2021 ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഒരു കരിയിലക്കാറ്റ്‌ പോലെ സൗഹൃദങ്ങൾ പറന്നകലുമ്പോൾ..


ഇടവേളകളുടെ
വന്യമായ അന്ധകാരത്തിൽ
മുങ്ങിപ്പോയ ഒരു കുഞ്ഞു
സൗഹൃദത്തിന്റെ ഓർമ്മക്കായ്‌
ഞാനിതിവിടെ
എഴുതിച്ചേർക്കുകയാണ്.
പ്രത്യേകിച്ച്‌ പേരെടുത്ത്‌
വിളിക്കാൻ കഴിയാത്ത
ദിവസങ്ങളുടെ മറവിൽ
എന്തിനോ വേണ്ടി അകന്നു പോയ
ഒരു കൊച്ചു സൗഹൃദം.
മനസ്സിനെ തൊട്ടുണർത്തിയ
പിന്നീട്‌ മണിക്കൂറുകൾക്കുള്ളിൽ
ഹൃദയത്തെ ഞെരിച്ചമർത്തി..
നൊമ്പരപ്പെടുത്തി 
അകന്നുപോയ സൗഹൃദം.
എന്തിനായിരുന്നു ഈ വരവും
പോക്കും എന്ന് എത്ര ആലോചിച്ചിട്ടും 
മനസ്സിലാകുന്നില്ല.
സൗഹൃദം ചിലപ്പോൾ
മഴയായും...
വെയിലായും....
കാറ്റായും വന്നു പോകും.
ആ മഴയിൽ
ചിലപ്പോൾ കുളിരും..
ആ വെയിലിൽ ചിലപ്പോൾ
വിയർത്തൊലിക്കും...
കാറ്റിൽ ദിക്കറിയാതെ പറന്നകലും.
എവിടെയൊക്കെയോ തട്ടിയമർന്ന്
പോയ്ക്കൊണ്ടേയിരിക്കും.
ചിലപ്പോൾ ഒരു 
ചെറിയ നിഴലിന്റെ
മറവിൽ തടഞ്ഞു നിൽക്കും.
ഇരുട്ടിന്റെ മറവിൽ 
പാറിപ്പറക്കുന്ന മിന്നാമിന്നികൾക്കും അതിന്റേതായ 
കർത്തവ്യവും കടമയും ഉണ്ടാകും 
അതെത്ര ചെറിയ ജീവിയാണെങ്കിലും.
പക്ഷേ..അതാരും തിരിച്ചറിയാൻ
ശ്രമിക്കില്ല.
ദൂരങ്ങൾക്കും...
വർണ്ണഭംഗികൾക്കും...
സ്വവർഗ്ഗത്തിനും അപ്പുറത്താണ്
സൗഹൃദത്തിന്റെ സ്ഥാനം
എന്നത്‌ പലപ്പോഴായി
പലരും മറന്നു പോകുന്നു 
എന്നതാണ് ഇന്നുകളുടെ
അവസ്ഥാ വിശേഷം.
ഇതിനിടയിലെ നൊമ്പരം...
നെഞ്ചിൻ കൂടിന്റെ പിടച്ചിൽ....
ആത്മാർത്ഥയുള്ള ഉത്തരവാദിത്വം ..അന്വേഷണങ്ങൾ ഇതൊക്കെ
അനാവശ്യ ചോദ്യങ്ങളായി 
അവർക്ക്‌ തോന്നിയേക്കാം.
ജീവിതമെന്ന കനത്ത
മതിൽക്കെട്ടിനുള്ളിൽ കഴിയുമ്പോൾ
പലപ്പോഴും പലരും
തിരിച്ചറിയില്ല എന്താണ്
യാദാർത്ഥ്യമെന്ന്.
ഇപ്പോൾ വ്യക്തമായി ഞാൻ
മനസ്സിലാക്കുന്ന ഒരു സത്യമുണ്ട്‌.
ചില സൗഹൃദങ്ങളിൽ
ആത്മാർത്ഥതക്കും
വിശ്വസ്ഥതക്കും സ്ഥാനമില്ല
എന്നത്‌.ഒരുപക്ഷേ അവർ അത്‌
ആഗ്രഹിക്കുന്നു പോലുമുണ്ടാകില്ല.
കടലിന്റെ ആഴവും പരപ്പും
ഒരു പക്ഷേ നമുക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞേക്കാം.
പക്ഷേ...മനുഷ്യ മനസ്സിന്റെ
ആഴവും പരപ്പും
അതിലെ ചുഴികളും നമുക്കൊരിക്കലും അളന്ന്
തിട്ടപ്പെടുത്താൻ കഴിയില്ല.

വെറും നാട്യം മാത്രം

അടുപ്പങ്ങൾക്കും ബന്ധങ്ങൾക്കുമിടയിൽ കാലം ഒരു നാൾ വിള്ളൽ വീഴ്ത്തും..ഒരിക്കലും നികത്താനാകാത്ത വിടവ്..കണ്ണിമകൾ ഒരു പെരുമഴക്കാലത്തെ ഓർമ്മപ്പെടുത്തുന്ന നാൾ..
വിധിയുടെ തിരയിളക്കത്തിൽ ഉറ്റവർക്കും..ഉടയവർക്കും..സൗഹൃദങ്ങൾക്കും നമ്മൾ നൽകിയ സ്നേഹം മാത്രം ബാക്കിയാകും....ചിലപ്പോൾ ഓർത്തോർത്തു കരയാൻ നമ്മൾ നൽകിയ സ്നേഹവും..പരിലാളനയും മാത്രം മതിയാകും.
പിന്നീട് അതൊരു ഓർമ്മ മാത്രമായി അവശേഷിക്കും..പക്ഷേ അടുപ്പങ്ങൾ കൊണ്ട് അകലങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഇന്നിലെ ചില ബന്ധങ്ങൾ..അവിടെ സ്നേഹമില്ല...വിശ്വാസ്യതയില്ല...വെറും നാട്യം മാത്രം....

നിറം മങ്ങിയ പശ്ചാത്തലങ്ങൾ....



വീടെന്ന നാലു ചുവരിനപ്പുറം വളർന്നു പോയ ഒരു ജനതയുടെ നാൾവഴികളിൽ..
പലപ്പോഴും കുടുംബ ബന്ധങ്ങൾക്ക്  
മാറ്റ് കുറഞ്ഞു പോകുന്ന കാലം.
മാതാപിതാക്കൾ...
സഹോദരങ്ങൾ...
ഇടയ്ക്കുള്ള പിണക്കങ്ങൾ...
വൈകുന്നേരമുള്ള കൂടിചേരലുകൾ..
അതിനുമപ്പുറം ഒരു പകലിന്റെ വെളിച്ചത്തിൽ കണ്ടതും കേട്ടതും ഒക്കെ വിവരിക്കാനായി ഒരു സായാഹ്നവും ഉണ്ടായിരുന്ന ഒരു കാലത്തിനിപ്പുറം നിന്ന് നോക്കിയാൽ...
ചിലരൊക്കെയും കണ്ണീർ സീരിയലുകളിൽ മൂക്കുപിഴിഞ്ഞും..
കണ്ണുനീർ തുടച്ചും നെടുവീർപ്പിടുമ്പോൾ..
അതിനും അപ്പുറത്ത് അച്ഛനും...
മക്കളും ...സഹോദരീ-സഹോദരങ്ങളും മൊബൈലുമായി അവരവരുടെ ലോകത്ത് നിർവ്യാജം ഉല്ലസിച്ചു കൊണ്ടേയിരിക്കുന്നു..
തമ്മിൽ തമ്മിൽ സംസാരമില്ല...
ചിരിയില്ല...
തമാശകളില്ല.
ചിലപ്പോഴൊക്കെ ചില വീടുകൾ മരണ വീടിന് തുല്യമാണ്.
നല്ല മനസ്സുള്ള ഇണകളെ കിട്ടിയെന്ന് ഭാര്യാഭർത്താക്കന്മാരും..
നല്ല അച്ഛനമ്മമാരെ കിട്ടിയെന്ന് മക്കളും..
നല്ല മക്കളെ കിട്ടിയെന്ന് മാതാപിതാക്കളും..
സ്വയം അഭിമാനിച്ചിരുന്ന ഒരുകാലം.
ഇതിന്റെയൊക്കെ പിന്നിൽ സ്നേഹമെന്ന നിർവചിക്കാനോ...വിവരിക്കാനോ കഴിയാത്ത വികാരമാണ്..
ഇതേ സ്നേഹം കൊണ്ടുതന്നെയാണ് പിണങ്ങിയും...
പരിഭവിച്ചും...
സ്നേഹിച്ചും...
ഉപദേശിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവർക്കും കഴിയുന്നത്.
കുടുംബം എന്ന വിളക്കിന്റെ എണ്ണയും തിരിയുമായ ചിലതൊക്കെയും അന്യം നിന്നു പോയി എന്നതാണ് സത്യം.
വീട്ടുകാരുമായി സംസാരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയ്ക്കപ്പുറം മൊബൈലിൽ ആരോടൊക്കെയോ...
എന്തൊക്കെയോ മണിക്കൂറുകളോളം പറഞ്ഞു കൊണ്ടേയിരിക്കുന്നു...
അതിൽ ആണും..പെണ്ണും ഒക്കെ ഒരേപോലെ.
പക്ഷേ....
ഇന്ന് പലവീടുകളിലും...
ഈ വിളക്കിന്റെ പ്രകാശം നന്നേ മങ്ങിപ്പോകുന്നു..
സാങ്കേതിക വിദ്യയുടെയും വിവരത്തിന്റെയും ചുവടുവച്ച് നീങ്ങുന്ന ഇന്നിന്റെ യുവത്വത്തിനിടയിൽ...
ഉപദേശവും...
പരിഭവവും കാലഹരണപ്പെട്ട ചിന്താഗതി മാത്രം..
വളർത്തി വലുതാക്കിയതിന്റെയോ....
അതിനിടയിൽ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളുടെയോ...
സങ്കടങ്ങളുടെയോ..
വേദനയുടെയോ കണക്കുകൾ കൂട്ടിനോക്കാൻ പലരും മറന്നു പോകുന്നു.
കാലത്തിനൊപ്പം നീങ്ങണം എന്ന ചിന്താഗതിയിൽ...
മറച്ചു വെച്ചതൊക്കെയും പുറത്തേക്കെടുക്കാൻ ഒരു ത്വര ചിലർക്ക്...
ഒരുപാട് പരിതാപകരമായ കണ്ടറിവുകളും കേട്ടറിവുകളും ഉണ്ടായിട്ടും....
വിവേകബുദ്ധിയോടെ പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിൽ പലരും വികാര വിഭ്രാന്തിയോടെ  പെരുമാറുന്നു എന്നതാണ് യാദാർത്ഥ്യം.
ഏതൊക്കെയോ സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ഇതുവരെയില്ലാത്ത ഒരറിയിപ്പ് കിട്ടി.
അവസാന പരീക്ഷാദിവസത്തിൽ സ്കൂളിൽ വന്ന് മക്കളെ കൂട്ടിക്കൊണ്ടു പോകണമെന്ന്.
ചിലർക്ക് ആഘോഷമാണ്...
ചിലർക്ക് വേർപാടാണ്...
ചിലർക്ക് ലഹരി തേടിയുള്ള യാത്രയാണ്..
ഇതെല്ലാം അറിഞ്ഞത് കൊണ്ട് തന്നെയായിരിക്കും ഒരുപക്ഷേ ഇങ്ങനെ അറിയിപ്പിന് ഉദ്യമം കുറിച്ചത് എന്ന് തോന്നിപ്പോകുന്നു.
ഇവിടെ ഉപദേശങ്ങൾക്കും...
പരിഭവങ്ങൾക്കും സ്ഥാനമില്ല...
മറിച്ച് താനാണ് ശരി എന്ന മൗഢ്യമായ വിശ്വാസം മാത്രം ചിന്തകളിലും സ്വപ്നങ്ങളിലും പ്രവർത്തിയിലും ഊന്നൽ കൊടുത്ത ചിലർ.
എല്ലായ്പ്പോഴും സത്യത്തിന്റെ മുഖം വികൃതമാണ്...
മിഥ്യയുടെ മുഖം തെളിഞ്ഞും നിൽക്കുന്നു.ചിലയിടങ്ങളിൽ വിവേകത്തിനപ്പുറം..
വികാര നിമിഷങ്ങളാണ്..
ഇനിയും വിവേകത്തിന്റെ ഒരംശമെങ്കിലും ബാക്കി വെയ്ക്കാൻ തയ്യാറായില്ലെങ്കിൽ ചില ജീവിതങ്ങൾ അണയാൻ പോകുന്ന തിരിവിളക്കിന്റെ അവസാനത്തെ ആളിക്കത്തൽ മാത്രമായി തീരും.....എന്ന ചെറിയൊരു ഓർമ്മപ്പെടുത്തൽ മാത്രം ബാക്കി വെയ്ക്കുന്നു....!

പ്രതീക്ഷകൾക്കുമപ്പുറം

ഓർമ്മകളെ മറവിയെന്ന ഖബർസ്ഥാനിൽ മറമാടി... അതിനു മീതെ വിദ്വേഷത്തിന്റെയും,അപരിചിതത്വത്തിന്റെയും മീസാൻ കല്ലും നാട്ടി ...ആത്മാർത്ഥത എന്ന മതിൽകെട്ടും ഭേദിച്ച് പുറത്തേക്ക് കടന്ന് ആർത്തട്ടഹസിച്ച് ചിരിക്കാൻ വെമ്പൽ കൊള്ളുന്ന യുവത്വമേ...
കഴിഞ്ഞു പോയ ജീവിതത്തിന്റെ  ഇരുളും,വെളിച്ചവുമുതിർന്ന ആ വഴികളിൽ ഒരു കുഞ്ഞു തിരിനാളം എപ്പോഴെങ്കിലും മിന്നിപൊലിഞ്ഞിരുന്നില്ലേ...?
ഒരുപക്ഷേ, സ്‌നേഹത്തിന്റെ....
അല്ലെങ്കിൽ സൗഹൃദത്തിന്റെ...
അതുമല്ലെങ്കിൽ തീവ്ര ബന്ധങ്ങളുടെ...
          ചിലതൊക്കെ ഉൾത്തടങ്ങളിൽ മുറിവേല്പിച്ചിട്ടുണ്ടാകും...വേറെ ചിലത് ആ മുറിവുകളുടെ നീറ്റലും,നൊമ്പരവും കുറക്കാനും ശ്രമിച്ചിട്ടുണ്ടാകും.പ്രതീക്ഷകൾക്കുമപ്പുറം.
കാരണം...ഓരോ പ്രതീക്ഷയും ഓരോ പുൽനാമ്പായിരുന്നില്ലേ...?നാളെയെന്ന വർണ്ണശഭളതയിലേക്ക്...ഇന്നലെകളിൽ നിന്നും ഇന്നുകളിലേക്കുള്ള യാത്രയിലേക്ക്.
ഇതിനിടയിൽ നാം തഴഞ്ഞവരേക്കാൾ നമ്മെ അടർത്തി മാറ്റിയവരായിരിക്കും കൂടുതൽ.
എന്നിട്ടും ചിലത് ബാക്കിയുണ്ടായിരുന്നിരിക്കും.ഒരു കാറ്റിലും ഉലയാതെ... അണയാതെ ..കാലം മങ്ങലേല്പിക്കുമെങ്കിലും ..ആ മങ്ങിയ പ്രകാശമെങ്കിലും നൽകുന്ന ഒരു കുഞ്ഞു തിരിനാളം...ഇല്ലേ...?

സ്വപ്നം

കണ്ണു തുറക്കുമ്പോൾ...
മറഞ്ഞു പോകുന്നതും,
കണ്ണടക്കുമ്പോൽ...
പുലരുന്നതുമാണോ..സ്വപ്നം എങ്കിൽ..ഈ ജീവിത വഴികളിൽ നീയും...
ഒരു സ്വപ്നം മാത്രം.

2021 ഏപ്രിൽ 19, തിങ്കളാഴ്‌ച

ഇന്നും.....ഇന്നലെയും.🤔




കാലം വല്ലാതെ മാറിപ്പോകുന്നു..
ഒപ്പം മനുഷ്യരും.
മാതൃത്വവും...പിതൃത്വവും...
സഹോദരബന്ധവും...സൗഹൃദങ്ങളും വിലപറയപ്പെടുന്നു.
നൊന്തു പെറ്റതിനപ്പുറത്ത് കുഞ്ഞു പൈതങ്ങളെ വഴിയിലുപേക്ഷിക്കുന്ന അമ്മമാർ.
സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ട കാമുകനെതിരെ ഒരക്ഷരം മറുത്തു പറയാൻ ശ്രമിക്കാത്ത വേറൊരമ്മ...
സ്വന്തം അമ്മയെ  തീകൊളുത്തിയ മക്കളും വേറെ..
ഇതൊക്കെയും കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നെങ്കിൽ ഇന്നിതൊക്കെയും നിരന്തരം കണ്ടും കേട്ടുകൊണ്ടിരിക്കുകയാണ് നാം.
ഓരോ മക്കളെയും വളർത്തേണ്ടത്..
ആ മാതാപിതാക്കളുടെ കഷ്ടപ്പാടും ദുരിതങ്ങളും അറിയിച്ചു കൊണ്ടായിരിക്കണം.
മക്കളുടെ സന്തോഷമാണെന്ന് വലുതെന്ന് കരുതി പലതിനും പാതി മനസ്സോടെ അരുനിന്നുകൊടുക്കുമ്പോൾ ...അവരുടെ ഓരോ ആവശ്യവും നിറവേറ്റാൻ ഉദ്യമിക്കുമ്പോൾ...
അത് സ്മാർട്ട് ഫോണുകൾ..ആകട്ടെ..
വാഹനങ്ങൾ ആകട്ടെ.അത് കൈവന്നതിന് ശേഷം അവരുടെ പ്രവർത്തികൾ ഏതു വിധത്തിലാണ്..
അവർ മണിക്കൂറുകളോളം ആരോടെങ്കിലും ഫോണിൽ ഇടതടവില്ലാതെ സംസാരിക്കുന്നുണ്ടോ...
ഉണ്ടെങ്കിൽ അതാര്..
അല്ലെങ്കിൽ അവരുടെ കൂട്ടുകെട്ട് എങ്ങിനെയുള്ളവരുമായി..?
അവരുടെ  യാത്രകൾ എങ്ങിനെ..
എവിടേക്ക് ഇതൊക്കെയും ആരെങ്കിലും ഒരിക്കലെങ്കിലും ചോദിക്കുകയോ..
അന്വേഷിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇന്നിലെ പല  പ്രശ്നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്താൻ  താനെ കണ്ടെത്താൻ കഴിയുമായിരുന്നു. ആവശ്യമാണോ...
അത്യാവശ്യമാണോ എന്ന് ചിന്തിക്കേണ്ടത് മാതാപിതാക്കളിൽ ഓരോരുത്തരുമാണ്. സ്വന്തത്തിനു വിലയില്ല...
ബന്ധങ്ങൾക്ക് വിലയില്ല..
അടുത്തവർക്കും വിലയില്ല..
പലരും കലുഷിതരാണ്..
എന്തിന്റെയൊക്കെ പേരിൽ.
സല്ലാപങ്ങൾക്ക് അവസരം ഒപ്പിച്ചു കൊടുക്കുന്നത് പലപ്പോഴും കൂട്ടുകാർ തന്നെയാണ്...
അത് സൗഹൃദമോ...പ്രണയമോ എന്ന് കണ്ടറിയുക തന്നെ വേണം..
യഥാർത്ഥ സൗഹൃദമെങ്കിൽ...
അതിന് ഒഴിഞ്ഞ ഇടവും മറയും ആവശ്യമില്ലല്ലോ...അല്ലേ...? 
യദാർത്ഥ കൂട്ടുകാർ എന്നത് ചതിക്കുഴി തോണ്ടുന്നവർ ആകില്ലല്ലോ...
ഇന്നത്തെ ബസ്സിലെ ഒരു കാഴ്ച ഈ വരികൾ എഴുതാൻ പ്രേരിപ്പിച്ചതാണ്.
പലരും ശ്രദ്ധിക്കുന്നെന്ന സങ്കോചം അവർക്ക് ലവലേശമിലായിരുന്നു എന്നതാണ് സത്യം...
ഈ ഒരു ദുസ്സ്വാതന്ത്ര്യം ഇത്തരക്കാർ വിനിയോഗിക്കുന്നെങ്കിൽ...അതിന് ഒറ്റ കാരണമേയുള്ളൂ...
മുൻപേ പറഞ്ഞ ശ്രദ്ധയില്ലായ്‌മ...
ഒരു കുടുംബം ശിഥിലമാകാൻ ഇതൊക്കെയും ധാരാളം...എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം ബാക്കി വെയ്ക്കുന്നു.