2026 ജൂൺ 5, വെള്ളിയാഴ്‌ച

അർദ്ധരാത്രിയിലെ സഹയാത്രിക (ചെറുകഥ)

അർദ്ധരാത്രിയിലെ സഹയാത്രിക
------------–-------(ചെറുകഥ)..........

മഴത്തുള്ളികൾ ഇറ്റു വീഴുന്ന ആ റോഡിൽ... തണുത്ത കാറ്റു വീശിയ ആ പാതിരാത്രിയിൽ മുന്നിൽ നടന്നു പൊയ്ക്കൊണ്ടിരുന്ന അവളോട്  ഞാൻ ചോദിച്ചു.ഒന്ന് നിൽക്കാമോ... നിന്നെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ടല്ലോ...അവൾ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.എന്നെ അങ്ങിനെ  മുൻപരിചയം ഉണ്ടാകാൻ വഴിയില്ല.കാരണം ഞാൻ എല്ലാ സമയവും പുറത്തിറങ്ങാറില്ല.
എന്നാ വേണ്ട.
നിന്റെ പേരെന്താണ്...
അത് കേട്ടപ്പോൾ അവളൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
പേര് പറഞ്ഞാൽ ഒരുപക്ഷേ അറിയാൻ വഴിയില്ല.
ഇതെന്ത് കഷ്ടം...ഞാൻ വീണ്ടും ചോദിച്ചു.നിന്റെ വീട് എവിടെയാണ്...കരിമ്പന എന്ന് പറയും...അവൾ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ആലോചിച്ചു.
അങ്ങനെ ഒരു സ്ഥലപ്പേര് ഞാൻ കേട്ടിട്ടില്ലല്ലോ...
ഇതേതാ ഞാൻ അറിയാത്തൊരു സ്ഥലം.
അവൾ വീണ്ടും പറഞ്ഞു. തറവാട്ട് പേര് പാലമരം എന്ന് പറയും.അവൾ പറഞ്ഞു.സുഹൃത്തേ
നീ കൂടുതൽ ആലോചിക്കേണ്ട.
എന്റെ കൂടെ വന്നാൽ ഞാൻ വീട് കാണിച്ചു തരാം...ഞാൻ അവളോട് പറഞ്ഞു.വീട്ടിൽ ചെന്നിട്ട് കുറച്ച് അത്യാവശ്യമുണ്ട്...അത് കൊണ്ട് ഇപ്പൊ ഞാൻ വരുന്നില്ല.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്.നീ നിന്റെ മൊബൈൽ നമ്പർ തരൂ...ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം.അപ്പോൾ ലൊക്കേഷൻ അയച്ചു തന്നാൽ മതി.അപ്പോൾ അവൾ പറഞ്ഞു.ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല...ഞാൻ ആലോചിച്ചു.ഇതെന്ത് ജന്മം..ഈ കാലഘട്ടത്തിലും മൊബൈൽ ഉപയോഗിക്കാത്തവരുണ്ടോ...എന്റെ ചിന്തയെന്തെന്ന് തിരിച്ചറിഞ്ഞ അവൾ പറഞ്ഞു.എന്നെ പോലെ ചിലരുണ്ട്...ഈ മൊബൈലും കമ്പ്യൂട്ടറും ഒന്നും ഉപയോഗിക്കാത്തവർ.
പിന്നെയും ഞങ്ങൾ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.അവസാനം എന്റെ വീട്ടിലേക്ക്‌ തിരിയാണുള്ള വഴിയെത്തിയപ്പോൾ ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു...അപ്പോൾ ഞാൻ ചോദിച്ചു.വീണ്ടും കാണുമോ...?
അവൾ മറുപടി ഒന്നും പറയാതെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ
മഴത്തുള്ളികളെ തട്ടിമാറ്റി ഞാൻ വീട്ടിലേക്ക് നടന്നു.ആ തിരിവിനുമപ്പുറം കുത്തനെ ഇറക്കമായിരുന്നു.(കോഴിക്കുന്ന് ഇറക്കം) ആ ഇറക്കം 
 ഇറങ്ങിപോകുന്ന അവളുടെ ചിരി വല്ലാതെ
ഉയരുന്നുണ്ടായിരുന്നു. ഞാൻ ആലോചിച്ചു. ഇവളുടെ ഈ ചിരി ഇറക്കത്തിനുമപ്പുറം പുല്ലത്തറ പാലം വരെ കേൾക്കുമല്ലോ...? വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ ഞാൻ സമയം നോക്കി.രാത്രി ഒരുമണി.  അയ്യോ....ഇവൾ വല്ല യക്ഷിയോ...പ്രേതമോ ആയിരിക്കുമോ...? അല്ലെങ്കിൽ തന്നെ ഇത് രണ്ടുമായാൽ എനിക്കെന്താണ്...? അല്ല..ഞാനെന്തൊരു മണ്ടനാ..അവളുടെ വേഷം ചുരിദാർ ആയിരുന്നല്ലോ.
അല്ല...ഇപ്പോ യക്ഷിയും ചുരിദാറിട്ട് തുടങ്ങിയോ...? ആർക്കറിയാം അവർക്കിടയിലും ചിലപ്പോൾ ഫാഷൻ ഷോ തുടങ്ങിയിട്ടുണ്ടാകും...അയ്യോ..
ഇനി കാണുമ്പോൾ ബർമുഡ ഇട്ട് വരാതിരുന്നാൽ മതിയായിരുന്നു....🤔

അഭിപ്രായങ്ങളൊന്നുമില്ല: