2016, നവംബർ 25, വെള്ളിയാഴ്‌ച

ജീവിതം

ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാക്കാതെ വരും ചിലർക്കെങ്കിലും..
ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത്തിനോ...അടുപ്പങ്ങൾക്കോ എന്ത് വിലയാണുള്ളത്...?..നമുക്കോ...നമ്മുടെ ചിന്താഗതികൾക്കോ സ്ഥാനമില്ലാത്ത ചിലയിടങ്ങൾ നമ്മുടെ കണ്മുന്പിൽ തെളിഞ്ഞേക്കാം....അവിടെ നിന്നെല്ലാം നിശബ്ദം പടിയിറങ്ങുക..പിന്തിരിഞ്ഞുപോലും നോക്കാതെ....അഥവാ നമുക്കായി എവിടെയെങ്കിലും ....എന്തെങ്കിലും നമ്മുടെ ജീവിതം ബാക്കി വെച്ചിട്ടുണ്ടെങ്കിൽ....അതൊരുനാൾ നമ്മെ തേടിയെത്തും...അത് തീർച്ച...!
കാലത്തിന്റെ പൂക്കൾ വിടരുകയും,കൊഴിയുകയും ചെയ്യും.അനസ്യൂതം.
വസന്തവും,ഗ്രീഷ്മവും,ശരത്തും,ഹേമന്തവും,ശിശിരവുമായി...ഋതുക്കൾ മാറിമാറി വരും.
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും....
അവിടെ നിന്ന് യൗവ്വനത്തിലേക്കും ഓരോ മനുഷ്യനും നീന്തികടക്കും...അവസാനം വാർദ്ധക്യത്തിലേക്കും...എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും അതൊക്കെ മറികടന്നിരിക്കും.
ഒരുപാട് പേരെ വേദനപ്പെടുത്തി...അതിലേറെ പേരെ വാക്കുകൊണ്ടോ,പ്രവൃത്തി കൊണ്ടോ ചവിട്ടിമെതിച്ച്....ജീവിതസുഖങ്ങൾ തേടിയുള്ള യാത്രയിലായിരിക്കും അപ്പോൾ..
പിന്നെ ഒരു ദിവസം....നമുക്ക് ഉണ്ടെന്ന് കരുതിയിരുന്നതെല്ലാം നമ്മെ വിട്ടുപോകും...
പിന്നെയും നാം ജീവിക്കേണ്ടി വരും....
ചിലപ്പോൾ ആർക്കെന്നോ...?എന്തിനുവേണ്ടിയെന്നോ പോലുമറിയാതെ...ഒന്നും ആരെയും തളർത്തരുത്....ഇതാണ് എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം..

2016, നവംബർ 24, വ്യാഴാഴ്‌ച

മാതൃത്വം

അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടെതായ നിർവചനങ്ങൾ ഉണ്ടാവും. അമ്മ, അതൊരു സത്യം ആണ്. ഇന്ന് നമ്മുടെ സഹോദരീ സഹോദരന്മാര് മറക്കുന്നതും ആ സത്യത്തെയാണ്. പറക്കമുറ്റുന്നത് വരെ ഒന്നും സംഭവിക്കാതെ സ്വന്തം കാലില് നില്ക്കാന് നമുക്ക് കരുത്ത് പകർന്ന അമ്മയെയും അച്ഛനെയും, നമ്മള് ചെയ്യുന്ന കൊച്ചു കൊച്ചുതെറ്റുകൾ ക്ഷമിച്ചും, ശകാരിച്ചും നമുക്ക് നല്ല വഴി കാണിച്ചും തന്ന നമ്മുടെ അമ്മയെയും അച്ഛനെയും നാം വൃദ്ധ സദനങ്ങളിൽ കൊണ്ടുപോയി തള്ളുന്നു. ഒരു നിമിഷം ചിന്തിച്ചു നോക്കു, നമുക്ക് വേണ്ടി അവര് അനുഭവിച്ച കഷ്ടപാടുകൾ വേദനകൾ. നമ്മൾ എത്ര വിഷമിപ്പിച്ചാലും ഉപേക്ഷിച്ചാലും നമ്മെ വെറുക്കാതെ നമ്മെ സ്നേഹിക്കുന്ന ആ മനസ്സ്, അത് നമ്മള് കാണാതിരിക്കരുത്. അവർ മറ്റൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല, സ്നേഹത്തോടെ ഉള്ള നിങ്ങളുടെ ഒരുനോട്ടം,.... ഒരു വാക്ക്.... അത് മതിയാവും ആ പാവങ്ങൾക്ക്.സ്നേഹിക്കുക ഉപേക്ഷിക്കാതിരിക്കുക… കുടിലുകൾ കൊട്ടാരങ്ങളായി മാറി. ഇടവഴികളത്രയും മെറ്റൽ ചെയ്ത റോഡുകളും ഇന്റർലോക്കിട്ട തറകളുമായിമാറി. പക്ഷെ, അപ്പോഴും വീട്ടുവരാന്തയിൽ മാറാതെ നിൽക്കുന്ന ഒരു ചിത്രമുണ്ട് -പൊന്നുമക്കളെ വഴിനോക്കി നിൽക്കുന്ന അമ്മയുടെ മുഖമാണത്… കാലമെത്രമാറിയിട്ടും അമ്മ മാത്രം മാറുന്നില്ല. സ്നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്.ആർദ്രതയുടെ തിരമാലകളായതുണ്ട്. ഓരോ ജനാലക്കരികിലും മക്കളെ കാത്തു നിൽക്കുന്നൊരമ്മയുണ്ട്. ഓരോ അടുക്കളയിലും മക്കൾക്കുവേണ്ടി സ്വയം ഉരുകുന്നുണ്ട് ഓരോ അമ്മയും.
എവറസ്റ്റ് കീഴടക്കാം, അറബിക്കടൽ നീന്തിപ്പോകാം. പക്ഷെ, അമ്മയുടെ സ്നേഹത്തിന് മാത്രം പകരം നില്ക്കാനാവില്ല. ഒരു ജന്മംമുഴുവന് ആ കാൽച്ചുവട്ടിലിരുന്നാലും കുഞ്ഞുന്നാളില് നമുക്കുവേണ്ടി ഉറക്കമൊഴിച്ചിരുന്നതിന്റെ ഒരംശമാവില്ലത്. ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന് ചോദിച്ചാൽ അമ്മയുടെ മടിത്തട്ടാണെന്നല്ലാതെ മറ്റെന്തുത്തരമാണ് നമുക്ക് നൽകാൻ കഴിയുക....?
ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ പദം അമ്മയെന്നല്ലാതെ മറ്റെന്താണ്...?
ഓരോ ഭാഷകളിലേക്ക് മാറുമ്പോഴും അത് വല്ലാതെ സൗന്ദര്യത്തോടെ നിറഞ്ഞു നിൽക്കും. അമ്മയില്ലെങ്കിൽ ഒന്നുമില്ല… ഒന്നും… അമ്മയില്ലെങ്കിൽ വീട് ശൂന്യമാണ്. ആ സ്നേഹമില്ലെങ്കിൽ നമ്മൾ അനാഥരാണ്. അമ്മ ഒരുദിവസം വഴക്കുപറഞ്ഞില്ലെങ്കിൽ അതും ഒരു കുറവാണ്. അമ്മയുടെ കൈയ്യിൽ നിന്ന് ഭക്ഷണം കിട്ടിയില്ലെങ്കിൽ തൃപ്തിയാവില്ല നമുക്കൊരിക്കലും. അമ്മ പായ വിരിച്ചുതരണം,രാവിലെ അമ്മയുടെ വിളികേട്ടുണരണം. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മയില്ലെങ്കിൽ അസ്വസ്ഥതകൊണ്ട് ഭ്രാന്ത് പിടിക്കും മനസ്സിന്. എന്റെ മോൻ എന്ന ആ വിളിമാത്രം മതി ഒരു ജന്മം സഫലമാകും. നമ്മൾ ജയിക്കുന്ന ദിവസം അമ്മക്ക് പെരുന്നാളാണ്.നമ്മുടെ ദുഃഖമാണ് അമ്മയുടെ ദുഃഖം. ഓരോ അമ്മയും ജീവിക്കുന്നത് മക്കൾക്കുവേണ്ടി മാത്രമാണ്.
എവിടെയോ വായിച്ച വാചകം മനസ്സിലിപ്പോഴുമുണ്ട് ‘
മഴ നഞ്ഞ് സ്കൂളിൽ നിന്ന് വരുമ്പോൾ ചേട്ടൻ ഉപദേശിച്ചു –
നിനക്കൊരു കുടഎടുക്കാമായിരുന്നില്ലേ…?
ചേച്ചി സഹതപിച്ചു -
നിനക്ക് മഴ തോർന്നിട്ട് പോരാമായിരുന്നില്ലേ…? അച്ഛന് ദേഷ്യപ്പെട്ടു -
ഇനി ജലദോഷം വരുമ്പോൾ പഠിച്ചോളും!!…തോർത്തെടുത്ത് തലതോർത്തിഎന്റെ അമ്മ പറഞ്ഞു -
ഈ മഴക്കെന്താ ഇപ്പം പെയ്യണംന്ന്…?
എന്റെ കുട്ടി വന്നിട്ട് പെയ്താപ്പോരായിരുന്നോ?

അമ്മയിൽനിന്ന് പൊക്കിൾക്കൊടി മുറിച്ചുമാറ്റപ്പെട്ട ആ നിമിഷം മുതല് ഞാൻ അനാഥനാണെന്ന് എഴുതിവെച്ച കൂട്ടുകാരാ നിനക്ക് നന്ദി…
ഞാനും അനുഭവിക്കുന്നത് നിന്റെ അതേ വികാരമാണ്… ഒരു മനുഷ്യശരീരത്തിന് താങ്ങാന്പറ്റുന്ന വേദന 45 ഡെൽ യൂണിറ്റ് ആണ്. നമുക്ക് ജന്മം നൽകാൻ പ്രസവസമയത്ത് അമ്മമാര് അനുഭവിക്കുന്ന വേദന 57 ഡെൽ യൂണിറ്റും. അതായത് മനുഷ്യശരീരത്തിലെ 20 അസ്ഥികൾ ഒരേസമയം ഒടിയുമ്പോഴുണ്ടാകുന്ന അത്രയും വേദന…പത്തിരുപ്പത്തിയഞ്ച് വർഷക്കാലം ഭൂമിയിൽ ജീവിച്ചതിനേക്കാളേറെ നാം സുരക്ഷിതത്വമറിഞ്ഞത് പത്തുമാസക്കാലം അമ്മയുടെ വയറ്റില് കഴിഞ്ഞ ആ നാളുകളിലായിരുന്നു. ഓരോ കുഞ്ഞും പിറന്നു വീഴുമ്പോൾ കരയുന്നത് അമ്മയിൽ നിന്ന് വേർപ്പെടുന്നതിന്റെ വേദനകൊണ്ടായിരിക്കാം.അമ്മ… ഒരു സൗഭാഗ്യമാണ്…സ്നേഹമെന്ന പദത്തിന്റെ ലളിതമായഅർത്ഥമാണ് അമ്മ…
ഒന്നു കണ്ടില്ലെങ്കിൽ നൊമ്പരമാകുന്ന,...... ഒന്നു വിളിച്ചില്ലെങ്കിൽ സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലിൽ ലോകത്തിന്റെ മുഴുവൻ കുളിരുമുണ്ട്… ആ മടിയിൽ തല ചായ്ച്ചുറങ്ങുമ്പോൾ ലഭിച്ച ആ ഇളം ചൂടിനോളം വരുന്ന മറ്റൊരു സുഖവും നാം അനുഭവിച്ചിട്ടുണ്ടാവില്ല…അമ്മ പാടി തന്ന താരാട്ടുപാട്ടായിരുന്നു കേട്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ പാട്ട്… അമ്മ ചുട്ടുതന്ന ദോശയോളം വരില്ല നക്ഷത്ര ഹോട്ടിലെ ഒരു മെനുവും… അമ്മ ലോകത്തിലെ മഹാസത്യമാണ്, എല്ലാം നിഷേധിക്കുന്നവരും അമ്മയെന്ന സത്യത്തെ മാത്രം അംഗീകരിക്കും…  പിച്ചവെക്കുന്ന കുഞ്ഞുന്നാളിൽ അമ്മ കാവൽക്കാരിയാണ്…സ്കൂളിലേക്ക് പോകുന്ന ആദ്യ ദിനങ്ങളില് അമ്മ സഹയാത്രികയാണ്… കുരുത്തക്കേടിന്റെ കൗമാരത്തിൽ അമ്മ പൊലീസുകാരിയും അധ്യാപികയുമാണ്…അമ്മ പ്രാർത്ഥിച്ചതത്രയും സ്വന്തം കാര്യത്തിനുവേണ്ടിയായിരുന്നില്ലൊരിക്കലും… കറണ്ടില്ലാത്ത രാത്രികളിൽ ജോലി കഴിഞ്ഞു വരവ് വൈകുമ്പോൾ കാത്തിരുന്ന് കാത്തിരുന്ന് ചിമ്മിണി വിളക്കിന്റെ എണ്ണ തീരുമ്പോഴും മടുപ്പില്ലാതെ,പരിഭവമില്ലാതെ വഴി നോക്കി നിൽക്കും ആ മനസ്സ്… പരീക്ഷയിൽ തോറ്റ്, കളിയില് തകർന്ന്…മടങ്ങിവരുമ്പോൾ സാരമില്ലട ഒക്കെ ശരിയാവും… മോൻ സങ്കടപ്പെടാതിരിക്കെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന മുഖം… ഇല്ല അമ്മക്ക് പകരം നല്കാൻ ഒന്നുമില്ല കയ്യിൽ…സത്യസന്ധമായി ജീവിക്കാന് പഠിപ്പിക്കുമ്പോഴും അമ്മ കള്ളം പറഞ്ഞുകൊണ്ടിരിക്കും… ഉറങ്ങാതെ പഠിക്കുമ്പോൾ..... കാവലിരിക്കേണ്ടെന്ന് പറയുമ്പോൾ അമ്മ പറയും ഇല്ലെടാ എനിക്ക് ഉറക്കം വരുന്നില്ല… ഇഷ്ടഭക്ഷണം കൊതിപ്പിക്കുമ്പോഴും കഴിക്കാതെ പ്ലേറ്റിലേക്കിട്ട് തന്ന് അമ്മ പറയും ഞാനത് കഴിക്കാറില്ലെടാ നീ കഴിച്ചോളൂ… മരുന്ന് വാങ്ങാന് വെച്ച കാശെടുത്ത് തന്ന് അമ്മ പറയും. ഉച്ചക്ക് ഊണ് കഴിക്കാതിരിക്കരുത് നമ്മെ നമ്മൾ സ്വയം സൂക്ഷിക്കണം…മൂന്ന് മക്കളും അമ്മയും അടക്കം മൂന്നുപേരുണ്ട് വീട്ടിലിങ്കിൽ. നാലു പേർക്കുമായി മൂന്ന് ആപ്പിൾ മാത്രമേയുള്ളു. ഉടൻ അമ്മപറയും… എനിക്ക് ആപ്പിള് ഇഷ്ടമല്ലെടാ…ഓർമ്മകളൾക്കിപ്പോഴും ബാല്യത്തിന്റെ നനവാണ്…  സ്കൂളിൽ നിന്ന് ബെല്ലടിച്ചിട്ടും കാണാതിരിക്കുമ്പോൾ ആധി നിറഞ്ഞ കണ്ണുകളോടെ പാതിവഴിയോളം പാഞ്ഞുവരാറുള്ള അമ്മ.. തിമിർത്തുപെയ്യുന്ന കര്ർക്കടക മാസത്തിൽ ഇടിമിന്നലിനെ പേടിച്ച് ഒതുങ്ങികഴിയുമ്പോൾ ആൺ പിള്ളേർ ഇങ്ങനെ പേടിച്ചാലോടാ…എന്ന് പറഞ്ഞ് ധൈര്യം പകർന്ന് നെഞ്ചോട് ചേർക്കും അമ്മ…ദൂരേ ദിക്കുകളിലേക്ക് യാത്ര പോകുമ്പോൾ ആ കണ്ണ് നിറഞ്ഞിരിക്കും…  ആ ഇന്നലെകൾ നമ്മളിൽ പലരും ഓർക്കുന്നുണ്ടാകും…എല്ലാ മഴയും അമ്മ നനഞ്ഞത് എനിക്ക് വേണ്ടിയായിരുന്നു… എല്ലാ വെയിലിലും അമ്മ പൊള്ളിയത് മറ്റാർക്കും വേണ്ടിയുമായിരുന്നില്ല…നടന് “പ്രകാശ് രാജ്” ഒരഭിമുഖത്തില് കണ്ണീരോടെ ഇങ്ങനെ കുറിച്ചു. “എന്റെ അമ്മ മരിച്ചു കിടക്കുമ്പോൾ ആ നനുത്ത കാലുകളിൽ കെട്ടിപ്പിടിച്ച് ഞാന് പറഞ്ഞു… അമ്മേ, ഇനിയൊരു ജന്മമുണ്ടെങ്കില് അമ്മ എന്റെ ഭാര്യയായി ജനിക്കണം, ഭാര്യമാർ അധികാരം കയ്യാളുന്ന ലോകത്ത് എനിക്ക് എന്റെ അമ്മയെ ഒരിക്കലും വേണ്ടപോലെ സ്നേഹിക്കുവാൻ കഴിഞ്ഞിട്ടില്ല… അമ്മേ, മാപ്പ്…” നാം തിരിച്ചറിയണം. ഓരോ മനുഷ്യനും അവനുമുന്നിലെ ലോകാത്ഭുതം അവന്റെ അമ്മയാണെന്ന്…ഓരോ ആണും,പെണ്ണും...ആദ്യം നീ ഒരു മകനോ,മകളോ ആയിരിക്കും....പിന്നീട് നീയൊരു ഭര്ത്താവും,ഭാര്യയോ ആയിത്തീരും....ഒരുപക്ഷേ നീണ്ട കാത്തിരിപ്പിനൊടുവിൽ നീയൊരു അച്ഛനോ,അമ്മയോ ആയി തീരും...അപ്പോഴാണ്...തിരിച്ചറിയുക...
മാതാപിതാക്കളുടെ നൊമ്പരവും,വേദനയും..അലച്ചിലും..എല്ലാമെല്ലാം.....ഒന്ന് സ്നേഹിച്ചൂടെ....അവരെ...?
ഒരു നല്ല വാക്ക് പറഞ്ഞൂടെ...?അവരോട്..
സുഖമില്ലാതെ കിടക്കുമ്പോൾ ഒന്ന് അടുത്തുചെന്ന് ആശ്വസിപ്പിക്കുക....മരുന്ന് കഴിച്ചോ,ഭക്ഷണം കഴിച്ചോ...എന്നൊക്കെ ഒന്ന് സ്നേഹത്തോടെ ആരായുക...ഇതൊക്കെയേ അവർക്ക് വേണ്ടൂ...ഇതൊക്കെയുണ്ടെങ്കിൽ ഏത് കിടന്നകിടപ്പിൽ നിന്നും അവർ ആരോഗ്യത്തോടെ,സന്തോഷത്തോടെ എഴുന്നേറ്റു വരും....നിങ്ങളും,ഞാനും ഇന്ന് അവരോട് എങ്ങിനെ പെരുമാറുന്നോ....അത് തന്നെയാവും....നാളെ എന്റെയും...നിങ്ങളുടെയും ജീവിതത്തിൽ വന്ന് ചേരുക...വിതച്ചതേ..കൊയ്യൂ...കലർപ്പില്ലാതെ...സ്നേഹിക്കാൻ കഴിയട്ടെ...നമുക്ക് അവരെ..

2016, നവംബർ 19, ശനിയാഴ്‌ച

ചില തിരിച്ചറിവുകൾ

ജീവിതത്തിൽ ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ
ചിലരെ അകറ്റും...ചിലരെ അടുപ്പിക്കും.
ചിലരെ വിശ്വസിക്കും..ചിലരെ അവിശ്വസിക്കും.
ചിലരെ ഇഷ്ടപ്പെടും...ചിലരെ വെറുക്കും.
ചിലരോട് പറയാതെ പറയും...ചിലർക്ക് പറഞ്ഞാലും മനസ്സിലാകില്ല.
നമ്മിലെ കാഴ്ചപ്പാടിൽ തെറ്റായി തോന്നുന്ന പലതിലും...ശരിയുടെ ഒരു മങ്ങിയ വെട്ടമെങ്കിലും അണയാതെ മങ്ങി കത്തുന്നുണ്ടാകും.കടലിന്റെ ആഴവും..മനുഷ്യന്റെ മനസും ഒരുപോലെയാണ്.
ഒരിക്കൽപോലും അതിലെ ആഴവും,വ്യാപ്തിയും,ചുഴികളും,മലരികളും തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല.അവിശ്വാസവും,വിശ്വാസവും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ട്.ഒരു നിമിഷത്തിന്റെ നൂറിൽ ഒരംശം പോലും വേണ്ടി വരില്ല.നമുക്ക് ആരെയെങ്കിലും അവിശ്വസിക്കാൻ..കുറ്റങ്ങളും,കുറവുകളും കണ്ടെത്താൻ.
പക്ഷേ......വിശ്വാസം നേടാനും,നൽകാനും നാം ഒരുപാട് പ്രയത്നിക്കേണ്ടി വരും.കാത്തിരിക്കേണ്ടി വരും.ഒരു പക്ഷേ ജീവിതകാലം മുഴുവൻ ശ്രമിച്ചാലും ഒരുപക്ഷേ അതിന് കഴിഞ്ഞെന്നും വരില്ല.
ബന്ധങ്ങൾക്ക് ഒരിക്കലും വലിപ്പചെറുപ്പം ഇല്ല.
പക്ഷേ..അത് ദർശിക്കുന്ന കണ്ണുകൾക്കും,സ്വീകരിക്കേണ്ട മനസ്സിലും ആണ്...വ്യത്യാസം അനുഭവപ്പെടുക.
മനസിലെ ദൃഢനിശ്ചയങ്ങളിൽ ചേർത്തുവെച്ച വിശ്വാസങ്ങൾ ഒരിക്കലും തെറ്റാതിരിക്കട്ടെ എന്ന് ആശംസിക്കാം...
പലപ്പോഴും സ്വീകാര്യമല്ലാത്തതും,സ്വീകരിക്കാൻ മടിക്കുന്നതും ഇതൊന്ന് മാത്രമാണ്

2016, നവംബർ 15, ചൊവ്വാഴ്ച

തിരിച്ചറിവ്

നമ്മുടെ വാക്കുകള്‍ പൊള്ളയാകുന്നുവെന്ന് അപരന് തോന്നിയാല്‍ ബന്ധം അകലും. മനസ്സില്‍ നിന്ന് ഉറവയെന്നോണം ഒഴുകി വന്ന് ചുണ്ടുകളിലൂടെ പുറത്തു വരുന്ന സ്‌നേഹം നിറഞ്ഞ, കരുണ വഴിയുന്ന തരത്തിലാവണം അത്. ഒരു നല്ല വാക്കുകൊണ്ട് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞെന്നു വരും. പ്രയോഗിക്കേണ്ട അവസരത്തില്‍ അതു പ്രയോഗിക്കാതിരുന്നാല്‍ സാമ്രാജ്യം നഷ്ടപ്പെടുകയും ചെയ്യും.ഇന്നിലെ ചില ബന്ധങ്ങളിൽ ചിലപ്പോൾ ഉള്ള് തുറന്ന് പറഞ്ഞാൽ...അത് കളവായും,നുണ പറഞ്ഞാൽ അത് സത്യമായും സ്വീകരിക്കും.
ജീവിതത്തിൽ ഉടലെടുക്കുന്ന ഓരോ ബന്ധങ്ങൾക്കും സ്വീകാര്യമാകണമെന്നില്ല.
പക്ഷേ ചിലതിന് മൂല്യം കൂടും...ചിലത് പാതി വഴിയിൽ അവസാനിക്കും..എല്ലാത്തിനും ഉപരി നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയണം..ഒരു മനുഷ്യായുസ്സിന്റെ നിമ്ന്യോതികൾ ഒക്കെ പിന്നിട്ട് കഴിയുമ്പോഴായിരിക്കും...നമ്മിൽ പലരും,പലതും തിരിച്ചറിയുക...പക്ഷേ ...ആ തിരിച്ചറിവിന് പ്രസക്തിയുണ്ടാകില്ല...!

2016, നവംബർ 6, ഞായറാഴ്‌ച

ബന്ധങ്ങൾ

ഓർമ്മകൾക്ക് മരണമുണ്ടോ......?
അതോ...ചിന്തകൾക്ക് സ്വയം ജീവൻ നൽകുന്നതോ... ?
അതോ ചിന്തകൾ മരിക്കുമ്പോഴാണോ..ഓർമ്മകൾക്ക് ജീവൻ വെക്കുന്നത്..? വ്യക്തമല്ലാത്ത ഒന്ന് ഇവക്കിടയിലുണ്ടാകും....അതെന്തോ...!
ഓരോ തിരയും തഴുകി തലോടി കടന്നു പോകുമ്പോൾ...
ചിലപ്പോൾ കടൽക്കരയിലെ മണൽതരികൾക്ക് പോലും ഇന്നലെകളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.
ഒന്നുകിൽ വിദ്വേഷത്തിന്റെ....
വിരഹത്തിന്റെ.....
നഷ്ടബോധത്തിന്റെ...അങ്ങിനെ എന്തൊക്കെയോ..ശ്രദ്ധയോടെ കാതോർത്താൽ ചിലരത് തിരിച്ചറിയും..
ചിലപ്പോൾ ചില മനുഷീകബന്ധങ്ങളും ഇങ്ങനെയാണ്..
അറിയാൻ ശ്രമിച്ചാൽ...അകന്നു പോകും..
പറയാൻ ശ്രമിച്ചാൽ..കേൾവിക്കാരല്ലാതാകും...
ജീവിതത്തിലെ ഓരോ ബന്ധങ്ങളും അദൃശ്യമായ ഒരു നൂലിഴകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് പോലെയാണ്..വളരെ നേർത്തതുമാണത്...ഒരിക്കൽ അകന്നാൽ ...പരിശ്രമിച്ചാൽ വീണ്ടും ചിലപ്പോൾ കൂട്ടിചേർക്കാൻ കഴിഞ്ഞേക്കും...
പക്ഷേ ഇഴയൊന്ന് അറ്റുപോയാൽ..പിന്നീടൊരിക്കലും പഴയപോലെ കുട്ടിച്ചേർക്കാൻ കഴിഞ്ഞെന്നു വരില്ല....അതിനെത്ര ശ്രമിച്ചാലും...നന്മയുടെ മികവുള്ള ഓരോ
ബന്ധവും തകരാതിരിക്കട്ടെ...!!

ഓർമ്മത്തെറ്റ്

ഇന്നിലെ പലതും ഒരോർമ്മത്തെറ്റായി തീരുമോ..?മനുഷ്യനും...മനുഷ്യത്വത്തിനും..വിലയില്ലാത്ത കാലത്ത് വ്യക്തിത്വം എന്തിന്..?ഓരോ ജീവിതവും ഒരു നേർരേഖ പോലെയാണ്...ചിലത് തമ്മിൽ എവിടെയെങ്കിലും വെച്ച് കൂടിച്ചേരും...ചിലത് ഒരിക്കലും കൂടിച്ചേരുകയുമില്ല.ചിന്തകളിൽ എന്തൊക്കെയോ കൂടിപിണയുന്നു..വ്യക്തമല്ല ഒന്നും..
കനവ് നിനവാകുകയും...നിനവ് ഓർമ്മകളാകുകയും ചെയ്യുമ്പോൾ..പലപ്പോഴും വിഡ്ഢിവേഷം എടുത്തണിയാതെ തന്നെ പിന്മാറേണ്ടി വരും...
ഒരുപക്ഷേ ജീവിതത്തിൽ നിന്ന്...അല്ലെങ്കിൽ ബന്ധങ്ങളിൽ നിന്ന്..
ഓരോ വാക്കുകൾക്കും അധീതമായി...എന്തൊക്കെയോ ചുരുളഴിഞ്ഞേക്കാം..
അത് എപ്പോൾ...എങ്ങിനെ..? വ്യക്തമല്ല...ഒന്നും..ജീവിതത്തിലെ കണക്കുകൂട്ടലുകൾ എവിടെയൊക്കെയോ പിഴവ് പറ്റുന്നു...ഒരിക്കലും ശരി വരാതെ...!

2016, നവംബർ 3, വ്യാഴാഴ്‌ച

അറിയാതെ

ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്കാന്തി കറങ്ങിതിരിഞ്ഞ് ആധുനീക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ അത് വെറും പഴങ്കഥയായി മാറിപ്പോകുന്നു.
നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യം അഭിനവ സൗഹൃദത്തിന് ഉൾപ്രേരണയാകുമോ...?അറിയില്ല.
നാമൊക്കെ പഴമയുടെ നൊമ്പരവും...ആധുനികതയുടെ താളവും ചിറകിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു...അക്ഷരങ്ങൾ പലപ്പോഴും മഴ പോലെ പെയ്തിറങ്ങും..ചിലർക്ക് നോവും,ചിലർക്ക് കുളിരും,ചിലർക്ക് ഒരു നനുത്ത തലോടലുമായി..പക്ഷേ ആ നോവിനും ഒരു സുഖമുണ്ടാകും...ഒരു വ്യത്യസ്ഥമായ അനുഭൂതിയുണ്ടാകും...ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് കോറിയിടുന്നു...എന്തൊക്കെയോ...
എങ്ങനെയൊക്കെയോ....
പക്ഷേ...എല്ലാറ്റിനും അപ്പുറം......
എന്തോ ഒന്ന്....ഉള്ളിന്റെ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്നു....
ഒന്നും...ഒരിക്കലും തിരിച്ചറിയാതിരിക്കട്ടെ...
....നന്ദി...ഒരായിരം