2021, ഫെബ്രുവരി 28, ഞായറാഴ്‌ച

കരിയിലക്കാറ്റ്‌ പോലെ സൗഹൃദങ്ങൾ അകന്നു പോകുമ്പോൾ...



ഇടവേളകളുടെ
വന്യമായ അന്ധകാരത്തിൽ
മുങ്ങിപ്പോയ ഒരു കുഞ്ഞു
സൗഹൃദത്തിന്റെ ഓർമ്മക്കായ്‌
ഞാനിതിവിടെ
എഴുതിച്ചേർക്കുകയാണ്.
പ്രത്യേകിച്ച്‌ പേരെടുത്ത്‌
വിളിക്കാൻ കഴിയാത്ത
ദിവസങ്ങളുടെ മറവിൽ
എന്തിനോ വേണ്ടി അകന്നു പോയ
ഒരു കൊച്ചു സൗഹൃദം.
മനസ്സിനെ തൊട്ടുണർത്തിയ
പിന്നീട്‌ മണിക്കൂറുകൾക്കുള്ളിൽ
ഹൃദയത്തെ ഞെരിച്ചമർത്തി..
നൊമ്പരപ്പെടുത്തി 
അകന്നുപോയ സൗഹൃദം.
എന്തിനായിരുന്നു ഈ വരവും
പോക്കും എന്ന് എത്ര ആലോചിച്ചിട്ടും 
മനസ്സിലാകുന്നില്ല.
സൗഹൃദം ചിലപ്പോൾ
മഴയായും...
വെയിലായും....
കാറ്റായും വന്നു പോകും.
ആ മഴയിൽ
ചിലപ്പോൾ കുളിരും..
ആ വെയിലിൽ ചിലപ്പോൾ
വിയർത്തൊലിക്കും...
കാറ്റിൽ ദിക്കറിയാതെ പറന്നകലും.
എവിടെയൊക്കെയോ തട്ടിയമർന്ന്
പോയ്ക്കൊണ്ടേയിരിക്കും.
ചിലപ്പോൾ ഒരു 
ചെറിയ നിഴലിന്റെ
മറവിൽ തടഞ്ഞു നിൽക്കും.
ഇരുട്ടിന്റെ മറവിൽ 
പാറിപ്പറക്കുന്ന മിന്നാമിന്നികൾക്കും അതിന്റേതായ 
കർത്തവ്യവും കടമയും ഉണ്ടാകും 
അതെത്ര ചെറിയ ജീവിയാണെങ്കിലും.
പക്ഷേ..അതാരും തിരിച്ചറിയാൻ
ശ്രമിക്കില്ല.
ദൂരങ്ങൾക്കും...
വർണ്ണഭംഗികൾക്കും...
സ്വവർഗ്ഗത്തിനും അപ്പുറത്താണ്
സൗഹൃദത്തിന്റെ സ്ഥാനം
എന്നത്‌ പലപ്പോഴായി
പലരും മറന്നു പോകുന്നു 
എന്നതാണ് ഇന്നുകളുടെ
അവസ്ഥാ വിശേഷം.
ഇതിനിടയിലെ നൊമ്പരം...
നെഞ്ചിൻ കൂടിന്റെ പിടച്ചിൽ....
ആത്മാർത്ഥയുള്ള ഉത്തരവാദിത്വം ..അന്വേഷണങ്ങൾ ഇതൊക്കെ
അനാവശ്യ ചോദ്യങ്ങളായി 
അവർക്ക്‌ തോന്നിയേക്കാം.
ജീവിതമെന്ന കനത്ത
മതിൽക്കെട്ടിനുള്ളിൽ കഴിയുമ്പോൾ
പലപ്പോഴും പലരും
തിരിച്ചറിയില്ല എന്താണ്
യാദാർത്ഥ്യമെന്ന്.
ഇപ്പോൾ വ്യക്തമായി ഞാൻ
മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്‌.
ചില സൗഹൃദങ്ങളിൽ
ആത്മാർത്ഥതക്കും
വിശ്വസ്ഥതക്കും സ്ഥാനമില്ല
എന്നത്‌.ഒരുപക്ഷേ അവർ അത്‌
ആഗ്രഹിക്കുന്നു പോലുമുണ്ടാകില്ല.
കടലിന്റെ ആഴവും പരപ്പും
ഒരു പക്ഷേ നമുക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞേക്കാം.
പക്ഷേ...മനുഷ്യ മനസ്സിന്റെ
ആഴവും പരപ്പും
അതിലെ ചുഴികളും നമുക്കൊരിക്കലും അളന്ന്
തിട്ടപ്പെടുത്താൻ കഴിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ