ഏകാന്തത നിറഞ്ഞ ദിനങ്ങൾക്കിടയിൽ എന്തോ ഓർമ്മ വന്നപോലെ അയാൾ തന്റെ കട്ടിലിനടിയിലേക്ക് തള്ളി വെച്ച ആ പഴയ മരപ്പെട്ടി വലിച്ചെടുത്തു.കാലങ്ങളായി അതെടുക്കാത്തത് കൊണ്ട് നിറയെ മാറാല അതിൽ പറ്റി പിടിച്ചിരുന്നു.
തുറന്നപ്പോൾ അതിൽ നിന്നും പകുതിയിലേറെ അക്ഷരങ്ങൾ മാഞ്ഞുപോയ കുറേ കത്തുകൾ പുറത്തേക്ക് വീണു. വർഷങ്ങൾക്ക് മുൻപ് അമ്മ എഴുതിയ കത്തുകളായിരുന്നു അവ.നഗരത്തിലെ തിരക്കുകൾക്കിടയിൽ അയാൾക്ക് അമ്മയെ വിളിക്കാനോ നാട്ടിലേക്ക് പോകാനോ സമയം കിട്ടിയിരുന്നില്ല. "മോനേ, നിനക്ക് തിരക്കായിരിക്കും എന്ന് എനിക്കറിയാം, എന്നാലും ഒരു വാക്കെങ്കിലും എഴുതണേ..." എന്നായിരുന്നു മിക്ക കത്തുകളിലെയും അവസാന വരി.ഏറ്റവും ഒടുവിൽ വന്ന കത്ത് അയാൾ തുറന്നു വായിച്ചു.അതിൽ വരികൾ കുറവായിരുന്നു.പക്ഷേ... വിറയാർന്ന കൈപ്പടയിൽ ഇങ്ങനെ എഴുതിയിരുന്നു: "എന്റെ കണ്ണുകൾക്ക് ഇപ്പോൾ കാഴ്ച കുറവാണ് മോനേ. ഇനി നിനക്ക് കത്തുകൾ എഴുതാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.ഇനി നീ വരുമ്പോൾ എനിക്ക് വേണ്ടി കുറച്ചു നേരം സംസാരിക്കാൻ സമയം കണ്ടെത്തണേ..."ആ കത്ത് വായിച്ചു തീർന്നപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തോ ഒരു ഉൾപ്രേരണയിൽ പെട്ടെന്ന് ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാൾ ഓർത്തത്. ആ കത്ത് വന്നിട്ട് വർഷം രണ്ടായെന്നും, അമ്മ ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെന്നും! കാലങ്ങൾ കഴിയവേ തന്നോട് അടുപ്പമുള്ള പലരോടും അയാൾ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്ന വാക്കുകൾ ഇതായിരുന്നു.
നമ്മുടെയൊക്കെ
ചില തിരക്കുകൾ അവസാനിക്കുമ്പോഴേക്കും നമുക്കായി കാത്തിരുന്നവരിൽ പലരും നമ്മെ വിട്ട് യാത്രയായിട്ടുണ്ടാകും.അത് കൊണ്ട് ഏതൊരു ബന്ധവും പാതിവഴിയിൽ വലിച്ചെറിയാതിരിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ