്ളും തോറും..പഴമകൾ വേർതിരിച്ചറിയാനോ...പറയാനോ കഴിയാത്ത അരുചിയുടെ വകഭേദങ്ങൾ ആയി മാറും..പക്ഷേ..ചില സ്വപ്നങ്ങൾക്ക് ഒരിക്കലും നിറഭേദങ്ങൾ ഇല്ല...വകഭേദങ്ങളും ഉണ്ടാകില്ല..അത് ജീവിതകാലം കൂടെ കൊണ്ടു നടക്കും..ഒരു ജീവവായു പോലെ...കാരണം...ഇങ്ങിനെ ചിലതാണ് നമ്മിൽ പലരെയും മുന്നോട്ട് നയിക്കുന്നത്...ചില സ്വപ്‌നങ്ങൾ.....ചില പ്രതീക്ഷകൾ...ചില ആഗ്രഹങ്ങൾ.....ചില ഇഷ്ടങ്ങൾ ......അങ്ങിനെ എന്തൊക്കെയോ...ഉണ്ടാകും ഓരോരുത്തരുടെയും കൂട്ടിന്...ഒരു സഹയാത്രികനെ പോലെ...എന്നും എപ്പോഴും...എങ്കിൽ തന്നെയും ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാതെ..ചില യാത്രകൾ പാതിവഴിയിൽ അവസാനിക്കുകയാണ് പതിവ്..കാരണം....കാലം പലപ്പോഴും ചില ജീവിതങ്ങൾക്ക് മേലാണ് അതിന്റെ വികൃത ഭാവം കാണിക്കുക.

ചില സ്വപ്നങ്ങൾക്ക് ഒരിക്കലും നിറഭേദങ്ങൾ ഇല്ല...വകഭേദങ്ങളും ഉണ്ടാകില്ല..അത് ജീവിതകാലം കൂടെ കൊണ്ടു നടക്കും..ഒരു ജീവവായു പോലെ...കാരണം...ഇങ്ങിനെ ചിലതാണ് നമ്മിൽ പലരെയും മുന്നോട്ട് നയിക്കുന്നത്...ചില സ്വപ്‌നങ്ങൾ.....ചില പ്രതീക്ഷകൾ...ചില ആഗ്രഹങ്ങൾ.....ചില ഇഷ്ടങ്ങൾ ......അങ്ങിനെ എന്തൊക്കെയോ...ഉണ്ടാകും ഓരോരുത്തരുടെയും കൂട്ടിന്...ഒരു സഹയാത്രികനെ പോലെ...എന്നും എപ്പോഴും...അല്ലേ...?


2022, മേയ് 16, തിങ്കളാഴ്‌ച

ബന്ധങ്ങൾ വഴിയകലുമ്പോൾ

ബന്ധങ്ങൾ വഴിയകലുമ്പോൾ
**********************************
ചില ബന്ധങ്ങൾ ചില സൗഹൃദങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചാലും അകലേക്ക്‌ തെന്നിമാറി കൊണ്ടേയിരിക്കുന്നു.
പ്രത്യേകിച്ചൊരു കാരണവുമില്ലാതെ.
ഹൃദയബന്ധങ്ങൾക്ക്‌ ഇരുപാട്‌ വിലകൽപ്പിച്ചിരുന്നു. ജീവിത യാദാർത്ഥ്യങ്ങളുടെ നെർപ്പോടിൽ ഉരുകി തീരുമ്പോഴും ഹൃദയത്തിനുള്ളിൽ ഒരു ചെറിയ വിശ്വാസമുണ്ടാകും.പക്ഷേ ആ വിശ്വാസം ചിലപ്പോഴൊക്കെ തെറ്റിപ്പോയേക്കാം.ഇതു വരേയുള്ള ജീവിതത്തില ആരും..ഒന്നുമായിരുന്നില്ലായെന്ന്.അപ്പോഴാണു സ്വയം പുഛം തോന്നുക.
അല്ലെങ്കിൽ തന്നെ എന്തെങ്കിലുമൊക്കെ ആവാൻ താൽപ്പര്യവുമുണ്ടായിരുന്നില്ലല്ലോ..? മണൽപ്പരപ്പിലെ വെയിലിന്റെ ചൂടിനേക്കാളും ഉരുകിയൊലിക്കുന്ന അവസ്ഥയിൽ സ്വന്തമായി കെട്ടിയുയർത്തിയ പുറന്തോടിൽ നിന്നും പുറത്താക്കപ്പെട്ട അവസ്ഥ.ഒരു പക്ഷേ അതായിരിക്കും അവസാനത്തേക്ക്‌ മാറ്റി വെച്ചത്‌.ഇത്‌ വരേയും വല്ലത്തൊരഹങ്കാരമായിരുന്നു.ആരൊക്കെയോ ഉണ്ടെന്നും എന്തൊക്കെയോ ആണെന്നും എന്നൊരു തോന്നൽ.ആ മിഥ്യയായ തോന്നലിൽ വല്ലാതെ അഹങ്കാരം തോന്നിയിരുന്നു എന്ന നഗ്നമായ സത്യം.എല്ലം ഒരു വിശ്വാസമായിരുന്നു.വിശ്വസിക്കുന്നതൊന്നും സത്യമാവണമെന്നുമില്ലല്ലോ..?
മുൻപൊരിക്കൽ ഇന്നിന്റെ മാറിലിരുന്ന് ഇന്നലെകളിലെ സന്തോഷങ്ങളുടെ പ്രകാശത്തിനു തിരികൊളുത്തിയ മനസ്സ്‌ ഇപ്പോൾ ഇന്നലെകളുടെ മിഥ്യതയിൽ നിന്ന് ഇന്നിന്റെ യാാർത്ഥ്യങ്ങളിലേക്ക്‌ ഒരു മടക്കയാത്രക്കൊരുങ്ങുകയാണു.
മങ്ങിപോയ ഓർമ്മകളിലെ വിട്ടുപോയ കണ്ണികളെ കൂട്ടിച്ചേർക്കാതെ  ഇന്നുകളുടെ യാദാർത്ഥ്യങ്ങളിലേക്ക്‌ ഒരു മടക്കയാത്ര.ഏകനായി..അന്യനെ പോലെ.
അറിഞ്ഞതും...
അറിയാൻ ശ്രമിച്ചതും...
തിരിച്ചറിയാതെ പോയതും ഞാൻ മാത്രം.

2022, ജനുവരി 25, ചൊവ്വാഴ്ച

ജീവിതയാത്ര......


ജീവിതത്തിന്റെ വളരെ വലിയ നീറ്റലുകൾക്കപ്പുറത്ത്‌ വേർപ്പാടിന്റെ നൊമ്പരങ്ങൾ ഉപ്പുതൂണുകളെ ഓർമ്മിപ്പിക്കത്തക്ക വിധം ചിന്തകളിൽ എന്നും കൂട്ടിനുണ്ടാകും ചിലർക്കൊക്കെ.
സ്വപ്നങ്ങളുടെ കൂടെ ബാല്യത്തിന്റെ പാതയോരം ചേർന്ന് നടക്കുമ്പോൾ ആയതിന് കാരണഭൂതനായവനിൽ സ്വയം അലിഞ്ഞില്ലാതാകുന്ന അവസ്ഥ.എല്ലാം പൊടിഞ്ഞൊന്നാകുന്നത്‌ പോലെ.
പഴയ കാലം..
അന്ന് ബാല്യത്തിലെ ആകാശത്തിന് വലിപ്പം കുറവായിരുന്നു.
ഏറിയാൽ ഒരു ചെമ്മൺപാതയുടെ നീളവും മരങ്ങളൊഴിഞ്ഞ റബ്ബർ കാടിന്റെ ചതുരവിന്ന്യാസവും മാത്രം ബാക്കി.
പക്ഷേ..
ഇന്നിന്റെ ബാല്യം...
അത് വളരെ...വളരെ വിശാലമാണ്...
സ്വാതന്ത്ര്യത്തിനുമപ്പുറം അമിത സ്വാതന്ത്ര്യമാണ്...
എവിടെയും എന്തുമാകാം ചിന്തയാണ് ഇന്നിലെ സ്‌കൂൾ കോളേജ് പഠനകാലമെന്ന് പലരും പറയാതെ പറയുന്നു.
നേർക്കാഴ്ചയിൽ കാണേണ്ടിയും വരുന്നു.
ഇന്നലെയുടെ എല്ലാം നമുക്ക് അന്യമാകുന്നു എന്ന സത്യം നമ്മൾ തിരിച്ചറിയുകയാണ്.
മനസ്സിലെ ഇല്ലായ്മകളും..ജീവിതത്തിലെ ഇല്ലായ്മകളും തീർത്തും ഒരു വിടവായി തന്നെ നിലകൊള്ളുന്നുണ്ട്.
പലർക്കുമിടയിൽ......
അടുപ്പിച്ച്‌ നിർത്താൻ ശ്രമിക്കും തോറും അകന്നു പോകുന്ന സ്നേഹബന്ധങ്ങൾ....
രക്തബന്ധങ്ങൾ...ബന്ധുക്കൾ .....
അങ്ങിനെ പലരും.
ആ അകൽച്ച ചിലരിലൊക്കെ ശൂന്യതയുടെ ആഴം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജീവിതയാത്രയിൽ നമ്മൾ ആരേയൊക്കെയോ കണ്ടുമുട്ടുന്നു.
ചിലപ്പോ വല്ലാതെ ഇഷ്ടപ്പെടുന്നു.
പിന്നീട് അകന്നു പോകുന്നതും..
അന്യമാകുന്നതും തിരിച്ചറിയാൻ വൈകുന്നു.
കാലം പിന്നേയും നമുക്ക് മേലെ വികൃതി കാണിക്കും.
വാക്കുകൾ കൊണ്ടലങ്കരിക്കാതെ..തൂലിക ചലിപ്പിക്കാതെ മനസ്സിലുള്ളതെല്ലാം കുഴിച്ച്‌ മൂടി അലസോരങ്ങൾക്കും അസ്വാരസ്യങ്ങൾക്കും വിട നൽകി.
മൗനമായ്‌ നടന്നകലുകയാണ് നല്ലതെന്ന് തോന്നിപ്പോകുന്ന ചില നിമിഷങ്ങൾ....
എന്നിരുന്നാലും....
ഓരോരുത്തരും ഇഷടപെടുന്ന വഴി അവരവർ തന്നെ  തിരഞ്ഞെടുക്കുന്നു.ഒന്നോർക്കുക.
ആ വഴിയിൽ സൗഹൃദത്തിന്റെ..
സ്നേഹബന്ധത്തിന്റെ..ബന്ധങ്ങളുടെ ആത്മാർത്ഥതയും  നന്മയും ഉണ്ടെന്ന് ഉറപ്പ്‌ വരുത്തുക.
കഴിഞ്ഞു പോയ നാളുകളും...
പൊഴിഞ്ഞു വീണ ഇലകളും...
പെയ്തുതീർന്ന മഴത്തുള്ളികളും..
തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഒരുമിച്ച്‌ ചിരിച്ചതും വരും നാളേകളിലെ നിണം പടർന്ന ഓർമ്മകളിൽ സൂക്ഷിക്കാൻ എന്തെങ്കിലുമൊക്കെ ബാക്കി വയ്ക്കുക...!