2016, ഏപ്രിൽ 13, ബുധനാഴ്‌ച

ജീവിതം

കാലചക്രമിനിയും ഉരുളും.യാത്രാപഥത്തിൽ ഇരുട്ട്‌ പരക്കും മുൻപ്‌...പ്രഭാതമോ...?പ്രദോഷമോ...എന്നറിയാതെ.
പക്ഷേ...
കാലമിനിയും ഉരുളും.കാലത്തിന്റെ ഗതിയെന്തെന്നറിയാതെ മനുഷ്യൻ ജനിക്കുന്നു.ഇനിയും കണക്കു കൂട്ടാൻ കഴിയാത്ത ആയുസ്സിൽ എന്തൊക്കെയോ നേടുവാനാശിക്കുന്നു.
അന്തമില്ലാത്ത ആശകൾക്ക്‌ നടുവിൽ സത്യവും...നീതിയും,സ്നേഹവും...സൗഹൃദവും ഒക്കെ വിസ്മരിക്കുന്നു.അൽപ്പം ചിലതൊക്കെ നേടുവാൻ കഴിയുമെങ്കിലും അനശ്വരമായതൊന്നും തന്നെ നേടുന്നുമില്ല.കിട്ടിയതൊന്നും കൂടെ കൊണ്ടുപോകാൻ കഴിയാതെ യാത്രയുടെ അവസാനത്തിൽ വഴിയിൽ ഉപേക്ഷിക്കുന്നു.
കൈകളിലൊന്നുമില്ലാതെ ജനിക്കുന്നതും...മരിക്കുന്നതും ഒരു തുടർക്കഥയായ്‌ തുടരുന്നു.നേടുമെന്നുറക്കെപറയാതെ മനസ്സിൽ പറഞ്ഞ്‌ കൈകൾ ചുരുട്ടി ഭൂമിയിൽ പിറവിയെടുക്കുന്ന പാവം മനുഷ്യൻ...
അന്ത്യയാത്രയിൽ കൈകൾ നിവർത്തി കയ്യിലൊന്നുമില്ലെന്ന് നിശബ്ദം പറയാൻ വിധിക്കപ്പെട്ട മനുഷ്യൻ.
കഴിഞ്ഞുപോയതിനും..ഇനി വരാനിരിക്കുന്നതിനും നിശബ്ദ സാക്ഷിയായ്‌ കാലചക്രം ഇനിയും ഉരുളും.അതിന്റെ പാതയിൽ ഇരുട്ട്‌ പരക്കും മുൻപേ...അറുത്ത്‌ മുറിച്ചെറിഞ്ഞെന്ന് നമ്മൾ സ്വയം കരുതുമ്പോഴും മുറിഞ്ഞുപോകാത്ത ചില ബന്ധങ്ങളുണ്ടാകാം.അവയെ തിരിച്ചറിയുക.അത്‌ സൗഹൃദമോ...രക്തബന്ധമോ..എന്തായാലും അവയുടെ വില മനസ്സിലാകുക.കാരണം ചില ബന്ധങ്ങൾക്ക്‌ മുറിവുണക്കാനും...നോവകറ്റാനും കഴിയും.ഇങ്ങനെയുള്ള ബന്ധങ്ങളെ പലപ്പോഴും ജീവിതയാത്രയുടെ ആദ്യത്തിലല്ല അവസാനത്തിലേ തിരിച്ചറിയാൻ കഴിയൂ.അപ്പോഴെക്കും ഒരുപാട്‌ വൈകിയിരിക്കും.കൂടെ കൂട്ടണമെന്ന് ഒരുപാടാഗ്രഹിച്ചാലും കൂടിച്ചേരാത്തത്ര ഒരുപാടകലത്തിലേക്ക്‌ നീങ്ങി കഴിഞ്ഞിട്ടുണ്ടാകും നാമൊക്കെ.
ഈ യാത്ര അവസാനിക്കുന്നതിനു മുൻപേ തിരിച്ചറിയുക.തിരിച്ചറിയാൻ ശ്രമിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ