2020 ഒക്‌ടോബർ 13, ചൊവ്വാഴ്ച

ഒരു കനലായ്....

ഏതോ ഒരു ജന്മത്തിന്റെ ഊടും പാവും പേറിയുള്ള ഈ യാത്ര തുടങ്ങിയിട്ട്‌ കാലം ഒരുപാടായി.ഇതുവരേം എവിടേയും ചെന്നെത്തിയില്ലായെന്നത്‌ ഇതിനിടയിലെ ഒരു സത്യം മാത്രം.ജീവിതം അങ്ങനാ പലപ്പോഴും.ബന്ധങ്ങൾക്കൊരു വിലയുമിലാത്ത കാലം.പലപ്പോഴും നമ്മെ തിരിച്ചറിയാത്ത...മനസിലാക്കാത്ത ചില ബന്ധങ്ങൾ.ഒരുപാടാവേശത്തോടെ ചിലതൊക്കെ നമ്മൾ നെഞ്ചിലേറ്റും.പക്ഷേ കയ്യെത്തും ദൂരത്തെത്തുമ്പോഴേക്കും നമ്മെ അവഗണിച്ച്‌ കൊണ്ട്‌ തള്ളിമാറ്റി ദൂരേക്ക്‌ പോയ്‌ കഴിഞ്ഞിരിക്കും.ഏറ്റവും അടുത്തവർ തന്നെയായിരിക്കും പലപ്പൊഴും മുൻപിൽ.ഇതൊന്നും ചിലരെ ബാധിക്കുന്ന കാരണങ്ങളേ അല്ല.കാരണം ഇന്നൊന്ന്..നാളെ രണ്ട്‌ അതാണല്ലോ പ്രമാണം.ഇതിനിടയിൽ വ്യക്തിയെന്ത്‌...? വ്യക്തിത്വമെന്ത്‌...? സൗഹൃദമെന്ത്‌....?ബന്ധങ്ങളെന്ത്‌...സ്നേഹമെന്ത്‌...?മനുഷ്യനെന്ത്‌...? പലപ്പോഴും നമ്മുടെ ധാരണകളൊന്നും ശരിയാകണമെന്നില്ലല്ലോ..? അങ്ങിനെ വേണമെന്ന് നിർബന്ധം പിടിക്കാനും അവകാശമില്ല.
പക്ഷേ...ഓർക്കുക.
ഓരോ ബന്ധവും ഒരു പളുങ്കുപാത്രത്തിനു തുല്യമാണ്.ഉടയാതെ..തകരാതെ സൂക്ഷിക്കാൻ ഒരുപാട്‌ ശ്രദ്ധയും കരുതലും വേണം.ഒരിക്കൽ തകർന്നാൽ വീണ്ടുമൊരു കൂട്ടിച്ചേർക്കൽ ഒരിക്കലും സാദ്ധ്യമായില്ലെന്ന് വരാം.
വിരഹമോ...വിരഹാർദ്ദ്രമോ അല്ല.പക്ഷേ എന്തോ ഒന്ന് ഉള്ളിൽ കിടന്ന് വല്ലാതെ തിളച്ച്‌ മറിയുന്നുണ്ട്‌.
ഒരു കനലായ്‌....
നോവായ്‌....
നൊമ്പരമായ്‌...
അകൽച്ചയിൽ നിന്ന് മത്രമേ ചിലപ്പോഴൊക്കെ ബന്ധങ്ങളുടെ ഇഴയടുപ്പം തിരിച്ചറിയാൻ സാധിക്കൂ.ഓർമ്മകളുടെ ഘനീഭവിച്ച ഇരുട്ടിലേക്ക്‌ വീണ്ടുമൊരു യാത്ര.ആരേയും ശല്ല്യപ്പെടുത്താതെ.

പ്രണയത്തിന്റെ പല ഭാവങ്ങൾ

പ്രണയമോ...ഇഷ്ടമോ...
എന്ത് പേര് ചൊല്ലി വിളിച്ചാലും അതിനെ പറ്റി പറയുക എളുപ്പമല്ല.ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും അതിന് ഓരോരോ രൂപങ്ങളാണ്.പത്തോ,പതിനഞ്ചോ വർഷങ്ങൾക്ക് എന്നിലോ നിന്നിലോ നിറഞ്ഞു തൂവിയ പ്രണയമാകില്ല ഇന്ന് ഉറഞ്ഞ മഞ്ഞായി നമ്മുടെയൊക്കെ ഉള്ളിൽ ഏതെങ്കിലും ഒരു കോണിൽ അടിഞ്ഞുകൂടി കിടക്കുന്നത്.എങ്കിൽ തന്നെയും നാളെ ഒരുപക്ഷേ ചെറിയൊരു തീനാളത്തിന്റെ ചൂടേറ്റ് അത് വീണ്ടും രൂപം മാറിയേക്കാം.എത്ര ഘനീഭവിച്ചാലും...തുടിച്ചൊഴുകിയാലും ഇളകാത്ത ആഴമായി ശാന്തമായാലും അത് ചിലരുടെടെയുള്ളിൽ തന്നെ കിടക്കുന്നു..
ഇതിൽ പലരും പലരെയും പിന്നീട് എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുമ്പോൾ പുറമേക്ക് ചിരിച്ചു സംസാരിക്കുമെങ്കിലും...ഒരു പിടച്ചിൽ താനേ നെഞ്ചിലുയരുന്നുണ്ടാകും...ഇരുവർക്കും..ഒപ്പം ഒരു നഷ്ടബോധവും...ആണിനായാലും പെണ്ണിനായാലും.ജീവിതത്തിൽ പ്രണയിക്കാത്തവർ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ...ഇല്ല...എന്നതാണ് സത്യം...
ഒരു സാദാ പ്രണയകഥകളുടെ ചതുരവടിവുകളെല്ലാം അടങ്ങിയതാവും ഓരോ പ്രണയവും..വിവേകബുദ്ധിയുള്ള പ്രണയം മാംഗല്യത്തോടെ പാവനമാകുന്നുവെങ്കിൽ...
വികാരഭരിതമായ പ്രണയം അത് ശാരീരികസുഖങ്ങൾക്കപ്പുറം പെയ്തൊഴിയുന്നു...ഓരോ പ്രണയത്തിനും തീക്ഷണതയും ഭംഗിയും ഏറുമ്പോൾ ആയുസ്സ് കുറവായിരിക്കും.കാരണം തീവ്രത കൊണ്ട് പൊട്ടിത്തെറിക്കാൻ പോകുന്ന ഏത് വികാരത്തിനാണ് നില നിൽക്കാൻ കഴിയുക..?
ചിലർ പ്രണയിക്കുന്നത് ശരിക്കും ഇഷ്ടം തോന്നിയിട്ട്.....ചിലർ ഒരു രസത്തിനും,നേരമ്പോക്കിനും....മറ്റുചിലർ അടിച്ചുപൊളിച്ചു നടക്കാനുള്ള പണത്തിന്...
ഇന്നിലെ പ്രണയിനികളിൽ പലരും മനസ്സിലാക്കാതെ പോകുന്ന  ഒന്നുണ്ട്.. നിന്നിൽ വന്നെത്തി നിൽക്കുന്ന ഓരോ പ്രണയവും പൂവിൽ നിന്ന് തേൻ നുകരുന്ന വണ്ടിനെപ്പോലെയാണ്...അത് നിന്നിൽ നിന്ന് മറ്റൊന്നിലേക്ക് പറന്നകലും..അവിടെ നിന്ന് വേറൊന്നിലേക്കും..ഒരു പനിനീർ പൂവായിരുന്ന നീ...അവസാനം വാടികരിഞ്ഞുണങ്ങുന്നു...
ഇതല്ലേ സത്യം....?

ഒന്ന് മാത്രം തിരിച്ചറിയാം.....

മനുഷ്യനും...മനുഷ്യത്വത്തിനും വിലയില്ലാത്ത ഈ കാലത്ത് ചില ഓർമ്മക്കുറിപ്പുകൾക്ക് പ്രസക്തിയുണ്ടാകില്ലെന്നറിയാം...
ചിലർ മനുഷ്യത്വത്തിന് വില പറയുന്നു... ഒപ്പം വേറെ എന്തിനൊക്കെയോ വിലയിടാൻ ശ്രമിക്കുന്നു... കേൾക്കേണ്ടി വരുന്ന ചില വാക്കുകൾക്ക് ഉത്തരം ഉണ്ടെങ്കിൽ തന്നെയും...പറയാൻ മനസ്സ് അനുവദിക്കാതെ വരുന്നു...ചില ബന്ധങ്ങൾ ഇത്രയും ക്രൂരമാകുമ്പോൾ  അവയിൽ നിന്നെല്ലാം പിന്മാറുക...എന്നതായിരിക്കും ശരിയെന്ന് തോന്നുന്നു.ചിലത് കണ്മുന്പിൽ
 തെളിഞ്ഞു വരുമ്പോൾ ചിലത് മായകാഴ്ചകളാകുന്നു.സത്യമേത്,മിഥ്യയേത്...ശരിയേത്,തേറ്റേത്.. ഒന്നും തിരിച്ചറിയാൻ പറ്റാത്ത ഒരവസ്ഥ..
ഒന്ന് മാത്രം തിരിച്ചറിയാം ഇപ്പോൾ....
മനുഷ്യനും വിലയില്ല...മാനുഷീക മൂല്യങ്ങൾക്കും വിലയില്ല...
ഇനിയുള്ള ഓരോ സമയവും...ഓരോ വാക്കുകളെയും  ഞാൻ മനസ്സിന്റെ ചൂളയിൽ ഇട്ട് സ്പുടം ചെയ്തെടുക്കട്ടെ....!

2020 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ബാക്കിയാകുന്ന ചിലർ

അലിഞ്ഞു ചേരും വരെ

ജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ

മഴനൂൽ പോലെ...