2018, ഡിസംബർ 10, തിങ്കളാഴ്‌ച

ഇങ്ങനെയും ചിലർ

ആരോടും സംസാരിക്കാതെ...
പലരുടേയും മുൻപിലൂടെ...
ഈ ലോകത്തിൽ ജീവിക്കുന്നെങ്കിലും ആരോടും പരിഭവമില്ലാതെ...
ഇവിടെയെങ്ങുമല്ലാത്തൊരു ജീവിതം.
അവർക്ക് മതമില്ല...
ജാതിയില്ല...
സവർണ്ണ-അവർണ്ണ ചിന്തകളില്ല...
രാഷ്ട്രീയ കൊടിയുടെ നിറഭേദങ്ങളില്ല.
അവർക്ക് മുന്നിൽ ദുഷ്ടന്മാരില്ല നല്ലവരുമില്ല.ഇടയ്ക്കെപ്പോഴോ നമ്മുടെയൊക്കെ മുൻപിൽ വന്ന് കൈനീട്ടുകയും..
എന്തെങ്കിലും കിട്ടിയാൽ ഭക്ഷിച്ചും...
അഴുക്കുചാലിൽ കഴിയുന്ന ജീവികളെ പോലെ ജീവിതം ജീവിച്ചു തീർക്കുന്ന ചിലർ നമുക്കിടയിൽ ഉണ്ട്.
ചിലപ്പോഴൊക്കെ നാം ആട്ടിയകറ്റുന്ന ചിലർ..ഒരുപക്ഷേ
അവർക്കും ചില സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം അല്ലേ..?ആശകൾക്കിടയിൽ...
വിരഹങ്ങൾക്കിടയിൽ...
വേർപ്പാടുകൾക്കിടയിൽ കാലിടറിപ്പോയവരാകാം അവരിൽ ചിലർ..ഒന്നും നമുക്ക് അറിയില്ല...
നാം അത് അറിയാൻ ശ്രമിക്കാറുമില്ല.
കാരണം അവർക്ക് കഥ പറയുന്ന കണ്ണുകളോ..
നിരയൊത്ത പല്ലുകൾ കാട്ടിയ ചിരിയോ ഇല്ല.
അവർക്ക് പങ്കുവെക്കാൻ ഒന്നുമില്ല...
സ്നേഹമോ...
സൗഹൃദമോ...
പ്രണയമോ...ഒന്നും..
അവർക്ക് ആരെയും വഞ്ചിക്കേണ്ട..
അവർ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല...
നാളേക്ക് വേണ്ടി ഒന്നും കാത്തുവെയ്ക്കുന്നുമില്ല...
അവരെ നാം ചിലപ്പോൾ വിളിക്കുന്ന പേരാണ്...ഭ്രാന്തൻ...!
ഇതൊന്നുമല്ലാത്ത നാം....
എന്തൊക്കെയോ നേടാൻ ആഗ്രഹിക്കുന്നു...
നേട്ടങ്ങളുടെ യാത്രക്കിടയിൽ ആരെയൊക്കെയോ ചവിട്ടി താഴ്ത്തുന്നു...
ചിലപ്പോൾ ജീവിതത്തിൽ...
ചിലപ്പോൾ അവരുടെ സ്വപ്നങ്ങളിൽ നിന്ന്.അത് രക്തബന്ധങ്ങളെ ആകാം.
സൗഹൃദങ്ങളെ ആകാം...
സ്വന്തം ലക്ഷ്യപ്രാപ്തിക്ക് വേണ്ടി എന്തും ചെയ്യാൻ ഉത്സാഹം പ്രകടിപ്പിക്കുന്ന മാനസികാവസ്ഥയിൽ നമ്മിൽ ചിലർ...
ഇതിനിടയിൽ...
ബുദ്ധിയും...
വൈഭവവും..
കാര്യശേഷിയും ഉള്ള...
നേട്ടങ്ങൾക്ക് പിറകെ മറ്റു പലരുടെയും സ്വപനങ്ങൾ തല്ലി തകർത്ത്...
മുന്നോട്ട് പായുന്ന നമുക്കിടയിൽ തിമിർത്താടുന്ന ചിലർക്കാണോ...ഭ്രാന്ത്....
അതോ...
ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ട...
ബോധമണ്ഡലങ്ങളിൽ ഇരുട്ട് പരന്ന ഇങ്ങനെയൊക്കെ ജീവിക്കാൻ വിധിക്കപ്പെട്ട അവർക്കാണോ ഭ്രാന്ത്....? നാമും...ചിലപ്പോഴൊക്കെ സ്വയം ചിന്തിച്ചു നോക്കേണ്ടേ....? സ്വന്തം ജീവിതത്തിൽ ഒരുവട്ടമെങ്കിലും...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ