2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ആധുനീക മനുഷ്യൻ

ഗർഭപാത്രത്തിന്റെ സത്യമായ ഇരുട്ടിൽ നിന്ന് ലോകത്തിന്റെ മിഥ്യയായ വെളിച്ചത്തിലേക്ക് വിധിയാൽ വലിച്ചെറിയപ്പെട്ട മനുഷ്യൻ...
ബാല്യത്തെ ഏകാന്തതയുടെ തടവറയിലാക്കി  മൂകമായ ആത്മാവിനെ ചങ്ങലയിലിട്ട് വിരഹത്തിന്റെ മുള്ളാൽ കുത്തിനോവിച്ച് നോവിന്റെ കയങ്ങളിൽ ലഹരി കണ്ടെത്തുന്ന മനുഷ്യൻ....
യൗവ്വനത്തെ വ്യർത്ഥമായ ചിന്തയാൽ കൊന്ന് ബന്ധങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം കേൾക്കാതെ പുതിയ ബന്ധങ്ങളുടെ മരീചികകൾ തീർത്ത മനുഷ്യൻ....
സ്വപ്നങ്ങളുടെ വിലയറിയാതെ അവയുടെ കഴുത്തറുത്ത് ഭ്രാന്തമായി പൊട്ടിച്ചിരിച്ച് വ്രണിതമായ സ്വപ്നങ്ങളിൽ നിന്ന് രക്തം വമിക്കുമ്പോൾ അവനറിയുന്നില്ല അവന്റെ നഷ്ടം...
ഓർമ്മകളൊട്ടാകെ വിസ്‌മൃതി പുല്കുമ്പോൾ....ചിന്തകളൊട്ടാകെ ജീർണ്ണിതമാകുമ്പോൾ...നേട്ടങ്ങളൊട്ടാകെ മണ്ണോട് ചേരുമ്പോൾ ചുടലപ്പറമ്പിൽ നിന്നട്ടഹസിക്കുന്ന മനുഷ്യൻ...
വെളിച്ചം ഭയന്ന് കണ്ണുകൾ ചൂഴ്‌ന്ന്...ഇരുട്ടിന്റെ മാറിൽ തല ചായ്ച്ച്....ഭവനകളൊക്കെ ചിതലരിക്കുമ്പോൾ ഏകനായി കാതുകൾ കളഞ്ഞ മനുഷ്യൻ....
എല്ലാം നഷ്ടപ്പെട്ടപ്പോൾ ശൂന്യതയെ സ്നേഹിച്ചവൻ...........
അതിനെ മനസ്സിലേക്ക് ആവാഹിച്ചവൻ.........
അവനാണ് സ്വയമറിയാതെ.....മറ്റാരെയുമാറിയാതെ....ജീവിച്ച മനുഷ്യൻ......
തന്നെ നോക്കും സഹജീവികളുടെ കണ്ണിൽ ഈ ശൂന്യത നിറയുമ്പോൾ നേടുവീർപ്പിട്ടവൻ....തന്റെ ജീവിതമൊട്ടാകെ ശൂന്യതയിൽ വിലയിക്കവേ ഭൂമിക്ക് ഭാരമായി....ശാപമായി തീർന്ന മനുഷ്യൻ.........
സംസാരമൊട്ടാകെ ശൂന്യത നിറച്ച്....ശൂന്യതയുടെ ഭാരം ഭൂമിയെ അറിയിച്ചവൻ. ................
അവനാണ് ശൂന്യതയുടെ ആധുനീക സൃഷ്ടി....
അവനാണ് ആധുനീക മനുഷ്യൻ.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ