2016, ഏപ്രിൽ 13, ബുധനാഴ്‌ച

നമ്മൾ തന്നോർമ്മയും ഒരുനാൾ ബാക്കിയാവും

🔸........നമ്മൾ തന്നോർമ്മയും ഒരുനാൾ ബാക്കിയാവും......🔹
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
''സൂര്യൻ ഒരു ദിവസം ഉദിച്ച് അസ്തമിക്കുന്ന സമയം നമ്മുടെ ആയുസ്സിന്റെ ഒരു ഭാഗം കൂടി കൊണ്ടുപോകും.അതറിഞ്ഞ്  വ്യസനിച്ചും സൽകർമ്മം ചെയ്തുകൊള്ളണം'' എവിടെയോ വായിച്ച വേദാന്ത ശകലമാണിത്.ജീവിതത്തെക്കുറിച്ച്....പോകുന്ന കാലത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുവാനുതകുന്ന ഇത്തരം ചിന്താസരണികളാണ് കാലവും പ്രായവും നമ്മെ കടന്ന് പോകുമ്പോൾ ആശ്വാസമാകേണ്ടത്.
എന്നാൽ പല ആൾമരങ്ങളും അഹങ്കാരത്തിന്റെ മേലങ്കികളിൽ സ്വയം തടിച്ച് മഞ്ഞുപർവ്വതമായി നിലകൊള്ളുന്നു.രാഷ്ട്രീയമായാലും,സാംസ്കാരികമായാലും,സാഹിത്യമായാലും അവനവന്റെ ഇച്ഛയ്ക്കും ഛോദനയ്ക്കും ശമനൗഷാദമായി ചെയ്ത പ്രവർത്തികൾ സമൂഹത്തിനും മാലോകർക്കും വേണ്ടി  പൂർത്തിയാക്കിയ മഹാകാലങ്ങളായ്  കൊണ്ടാടപ്പെട്ടു ഏമ്പക്കം വിടുന്ന വിടുവായാടിത്തം ഇക്കൂട്ടരുടെ മുഖമുദ്രയാണ്.
ഇതിനിടയിൽ  ജീവിക്കുന്ന കാലത്ത്  സാന്നിദ്ധ്യം കൊണ്ട് സമീപസ്ഥരെ മുഴുവൻ ഒരു മൺ ചിരാതിന്റെ ഇത്തിരി വെട്ടമായെങ്കിലും സേവിച്ച് സ്വയമെരിഞ്ഞു  വെളിച്ചം തന്നിരുന്നവരെയും....തരുന്നവരെയും സ്മരിക്കാൻ ആർക്കുണ്ട് ഇന്നുകളിൽ സമയം..?ഇവ്വിതമങ്ങനെ കാലരഥമുരുണ്ടു നീങ്ങുന്നു.
പോയ കാലത്തെ ചൊല്ലിയുള്ള വേവലാതികളിൽ  എപ്പോഴോ കേട്ട ഒരു നാട്ടുമ്പുറ കഥ ഓർമ്മ വരുന്നു.
അമ്മയോടൊപ്പം ചന്തയിൽ പോയ കുട്ടി കടയിൽ തൂങ്ങിക്കിടക്കുന്ന കിലുക്കിട്ടം(കളിക്കോപ്പ്) നായി കരഞ്ഞു.വീട്ടുസാധാനങ്ങൾ വാങ്ങി മടിശ്ശീല കാലിയായിത്തീർന്ന അമ്മയ്ക്ക് മറ്റ് വഴികളൊന്നുമില്ലാതെ രണ്ട് തല്ല് നൽകി കരച്ചിൽ നിർത്തിക്കേണ്ടി വന്നു.വീട്ടിൽ തിരിച്ചെത്തിയ കുട്ടി അച്ഛനോട് പരിഭവം പറഞ്ഞു.വിഷമം തോന്നിയ അച്ഛൻ പിറ്റേന്നാൾ ജോലികഴിഞ്ഞു വരുമ്പോൾ മകന് കുറച്ച് വിലകൂടിയ കിലുക്കിട്ടം തന്നെ വാങ്ങി കൊണ്ടു വന്നു കൊടുത്തു.അത് കയ്യിൽ കിട്ടിയ ഉടനെ കുട്ടി വീണ്ടും കരയാനാണ് തുടങ്ങിയത്.എന്താണ് കാര്യമെന്ന് അന്വേഷിച്ച രക്ഷിതാക്കൾക്ക് മുന്നിൽ അവൻ ഒന്നുകൂടി ഉച്ചത്തിൽ കരഞ്ഞു കൊണ്ട് പറഞ്ഞു."എനിക്കിന്നലെ കിലുക്കണം" എന്ന്.
ഇന്നലെ കിലുക്കാനാവാതെ വേദനിക്കേണ്ടി വന്ന കുട്ടിയുടെയും.....അതിനവസരം നഷ്ടപ്പെടുത്തിയ രക്ഷിതാക്കളുടെ  അസ്വസ്ഥതകളുടെ ആകെത്തുകയാണ് ഈ ജീവിതം. (കാലം മാറി...ഇന്നത്തെ കുട്ടികൾക്ക് കിലുക്കിട്ടം വേണ്ട സ്മാർട്ട്‌ഫോൺ മാത്രമേ വേണ്ടൂ...)പുഴയിൽ ഒഴുകിപോകുന്ന വെള്ളത്തെപോൽ കാലവേഗത്തിൽ പൊലിഞ്ഞു തീരുന്നതാണ് ആയുസ്സും.അത് കൊണ്ട് തന്നെ ഓരോനിമിഷവും ...ദിവസവും...മാസവും..വർഷവും നമുക്ക് അവബോധങ്ങളുടെ പുതു ഊർജ്ജങ്ങളായി തീരട്ടെ.
എൻ .എൻ.കക്കാട് ചൊല്ലിയതുപോലെ........
"നീണ്ടൊരീ യാത്രതൻ വേദനകൾ.....
നീറുന്ന കാൽകളിൽ നോവുമാത്രം.
നീണ്ടൊരീ യാത്രതൻ സാദമെല്ലാം....
നീളും കിനാവിൻ നിഴലുമാത്രം.
ഓരോകവലയിൽ നമ്മളൊന്നി-
ച്ചൂണ് കഴിച്ചു വലിച്ചെറിഞ്....
വാടിക്കരിഞ്ഞൊരു നാക്കിലായായ്-
നമ്മൾ തന്നോർമ്മയും ബാക്കിയാവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ