2017, നവംബർ 12, ഞായറാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്......

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞാൻ എഴുന്നേറ്റു.പ്രതീക്ഷയുടെ അവസാനത്തെ ആണിയും ഇളകിയിരിക്കുന്നു.
ഇല്ല...വരില്ല...ഇനി ഒരിക്കലും അവൾ വരില്ല.
തുടർച്ചയായ കാത്തിരിപ്പിന്റെ നാളുകളിൽ ഒരുനിമിഷം പോലും കാണാതിരിക്കാനാവില്ലെന്ന് പറഞ്ഞവൾ...കുറച്ചു ദിവസമായി എന്നിൽ നിന്നും അകന്നു നിൽക്കുന്നു....ഒരു കാരണവുമില്ലാതെ...
കൈപ്പിടിയിലൊതുങ്ങാത്ത ജീവിത നൗകയുടെ അമരത്തിരിക്കാൻ എനിക്കെന്തു യോഗ്യത...?
പൊട്ടിപ്പൊളിഞ്ഞ കരിങ്കൽ പടവുകൾക്ക് താഴെ ഇളം പച്ച നിറത്തിലുള്ള ജാലാശയത്തിൽ പതിഞ്ഞ എന്റെ തന്നെ നിഴലിലേക്ക് നോക്കി ഒരുനിമിഷം ഞാനിരുന്നു.
ആഴമെത്രയെന്ന് ഇനിയും നിശ്ചയമില്ലാത്ത ഈ കുളത്തിന്റെ അഗാധതയും...അവളുടെ മനസ്സും ഒരുപോലെ ആയിരുന്നോ...?
കൊച്ചു മീനുകൾ ഇരതേടി പായുമ്പോൾ ഇളകുന്ന ഓളങ്ങൾക്കനുസൃതമായി വികൃതമാക്കപ്പെടുന്ന എന്റെ തന്നെ നിഴലിലേക്ക് ഞാൻ വീണ്ടും വീണ്ടും നോക്കി.
ഓളങ്ങളുടെ ഇളക്കത്തിനനുസരിച്ച് എന്റെ നിഴലും രൂപാന്തരം പ്രാപിച്ച് വികൃതമാകുന്നു.
എന്റെ നിഴൽ ഇളകുമ്പോഴും...വികൃതമാക്കപ്പെടുമ്പോഴും ഞാനെന്ന വ്യക്തിക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
മറ്റൊരർത്ഥത്തിൽ ചിന്തിച്ചാൽ...ഞാൻ നിശ്ചലനായിരിക്കുമ്പോഴും എന്റെ നിഴൽ ചലിച്ചു കൊണ്ടിരിക്കുകയും...പതിയുന്ന പ്രതലത്തിനനുസരിച്ച് രൂപമാറ്റവും സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഒരുവേള ഹൃദയധമനികളുടെ പ്രവർത്തനം ധൃതഗതിയിലാകുന്നത് ഞാൻ തിരിച്ചറിയുന്നു.
ഉണങ്ങി വരണ്ട പാടത്തേക്ക് നീരുറവ പ്രവഹിച്ചാലെന്ന പോലെ പ്രജ്ഞയറ്റ സിരകളിലൂടെ പുതുരക്തം കയറുമ്പോഴുണ്ടാകുന്ന പുതുജീവന്റെ ഉൾതുടിപ്പ് ചാരം മൂടിയ ചിന്താമണ്ഡലങ്ങൾക്ക് തീ പിടിപ്പിക്കുന്നു.
ഇനിയും ജീവിക്കണം എന്നിൽ വാശിയായി...
ആരൊക്കെ തോല്പിച്ചാലും...
ആരൊക്കെ കശക്കിയെറിഞ്ഞാലും...
തളരാതെ പിടിച്ചു നിൽക്കണം.
ഉറച്ച കാൽവെപ്പോടെ ഞാൻ തിരിഞ്ഞു നടന്നു.
ജീവിത യാദാർത്ഥ്യങ്ങളിലേക്ക്...
മുന്നോട്ട് നീങ്ങുമ്പോൾ എന്റെ മനസ്സ് ഗതകാല സ്മരണകൾക്കിടയിലും...വർത്തമനകാലത്തിലേക്ക് ഉറ്റുനോക്കുകയായിരുന്നു.
എങ്കിലും....
അവൾ...എനിക്കെല്ലാമായിരുന്നു...
അന്നും...ഇന്നും...എന്നും...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ