2020 ജനുവരി 26, ഞായറാഴ്ച
2019 സെപ്റ്റംബർ 28, ശനിയാഴ്‌ച
2019 ഏപ്രിൽ 30, ചൊവ്വാഴ്ച
കാലം...കൃത്യനിഷ്ഠയുള്ള തൊഴിലാളി...
കാലത്തിന്റെ പ്രധാന സ്വഭാവം അതിന്റെ വിശ്രമമില്ലാത്ത സഞ്ചാരമാണ്.
ഒരുപാട് പേരെ സന്തോഷപ്പെടുത്തി...
ഒരായിരം പേരെ ദുഃഖത്തിലാഴ്ത്തി...
വേറെ ചിലരുടെ നേരെ അതിന്റെ ക്രൂരമായ അവഗണന പ്രകടിപ്പിച്ചു കൊണ്ട് വിരാമമില്ലാത്ത അവസ്ഥയിലൂടെ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.
മനുഷ്യനും...വസ്തുക്കളും ചലനാവസ്ഥയിലാണോ..
നിദ്രാവസ്ഥയിലാണോഎന്നൊന്നും പരിഗണിക്കാതെ..
കാലം അതിന്റെ സ്വതസിദ്ധമായ ശൈലിയിൽ വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നു.കാലത്തിന്റെ ഈ കുത്തിയൊഴുക്കിനിടയിൽ
സ്വന്തം വീട്ടിലെങ്കിലും സ്വൈര്യം ലഭിച്ചെങ്കിൽ എന്ന് പരിഭവം പ്രകടിപ്പിക്കുന്ന ചിലർ...
ശാപവാക്കുകളും...പരിഹാസവും ഏറ്റുവാങ്ങുന്ന ചിലർ...
എന്തിനാ ഇങ്ങനെയൊരു ശാപജന്മം എന്ന തോന്നലിൽ ...
ജീവിതമങ്ങ് അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കുന്ന ചിലർ...
മനസ്സ് നിറയെ മൂടൽമഞ്ഞുമായി ...
ആശങ്കയുടെ ഇരുണ്ട നിറവും പേറി ജീവിക്കുന്ന ചിലർ...
ഇവരൊക്കെയും പലപ്പോഴും ആത്മഗതം പറയും....
എനിക്കാരോടും പരിഭവവും...പരാതിയുമില്ലെന്ന്.....
പക്ഷേ....
നിർത്തലില്ലാതെ പ്രയത്നിച്ചു കൊണ്ടിരിക്കുന്ന കാലത്തെ മാത്രം പഴിക്കുന്നു ഇക്കൂട്ടർ....
എനിക്ക് മാത്രമെന്തേ കഷ്ടകാലം എന്ന് സ്വയം ചോദിക്കുന്നു...
ആരുടെയും പരിഭവങ്ങളും...
പരാതികളും കേൾക്കാതെ കാലചക്രം ഇനിയും ഉരുളും..
കനത്ത ചൂടും...
കോരിച്ചൊരിയുന്ന മഴയുമായി..
ആരുടെയും കഷ്ടതകളിലും നൊമ്പരങ്ങളിലും കണ്ണുടക്കാതെ...
ആരുടെയും പരിദേവനങ്ങളും പരാതികളും ശ്രദ്ധിക്കാതെ....
ചിലർക്ക് നഷ്ടങ്ങളും സങ്കടങ്ങളും മാത്രം നൽകിക്കൊണ്ട്..
അശരണരുടെ സ്വപ്നഗോപുരങ്ങളെ പിടിച്ചുലച്ചുകൊണ്ട്...
നീതിയും...
നീതിനിർവ്വഹണവും രണ്ടും രണ്ടാണെന്ന് പറയാതെ പറഞ്ഞുകൊണ്ട്...
നിരപരാധികളെ ക്രൂശിച്ചും...
അപരാധികളെ തുറന്ന് വിട്ടും....
കാലചക്രം ഇനിയും ഉരുളും...
കൃത്യനിഷ്ഠയുള്ള തൊഴിലാളിയെപ്പോലെ....!
2019 മാർച്ച് 30, ശനിയാഴ്‌ച
നിറം മങ്ങിയ പശ്ചാത്തലങ്ങൾ....
വീടെന്ന നാലു ചുവരിനപ്പുറം വളർന്നു പോയ ഒരു ജനതയുടെ നാൾവഴികളിൽ..
പലപ്പോഴും കുടുംബ ബന്ധങ്ങൾക്ക്
മാറ്റ് കുറഞ്ഞു പോകുന്ന കാലം.
മാതാപിതാക്കൾ...
സഹോദരങ്ങൾ...
ഇടയ്ക്കുള്ള പിണക്കങ്ങൾ...
വൈകുന്നേരമുള്ള കൂടിചേരലുകൾ..
അതിനുമപ്പുറം ഒരു പകലിന്റെ വെളിച്ചത്തിൽ കണ്ടതും കേട്ടതും ഒക്കെ വിവരിക്കാനായി ഒരു സായാഹ്നവും ഉണ്ടായിരുന്ന ഒരു കാലത്തിനിപ്പുറം നിന്ന് നോക്കിയാൽ...
ചിലരൊക്കെയും കണ്ണീർ സീരിയലുകളിൽ മൂക്കുപിഴിഞ്ഞും..
കണ്ണുനീർ തുടച്ചും നെടുവീർപ്പിടുമ്പോൾ..
അതിനും അപ്പുറത്ത് അച്ഛനും...
മക്കളും ...സഹോദരീ-സഹോദരങ്ങളും മൊബൈലുമായി അവരവരുടെ ലോകത്ത് നിർവ്യാജം ഉല്ലസിച്ചു കൊണ്ടേയിരിക്കുന്നു..
തമ്മിൽ തമ്മിൽ സംസാരമില്ല...
ചിരിയില്ല...
തമാശകളില്ല.
ചിലപ്പോഴൊക്കെ ചില വീടുകൾ മരണ വീടിന് തുല്യമാണ്.
നല്ല മനസ്സുള്ള ഇണകളെ കിട്ടിയെന്ന് ഭാര്യാഭർത്താക്കന്മാരും..
നല്ല അച്ഛനമ്മമാരെ കിട്ടിയെന്ന് മക്കളും..
നല്ല മക്കളെ കിട്ടിയെന്ന് മാതാപിതാക്കളും..
സ്വയം അഭിമാനിച്ചിരുന്ന ഒരുകാലം.
ഇതിന്റെയൊക്കെ പിന്നിൽ സ്നേഹമെന്ന നിർവചിക്കാനോ...വിവരിക്കാനോ കഴിയാത്ത വികാരമാണ്..
ഇതേ സ്നേഹം കൊണ്ടുതന്നെയാണ് പിണങ്ങിയും...
പരിഭവിച്ചും...
സ്നേഹിച്ചും...
ഉപദേശിച്ചും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവർക്കും കഴിയുന്നത്.
കുടുംബം എന്ന വിളക്കിന്റെ എണ്ണയും തിരിയുമായ ചിലതൊക്കെയും അന്യം നിന്നു പോയി എന്നതാണ് സത്യം.
വീട്ടുകാരുമായി സംസാരിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയ്ക്കപ്പുറം മൊബൈലിൽ ആരോടൊക്കെയോ...
എന്തൊക്കെയോ മണിക്കൂറുകളോളം പറഞ്ഞു കൊണ്ടേയിരിക്കുന്നു...
അതിൽ ആണും..പെണ്ണും ഒക്കെ ഒരേപോലെ.
പക്ഷേ....
ഇന്ന് പലവീടുകളിലും...
ഈ വിളക്കിന്റെ പ്രകാശം നന്നേ മങ്ങിപ്പോകുന്നു..
സാങ്കേതിക വിദ്യയുടെയും വിവരത്തിന്റെയും ചുവടുവച്ച് നീങ്ങുന്ന ഇന്നിന്റെ യുവത്വത്തിനിടയിൽ...
ഉപദേശവും...
പരിഭവവും കാലഹരണപ്പെട്ട ചിന്താഗതി മാത്രം..
വളർത്തി വലുതാക്കിയതിന്റെയോ....
അതിനിടയിൽ അനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളുടെയോ...
സങ്കടങ്ങളുടെയോ..
വേദനയുടെയോ കണക്കുകൾ കൂട്ടിനോക്കാൻ പലരും മറന്നു പോകുന്നു.
കാലത്തിനൊപ്പം നീങ്ങണം എന്ന ചിന്താഗതിയിൽ...
മറച്ചു വെച്ചതൊക്കെയും പുറത്തേക്കെടുക്കാൻ ഒരു ത്വര ചിലർക്ക്...
ഒരുപാട് പരിതാപകരമായ കണ്ടറിവുകളും കേട്ടറിവുകളും ഉണ്ടായിട്ടും....
വിവേകബുദ്ധിയോടെ പ്രവർത്തിക്കേണ്ട സന്ദർഭങ്ങളിൽ പലരും വികാര വിഭ്രാന്തിയോടെ പെരുമാറുന്നു എന്നതാണ് യാദാർത്ഥ്യം.
ഏതൊക്കെയോ സ്കൂളുകളിൽ നിന്ന് മാതാപിതാക്കൾക്ക് ഇതുവരെയില്ലാത്ത ഒരറിയിപ്പ് കിട്ടി.
അവസാന പരീക്ഷാദിവസത്തിൽ സ്കൂളിൽ വന്ന് മക്കളെ കൂട്ടിക്കൊണ്ടു പോകണമെന്ന്.
ചിലർക്ക് ആഘോഷമാണ്...
ചിലർക്ക് വേർപാടാണ്...
ചിലർക്ക് ലഹരി തേടിയുള്ള യാത്രയാണ്..
ഇതെല്ലാം അറിഞ്ഞത് കൊണ്ട് തന്നെയായിരിക്കും ഒരുപക്ഷേ ഇങ്ങനെ അറിയിപ്പിന് ഉദ്യമം കുറിച്ചത് എന്ന് തോന്നിപ്പോകുന്നു.
ഇവിടെ ഉപദേശങ്ങൾക്കും...
പരിഭവങ്ങൾക്കും സ്ഥാനമില്ല...
മറിച്ച് താനാണ് ശരി എന്ന മൗഢ്യമായ വിശ്വാസം മാത്രം ചിന്തകളിലും സ്വപ്നങ്ങളിലും പ്രവർത്തിയിലും ഊന്നൽ കൊടുത്ത ചിലർ.
എല്ലായ്പ്പോഴും സത്യത്തിന്റെ മുഖം വികൃതമാണ്...
മിഥ്യയുടെ മുഖം തെളിഞ്ഞും നിൽക്കുന്നു.ചിലയിടങ്ങളിൽ വിവേകത്തിനപ്പുറം..
വികാര നിമിഷങ്ങളാണ്..
ഇനിയും വിവേകത്തിന്റെ ഒരംശമെങ്കിലും ബാക്കി വെയ്ക്കാൻ തയ്യാറായില്ലെങ്കിൽ ചില ജീവിതങ്ങൾ അണയാൻ പോകുന്ന തിരിവിളക്കിന്റെ അവസാനത്തെ ആളിക്കത്തൽ മാത്രമായി തീരും.....എന്ന ചെറിയൊരു ഓർമ്മപ്പെടുത്തൽ മാത്രം ബാക്കി വെയ്ക്കുന്നു....!
2019 മാർച്ച് 25, തിങ്കളാഴ്‌ച
കാലമേ..നീയാണ് സാക്ഷി
കാലത്തിനൊപ്പം ജീവിതത്തിന്റെ ഓരോ പടികൾ കയറി പോകുമ്പോൾ...ഇന്നിലെ കൗമാരവും..യൗവ്വനവും ചിലതൊക്കെ മറന്ന് പോകുന്നില്ലേ എന്നൊരു ഓർമ്മപ്പെടുത്തലോടെ.....
സ്നേഹിക്കാൻ പഠിക്കുന്നതോടൊപ്പം മറക്കാനും പഠിക്കണം...
ആ പാഠം ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നത് ചില മാതാപിതാക്കളാണെന്ന വ്യത്യാസം മാത്രമേയുള്ളൂ..
ഒരുപാട് മോഹിച്ച്...തഴുകി തലോടി വളർത്തിയ ആണും പെണ്ണുമടങ്ങിയ മക്കൾ കണ്മുന്പിൽ നിന്ന് അകന്ന് പോകുന്നത് കാണാൻ വിധിയ്ക്കപ്പെട്ട ചിലർക്ക് മുൻപിൽ...
ചിലരുടെ യാത്ര മരണത്തിലേക്കും...
മറ്റു ചിലരുടെ യാത്ര സ്വയം കെട്ടിപ്പൊക്കിയ ...
രക്ത ബന്ധങ്ങളെ മറക്കാൻ ഉതകിയ പ്രണയ സാക്ഷാൽക്കാരമെന്ന അഭിനവ നാട്യത്തിലേക്കും ആണെന്ന് മാത്രം.ഇങ്ങനെ..
സ്വന്തം സ്ഥിയെന്ത്...അവസ്ഥയെന്ത്...
നൊന്തുപ്രസവിച്ചു പോറ്റി വളർത്തിയവരുടെ സങ്കടമെന്ത് എന്നത് മന:പൂർവ്വം മറന്ന് അവസര വാദത്തിന്റെ മുഖം മൂടിയണിഞ്ഞവരെ ജീവിതയാത്രയുടെ വഴിയോരങ്ങളിലെ നിത്യ കാഴ്ചയായി തീർന്നതിൽ ഒരു പങ്ക് ചില മാതാപിതാക്കൾക്കുണ്ടെന്നതാണ് സത്യം.
പട്ടിണിയും..പരിവട്ടവുമായി കഴിഞ്ഞു പോയ പഴയൊരു കാലഘട്ടത്തിൽ ഏത് മക്കൾ പുറത്തു പോയാലും അത് ആണായാലും പെണ്ണായാലും ഇരുട്ടും മുൻപ് കളങ്കമേതുമില്ലാതെ തിരിച്ചെത്തും എന്നൊരു ഉറപ്പ് കഴിഞ്ഞു പോയ പഴയൊരു കാലഘട്ടത്തിലെ അമ്മയ്ക്കോ..
അച്ഛനോ..സഹോദരങ്ങൾക്കോ ഉണ്ടായിരുന്നു...പക്ഷേ...
ഇന്ന് സ്ഥിതി മാറി..
എന്തെങ്കിലും ഒരു ഉറപ്പ് നിങ്ങൾക്ക് പറയാൻ കഴിയുമോയെന്ന് സ്വയം ചിന്തിച്ചു നോക്കുക..
പുറമേക്ക് ഉണ്ട് എന്ന് പറയാൻ കഴിയുമെങ്കിലും...
പലർക്കുമറിയാം ആ ഉറപ്പ് പലർക്കുമില്ലെന്ന്..
സ്കൂളോ..കോളേജോ വിട്ടുകഴിഞ്ഞാൽ ആളൊഴിഞ്ഞ ഊടുവഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ചിലരെ നിങ്ങൾക്കും കാണാൻ കഴിയും.
ബസ്സ്റ്റാന്റിലും കാണാം മറ്റു ചിലരെ .
കണ്ണോട് കണ്ണ് ചേർന്ന്..
ലോകം മറന്ന്..പരിസരം മറന്ന് പ്രണയ നാടകമാടുന്ന ചിലരെ...
ചിലപ്പോൾ പണ്ടത്തെ ബസ്സിലെ എയർ ഹോണും...ഡ്രൈവറും തമ്മിലുള്ള കരലാളനത്തോടും ഉപമിക്കാം.
ചോദിച്ചാൽ സൗഹൃദം..
അതിനുപ്പുറത്തേക്ക് ചികഞ്ഞുപോയാൽ സദാചാരവാദി എന്നൊരു ലേബലും ചാർത്തി തരും ഇത്തരക്കാർ..
ചില നിമിഷങ്ങളുടെ വിവരമില്ലായ്മ എവിടെ കൊണ്ടെത്തിക്കും എന്നൊരു ചിന്ത ഇന്നിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.ഇത്തരത്തിലുള്ള നിമിഷ-ദിവസ സുഖങ്ങൾ തേടിയുള്ള യാത്രയിലാണ് ഇന്നിലെ ചില കൗമാരങ്ങൾ..
അതിൽ ഏഴാം ക്ലാസോ..എട്ടാം ക്ലാസോ...
അതിനപ്പുറമോ എന്നൊരു വ്യത്യാസം പോലുമില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
സ്വപ്നങ്ങൾ സുരഭില സൂനമണിയിക്കുന്ന സാമ്രാജ്യം കീഴടക്കാൻ പോകുന്നവന്റെ ത്വരയാണ് ചിലർക്ക്.
ഒന്നോർക്കുക...!
പുറപ്പെടുമ്പോഴുണ്ടായിരുന്ന പ്രേരണ പിന്നീട് ആരിലും ഉണ്ടായെന്ന് വരില്ല.കാരണം പിന്നീടങ്ങോട്ടുള്ള ജീവിത യാഥാർഥ്യങ്ങൾ. ഒരുപാട് അറിഞ്ഞിട്ടും..
അനുഭവിച്ചിട്ടുമുണ്ടാകും അപ്പോൾ.
പിന്നീടങ്ങോട്ട് തീനാളവും..ചിത്രശലഭവുമാണ് ഓരോ മനസ്സിലും ഓർമ്മ വരിക.ജീവിതത്തിലെ എല്ലാ അബദ്ധങ്ങൾക്കും..
നൈരാശ്യങ്ങൾക്കും ശേഷംമാണ് ചിലർക്ക് ബോധോദയം ഉണ്ടാവുക.
വിവേകത്തെ കീഴടിക്കിയുള്ള ഇന്നിലെ വികാര ജീവികൾ...അതവരെ എവിടേക്ക് നയിക്കുമെന്ന് അവരവർക്ക് തന്നെ അറിയില്ല...അതിനിടയിൽ ഇത്തരത്തിലുള്ള വരികൾ ചിലർക്ക് ദഹിക്കാനും വഴിയില്ല...
എന്നിരുന്നാലും...
കാലമേ...നീയാണ് സാക്ഷി...!
2018 ഡിസംബർ 10, തിങ്കളാഴ്‌ച
ഇങ്ങനെയും ചിലർ
ആരോടും സംസാരിക്കാതെ...
പലരുടേയും മുൻപിലൂടെ...
ഈ ലോകത്തിൽ ജീവിക്കുന്നെങ്കിലും ആരോടും പരിഭവമില്ലാതെ...
ഇവിടെയെങ്ങുമല്ലാത്തൊരു ജീവിതം.
അവർക്ക് മതമില്ല...
ജാതിയില്ല...
സവർണ്ണ-അവർണ്ണ ചിന്തകളില്ല...
രാഷ്ട്രീയ കൊടിയുടെ നിറഭേദങ്ങളില്ല.
അവർക്ക് മുന്നിൽ ദുഷ്ടന്മാരില്ല നല്ലവരുമില്ല.ഇടയ്ക്കെപ്പോഴോ നമ്മുടെയൊക്കെ മുൻപിൽ വന്ന് കൈനീട്ടുകയും..
എന്തെങ്കിലും കിട്ടിയാൽ ഭക്ഷിച്ചും...
അഴുക്കുചാലിൽ കഴിയുന്ന ജീവികളെ പോലെ ജീവിതം ജീവിച്ചു തീർക്കുന്ന ചിലർ നമുക്കിടയിൽ ഉണ്ട്.
ചിലപ്പോഴൊക്കെ നാം ആട്ടിയകറ്റുന്ന ചിലർ..ഒരുപക്ഷേ
അവർക്കും ചില സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം അല്ലേ..?ആശകൾക്കിടയിൽ...
വിരഹങ്ങൾക്കിടയിൽ...
വേർപ്പാടുകൾക്കിടയിൽ കാലിടറിപ്പോയവരാകാം അവരിൽ ചിലർ..ഒന്നും നമുക്ക് അറിയില്ല...
നാം അത് അറിയാൻ ശ്രമിക്കാറുമില്ല.
കാരണം അവർക്ക് കഥ പറയുന്ന കണ്ണുകളോ..
നിരയൊത്ത പല്ലുകൾ കാട്ടിയ ചിരിയോ ഇല്ല.
അവർക്ക് പങ്കുവെക്കാൻ ഒന്നുമില്ല...
സ്നേഹമോ...
സൗഹൃദമോ...
പ്രണയമോ...ഒന്നും..
അവർക്ക് ആരെയും വഞ്ചിക്കേണ്ട..
അവർ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല...
നാളേക്ക് വേണ്ടി ഒന്നും കാത്തുവെയ്ക്കുന്നുമില്ല...
അവരെ നാം ചിലപ്പോൾ വിളിക്കുന്ന പേരാണ്...ഭ്രാന്തൻ...!
ഇതൊന്നുമല്ലാത്ത നാം....
എന്തൊക്കെയോ നേടാൻ ആഗ്രഹിക്കുന്നു...
നേട്ടങ്ങളുടെ യാത്രക്കിടയിൽ ആരെയൊക്കെയോ ചവിട്ടി താഴ്ത്തുന്നു...
ചിലപ്പോൾ ജീവിതത്തിൽ...
ചിലപ്പോൾ അവരുടെ സ്വപ്നങ്ങളിൽ നിന്ന്.അത് രക്തബന്ധങ്ങളെ ആകാം.
സൗഹൃദങ്ങളെ ആകാം...
സ്വന്തം ലക്ഷ്യപ്രാപ്തിക്ക് വേണ്ടി എന്തും ചെയ്യാൻ ഉത്സാഹം പ്രകടിപ്പിക്കുന്ന മാനസികാവസ്ഥയിൽ നമ്മിൽ ചിലർ...
ഇതിനിടയിൽ...
ബുദ്ധിയും...
വൈഭവവും..
കാര്യശേഷിയും ഉള്ള...
നേട്ടങ്ങൾക്ക് പിറകെ മറ്റു പലരുടെയും സ്വപനങ്ങൾ തല്ലി തകർത്ത്...
മുന്നോട്ട് പായുന്ന നമുക്കിടയിൽ തിമിർത്താടുന്ന ചിലർക്കാണോ...ഭ്രാന്ത്....
അതോ...
ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ട...
ബോധമണ്ഡലങ്ങളിൽ ഇരുട്ട് പരന്ന ഇങ്ങനെയൊക്കെ ജീവിക്കാൻ വിധിക്കപ്പെട്ട അവർക്കാണോ ഭ്രാന്ത്....? നാമും...ചിലപ്പോഴൊക്കെ സ്വയം ചിന്തിച്ചു നോക്കേണ്ടേ....? സ്വന്തം ജീവിതത്തിൽ ഒരുവട്ടമെങ്കിലും...!
ജീവിതയാത്ര...
ജീവിതം എല്ലായ്‌പ്പോഴും ഒരു ദീർഘദൂര ട്രെയിൻ യാത്രയോ...ബസ്സ് യാത്രയോ പോലെയാണ്.യാത്രയിലൊക്കെയും നമ്മുടെ കൂടെ സഹയാത്രികർ ഉണ്ടാകും...ചിലപ്പോൾ പരിചയക്കാർ....ചിലപ്പോൾ അപരിചിതർ.നമ്മുടെ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുംവരെ യാത്രയുടെ ആരംഭത്തിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവർ ആയിരിക്കില്ല പിന്നീടുള്ള യാത്രയിൽ ഉണ്ടാവുക...ചിലർ പാതി വഴിയിൽ നമ്മോട് യാത്ര പറഞ്ഞും...പറയാതെയും ഇറങ്ങിപ്പോകുന്നു.ജീവിതത്തിൽ ആയാലും...യാത്രയിൽ ആയാലും ആരും നമ്മോടൊപ്പം എല്ലാ കാലത്തും ഉണ്ടാവുകയില്ല.
ഓരോ യാത്രയിലും വേർപിരിയൽ സ്വാഭാവികമാണ്.ഇന്നിലെ പലരുടെയും സോഷ്യൽ മീഡിയ സൗഹൃദങ്ങളും ഇത്തരത്തിൽ ഒരു യാത്രതന്നെയാണ്. ജീവിതത്തിൽ ചിലരെ പരിചയപ്പെടുന്നതും....സൗഹൃദത്തിൽ ഏർപ്പെടുന്നതും ഒരു അനുഗ്രഹമായിട്ടായിരിക്കും...പക്ഷേ...ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മെ കൈപ്പേറിയ ഒരു പാഠം പഠിപ്പിക്കാനായിരിക്കും...കരുതിയിരിക്കുക...!
പുരോഗമനത്തിന്റെ വഴിയിലൂടെ.....
ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...
ചെറിയ തമാശകളിലൂടെയും കുസൃതികളിലൂടെയും...
പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധങ്ങൾ ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്....പലരും.
നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൗഹൃദത്തില്‍...,പ്രണയത്തില്‍...,
ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.
ചില ബന്ധങ്ങൾ
വ്യക്തമായ തുടക്കമോ...,
ഒടുക്കമോ ഇല്ലാത്ത...
ചില കഥകൾ പോലെ...ഉടലെടുക്കുകയും അവസാനിക്കുകയും ചെയ്യുന്നു.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ...
പ്രണയം...
സൗഹൃദം...
രക്തബന്ധം....
ദാമ്പത്യം ആധുനികലോകത്ത് ഇവയുടെ പ്രാധാന്യങ്ങൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങൾക്ക് ആയുസ് കുറവാണ്.
ഇങ്ങനെ തകരുന്ന ബന്ധങ്ങൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്യും.
കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും.
സൗഹൃദം എങ്ങിനെ എന്നല്ല.അത് ഏതറ്റം വരെ പോകുന്നു എന്നതാണ്....ചിന്തിക്കേണ്ടത്.
ഇന്നിലെ സോഷ്യൽമീഡിയ സൗഹൃദങ്ങളിൽ ചിലത്....പ്രണയത്തിലേക്കും..
അവസാനം അത് പീഡനങ്ങളിലേക്കും വഴിമാറി പോകുന്നു...
ഈ അടുത്ത കാലത്ത് അങ്ങിനെ ഒരു വാർത്തയും നമ്മിൽ പലരും വായിച്ചിട്ടുണ്ടാകും...
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പീഢനം.എന്തായാലും ഒരു ആപ്ലിക്കേഷൻ എന്ന നിലയിൽ ഇതിനുള്ളിൽ പീഢനം നടക്കില്ല.പിന്നെ എങ്ങിനെ...രാത്രിയും..
പകലുമില്ലാതെ...വ്യക്തമായ രൂപരേഖകളൊന്നുമില്ലാത്തവരുമായി ഒരു നിയന്ത്രണമില്ലാത്ത ചാറ്റിംഗ്..
പോസ്റ്റീവായ സൗഹൃദങ്ങളെ പിന്തള്ളി നെഗറ്റീവ് മാത്രം ഇഷ്ടപ്പെടുന്ന ചിലർ.
വിവേകപരമായ ഉപദേശങ്ങളേക്കാൾ...
വികാരപരമായ വാക്കുകളെ ഇഷ്ടപ്പെടുന്നവർ..
പുരോഗമന ചിന്താഗതിക്കാരണല്ലോ പലരും...അതിൽ ചില സ്‌കൂൾ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സ്കൂൾ വിട്ടുള്ള വരവും പുരോഗമന ചിന്തയിൽ ഉൾപ്പെടുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
കാരണം ചിലരുടെ സഞ്ചാരം അങ്ങിനെയാണ്.
എങ്ങനെയോ വരുന്നു.
എങ്ങിനെയോ തിരിച്ചുപോകുന്നു..ചിലർ തോളിലൂടെ കയ്യിട്ട്...ചിലർ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്...
ഇത്തരം പ്രകടനങ്ങളിൽ വികാരത്തിനടിമപ്പെടുമ്പോൾ മുൻപേ പറഞ്ഞ പുരോഗമന ചിന്താഗതിക്കാർക്ക് വിവേകബുദ്ധി
എന്നൊന്നില്ലേ....?
പ്രണയ പരവശയായ വികാരനിമിഷങ്ങളുടെ പാരമന്യത്തിൽ മൊബൈൽ വിഡീയോ റെക്കോർഡിങ്ങിന് അർദ്ധസമ്മതം മൂളുമ്പോൾ ഓർക്കാമായിരുന്നില്ലേ...
അത് ചതിക്കാനായിരിക്കുമെന്ന്..
ഒരാൾ പിന്നെ രണ്ടാളായി...
പിന്നെ ഇരട്ടിയായി...
വാർത്താമാധ്യമങ്ങൾക്ക് ചാകരയായി...
എവിടെയും തിരിച്ചറിവില്ലാതെ...
ആരുടെയൊക്കെയോ വാക്കുകളിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണമായിരുന്നു..
ഈ യാത്ര എങ്ങോട്ടെന്ന്...
രാത്രിയും...പകലുമില്ലാതെ...
രസം കൊള്ളിക്കുന്നതും വികാരപ്പെടുത്തുന്നതുമായ ചാറ്റിങ്ങിൽ മുഴുകുമ്പോൾ ഓർക്കണമായിരുന്നു... അവസാനം എവിടെ ചെന്നെത്തി നിൽക്കുമെന്ന്...
ആരാണ് ഉത്തരവാദി...?
ചില സമയാസന്ദർഭങ്ങളിൽ മാതാപിതാക്കളും..
പിന്നെ നീയാണ് ഏറ്റവും ശരിയെന്ന് അഹങ്കരിച്ച എന്നിലെ ഞാനും നിന്നിലെ നീയും...
2018 നവംബർ 27, ചൊവ്വാഴ്ച
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
