2017, മേയ് 2, ചൊവ്വാഴ്ച

എപ്പോഴാണ്‌ നമ്മള്‍ കരയാറുള്ളത്‌...?



മനസ്സില്‍ ചിലത്‌ നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്‌ത ജീവിതത്തിന്‍റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന്‌ മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്‍റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്‌ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്‌. ചില ഓര്‍മകള്‍ അല്‌പം പങ്കിടുമ്പോഴേക്ക്‌ അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്‌.. എത്ര സങ്കടത്തിന്‍റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്‌.. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്‌..
ആശ്വാസത്തിന്‍റെ തെളിനീർ ജലമാണ്‌ കണ്ണീര്‍., കനംതിങ്ങിയ വിഷാദത്തിന്‍റെ മഞ്ഞുകട്ടകള്‍ക്ക്‌ ഉരുകിയൊലിക്കാന്‍ കണ്ണീരുകൊണ്ടാവുന്നു. ദുഖം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ ആത്മസുഹൃത്തിനോട്‌ എല്ലാം പറഞ്ഞൊന്ന്‌ കരയുമ്പോള്‍ സുഹൃത്തിന്‍റെ ആശ്വാസവചനം കേള്‍ക്കുമ്പോള്‍ മനസ്സിനു കിട്ടുന്ന ഒരു സ്വസ്ഥതയുണ്ട്‌.. അപൂര്‍വം ചിലരുടെ മുന്നില്‍ മാത്രമേ കണ്ണുകള്‍ നിറയൂ. അവരുടെ മുന്നില്‍ അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കും. “കരയല്ലേ…” എന്ന ചെറുവാക്കുകൊണ്ട്‌ അവര്‍ പുതുമഴയായിത്തീരും. അത്രയും നല്ല സ്‌നേഹസൗഹൃദങ്ങള്‍ ജീവിതത്തിന്‍റെ പ്രകാശബിന്ദുക്കളാണ്‌; നല്ല വെളിച്ചങ്ങളാണ്‌..
ശരി. നാം എത്ര ബലം പിടിച്ചാലും....
ചില ഓര്‍മകള്‍ നമ്മുടെ കണ്ണുനനയ്‌ക്കുന്നു. ചിലരുടെ മുന്നില്‍ നമ്മുടെ കണ്ണുനനയുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ