2017, ഡിസംബർ 17, ഞായറാഴ്‌ച

ഓർമ്മക്കുറിപ്പ്

ഞാനൊരു എഴുത്തുകാരൻ അല്ല..സാഹിത്യത്തിന്റെ വൃത്തമോ..പ്രാസമോ..അറിയില്ല.. മറ്റ് നൂലാമാലകളോ വശമില്ല.ചിലർ എല്ലാ നിയമാവലിയും പാലിച്ചെഴുതുന്നവരും..അതിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരും ഉണ്ട്.എനിക്ക് തോന്നിയപോലെ ഞാനും എഴുതട്ടെ...
ചിലപ്പോഴൊക്കെ എഴുതാതിരിക്കുമ്പോൾ സങ്കർഷമാണ്‌....വാക്കുകൾ തൃപ്തികരമായി നിരത്തുവാനുള്ള യജ്ഞമാണ്‌...ആവാഹനമാണ്‌.
ശരിയാവുന്നു എന്ന് തോന്നുമ്പോഴുള്ള ആഹ്ലാദത്തിന്റെ നിമിഷം അകലെ അവ്യക്തമായി കാണുമ്പോൾ അതിലേക്ക്‌ എത്തിച്ചേരാനുള്ള തീവ്രയത്നം തുടരുന്നു.
അത്‌ അകലെയല്ല...അകലെയല്ല എന്ന് മനസ്‌ മന്ത്രിക്കുന്നതിനിടയിൽ പതുക്കെ പതുക്കെ മുമ്പോട്ടുള്ള ആ കാൽ വെപ്പുകളാണ്‌ പലപ്പോഴും ഓരോ ജീവിതത്തെയും അർത്ഥവത്താക്കുന്നത്‌.
കൈയ്പ്പും മധുരവും കലർന്നതാണ്‌ ജീവിതം.നമ്മുടെ കണ്മുൻപിൽ കാണുന്ന ആളുകളെല്ലാം സുഖം മാത്രം അനുഭവിച്ചു ജീവിക്കുകയാണെന്ന് നമുക്ക്‌ തോന്നും.
അവരുടെയൊക്കെ ജീവിതത്തിന്റെ കൂടിക്കുഴഞ്ഞ ഇഴ പിരിച്ചു നോക്കുമ്പോഴേ എവിടെയൊക്കെയോ അത്‌ പിഞ്ഞി പോയിട്ടുണ്ടെന്ന് മനസ്സിലാവുകയുള്ളൂ.
ജീവിതം മുഴുവൻ ദു:ഖപൂർണ്ണമായിരുന്നു
എന്ന് പരിതപിക്കുന്ന പലരുടേയും ജീവിതത്തിൽ സുഖത്തിന്റെ നാളുകളുണ്ടായിരുന്നു എന്നുള്ളതാണ്‌ സത്യം.
നേരെ തിരിച്ചും ഇത്‌ പോലെ തന്നെയാണ്‌ നമ്മുടെയൊക്കെ ജീവിതവും.
ദു:ഖം വരുമ്പോൾ  സന്തോഷത്തിന്റെ നാളുകൾ പലപ്പോഴും മറന്നുപോവുകയാണ്‌.
സന്തോഷത്തിന്റേയും സുഖത്തിന്റേയും നാളുകൾ അനുഭവിച്ചിട്ടുള്ളവരാണ്‌ എല്ലാവരും.തിരിഞ്ഞു നോക്കുമ്പോഴും...മുന്നോട്ട്‌ നോക്കുമ്പോഴും ഭയമാകുന്നുവെന്ന് പലപ്പോഴും പറയുമെങ്കിലും ഭയപ്പെടാത്ത നാളുകൾ നമുക്കുണ്ടായിരുന്നുവെന്ന് ഓർക്കുക.പ്രതീക്ഷയുടെ നാളുകൾ ഇനി വരാനുണ്ടെന്നും ഓർക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ