2017 നവംബർ 25, ശനിയാഴ്‌ച

ജീവിതത്തിന്റെ നാൾവഴികൾ

ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും..
ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത്തിനോ...അടുപ്പങ്ങൾക്കോ..
കുടുംബബന്ധങ്ങൾക്ക് പോലും 
വിലയില്ലാതെ പോകുന്നു..നമുക്കോ...നമ്മുടെ ചിന്താഗതികൾക്കോ..അഭിപ്രായങ്ങൾക്ക് തന്നെയും വിമുഖത കാണിക്കുന്ന ചിലയിടങ്ങളും...ചില മുഖങ്ങളും  നമുക്ക് മുൻപിൽ തകർത്ത് അഭിനയിക്കുന്നത് തിരിച്ചറിയാതെ പോകുന്നു പലരും. സ്വീകാര്യതയും..അർഹതയും..അടുപ്പങ്ങളും പിടിച്ചു വാങ്ങേണ്ട ഒന്നല്ല. ഓരോ അടുപ്പങ്ങളിലും...വിശ്വാസയോഗ്യത
കുറഞ്ഞു പോകുന്നെങ്കിൽ അവിടെ നിന്നെല്ലാം
നിശബ്ദം പടിയിറങ്ങുക..
പിന്തിരിഞ്ഞുപോലും നോക്കാതെ....
അഥവാ നമുക്കായി എവിടെയെങ്കിലും ....
എന്തെങ്കിലും നമ്മുടെ ജീവിതം ബാക്കി വെച്ചിട്ടുണ്ടെങ്കിൽ....അതൊരുനാൾ
നമ്മെ തേടിയെത്തും...അത് തീർച്ച...!
കാലത്തിന്റെ പൂക്കൾ വിടരുകയും,കൊഴിയുകയും ചെയ്യും.അനസ്യൂതം.
വസന്തവും,ഗ്രീഷ്മവും,ശരത്തും,
ഹേമന്തവും,ശിശിരവുമായി...ഋതുക്കൾ മാറിമാറി വരും.
ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കും....
അവിടെ നിന്ന് യൗവ്വനത്തിലേക്കും ഓരോ മനുഷ്യനും നീന്തികടക്കും...
അവസാനം വാർദ്ധക്യത്തിലേക്കും...എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും അതൊക്കെ മറികടന്നിരിക്കും.
ഒരുപാട് പേരെ വേദനപ്പെടുത്തി...
അതിലേറെ പേരെ വാക്കുകൊണ്ടോ....പ്രവൃത്തി കൊണ്ടോ ചവിട്ടിമെതിച്ച്....
ജീവിതസുഖങ്ങൾ തേടിയുള്ള യാത്രയിലായിരിക്കും അപ്പോൾ
നമ്മിൽ പലരും.
പിന്നെ ഒരു ദിവസം....
നമുക്ക് സ്വന്തമെന്ന് കരുതിയിരുന്നതെല്ലാം..
അങ്ങിനെ നാം വിശ്വസിച്ചിരുന്നതെല്ലാം  നമ്മെ വിട്ടുപോകും...നമ്മെ അകറ്റിനിർത്തും...
പിന്നെയും നാം ജീവിക്കേണ്ടി വരും....
ചിലപ്പോൾ ആർക്കെന്നോ...?എന്തിനുവേണ്ടിയെന്നോ പോലുമറിയാതെ...
ഒന്നും ആരെയും തളർത്താതിരിക്കട്ടെ....
ഇതൊക്കെ തന്നെയാണ് എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം എന്ന ഇനിയും ഉത്തരം കിട്ടാത്ത കടങ്കഥ....

2017 നവംബർ 19, ഞായറാഴ്‌ച

അവനും....അവളും

അവൻ ഒരുനാൾ...അവളോട് ചോദിച്ചു...
നിന്റെ നനുത്ത മേനിയിൽ ഞാൻ അലിഞ്ഞു ചേരട്ടെ...?
അവൾ പറഞ്ഞു....ഇപ്പോഴല്ല..പിന്നീടെപ്പോഴെങ്കിലും..
കുറെ നാളുകളുടെ ഇടവേളയ്ക്കുശേഷം അവൻ പിന്നെയും ചോദിച്ചു..
ഞാൻ നിന്റെ പരിരംഭണം വല്ലാതെ കൊതിക്കുന്നു...ഞാൻ നിന്നിലലിയട്ടെ...
അവൾ വീണ്ടും പറഞ്ഞു.....ഇനിയും സമയമുണ്ട്...പിന്നീടൊരിക്കൽ ഒന്നുചേരാം..
പിന്നീടെപ്പോഴോ...അവന്റെ ആ ആഗ്രഹം പാടെ മറന്നുതുടങ്ങി...മറ്റുപല ആഗ്രഹങ്ങളിലൂടെയും..നേട്ടങ്ങളിലൂടെയും അവൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ..
ഒരുനാൾ അവൾ അവനെ തേടിയെത്തി...
വരൂ....എന്നിലലിയൂ....അവൾ കാതരയായി വശീകരിക്കാൻ തുടങ്ങി.ആ വശീകരണത്തിന്റെ മികവ് കൊണ്ടോ..എന്തോ..
അവൻ അവളിൽ ഇഴുകി അലിഞ്ഞു ചേരാൻ നിർബന്ധിതനായി...
അവനെന്നപേരിൽ....ജീവിതവും.....!
അവളെന്നപേരിൽ...മരണവുമായിരുന്നു...!!

അഹന്ത

അഹന്ത...!
ഇതെഴുതുന്ന എനിക്കോ...
ഇത് വായിക്കുന്ന നിങ്ങൾക്കാർക്കൊക്കെയോ ഉണ്ടായിരുന്നിരിക്കാം മുൻപ്...
നമ്മൾ....ആരുടെയോ...അല്ലെങ്കിൽ ആരൊക്കെയോ...ആണെന്ന്..
അതുമല്ലെങ്കിൽ...നമുക്ക്...അല്ലെങ്കിൽ നമ്മെ ജീവന്റെ ജീവനായി സ്നേഹിക്കാൻ കഴിയുന്ന ഒരു കൂട്ടുക്കാരിയോ...കൂട്ടുക്കാരനോ ഉണ്ടെന്ന്.
അവർക്ക് നമ്മെ കൂടാതെ ജീവിക്കാനാവില്ലെന്നും നാം ഇടയ്ക്ക് അഹങ്കരിച്ചു...പക്ഷേ...നമ്മിൽ ചിലർക്കൊക്കെ മനസ്സിലായിട്ടുണ്ടാകും അതെല്ലാം മിഥ്യധാരണ ആയിരുന്നുവെന്ന്.
ജീവിത ബന്ധങ്ങളുടെ എല്ലാ കണ്ണികളും ഇടയ്ക്കൊക്കെ വിളക്കിച്ചേർത്ത് വെച്ചാൽ..വിട്ടുപോകാതെ നിലനിൽക്കും.ഒന്ന് യാദൃശ്ചികമായി വിട്ടുപോയാൽ അതോടെ തീർന്നു..അതിന്റെ ഭംഗിയും..ദൃഢതയും...അടുപ്പവും...
പക്ഷേ...ചിലർക്കൊന്നും ആ അഹങ്കാരം ഇല്ല..
നൊമ്പരങ്ങളെയുള്ളൂ...കാരണം...അവർക്കറിയാം...ഇഴയടുപ്പം ഉണ്ടായിരുന്ന ചില കണ്ണികളൊക്കെ വിട്ടുപോയെന്ന്...എന്നെന്നേക്കുമായി....!

2017 നവംബർ 12, ഞായറാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്......

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞാൻ എഴുന്നേറ്റു.പ്രതീക്ഷയുടെ അവസാനത്തെ ആണിയും ഇളകിയിരിക്കുന്നു.
ഇല്ല...വരില്ല...ഇനി ഒരിക്കലും അവൾ വരില്ല.
തുടർച്ചയായ കാത്തിരിപ്പിന്റെ നാളുകളിൽ ഒരുനിമിഷം പോലും കാണാതിരിക്കാനാവില്ലെന്ന് പറഞ്ഞവൾ...കുറച്ചു ദിവസമായി എന്നിൽ നിന്നും അകന്നു നിൽക്കുന്നു....ഒരു കാരണവുമില്ലാതെ...
കൈപ്പിടിയിലൊതുങ്ങാത്ത ജീവിത നൗകയുടെ അമരത്തിരിക്കാൻ എനിക്കെന്തു യോഗ്യത...?
പൊട്ടിപ്പൊളിഞ്ഞ കരിങ്കൽ പടവുകൾക്ക് താഴെ ഇളം പച്ച നിറത്തിലുള്ള ജാലാശയത്തിൽ പതിഞ്ഞ എന്റെ തന്നെ നിഴലിലേക്ക് നോക്കി ഒരുനിമിഷം ഞാനിരുന്നു.
ആഴമെത്രയെന്ന് ഇനിയും നിശ്ചയമില്ലാത്ത ഈ കുളത്തിന്റെ അഗാധതയും...അവളുടെ മനസ്സും ഒരുപോലെ ആയിരുന്നോ...?
കൊച്ചു മീനുകൾ ഇരതേടി പായുമ്പോൾ ഇളകുന്ന ഓളങ്ങൾക്കനുസൃതമായി വികൃതമാക്കപ്പെടുന്ന എന്റെ തന്നെ നിഴലിലേക്ക് ഞാൻ വീണ്ടും വീണ്ടും നോക്കി.
ഓളങ്ങളുടെ ഇളക്കത്തിനനുസരിച്ച് എന്റെ നിഴലും രൂപാന്തരം പ്രാപിച്ച് വികൃതമാകുന്നു.
എന്റെ നിഴൽ ഇളകുമ്പോഴും...വികൃതമാക്കപ്പെടുമ്പോഴും ഞാനെന്ന വ്യക്തിക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
മറ്റൊരർത്ഥത്തിൽ ചിന്തിച്ചാൽ...ഞാൻ നിശ്ചലനായിരിക്കുമ്പോഴും എന്റെ നിഴൽ ചലിച്ചു കൊണ്ടിരിക്കുകയും...പതിയുന്ന പ്രതലത്തിനനുസരിച്ച് രൂപമാറ്റവും സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരുവേള ഹൃദയധമനികളുടെ പ്രവർത്തനം ധൃതഗതിയിലാകുന്നത് ഞാൻ തിരിച്ചറിയുന്നു.
ഉണങ്ങി വരണ്ട പാടത്തേക്ക് നീരുറവ പ്രവഹിച്ചാലെന്ന പോലെ പ്രജ്ഞയറ്റ സിരകളിലൂടെ പുതുരക്തം കയറുമ്പോഴുണ്ടാകുന്ന പുതുജീവന്റെ ഉൾതുടിപ്പ് ചാരം മൂടിയ ചിന്താമണ്ഡലങ്ങൾക്ക് തീ പിടിപ്പിക്കുന്നു.
ഇനിയും ജീവിക്കണം എന്നിൽ വാശിയായി...
ആരൊക്കെ തോല്പിച്ചാലും...
ആരൊക്കെ കശക്കിയെറിഞ്ഞാലും...
തളരാതെ പിടിച്ചു നിൽക്കണം.
ഉറച്ച കാൽവെപ്പോടെ ഞാൻ തിരിഞ്ഞു നടന്നു.
ജീവിത യാദാർത്ഥ്യങ്ങളിലേക്ക്...
മുന്നോട്ട് നീങ്ങുമ്പോൾ എന്റെ മനസ്സ് ഗതകാല സ്മരണകൾക്കിടയിലും...വർത്തമനകാലത്തിലേക്ക് ഉറ്റുനോക്കുകയായിരുന്നു.
എങ്കിലും....
അവൾ...എനിക്കെല്ലാമായിരുന്നു...
അന്നും...ഇന്നും...എന്നും...!

2017 നവംബർ 7, ചൊവ്വാഴ്ച

കാലചക്രം

മനസ്സിനുള്ളിൽ അലഞ്ഞു തിരിയുന്ന ഓർമ്മകൾക്കും...മനം നിറഞ്ഞ് നിൽക്കുന്ന ആകാംക്ഷക്കും ഏക ആശ്വാസം...അത് നെടുവീർപ്പുകൾ ആണ്...ഒരുപാട് ചിന്തകൾ അലട്ടുമ്പോൾ ആവശ്യമില്ലാത്ത വേറെ എന്തിനെയൊക്കെയോ കുറിച്ച് ആലോചിക്കുന്നു നമ്മൾ...ജീവിതത്തിലെ ഓരോ നിമിഷങ്ങളും...ദിവസങ്ങളും അതിങ്ങനെ അല്ലെങ്കിൽ വേറൊരു തരത്തിൽ യാതൊരു വശത്തും പിടുത്തം ലഭിക്കാതെ നമ്മിൽ നിന്നകന്നു പോകുന്നത് നാം അറിയുന്നില്ല.വർത്തമാനകാല ജീവിതത്തിന്റെ ചില അപൂർവ്വ നിമിഷങ്ങളിലൂടെ പലരും കടന്നുപോകുന്നു.
പലപ്പോഴും വേർപാടിനെക്കാൾ...ദുസ്സഹമായി അനുഭവപ്പെട്ട വീണ്ടുമുള്ള ചില കണ്ടുമുട്ടലുകൾ...ചിലപ്പോഴൊക്കെ പലർക്കും തോന്നിയേക്കാവുന്ന ഒരു ചിന്ത....വീണ്ടും കണ്ടുമുട്ടേണ്ടായിരുന്നുവെന്ന്..
കാലത്തിന്റെ പ്രധാന സ്വഭാവം അതിന്റെ വിശ്രമമില്ലാത്ത സഞ്ചാരമാണ്.ഒരുപാട് പേരെ സന്തോഷപ്പെടുത്തി...ഒരായിരം പേരെ ദുഃഖത്തിലാഴ്ത്തി...വേറെ ചിലരുടെ നേരെ അതിന്റെ ക്രൂരമായ അവഗണന പ്രകടിപ്പിച്ചു കൊണ്ട് കാലം വിശ്രമമില്ലാത്ത അവസ്ഥയിലൂടെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു...മനുഷ്യനും...മറ്റു ജീവജാലങ്ങളും ചലനാവസ്ഥയിലോ...അതോ നിദ്രാവസ്ഥയിലോ എന്നൊന്നും പരിഗണിക്കാതെ..കാലം വിശ്രമമില്ലാതെ ഒഴുകുമ്പോൾ നാമെല്ലാം അതിൽ വെറും ഭാഗഭാക്കുകൾ മാത്രം.
മനുഷ്യനും...മനുഷ്യത്വത്തിനും വിലയില്ലാത്ത ഈ കാലത്ത്...ചില അടുപ്പങ്ങളും..ബന്ധങ്ങളും..എന്തിനേറെ ചില ഓർമ്മക്കുറിപ്പുകൾ പോലും അപ്രസക്തമാകും.
കാലചക്രം ഇനിയും ഉരുളും.യാത്രാപഥത്തിൽ ഇരുട്ട് പരക്കും മുൻപ് ഇനിയും തിരിച്ചറിയാൻ വൈകിയതൊക്കെയും തിരിച്ചറിയുക..എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം...ബാക്കി വെക്കുന്നു..

2017 നവംബർ 1, ബുധനാഴ്‌ച

വിശ്വാസം....അല്ലേ...?....എല്ലാം....!

ചില സൗഹൃദങ്ങൾ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും.പക്ഷേ...കാലത്തിന്റെ കുത്തൊഴുക്കിനിടയിൽ എവിടെയെങ്കിലും വെച്ച്‌ നമ്മൾ ഹൃദയത്തിൽ ചേർത്തുവെച്ച പല സൗഹൃദങ്ങളും നഷ്ടപ്പെടും എന്ന് നമ്മിൽ പലർക്കും അറിയാം...പക്ഷേ നമ്മളത് മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുന്നു എന്നതാണ് സത്യം.
ആർക്കുവേണ്ടിയും കാത്തു നിൽക്കാതെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്.
ഇന്നലെ പിറവിയെടുത്ത ഒരു കൊച്ചു സൗഹൃദങ്ങളിൽ നമ്മൾ പലപ്പോഴും സന്തോഷം കണ്ടെത്തുമെങ്കിലും...അത് സ്ത്രീ ആയാലും...പുരുഷനായാലും..പലപ്പോഴും നാമവരെ മനസ്സിലാക്കാൻ ശ്രമിക്കാറില്ല എന്നതാണ്....സത്യം.ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്നു പറഞ്ഞപോലെയാണ് ഇന്നിലെ പല സൗഹൃദങ്ങളും...ഒന്നു പോയാൽ വേറൊന്ന്..
എന്ന മുൻധാരണ വെച്ച് കൊണ്ടായിരിക്കരുത് ഓരോ പരിചയപ്പെടലും...കാരണം...അത് ഗുണത്തെക്കാൾ ഏറെ ദോഷമേ നൽകൂ...!
സൗഹൃദത്തിന്റെ ആയുസ്സ് അത് പരസ്‌പര വിശ്വാസത്തിലൂടെ മാത്രമേ നീണ്ടുപോകൂ...
വിശ്വാസം....അല്ലേ...?....എല്ലാം....!