2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

നിറം മങ്ങിയ പശ്ചാത്തലങ്ങൾ....



വീടെന്ന നാലു ചുവരിനപ്പുറം വളർന്നു പോയ ഒരു ജനതയുടെ നാൾവഴികളിൽ..
പലപ്പോഴും കുടുംബ ബന്ധങ്ങൾക്ക്  
മാറ്റ് കുറഞ്ഞു പോകുന്ന കാലം.
മാതാപിതാക്കൾ...
സഹോദരങ്ങൾ...
ഇടയ്ക്കുള്ള പിണക്കങ്ങൾ...
വൈകുന്നേരമുള്ള കൂടിചേരലുകൾ..
അതിനുമപ്പുറം ഒരു പകലിന്റെ വെളിച്ചത്തിൽ കണ്ടതും കേട്ടതും ഒക്കെ വിവരിക്കാനായി ഒരു സായാഹ്നവും ഉണ്ടായിരുന്ന ഒരു കാലത്തിനിപ്പുറം നിന്ന് നോക്കിയാൽ...
ചിലരൊക്കെയും കണ്ണീർ സീരിയലുകളിൽ മൂക്കുപിഴിഞ്ഞും..
കണ്ണുനീർ തുടച്ചും നെടുവീർപ്പിടുമ്പോൾ..
അതിനും അപ്പുറത്ത് അച്ഛനും...
മക്കളും ...സഹോദരീ-സഹോദരങ്ങളും മൊബൈലുമായി അവരവരുടെ ലോകത്ത് നിർവ്യാജം ഉല്ലസിച്ചു കൊണ്ടേയിരിക്കുന്നു..
തമ്മിൽ തമ്മിൽ സംസാരമില്ല...
ചിരിയില്ല...
തമാശകളില്ല.
ചിലപ്പോഴൊക്കെ ചില വീടുകൾ മരണ വീടിന് തുല്യമാണ്.
നല്ല മനസ്സുള്ള ഇണകളെ കിട്ടിയെന്ന് ഭാര്യാഭർത്താക്കന്മാരും..
നല്ല അച്ഛനമ്മമാരെ കിട്ടിയെന്ന് മക്കളും..
നല്ല മക്കളെ കിട്ടിയെന്ന് മാതാപിതാക്കളും..
സ്വയം അഭിമാനിച്ചിരുന്ന ഒരുകാലം.
ഇതിന്റെയൊക്കെ പിന്നിൽ സ്നേഹമെന്ന നിർവചിക്കാനോ...വിവരിക്കാനോ കഴിയാത്ത വികാരമാണ്..
ഇതേ സ്നേഹം കൊണ്ടുതന്നെയാണ് പിണങ്ങിയും...
പരിഭവിച്ചും...
സ്നേഹിച്ചും...
ഉപദേശിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവർക്കും കഴിയുന്നത്.
കുടുംബം എന്ന വിളക്കിന്റെ എണ്ണയും തിരിയുമായ ചിലതൊക്കെയും അന്യം നിന്നു പോയി എന്നതാണ് സത്യം.
വീട്ടുകാരുമായി സംസാരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയ്ക്കപ്പുറം മൊബൈലിൽ ആരോടൊക്കെയോ...
എന്തൊക്കെയോ മണിക്കൂറുകളോളം പറഞ്ഞു കൊണ്ടേയിരിക്കുന്നു...
അതിൽ ആണും..പെണ്ണും ഒക്കെ ഒരേപോലെ.
പക്ഷേ....
ഇന്ന് പലവീടുകളിലും...
ഈ വിളക്കിന്റെ പ്രകാശം നന്നേ മങ്ങിപ്പോകുന്നു..
സാങ്കേതിക വിദ്യയുടെയും വിവരത്തിന്റെയും ചുവടുവച്ച് നീങ്ങുന്ന ഇന്നിന്റെ യുവത്വത്തിനിടയിൽ...
ഉപദേശവും...
പരിഭവവും കാലഹരണപ്പെട്ട ചിന്താഗതി മാത്രം..
വളർത്തി വലുതാക്കിയതിന്റെയോ....
അതിനിടയിൽ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളുടെയോ...
സങ്കടങ്ങളുടെയോ..
വേദനയുടെയോ കണക്കുകൾ കൂട്ടിനോക്കാൻ പലരും മറന്നു പോകുന്നു.
കാലത്തിനൊപ്പം നീങ്ങണം എന്ന ചിന്താഗതിയിൽ...
മറച്ചു വെച്ചതൊക്കെയും പുറത്തേക്കെടുക്കാൻ ഒരു ത്വര ചിലർക്ക്...
ഒരുപാട് പരിതാപകരമായ കണ്ടറിവുകളും കേട്ടറിവുകളും ഉണ്ടായിട്ടും....
വിവേകബുദ്ധിയോടെ പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിൽ പലരും വികാര വിഭ്രാന്തിയോടെ  പെരുമാറുന്നു എന്നതാണ് യാദാർത്ഥ്യം.
ഏതൊക്കെയോ സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ഇതുവരെയില്ലാത്ത ഒരറിയിപ്പ് കിട്ടി.
അവസാന പരീക്ഷാദിവസത്തിൽ സ്കൂളിൽ വന്ന് മക്കളെ കൂട്ടിക്കൊണ്ടു പോകണമെന്ന്.
ചിലർക്ക് ആഘോഷമാണ്...
ചിലർക്ക് വേർപാടാണ്...
ചിലർക്ക് ലഹരി തേടിയുള്ള യാത്രയാണ്..
ഇതെല്ലാം അറിഞ്ഞത് കൊണ്ട് തന്നെയായിരിക്കും ഒരുപക്ഷേ ഇങ്ങനെ അറിയിപ്പിന് ഉദ്യമം കുറിച്ചത് എന്ന് തോന്നിപ്പോകുന്നു.
ഇവിടെ ഉപദേശങ്ങൾക്കും...
പരിഭവങ്ങൾക്കും സ്ഥാനമില്ല...
മറിച്ച് താനാണ് ശരി എന്ന മൗഢ്യമായ വിശ്വാസം മാത്രം ചിന്തകളിലും സ്വപ്നങ്ങളിലും പ്രവർത്തിയിലും ഊന്നൽ കൊടുത്ത ചിലർ.
എല്ലായ്പ്പോഴും സത്യത്തിന്റെ മുഖം വികൃതമാണ്...
മിഥ്യയുടെ മുഖം തെളിഞ്ഞും നിൽക്കുന്നു.ചിലയിടങ്ങളിൽ വിവേകത്തിനപ്പുറം..
വികാര നിമിഷങ്ങളാണ്..
ഇനിയും വിവേകത്തിന്റെ ഒരംശമെങ്കിലും ബാക്കി വെയ്ക്കാൻ തയ്യാറായില്ലെങ്കിൽ ചില ജീവിതങ്ങൾ അണയാൻ പോകുന്ന തിരിവിളക്കിന്റെ അവസാനത്തെ ആളിക്കത്തൽ മാത്രമായി തീരും.....എന്ന ചെറിയൊരു ഓർമ്മപ്പെടുത്തൽ മാത്രം ബാക്കി വെയ്ക്കുന്നു....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ