2026 ജൂൺ 7, ഞായറാഴ്‌ച

സൗഹൃദങ്ങളിലൂടെ


जनाजा मेरा जब निकलने लगेगा...
कसम आपको मुस्कुरा दीजिएगा...
{എന്റെ മൃതശരീരം ചുമലിലേറ്റി കൊണ്ടുപോകുമ്പോൾ...
സത്യമായിട്ടും നീയൊന്ന് പുഞ്ചിരിക്കണേ...}
ഹൃദയ സ്പർശിയായ വരികൾ....


ഒരിടത്ത് രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു.
അവർ ഇരുവരും തമ്മിൽ... തമ്മിൽ ഒരാൾക്ക് വേണ്ടി മറ്റൊരാൾ മരിക്കാൻ വരെ തയ്യാറുമായിരുന്നു.
അത്രക്കും മികച്ച
സൗഹൃദമായിരുന്നു...ഹൃദയ ബന്ധമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത്.
അവരുടെ ആ സൗഹൃദം മറ്റുള്ളവർക്കിടയിൽ 
ചർച്ചയുമായിരുന്നു.
മറ്റുള്ളവർക്കും അവരുടെ സൗഹൃദത്തെ കുറിച്ച് നല്ലത് മാത്രമേ പറയുവാൻ ഉണ്ടായിരുന്നുള്ളൂ.ഒരുനാൾ ...
അവരിൽ ഒരാൾ മരണപ്പെട്ടുപോയി.
അത് കേട്ടറിഞ്ഞ് 
മറ്റെയാൾ അവന്റെ വീട്ടിലേക്കെത്തി.
അവന്റെ മൃതശരീരത്തിന് അടുത്ത് ചെന്ന് പുഞ്ചിരിയോടെ 
ആ മൃതശരീരത്തെ നോക്കിയിരുന്നു.
ഇത് കണ്ട വയസ്സായ ഒരാൾ അവനോട് പറഞ്ഞു.
മോനേ...മറ്റൊരാളുടെ മൃതശരീരത്തിന് മുന്നിൽ നിന്ന് ചിരിക്കരുത്.
അവൻ പറഞ്ഞു.
ഞാൻ എന്താ പറയേണ്ടത്.
അവന്റെ മരണം കൊണ്ട് എന്റെ ഉള്ള് പിടയുന്നുണ്ട്.
ഹൃദയം തേങ്ങുന്നുണ്ട്...
വല്ലാത്ത നീറ്റലും നൊമ്പരവും 
എന്റെ ഉള്ളിലുണ്ട്.
ഞാൻ ഉള്ള് കൊണ്ട് കരയുന്നുമുണ്ട്
പക്ഷേ...
ഞങ്ങൾ തമ്മിൽ ഒരു നിബന്ധന വച്ചിരുന്നു.
തമ്മിൽ എപ്പോൾ കണ്ടാലും ചിരിക്കുന്ന മുഖത്തോടെ ആകണമെന്ന്.
അതും പോരാതെ ഞങ്ങൾ തമ്മിൽ 
സത്യം ചെയ്തിരുന്നു.
ഒരു പക്ഷേ...
ആരെങ്കിലും ഒരാൾ മരിച്ചാൽ പോലും ചിരിച്ചു കൊണ്ട് മാത്രമേ മറ്റവന്റെ
ശവസംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ പാടുള്ളൂ എന്ന്.കാരണം...
അന്ന് നിന്റെ കണ്ണുനീർ തുടക്കാൻ ഞാനോ..എന്റെ കണ്ണുനീർ തുടക്കാൻ നീയോ ഉണ്ടാകില്ലെന്ന്.
ഇത്രയും അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ആ വയസ്സായ ആൾ കരഞ്ഞു പോയിരുന്നു.അയാൾ പറഞ്ഞു.
ഞാൻ ഒരുപാട് ദേശങ്ങൾ കണ്ടു....ഒരുപാടാളുകളുടെ ജീവിതങ്ങൾ കണ്ടു...
ബന്ധങ്ങൾ കണ്ടു....
സൗഹൃദങ്ങൾ കണ്ടു...
പക്ഷേ...
നിന്നെപ്പോലെ ഒരാളെ ആദ്യമായാണ് കാണുന്നത്.
ആരാണ് പറഞ്ഞത്...
എല്ലാ സൗഹൃദവും ശരിയല്ലെന്ന്.വിശ്വസിക്കുന്നവരെ ചതിക്കാത്ത നല്ലൊരു കൂട്ടുകാരനോ..കൂട്ടുകാരിയോ ഉണ്ടെങ്കിൽ അത് മാത്രം മതി..
ജീവിതം മുന്നോട്ട് പോകുവാൻ. ..
ബന്ധങ്ങൾ അത് പാതി വഴിയിൽ ഉപേക്ഷിക്കുന്നവർ ആകരുത്.
ബന്ധങ്ങൾക്ക് വിലയുണ്ട്...
അതിനിടയിൽ നോവും..നീറ്റലും..
വൈകാരികതയും ഉണ്ട്.
പക്ഷേ..ഇതൊന്നും തിരിച്ചറിയാതെ പോകുന്ന ചിലരുമുണ്ട്...

2026 ജൂൺ 5, വെള്ളിയാഴ്‌ച

അർദ്ധരാത്രിയിലെ സഹയാത്രിക (ചെറുകഥ)

അർദ്ധരാത്രിയിലെ സഹയാത്രിക
------------–-------(ചെറുകഥ)..........

മഴത്തുള്ളികൾ ഇറ്റു വീഴുന്ന ആ റോഡിൽ... തണുത്ത കാറ്റു വീശിയ ആ പാതിരാത്രിയിൽ മുന്നിൽ നടന്നു പൊയ്ക്കൊണ്ടിരുന്ന അവളോട്  ഞാൻ ചോദിച്ചു.ഒന്ന് നിൽക്കാമോ... നിന്നെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ...അവൾ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.എന്നെ അങ്ങിനെ  മുൻപരിചയം ഉണ്ടാകാൻ വഴിയില്ല.കാരണം ഞാൻ എല്ലാ സമയവും പുറത്തിറങ്ങാറില്ല.
എന്നാ വേണ്ട.
നിന്റെ പേരെന്താണ്...
അത് കേട്ടപ്പോൾ അവളൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
പേര് പറഞ്ഞാൽ ഒരുപക്ഷേ അറിയാൻ വഴിയില്ല.
ഇതെന്ത് കഷ്ടം...ഞാൻ വീണ്ടും ചോദിച്ചു.നിന്റെ വീട് എവിടെയാണ്...കരിമ്പന എന്ന് പറയും...അവൾ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ആലോചിച്ചു.
അങ്ങനെ ഒരു സ്ഥലപ്പേര് ഞാൻ കേട്ടിട്ടില്ലല്ലോ...
ഇതേതാ ഞാൻ അറിയാത്തൊരു സ്ഥലം.
അവൾ വീണ്ടും പറഞ്ഞു. തറവാട്ട് പേര് പാലമരം എന്ന് പറയും.അവൾ പറഞ്ഞു.സുഹൃത്തേ
നീ കൂടുതൽ ആലോചിക്കേണ്ട.
എന്റെ കൂടെ വന്നാൽ ഞാൻ വീട് കാണിച്ചു തരാം...ഞാൻ അവളോട് പറഞ്ഞു.വീട്ടിൽ ചെന്നിട്ട് കുറച്ച് അത്യാവശ്യമുണ്ട്...അത് കൊണ്ട് ഇപ്പൊ ഞാൻ വരുന്നില്ല.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്.നീ നിന്റെ മൊബൈൽ നമ്പർ തരൂ...ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം.അപ്പോൾ ലൊക്കേഷൻ അയച്ചു തന്നാൽ മതി.അപ്പോൾ അവൾ പറഞ്ഞു.ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല...ഞാൻ ആലോചിച്ചു.ഇതെന്ത് ജന്മം..ഈ കാലഘട്ടത്തിലും മൊബൈൽ ഉപയോഗിക്കാത്തവരുണ്ടോ...എന്റെ ചിന്തയെന്തെന്ന് തിരിച്ചറിഞ്ഞ അവൾ പറഞ്ഞു.എന്നെ പോലെ ചിലരുണ്ട്...ഈ മൊബൈലും കമ്പ്യൂട്ടറും ഒന്നും ഉപയോഗിക്കാത്തവർ.
പിന്നെയും ഞങ്ങൾ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.അവസാനം എന്റെ വീട്ടിലേക്ക്‌ തിരിയാണുള്ള വഴിയെത്തിയപ്പോൾ ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു...അപ്പോൾ ഞാൻ ചോദിച്ചു.വീണ്ടും കാണുമോ...?
അവൾ മറുപടി ഒന്നും പറയാതെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ
മഴത്തുള്ളികളെ തട്ടിമാറ്റി ഞാൻ വീട്ടിലേക്ക് നടന്നു.ആ തിരിവിനുമപ്പുറം കുത്തനെ ഇറക്കമായിരുന്നു.(കോഴിക്കുന്ന് ഇറക്കം) ആ ഇറക്കം 
 ഇറങ്ങിപോകുന്ന അവളുടെ ചിരി വല്ലാതെ
ഉയരുന്നുണ്ടായിരുന്നു. ഞാൻ ആലോചിച്ചു. ഇവളുടെ ഈ ചിരി ഇറക്കത്തിനുമപ്പുറം പുല്ലത്തറ പാലം വരെ കേൾക്കുമല്ലോ...? വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ഞാൻ സമയം നോക്കി.രാത്രി ഒരുമണി.  അയ്യോ....ഇവൾ വല്ല യക്ഷിയോ...പ്രേതമോ ആയിരിക്കുമോ...? അല്ലെങ്കിൽ തന്നെ ഇത് രണ്ടുമായാൽ എനിക്കെന്താണ്...? അല്ല..ഞാനെന്തൊരു മണ്ടനാ..അവളുടെ വേഷം ചുരിദാർ ആയിരുന്നല്ലോ.
അല്ല...ഇപ്പോ യക്ഷിയും ചുരിദാറിട്ട് തുടങ്ങിയോ...? ആർക്കറിയാം അവർക്കിടയിലും ചിലപ്പോൾ ഫാഷൻ ഷോ തുടങ്ങിയിട്ടുണ്ടാകും...അയ്യോ..
ഇനി കാണുമ്പോൾ ബർമുഡ ഇട്ട് വരാതിരുന്നാൽ മതിയായിരുന്നു....🤔

2026 ജൂൺ 1, തിങ്കളാഴ്‌ച

കാപാലികർ

മനുഷ്യനും...
മനുഷ്യത്വത്തിനും വിലയില്ലാത്ത ഈ കാലത്ത് ചില ഓർമ്മക്കുറിപ്പുകൾക്ക് പ്രസക്തിയുണ്ടാകില്ലെന്നറിയാം...
ഇന്നുകളിൽ
ചിലർ മനുഷ്യത്വത്തിന് വില പറയുന്നു... 
ഒപ്പം വേറെ എന്തിനൊക്കെയോ വിലയിടാൻ ശ്രമിക്കുന്നു... കേൾക്കേണ്ടി വരുന്ന ചില വാക്കുകൾക്ക് ഉത്തരം ഉണ്ടെങ്കിൽ തന്നെയും...
പറയാൻ പലരുടെയും മനസ്സ് അനുവദിക്കാതെ വരുന്നു...
ചില ബന്ധങ്ങൾ ഇത്രയും ക്രൂരമാകുമ്പോൾ  അതിനെ കുറിച്ച് വായിച്ചും കേട്ടും ഹൃദയം തകർന്നു പോകുന്നു.
ചിലത് വർത്തകളിലൂടെ
കണ്മുൻപിൽ
തെളിഞ്ഞു വരുമ്പോൾ... പവിത്രമാണെന്ന് വിശ്വസിച്ചിരുന്ന പല ബന്ധങ്ങളും
മായകാഴ്ചകളാകുന്നു.
സത്യമേത്...
മിഥ്യയേത്...
ശരിയേത്...
തെറ്റേത്.. 
ഒന്നും തിരിച്ചറിയാൻ പറ്റാത്ത ഒരവസ്ഥ..
ഒന്ന് മാത്രം തിരിച്ചറിയാം ഇപ്പോൾ....
മനുഷ്യനും വിലയില്ല...
മാനുഷീക മൂല്യങ്ങൾക്കും വിലയില്ല...
ഇനിയുള്ള ഓരോ സമയവും...ഓരോ ദിനവും... ഓരോ വാർത്തകളാണ്.നമ്മെ തകർത്തെറിയുന്ന വാർത്തകൾ.
ദുബായിലെ ഫ്ലാറ്റിൽ നിന്നും രണ്ട് വയസ്സുകാരനെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി.ഉത്തർപ്രദേശിൽ ഒരു കുഞ്ഞിനെ എറിഞ്ഞു കൊന്നവനെ പോലീസ് വെടിവെച്ചു കൊന്നു...
അത് നീതി.
മനുഷ്യാത്മാവിന്റെ 
ഗന്ധവും...
സ്പർശവും...
നോവും...
നൊമ്പരവും...
പിടച്ചിലും... 
തിരിച്ചറിയാൻ കഴിയാതെ പോകുന്ന അഭിനവ ജനതയിൽ പെട്ട കാപാലികർ ഇന്നുകളിൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ...ബാലിയാടാവുന്നത് ഒന്നുമറിയാത്ത പിഞ്ചുകുട്ടികൾ.
ഒന്നോ...രണ്ടോ വയസ്സ് പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞ്.
അതും ദൈവത്തിന്റെ സ്വന്തം നാടെന്ന് അഹങ്കാരം കൊണ്ടിരുന്ന നമ്മുടെ കൊച്ചു കേരളത്തിലും.
ആ കുഞ്ഞിനെ തല്ലിയതും...
വേദനിപ്പിച്ചതും...കുഞ്ഞു കൈകൾ അടിച്ചൊടിച്ചതും എന്തിന്റെ പേരിലായിരുന്നു...
അല്ലെങ്കിൽ എന്തിന് വേണ്ടിയായിരുന്നു...?
ഒന്നുമറിയാത്ത പ്രായത്തിൽ ആ കുഞ്ഞിന്റെ ജീവൻ നഷ്ടമായപ്പോൾ എന്ത് നേടി പത്തുമാസം ചുമന്ന് പ്രസവിച്ചവളും...അവളോടൊപ്പമുള്ള നരാധമനും...ജീവൻ വെടിഞ്ഞ കുഞ്ഞിനെ പിടിച്ചിരുത്തി ഭക്ഷണം വാരി കൊടുത്തവൾ...
ഇവളെ എന്ത് പേരിട്ട് വിളിക്കണം.
അമ്മയെന്നോ... സ്ത്രീയെന്നോ...
വിളിക്കാൻ സാധിക്കുമോ...?അങ്ങിനെ വിളിച്ചാൽ അത് മറ്റു സ്ത്രീകൾക്ക് അപമാനമാകും.
ഇവർക്കൊക്കെ വധശിക്ഷ പോലും ഏറ്റവും ചെറിയ ശിക്ഷയാണ്.
ഇനിയുമുണ്ട് ഏറെ......
സ്ഥാനവലിപ്പത്തിന്റെയും...
ജാതീയതയുടെയും പേരിൽ...അവർ ഉയർത്തിപ്പിടിക്കുന്ന മഹിമയേക്കാൾ..
സ്നേഹവും...
സാഹോദര്യവും ആണ് മഹത്തരം എന്ന് മനസ്സിലാക്കാതെ പോകുന്ന പമ്പരവിഡ്ഢിയായ മനുഷ്യർ.
കപടതയുടെ...
തീനാളമെരിയുന്ന ഭൂമിയിൽ സാഥ്വികമായ മനസ്സോടെ ജീവിക്കുക എന്നത് കഠിനപ്രയത്നമാണ്.
ആത്മാർത്ഥതയുള്ള വാക്കുകളും...
ശാന്തമായ മനസ്സും.... കൈമുതലായുള്ളവരെ പുച്ഛിച്ചു തള്ളുന്ന നവയുഗം...
സാന്ത്വനവും..
സ്നേഹവും ....
എന്നേ ഇവിടങ്ങളിൽ നിന്ന് വിസ്‌മൃതിയിലാണ്ടുപോയി...
അവശേഷിക്കുന്നത് ജഢതുല്യമായ മനസിനുടമകളായ ചില കാപാലികർ മാത്രം