2025 ഡിസംബർ 31, ബുധനാഴ്‌ച

കാലത്തിന്റെ കുത്തൊഴുക്കിലൂടെ...




2025 എന്ന വർഷത്തിന്റെ ഇന്നലെകളിൽ നിന്നും ഇന്നുകളിൽ നിന്നും... 2026 എന്ന പുതുവത്സര സ്വപ്നങ്ങളുടെ കൂടാരത്തിലേക്ക് പിച്ചവെയ്ക്കാൻ ഒരുങ്ങുമ്പോൾ...
ഓരോ പുതുവത്സരവും...
ഓരോ ജന്മദിനവും...
കാലത്തിന്റെ കുത്തൊഴുക്കിൽ
ആയുസ്സിന്റെ നീളം കുറയ്ക്കുകയാണെന്ന്
ഓർമ്മയില്ലാത്ത നമ്മൾ... വാർദ്ധക്യം അത് നമ്മിലും എത്തിച്ചേരും.ഘട്ടം... ഘട്ടമായി കാലം എല്ലാവരെയും ഏകാന്തതയിലെത്തിക്കും. 
ഒന്നിനു പിറകെ ഒന്നൊന്നായി നമ്മൾ ഇഷ്ടപ്പെട്ട...നമ്മളോട് അടുത്തിടപഴകിയിരുന്ന പലരും വിടപറയും. 
മാതാപിതാക്കൾ.....കൂട്ടുകാർ.. ഭർത്താവ്... ഭാര്യ..... മക്കൾ...സഹോദരങ്ങൾ... അങ്ങിനെ കൂടൊഴിഞ്ഞ് നമ്മെ വിട്ടു പോകുന്നവർ പലരുമുണ്ടാകും.
എല്ലാത്തിനും അപ്പുറം നമ്മുടെ ജീവിതത്തിൽ അവർ അവശേഷിപ്പിക്കുന്ന ഒരു ശ്യന്യതയുണ്ട്.ആ ശൂന്യത മറ്റാർക്കും നികത്താനും ആവില്ല.അത് സത്യമാണ്.എങ്കിലും
കഴിഞ്ഞുപോയ ഇന്നലെകളെക്കുറിച്ച് ഒന്ന് ഓർത്തെടുത്താൽ...
അതിനിടയിൽ ചിലപ്പോൾ ലാഭനഷ്ടങ്ങളുടെ കണക്ക് ഒരുപാടുണ്ടാകും...
എത്ര കൂട്ടിയും..കുറച്ചാലും തെറ്റിപോകുന്ന വേറെ ചിലതും..ചിലപ്പോൾ വല്ലാതെ നെഞ്ചിലേറ്റിയ ചില അടുപ്പങ്ങൾ ആകാം...ഉറ്റവർ ആകാം...ഒരുപക്ഷേ... 
പക്ഷി-മൃഗാദികൾ പോലും
നഷ്ടങ്ങളെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തിയേക്കാം..

ഒരു ചിത്രം വരക്കാൻ...
അതിന് നിറവും..
മികവുമേകാൻ എത്രമാത്രം..ശ്രദ്ധകൊടുക്കണം....
പ്രയത്നിക്കണം...എന്നിട്ടും അഭംഗിയെന്ന് തോന്നിയാൽ അതുവരച്ചു തീർത്തതിന്റെ നൂറിലൊരംശം സമയം പോലും വേണ്ടി വരില്ല അയാൾക്ക് അത് കീറിക്കളയാനും..
നശിപ്പിക്കാനും.
ഇന്നിലെ ചില സൗഹൃദങ്ങളും... ബന്ധങ്ങളുമൊക്കെ ഇങ്ങനെയാണ്‌. വളരെ പെട്ടെന്നാണ്
ചീന്തി എറിയപ്പെടുന്നത്...

ഏറെ കാലത്തെ ഇടപെടലിലൂടെയും സംസാരത്തിലൂടെയും സഹവാസത്തിലൂടെയും കൈവരുന്നതാണ്‌ നല്ല ബന്ധങ്ങള്‍. 
ഈടും ഉറപ്പുമുള്ള സൗഹൃദങ്ങള്‍...ബന്ധങ്ങൾ... വേഗത്തില്‍ കൈവരില്ല. വെറുമൊരു പരിചയം വിട്ടുമാറാത്ത ആത്മബന്ധമായിത്തീരാന്‍ ഏറെ സമയം ആവശ്യമുണ്ട്‌. 
ഹൃദയവും... ഹൃദയവുമലിഞ്ഞുചേരുന്ന സുദൃഢ ബന്ധങ്ങളും... 
സൗഹൃദങ്ങളും മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിശ്വാസ്യത തുലോം തുച്ഛം എന്ന് തന്നെ പറയാം.. എന്തൊക്കെയോ ആഗ്രഹിച്ചുകൊണ്ടുള്ള അടുപ്പം സൃഷ്ടിക്കൽ..
ഇന്നിലെ ഇഷ്ടങ്ങളിൽ ചിലത് ഒരു വ്യക്തിയെയോ...
അയാളുടെ വ്യക്തിത്വമോ അല്ല.മറിച്ച് ചില വികാര പ്രകടനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുപോലെ ....
അറിഞ്ഞും അറിയാതെയും...
ചിലരൊക്കെ അതിന്റെ ചാരെ ചെന്നു നിൽക്കുന്നു എന്നതാണ് യാദാർത്ഥ്യം.
യാതൊന്നും മോഹിക്കാതെ ഒരാളെ സ്‌നേഹിക്കാന്‍ അതിന് സ്വന്തം മനസ്സിനെ...
പ്രവർത്തിയെ..വ്യക്തിത്വത്തെ ഒക്കെ ചിട്ടപ്പെടുത്തിയവർക്കെ കഴിയൂ.സ്വാര്‍ത്ഥതയൊട്ടുമില്ലാതെ മനസ്സുതുറന്ന്‌ ബന്ധങ്ങള്‍ നിലനിര്‍ത്താനും വലിയ കാഴ്‌ചപ്പാടുകള്‍ വേണം.
എന്നാല്‍...ഏറെ കാലത്തെ സഹവാസത്തിലൂടെയും പങ്കുവെക്കലിലൂടെയും രൂപപ്പെട്ട ബന്ധങ്ങളുടെ... അല്ലെങ്കിൽ സൗഹൃദത്തിന്റെ... മനോഹരമായ ചിത്രം പിച്ചിച്ചീന്തിക്കളയാന്‍ അധികനേരത്തെ അദ്ധ്വാനമൊന്നും ആവശ്യമില്ല. 
ബന്ധങ്ങളുടെ ചിത്രക്കൂട്‌ പൊട്ടിച്ച്‌ വലിച്ചെറിയാന്‍ വേഗത്തില്‍ കഴിയും. 
പക്ഷേ, വീണ്ടുമൊന്ന്‌ പഴയപടി ആവര്‍ത്തിക്കണമെങ്കില്‍ കുറെയേറെ സമയമെടുക്കും.

അറിയാനും അടുക്കാനും സൗകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത്‌. താൽപ്പര്യങ്ങള്‍ക്കുപരി സുഹൃത്തിനെ...
അല്ലെങ്കിൽ ബന്ധങ്ങളെ അറിയാനും പരിഗണിക്കാനും കഴിയാതെ പോകുന്നു. അടുത്തവര്‍ക്ക്‌ അകലാന്‍ വേഗത്തില്‍ കഴിയുന്നു. 
ചിലർക്കൊക്കെ അകന്നാലും മനസ്സിൽ
വേദനയില്ലാതാകുന്നു. 
പരസ്‌പരമുള്ള ബന്ധം 
ഏറ്റവും മികച്ച ആനന്ദമായിത്തീരേണ്ടതുണ്ട്‌.  
ഇത്തരം ആത്മബന്ധങ്ങളാണ്‌ ഓരോരുത്തർക്കുമിടയിൽ വളര്‍ന്നുയരേണ്ടത്‌. നൽകിയും..നുകര്‍ന്നും ആനന്ദം വർദ്ധിക്കേണ്ട
നല്ല ബന്ധങ്ങൾ..
സൗഹൃദങ്ങള്‍ ഓരോരുത്തർക്കുമിടയിൽ പൂക്കണം. 

പോയകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലോടൊപ്പം... വരും കാലത്തോടുള്ള ഒരു മുൻവിധിയോ...ഉടമ്പടിയോ ഇല്ലാതെ..വ്യക്തിയെയും..
വ്യക്തിത്വത്തെയും ഉൾക്കൊണ്ട്...ജാതിമത വിദ്വേഷങ്ങളിൽ കൈകാലിട്ടടിക്കാത്ത ബന്ധങ്ങൾ പൂത്തുലയട്ടെ എന്ന ചിന്താഗതിയോടെ ...
ഒരു പുതുവർഷദിനമല്ല മറിച്ച് നല്ല നാളെകളും...നല്ലൊരു ജീവിതം തന്നെയും ഏവർക്കും ആശംസിക്കുന്നു...….

2025 ഡിസംബർ 5, വെള്ളിയാഴ്‌ച

ഇടവേളകളിലൂടെ...(മിനി കഥ)

ഉറക്കത്തെ പോലും അകറ്റി നിർത്തി അയാൾ അവളോട്  ഇടവേളകളില്ലാതെ...ഒരുപാട് സംസാരിച്ചിരുന്നു.
പിന്നെയെപ്പോഴോ ആ ബന്ധത്തിന് പഴയ പ്രസരിപ്പ് കുറഞ്ഞു പോകുന്നു എന്ന് അയാൾക്ക് തോന്നി തുടങ്ങി. അയാൾ സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ അവൾക്ക് ഞാൻ തിരക്കിലാണെന്ന  ഒരുവാക്ക് മാത്രമേ പറയുവാൻ ഉണ്ടായിരുന്നുള്ളു.ഒരുനാൾ അതും അവസാനിച്ചു.പിന്നീട് അവൾ തിരികെ വന്നതുമില്ല.അയാൾ അവളെ അന്വേഷിച്ച് പോയതുമില്ല..ഒരുപാട് സംസാരിച്ചിരുന്നു എന്നതിനർത്ഥം പരസ്പരം മനസ്സിലാക്കിയിരുന്നു എന്നല്ല എന്ന് പിന്നീടാണ് അയാൾ തിരിച്ചറിഞ്ഞത്.ഉറക്കത്തെ മനപ്പൂർവ്വം അകറ്റി നിർത്തിയ അയാൾ പിന്നീട് എല്ലാം മറന്നൊന്ന് ഉറങ്ങുവാൻ ഒരുപാട് കൊതിച്ചു തുടങ്ങി.ഉറക്കവും അയാളോട് വാശി തീർത്തപ്പോൾ അയാൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു.
ഉറക്കമില്ലെങ്കിൽ എന്ത്..?
 ഉറക്കം കെടുത്തുന്ന
ഒരു ചിന്തയായി അവൾ എപ്പോഴും കൂടെയുണ്ടല്ലോ...