2018, ജൂലൈ 21, ശനിയാഴ്‌ച

അകലങ്ങളിലേക്ക്...


ജന്മാന്തരങ്ങൾക്കിടയിലെ
ചില മരുപ്പച്ചകൾ.
ചിലപ്പോൾ പെരുമഴയായ്‌
പെയ്തിറങ്ങുന്ന ചില സ്നേഹബന്ധങ്ങൾ.ചിലപ്പോൾ നെഞ്ചിൻകൂടിനെ വിറകൊള്ളിക്കുന്ന ഇടിനാദമായോ...
സംഹാരതാണ്ടവമാടുന്ന കൊടുങ്കാറ്റായോ...
അല്ലെങ്കിൽ
പെയ്തിറങ്ങാൻ മടികാണിച്ച്‌
അകന്നു പോകുന്ന ഇരുണ്ട ഘനീഭവിച്ച
കാർ മേഘം പോലെയോ
ആരൊക്കെയോ അകലുന്നു.
ഇതിനിടയിൽ പലപ്പോഴും അന്യഥാ ബോധത്തോടെ ഏകനായോ...ഏകയായോ തിരിഞ്ഞു നടക്കാൻ വിധിക്കപ്പെടുന്നു ചിലർ.
ഇതൊരു പുതുമയല്ലല്ലോ.. അല്ലേ..?
കളിച്ചും...ചിരിച്ചും...
ആർത്തട്ടഹസിച്ചും അവസാനം
കറങ്ങിത്തിരിഞ്ഞ്‌ ഈ വഴിയിലേക്കാണ് പലരും എത്തിച്ചേരാറുള്ളത്‌.
എന്നിട്ടും മൂടൽ മഞ്ഞിന്റെ അവ്യക്‌തതയുള്ള മനസിൽ പണ്ടെപ്പോഴോ കോറിയിട്ട ചില ചിത്രങ്ങൾ തെളിഞ്ഞു വരുന്നുണ്ടാകാം.
ആ ഓർമ്മകൾ ചിലപ്പോൾ കുളിർ മഴയായും
ചിലപ്പോൾ മൂടികെട്ടിയ കാർമേഘം പോലെ ഉരുണ്ടുകൂടുകയും ചെയ്യുന്നു.
പിന്നെ ഇരുട്ടാണ്....
ദിവസങ്ങളോളം ...
അല്ലെങ്കിൽ മാസങ്ങളോളം....
പലപ്പോഴും ഇതിങ്ങനെ നീണ്ടുപോവുകയും ചെയ്യും.ഒരു തുടർകഥ പോലെ.
അപ്പോഴൊക്കെ നമ്മളിൽ ചിലർ തീരുമാനമെടുക്കും.
ഒന്നും ആഗ്രഹിക്കരുതെന്നും..
ഒരു ബന്ധവും പിടിച്ചു വാങ്ങാൻ ശ്രമിക്കരുതെന്നും.
പക്ഷേ അൽപ്പ നേരത്തേക്കോ
അല്ലെങ്കിൽ ചില ദിവസങ്ങൾക്കപ്പുറമോ വീണ്ടും
എന്തൊക്കെയോ ആഗ്രഹിച്ചു പോകുന്നു.
ചിലപ്പോൾ സ്നേഹമാകാം..
അല്ലെങ്കിൽ സൗഹൃദമാകാം.
പക്ഷേ ഇത്‌ രണ്ടിനും ആയുസ്സ്‌ ഇല്ലല്ലോ...?
കയ്യെത്തും ദൂരത്തോളം
എത്തുമെങ്കിലും പരിഹാസ ചിരിയോടെ അകന്നു പോകും...
ഒരുപാട്‌ വേദനിപ്പിച്ച്‌ കൊണ്ട്‌.
കാലചക്രമിനിയും ഉരുളും..
എവിടെ എപ്പോൾ അവസാനിക്കുമെന്നറിയാതെ...
അതോടൊപ്പം ഞാനും..നിങ്ങളുമൊക്കെ...അല്ലേ....?
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ