2026 നവംബർ 12, വ്യാഴാഴ്‌ച

എന്റെ ഗ്രാമം ( മിനികഥ)

കുത്തനെയുള്ള ഇറക്കവും ഇറങ്ങി മുന്നോട്ട് നടന്ന് ഞാൻ ചില സമയങ്ങളിൽ ചെന്നിരിക്കാറുള്ള ആ പാലത്തിന് മുകളിലായി ചെന്നു നിന്നു.പാലത്തിന്റെ കൈവരിയിൽ പിടിച്ചു ഞാൻ താഴോട്ട് നോക്കി.വറ്റി തുടങ്ങിയ കനാലിൽ ചെറുമീനുകൾ ഓടി കളിക്കുന്നുണ്ട്.ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ മങ്ങിയ നിഴലും ആ വെള്ളത്തിൽ കാണാൻ കഴിഞ്ഞു.എന്റെ നിഴലായത് കൊണ്ടാണോ എന്നറിയില്ല.അതിന് തീരെ ഭംഗിയില്ലായിരുന്നു.സമയം പോകും തോറും നിഴലിനു നീളം വെച്ചു കൊണ്ടിരുന്നു.
കൊയ്തൊഴിഞ്ഞ പാടത്തെ മൺചെരിവുകളിൽ തെങ്ങിന്റെ കറുത്ത നിഴൽ വീഴുമ്പോൾ അതിനൊരു വല്ലാത്ത ഛായ. 
കനാൽ ബണ്ടിന്റെ അരികിലെ അക്വേഷ്യ മരങ്ങളുടെ നിഴലും വെള്ളത്തിൽ തെളിഞ്ഞു കാണാം.കഴിഞ്ഞുപോയ ദിനങ്ങളെ കുറിച്ച് ഓർത്തെടുക്കാൻ ശ്രമിക്കവേ പുല്ലത്തറ റോഡിലൂടെ പോകുന്ന വീണമോൾ ബസ്സിന്റെ  ശബ്ദം കേട്ടു.ഓ...അപ്പോഴാണ് സമയത്തെ കുറിച്ചോർത്തത്.
തെക്ക് ദൂരെ കല്ലട ക്ഷേത്രത്തിന്റെ മങ്ങിയ വെളിച്ചവും കണ്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.
പകലിന്റെ പടിഞ്ഞാറ്റയിൽ അന്തികുളിക്ക് തയ്യാറെടുക്കുന്ന
സൂര്യന്റെ ശോണിമ ചേറ്റുകട്ടകൾക്കു പുറത്ത് നിഴലിട്ട ഛായയെ മായ്ച്ചു കളഞ്ഞു തുടങ്ങിയിരുന്നു.
ഒരു സന്ധ്യയുടെ മൗനം പൂർണ്ണമായും ഏറ്റുവാങ്ങിയ എന്റെ ഗ്രാമം ധ്യാനാത്മകമായ നിദ്രയിലേക്ക് വീഴുവാൻ ഇനി കുറച്ചു
മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ.ഞാൻ തിരിച്ചു നടന്നു എന്തെല്ലാമോ ബാക്കി വെച്ച് കൊണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: