2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ആദ്യ പ്രണയം....(ചെറുകഥ)

വർഷങ്ങളുടെ ദൂരം താണ്ടി...കുറെ നാളുകൾക്ക് മുൻപ്,ശരത്കാലത്തിന്റെ ആ വിളറിയ ആകാശത്തിന് കീഴെയിരുന്ന് ഞാൻ അറിഞ്ഞ സ്നേഹത്തിന്റെ....ആ വന്യമായ സ്പർശം എന്റെ വരണ്ട കണ്ണുകളിൽ ഒരു തിരിച്ചു കിട്ടലിന്റെ നനവായി.ആ സ്വരം ഓരോ അണുവിലും ജീവന്റെ പൂർണ്ണതയായി എന്റെ ഓർമ്മയിൽ ത്രസിച്ചു കൊണ്ടേയിരിക്കുന്നു.
ആ ക്ഷീണിച്ച നാട്ടുപാതയിലൂടെ നടന്നു പോകവേ...എന്റെ കണ്ണുകളിലേക്കൊന്ന് നോക്കിയിരുന്നെങ്കിൽ...എന്റെ മനസ്സിലേക്കൊന്ന് ആഴ്ന്നിറങ്ങാൻ ശ്രമിക്കാമായിരുന്നെന്ന് ഞാൻ പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട്.ആ കണ്ണുകളുടെ സ്പർശമെന്നപോലെ ...ആ ജീവനിലെ അസ്തിത്വവും ഒരു നിമിഷത്തിന്റെ നൂറിലൊന്നു വ്യത്യാസത്തിൽ എനിക്ക് നഷ്ടമായി.
ജന്മാർത്ഥങ്ങളെ മാറ്റിമറിച്ചേക്കാമായിരുന്ന ആ ഒരു നിമിഷാമ്ശം വരുംവരായ്കകളുടെ സാധ്യതകളായി എന്നെ അമ്പരപ്പിച്ചു കൊണ്ടിരുന്നു.
എന്റെ കൈത്തലം മുറുകെ പിടിച്ച അവൾ നിശ്ശബ്ദയായിരുന്നു.അവളുടെ സ്പർശം എന്റെ ആധുരതകൾക്ക് അവസാനമില്ലാത്ത ഉത്തരമായി.അൽപ്പനേരം കഴിഞ്ഞ് ഒരു നിശ്വാസത്തോടെ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു.
ക്ഷമിക്കൂ.... ഞാൻ എന്തൊക്കെയോ പറഞ്ഞു.
സാരമില്ല എന്നൊരു ചെറുചിരിയോടെ അവൾ എന്റെ അടുത്ത് നിന്നും എഴുന്നേറ്റ് പോയി.
ചരൽ പാതയിലൂടെ പതിഞ്ഞ കാൽവെപ്പുമായി അവൾ നടന്നു നീങ്ങുന്നത് ഞാൻ ജനലിലൂടെ നോക്കിനിന്നു.ചുറ്റും നിശബ്ദരായി നിന്ന വൃക്ഷങ്ങളിൽ നിന്ന് ഒരു മെലിഞ്ഞ കാറ്റ് വീശിക്കൊണ്ടിരുന്നു.അതിന്റെ അലിവിൽ വർഷങ്ങൾക്ക് ശേഷം എന്റെ മനസ്സ് ശാന്തമായി.ഉള്ളിലെ തരിശിൽ തണുത്തുറഞ്ഞിരുന്ന  സാഹസ്രാബ്ധങ്ങളുടെ പ്രണയം ഒരു ഉഷ്ണമഴയായ് ഉരുകിയൊലിക്കുന്നതറിഞ്ഞ് കൊണ്ട് ഞാൻ ഒരു മയക്കത്തിലേക്ക് കണ്ണടച്ചു.പക്ഷേ..ഓർമ്മകൾ...ഉറക്കത്തെ ആട്ടിപ്പായിച്ചു.
അവളുടെ കണ്ണുകൾക്ക് പറഞ്ഞാൽ തീരാത്ത വിഷാദമായിരുന്നു.സ്നേഹത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്ന എനിക്ക് അത് കണ്ടാൽ ഇഷ്ടപെടാ തിരിക്കാനുമാവില്ല.ഇഷ്ടമുള്ളവരോടെല്ലാം...പിണക്കത്തോടെ എന്നോട്ടെത്ര സ്നേഹമുണ്ട് എന്ന് നിരന്തരം കണക്ക് ചോദിക്കുന്ന അവളോടെനിക്ക് കനിവ് തോന്നി.
അത് തന്നെയായിരുന്നു ആദ്യത്തെ പ്രണയം.
അത് പ്രണയമായിരുന്നില്ല.അലിവായിരുന്നു... ആർദ്രഹൃദയമുള്ള ആർക്കും തോന്നുന്ന കനിവ് എന്ന് ന്യായീകരിച്ചു സ്വയം രക്ഷപ്പെടാൻ ശ്രമിച്ചു ഞാൻ.ഒരിക്കലേ പ്രണയിച്ചുവുള്ളുവെന്നും...അത് ജീവിതത്തോളമെത്തിയെന്നും... പറയുമ്പോൾ സ്നേഹിതർ അമ്പരന്ന് ചിരിക്കാറുണ്ട്.പ്രണയം ഒരു പരീക്ഷണമാണെന്നും,സത്യാന്വേഷണമാണെന്നും...പരീക്ഷിച്ചു...പരീക്ഷിച്ചു അന്വേഷിച്ചന്വേഷിച്ചു ശരിയിലേക്ക് എത്തുകയാണ് വേണ്ടതെന്നുമുള്ള സത്യാന്വേഷണ പരീക്ഷകരായ ഹൃദയത്തിലെ ചങ്ങാതിമാരുടെ കാഴ്ചപ്പാട് ശരിയാണെന്നും തോന്നാറുണ്ട്.എന്നിട്ടും എന്റെ ജീവിതമായ പ്രണയം തോറ്റുപോയെന്ന് തോന്നിയിട്ടില്ല.
കാരണം തോറ്റുപോയത് ഞാൻ ആയിരുന്നു...ഞാൻ മാത്രമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ