2018, ജനുവരി 11, വ്യാഴാഴ്‌ച

അഭിനവ മനുഷ്യൻ

എല്ലാ യദാർത്ഥ വിജയത്തിലും എത്തിച്ചേരാൻ ക്ലേശങ്ങളുടെ വഴികളിലൂടെ നടന്നേ മതിയാകൂ..
ചെളിയും മുള്ളുകളുമുള്ള പാടവരമ്പിലൂടെ നടന്നാലല്ലാതെ കതിർമണികൾ
വിളഞ്ഞുലഞ്ഞു കിടക്കുന്ന മണ്ണിലേക്ക് എത്തിച്ചേരാൻ കഴിയുമോ..?
നനുത്ത മണം പരത്തുന്ന മനോഹരമായ റോസാപ്പൂക്കൾ മുള്ളുകളുള്ള ചില്ലകളിൽ അല്ലേ...? വിടർന്നു നിൽക്കുന്നത്.
ആ പൂവിന്റെ ചാരുതയിൽ ലയിച്ച് അതൊന്ന് നുള്ളിയെടുക്കാൻ ശ്രമിക്കുമ്പോൾ ആ മുള്ളുകൾ വിരലുകളിലേൽപ്പിക്കുന്ന ക്ഷതങ്ങളുടെ വേദന ആ പൂക്കളുടെ മനോഹാരിതയിൽ നോക്കിയിരിക്കുമ്പോൾ മഞ്ഞുപോലെ നമ്മിൽ നിന്ന് അലിഞ്ഞു പോകാറില്ലേ...
ഇതു തന്നെയാണ് ജീവിതം.
ക്ലേശങ്ങളിലൂടെ...
കഷ്ടപ്പാടുകളിലൂടെ...
ദുരിതങ്ങളിലൂടെ നടന്നെത്തി നാം നേട്ടങ്ങൾ  കൈവരിക്കുന്നു.
പലതും സ്വന്തമാക്കി കഴിഞ്ഞാൽ അവൻ എല്ലാം മറക്കുന്നു.
പിന്നിട്ട വഴികൾ...
ആ വഴികളിലെ കല്ലും,മുള്ളും..
കഷ്ടതകളിൽ നമ്മോടു കൂടെ ചേർന്നു നിന്നവരെ...
നമ്മുടെ സങ്കടങ്ങളിൽ വേദനിച്ചവരെ...
വളരെ വലുതല്ലെങ്കിലും കൊച്ചു കൊച്ചു സഹായം ചെയ്തവരെ...
എന്തിനേറെ കുടുംബബന്ധങ്ങളെ..രക്തബന്ധങ്ങളെ...
നമ്മെ നെഞ്ചിലേറ്റിയ സൗഹൃദങ്ങളെ...
അങ്ങിനെ പലതും അവൻ മറക്കുകയും മറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു..
ഏത് മതവിശ്വാസപ്രകാരമാണെങ്കിലും ദൈവം ആവശ്യപ്പെടുന്നത് ഭൂമിയിൽ ഉള്ളിടത്തോളം സഹജീവികൾക്ക്...ഇതര മനുഷ്യർക്ക് നൽകാൻ കഴിഞ്ഞിട്ടുള്ള സ്നേഹത്തിന്റെ...നന്മയുടെ ദയയുടെ...കടമയുടെ...കടപ്പാടിന്റെ കണക്കായിരിക്കും.
ഒരുപക്ഷേ...മരണശേഷം മനുഷ്യന് കൂടെ കൊണ്ടുപോകാൻ കഴിയുന്നതും ആ നന്മകളായിരിക്കും...ഇതെല്ലാം മറന്ന് ജീവിക്കുന്ന...പലതിന്റെയും പേരിൽ മറ്റു മനുഷ്യരുടെ ജീവൻ പോലും അപഹരിക്കുന്ന ഇന്നിലെ അഭിനവ കിങ്കരന്മാർ...
കൊല്ലപ്പെട്ടവരോ അറിയുന്നില്ല...തന്റെ ജീവൻ എന്തിന് അപഹരിക്കപ്പെട്ടുവെന്ന്...
കൊന്നവനും അറിയില്ല...താനെന്തിന് മറ്റൊരു ജീവൻ അപഹരിച്ചുവെന്ന്...
ആരോടും സ്നേഹവും..കടപ്പാടും വെച്ച് പുലർത്താത്ത...ആരുടെയും ദുഃഖങ്ങളും,സങ്കടങ്ങളും കണ്ണു നനയിക്കാത്ത...
ഇന്നിലെ മനുഷ്യാ.....നിന്നെ എന്ത് പേര് ചൊല്ലി വിളിക്കണം...?
കാലനോ....കാപാലികനോ....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ