2017 ഏപ്രിൽ 30, ഞായറാഴ്‌ച

സ്നേഹം...സാഗരമാണ്..

സ്നേഹം...സാഗരമാണ്.
സാഗരം...എവിടേക്കും ഒഴുകാതെ നിശ്ചലമായി നിൽക്കുന്ന വലിയൊരവസ്ഥയിലും..
കോടാനുകോടി അടിയൊഴുക്കുകളാൽ സ്വന്തം ശക്തി പിടിച്ചു നിർത്താൻ കഴിയാത്ത ഒരവസ്ഥ പലപ്പോഴും ഉണ്ടായേക്കാം.
കാരണം...എത്ര ശക്തമായ സ്നേഹവും അടുപ്പവും..അത് സൗഹൃദമാകട്ടെ,പ്രണയമാകട്ടെ...ഏതു ബന്ധവും ആകട്ടെ.അസ്വാരസ്യങ്ങളുടെ ചെറിയൊരു തിര ഉയർന്നാൽ ഇളകി മറിയും...
അതോടെ ബന്ധവും ഉലയും...ജീവിതമെന്ന തെളിനീരുറവ വഴിതെറ്റി മറ്റെവിടേക്കെങ്കിലും ഒഴുകി തുടങ്ങും....
ശ്രദ്ധിക്കുക...ജീവിതം ഒന്നേയുള്ളൂ...
അത്...അതിന്റെതായ നിറവോടെ..കാത്ത് സൂക്ഷിക്കുക...കൈപ്പിടിയിൽ നിന്നും ഊർന്നു പോകാതെ..!

2017 ഏപ്രിൽ 28, വെള്ളിയാഴ്‌ച

അകലങ്ങൾ

പിരിയുന്ന ദിവസം...
യാത്ര പറഞ്ഞു തീരാത്ത മനസ്സിന്റെ വേദനയെ മിഴികളിൽ നിറച്ചുകൊണ്ട് അവൾ അരികിൽ വന്നു.ഞാനും ആ വരവിനായാണ് കാത്തിരുന്നത്.പരിചയപ്പെട്ട നാൾ മുതൽ...
ഒരുപാട് പറയണമെന്ന് തോന്നി.
പക്ഷേ....
മനസാക്ഷി അനുവദിച്ചില്ല.
ഒന്നും പറയാതെ മൗനമായ്...കുറെ സമയം നിന്നു.കൈവീശി ഇരു ദിശകളിലേക്കും യാത്ര പറഞ്ഞു പോയപ്പോൾ...തിരിഞ്ഞു നോക്കണമെന്ന് തോന്നി.ശക്തിയില്ലായിരുന്നു ആ മിഴികളെ നേരിടാൻ...
ഒന്നും പറയാതെ പിരിഞ്ഞെങ്കിലും..ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.
മനസ്സിലൂടെ....
പിന്നീട് ചുവരിനപ്പുറം....
മതിലുകൾക്കപ്പുറം....
ഗ്രാമങ്ങൾക്കപ്പുറം......
അകലങ്ങൾ ഞങ്ങൾക്കിടയിലുണ്ട്...
ആ...അകലം...ശരീരങ്ങൾ മാത്രമായിരുന്നു.
എങ്കിലും..സംസാരിച്ചു കൊണ്ടേയിരുന്നു...ഹൃദയം കൊണ്ട്..!!

2017 ഏപ്രിൽ 26, ബുധനാഴ്‌ച

ജീവിതം...സ്വപ്നമാണ്

ജീവിതം...സ്വപ്നമാണ്.സ്വപ്നങ്ങൾ സഫലമാകണമെങ്കിൽ ജീവിച്ചു തന്നെ തീർക്കണം.ഏതൊരുവനും ജീവിക്കാൻ വേണ്ടി നല്ലതോ,ചീത്തയോ ആയ ഭൂതകാലം വേണം.ആ കഴിഞ്ഞ കാലങ്ങളിൽ ഒരുപക്ഷേ ഒരുപാട് വേദനിച്ചിട്ടുണ്ടാകും...അല്ലെങ്കിൽ സന്തോഷിച്ചിട്ടുണ്ടാകും.
മനുഷ്യന്റെ അന്തരാത്മാവിൽ നിന്നുതിരുന്ന സ്നേഹമെന്ന ആവിഷ്‌ക്കാരം.ആ ആവിഷ്ക്കാരത്തിലൂടെ...മനുഷ്യ മനസ്സുകൾ സഞ്ചരിക്കുന്നു.
എവിടേക്കെന്നില്ലാതെ....
എന്തിനെന്നറിയാതെ...ഒരുപക്ഷേ..
സാങ്കൽപ്പികമായ സ്വപ്നം സഫലമാകും എന്ന വിശ്വാസത്തോടെയായിരിക്കും ആ യാത്ര.
പക്ഷേ...എല്ലാം വൃഥാവിലായെന്ന സത്യം ബോദ്ധ്യപ്പെടുമ്പോൾ...ഒരുപക്ഷേ അവൻ ജീവിതത്തിനും,മരണത്തിനും ഇടയ്ക്കുള്ള യാത്രയിലായിരിക്കും.അതെ....
ജീവിതമെന്ന സത്യം നൽകുന്ന ആന്തരീകാർത്ഥം...അവന് എല്ലാം നഷ്ടമായിരിക്കുന്നു എന്നാണ്...!

2017 ഏപ്രിൽ 24, തിങ്കളാഴ്‌ച

ജീവിതാവസാനം വരെ



ജീവിതം സമ്മാനിക്കുന്ന ചേതോഹരമായ
ഏതോ മുഹൂർത്തത്തിൽ
ആദ്യത്തെ കണ്ടുമുട്ടൽ.
കണ്ണുകളിൽ പ്രകാശം വിരിയുന്ന നക്ഷത്ര തിളക്കം.
ഹൃദയത്തിനുള്ളിൽ നേർത്ത ചലനം.
ലജ്ജയുടെ കുങ്കുമപ്പൂക്കളിൽ നിന്ന് പ്രണയത്തിന്റെ ആകാശം.
പിന്നെ കാത്തിരിപ്പാണ്...
തപസ്യയാണ്.
കുറിമാനങ്ങളിലൂടെ...
കിനാവിന്റെ സഞ്ചാരങ്ങളിലൂടെ വളരുന്ന അനുരാഗത്തിന്റെ ഓളങ്ങൾ.
ജീവിതത്തിന് ഇനി ഒരർത്ഥമേയുള്ളൂ...ഒന്നാവുക..
ഇണകളാവുക.പ്രണയത്തിന്റെ പാരിജാതങ്ങളിലൂടെ ഒരു പൊൻതൂവൽ തുന്നിയെടുക്കുക.
അതിന് വേണ്ടി എന്ത് സാഹസത്തിനും സന്നദ്ധരാകുന്നു.
ചുറ്റുപ്പാടുകളെയും,
ബന്ധങ്ങളെയും,
രക്തബന്ധങ്ങളെപ്പോലും മറക്കുന്നു.
മറ്റെല്ലാ പ്രലോഭനങ്ങളും,
ആകർഷണങ്ങളും മറന്ന്...
അമ്മയെ മറന്ന്,
അച്ഛനെ മറന്ന്,
സഹോദരങ്ങളെ മറന്ന്...
ഭൂതകാലത്തിന്റെ ശിലകൾ വിസ്മരിച്ച്,
ഭാവിയുടെ ആശങ്കകൾ മറന്ന്...
ഒത്തുചേരാനുള്ള ത്വര.ജീവിക്കുന്നെങ്കിൽ ഒന്നിച്ച്...
പ്രേമസാഫല്യത്തിനായി പൊള്ളുകയും,ഉരുകുകയും ചെയ്യുന്ന മാനസങ്ങൾ.
പക്ഷേ....എല്ലാം അല്പനിമിഷത്തേക്ക് മാത്രമാണെന്ന്...ഇന്നിലെ പ്രണയിതാക്കൾ...ഓർക്കുന്നില്ല.
എല്ലാം നേടിക്കഴിഞ്ഞാൽ...
പിന്നെ അവിടെ നിന്ന് തുടങ്ങുകയായി....
ജീവിതത്തിന്റെ നീണ്ട പതനം...
വഴിയരികിലെ കുറ്റിക്കാടുകളിൽ ഒരു ശവശരീരമായി...ഒടിഞ്ഞു മടങ്ങി...
അല്ലെങ്കിൽ ഏതെങ്കിലും ഒരു തെരുവിൽ...ഇന്നുകളിലെ വാർത്തകളും,സംഭവവികാസങ്ങളും...
ഇവിടേക്കാണ് വിരൽ ചൂണ്ടുന്നത്...
എന്നിട്ടും നമ്മിൽ പലരും..
പലരോടും പറയാതെ പറയുന്നു.ഓർമ്മപ്പെടുത്തുന്നു...
ആ ഓർമ്മപ്പെടുത്തലുകൾ ഇന്നിലെ സൗഹൃദങ്ങൾക്ക് അരോചകമായിത്തീരുന്നു...
ഓരോ ഓർമ്മപ്പെടുത്തലുകൾക്കും നമുക്ക് കിട്ടാവുന്നത് ഒന്നേയുള്ളൂ...
ഈ ഓണ്ലൈൻ സൗഹൃദങ്ങളിൽ...ഒന്നുകിൽ un friend...അല്ലെങ്കിൽ block...എങ്കിലും മറക്കാതിരിക്കുക..
ഓർമ്മപ്പെടുത്തേണ്ടവരെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക...
ജീവിതാവസാനം വരെ...
കാരണം ഘനീഭവിച്ച ഏതൊരു ഇരുട്ടും...നന്മയുടെ വെളിച്ചത്തിൽ അലിഞ്ഞില്ലാതാകും...ഒരു നാൾ...കാരണം.
തിരുത്തലുകളിലൂടെയാണ് സൗഹൃദം ഉണ്ടാകുന്നത്...ബന്ധങ്ങൾക്ക് മാറ്റുകൂടുന്നത്...ആ തിരുത്തലുകൾ അവസാനിക്കുന്നിടത്ത്...
യഥാർത്ഥ സൗഹൃദം മരിക്കുന്നു...
നാമും...നമ്മുടെ മനസ്സും....!!

2017 ഏപ്രിൽ 9, ഞായറാഴ്‌ച

അതിഥി

സ്വന്തവും....അന്യവും.....
സ്നേഹത്തിന്റെ പദാവലിയിൽ ഇല്ല.
സൗഹൃദവും,സ്നേഹവും വിചിത്രനായൊരു അതിഥിയാണ്...സ്വയമറിയാതെ ഉള്ളിലേക്ക് കടന്ന് രാത്രിയും,പകലും അധിനിവേശം നടത്തുന്ന അതിഥി.
അലിയാനും....അറിയാനും....ഒഴുകാനും
അതിനുമപ്പുറം ക്ഷമിക്കാനും സജ്ജമാണെങ്കിൽ മാത്രം ഹൃദയവാതിൽ തുറന്നു കൊടുക്കുക.
നിയമങ്ങളും....നിബന്ധനകളും....നിർവചനങ്ങളും അപ്പോൾ തന്നെ മറന്നേക്കുക...!

2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച

നന്മ

ഓരോ മനുഷ്യനും പ്രത്യക്ഷത്തിലും,പരോക്ഷമായും..സഹജീവികളോട് കരുണ കാണിക്കുക...എന്നത് അത്യന്താപേക്ഷിതമാണ്.അത് ഒരു മനുഷ്യന്റെ പ്രവർത്തിയാൽ...ആകുന്നെങ്കിൽ അതിനെ മനുഷ്യത്വം എന്ന് വിളിക്കുന്നു..അത് വാക്ക് കൊണ്ടോ,പ്രവർത്തി കൊണ്ടോ,സ്വന്തം ശരീരം കൊണ്ടോ ആകാം...അത് ഓരോ മനുഷ്യന്റെയും മാനസീക പരിവർത്തനം പോലെയിരിക്കും...ഇന്നത്തെ ലോകം അതിലെ ചിന്താഗതികൾ...മനുഷ്യനോ,മനുഷ്യത്വത്തിനോ വില കല്പിക്കാത്തതാണ്...അത് സൗഹൃദമായാലും ശരി.
ബന്ധങ്ങൾ ദൃഢമാവണമെങ്കിൽ...അതിൽ വിശ്വാസയോഗ്യത ഉണ്ടാകണം...പിടിച്ചു വാങ്ങാൻ ശ്രമിക്കാത്ത നന്മയുണ്ടാകണം..അടുപ്പമുള്ളവരുടെ നോവകറ്റാൻ ഉതകുന്ന സാന്ത്വനം ആകണം..ഓരോരുത്തരുടെയും,പ്രവർത്തിയും,,സംസാരവും എല്ലാമെല്ലാം...നാം കാണുന്ന കണ്ണിൽ അരോചകമായി തോന്നുന്ന പലതിലും..നന്മയുടെ ഒരു ചെറിയ കണികയെങ്കിലും അവശേഷിക്കുന്നുണ്ടാകും..അത് തിരിച്ചറിയാൻ കഴിയാത്തത്... നമ്മേ പോലുള്ളവരുടെ കാഴ്ചയിലെ അന്ധതയാണ്..
കാരണം ഇന്നിന്റെ ലോകം...സത്യം തിരിച്ചറിയാതെ...മിഥ്യയുടെ കൂടെ സഞ്ചരിക്കും.ജീവിതത്തിൽ പലപ്പോഴും അർത്ഥങ്ങൾ മനസ്സിലാകാത്ത വാക്കാണ്..വിവേചനം സൃഷ്ടിക്കുക.ഓരോ ബന്ധങ്ങളും തെളിമയോടെ കൊണ്ടുനടന്നാൽ അവിടെ ആണ്,പെണ്ണ് എന്ന ശരീരവ്യത്യാസങ്ങൾ...ഒരു വിലങ്ങ് തടിയാകാറില്ല...എന്നാണ് എന്റെ വിശ്വാസം..മനസിൽ നന്മയുടെ കണിക അവശേഷിക്കുന്ന ഏതൊരു ജീവിയും...അത് മനുഷ്യനോ,മൃഗമോ,സസ്തനികളോ,ഏതുമാകട്ടെ...ഏതെങ്കിലും രീതിയിൽ സഹായിക്കാൻ മുന്നിട്ടിറങ്ങും...
പലപ്പോഴും...നമ്മിലെ ചിന്തയും,വിശ്വാസവും..മറ്റുള്ളവരിൽ നിന്ന് വിഭിന്നമാകും...ചില അന്തരങ്ങളും ഉണ്ടാകും..വയസ്,പ്രശസ്തി,അവന്റെ ആസ്തികൾ...ചുറ്റുപാടുകൾ ഇതൊക്കെ നോക്കിയാണ് പലപ്പോഴും ഏതൊരു ബന്ധവും മുന്നോട്ട് കൊണ്ടുപോകണോ എന്നുപോലും നമ്മിൽ പലരും ചിന്തിച്ചുകൊണ്ടിരിക്കുന്നത്...
പലപ്പോഴും നമ്മുടെ ജീവിതരീതികൾ നമ്മെ മാറ്റുകയാണ്...സ്വന്തത്തിലേക്ക് മാത്രം ശ്രദ്ധിക്കുന്ന നമ്മുടെ കണ്ണുകളെ അടച്ചുവെച്ച് ചുറ്റിലും ഉള്ളവരെ കൂടി അതിലൂടെ കാണാൻ ശ്രമിക്കുക...നന്മകൾ താനേ വന്നു ചേരും..

2017 ഏപ്രിൽ 5, ബുധനാഴ്‌ച

തിരിനാളം

ഓർമ്മകളെ മറവിയെന്ന ഖബർസ്ഥാനിൽ മറമാടി... അതിനു മീതെ വിദ്വേഷത്തിന്റെയും,അപരിചിതത്വത്തിന്റെയും മീസാൻ കല്ലും നാട്ടി ...ആത്മാർത്ഥത എന്ന മതിൽകെട്ടും ഭേദിച്ച് പുറത്തേക്ക് കടന്ന് ആർത്തട്ടഹസിച്ച് ചിരിക്കാൻ വെമ്പൽ കൊള്ളുന്ന യുവത്വമേ...
കഴിഞ്ഞു പോയ ജീവിതത്തിന്റെ  ഇരുളും,വെളിച്ചവുമുതിർന്ന ആ വഴികളിൽ ഒരു കുഞ്ഞു തിരിനാളം എപ്പോഴെങ്കിലും മിന്നിപൊലിഞ്ഞിരുന്നില്ലേ...?
ഒരുപക്ഷേ, സ്‌നേഹത്തിന്റെ....
അല്ലെങ്കിൽ സൗഹൃദത്തിന്റെ...
അതുമല്ലെങ്കിൽ തീവ്ര ബന്ധങ്ങളുടെ...
          ചിലതൊക്കെ ഉൾത്തടങ്ങളിൽ മുറിവേല്പിച്ചിട്ടുണ്ടാകും...വേറെ ചിലത് ആ മുറിവുകളുടെ നീറ്റലും,നൊമ്പരവും കുറക്കാനും ശ്രമിച്ചിട്ടുണ്ടാകും.പ്രതീക്ഷകൾക്കുമപ്പുറം.
കാരണം...ഓരോ പ്രതീക്ഷയും ഓരോ പുൽനാമ്പായിരുന്നില്ലേ...?നാളെയെന്ന വർണ്ണശഭളതയിലേക്ക്...ഇന്നലെകളിൽ നിന്നും ഇന്നുകളിലേക്കുള്ള യാത്രയിലേക്ക്.
ഇതിനിടയിൽ നാം തഴഞ്ഞവരേക്കാൾ നമ്മെ അടർത്തി മാറ്റിയവരായിരിക്കും കൂടുതൽ.
എന്നിട്ടും ചിലത് ബാക്കിയുണ്ടായിരുന്നിരിക്കും.ഒരു കാറ്റിലും ഉലയാതെ... അണയാതെ ..കാലം മങ്ങലേല്പിക്കുമെങ്കിലും ..ആ മങ്ങിയ പ്രകാശമെങ്കിലും നൽകുന്ന ഒരു കുഞ്ഞു തിരിനാളം...ഇല്ലേ...?