2016, ഏപ്രിൽ 13, ബുധനാഴ്‌ച

ഒരു ക്ഷമ ചോദിക്കലിൽ തീരും...എല്ലാം

കാലചക്രമിനിയും ഇരുളും.....
യാത്രാപഥത്തിൽ ഇരുട്ട് പരക്കും മുൻപ്  എന്നെ അടുത്തറിയുന്നവരോടും...അല്ലാത്തവരോടും ...വാക്കാലോ,പ്രവൃത്തിയാലോ ദുസ്സഹമായി തോന്നിയിട്ടുണ്ടെങ്കിൽ ഒരു ക്ഷമായാചനം നടത്തട്ടെ...!
ജീവിതത്തിലെ നാൾവഴി പലപ്പോഴും ഇടുങ്ങിയതും,ഇരുണ്ടതും,ഇടർച്ചയേറിയതുമാണ്.ഇന്ന് കണ്ടവരെ..സംസാരിച്ചവരെ...അടുത്തറിഞ്ഞവരെ നാളെ കാണാൻ കഴിഞ്ഞെന്ന് വരില്ല.കാരണം ഓരോ യാത്രയുടെയും അവസാനം എവിടെ...എങ്ങിനെയെന്നറിയില്ല.ചിലപ്പോഴൊക്കെ ചില വാക്കുകളും,പ്രവൃത്തിയും...അരുചിയും...അരോചകവുമായി തോന്നിയേക്കാം.ചിലത് തീനാളം പോലെയും. വേർപാടിന്റെ മുഖം പലർക്കും പല രീതിയിലാണ് ദർശിക്കാൻ കഴിയുക.അതിൽ സൗഹൃദമുണ്ടാകാം....സ്നേഹബന്ധങ്ങളുണ്ടാകാം....
ചിലതൊക്കെ എത്ര അകറ്റിനിർത്തിയാലും പൂർവ്വാധികം വാശിയോടെ അടുത്ത് കൂടും.മറ്റുചിലത്  എത്രത്തോളം അടുപ്പിച്ച് കൂടെ കൂട്ടാൻ ശ്രമിച്ചാലും അകന്നകന്ന് പോവുകയേയുള്ളു....
ഒരിക്കലും കൈവരാതെ പോയ പാഴ്കിനാവ് പോലെ....
ഞാനും ശ്രമിച്ചിട്ടുണ്ട്.ചിലതൊക്കെ അടുപ്പിച്ച് നിർത്താനും,കൂടെ കൂട്ടാനും.പക്ഷെ തെന്നിമാറി പോയിട്ടേയുള്ളൂ.
അടുത്തറിയുന്നവരെയും...ഇഷ്ടപ്പെടുന്നവരെയും കൂടെ കൂട്ടി ബന്ധങ്ങൾ ബന്ധനങ്ങളാകാതെ കാത്ത് സൂക്ഷിക്കാൻ കഴിയുക.അതിന് നിതാന്ത പരിശ്രമം തന്നെ വേണ്ടിവരും.അതിൽ ചിലപ്പോഴൊക്കെ ചിലർ വിജയിക്കും.ഒരുപാട് പേർ പരാജയപ്പെടുകയും ചെയ്യും.
ഓരോ പുൽനാമ്പുകളും ഒരുനാൾ കരിഞ്ഞുണങ്ങും.
ഒരു പക്ഷെ ....ആരംഭത്തിലോ.....അല്ലെങ്കിൽ മധ്യാഹ്നത്തിലോ....അതുമല്ലെങ്കിൽ മൂർധന്യത്തിലോ...
അതെപ്പോ... എങ്ങിനെ.. ഇതാണ് വേർതിരിച്ചെടുക്കാൻ കഴിയാത്തത്.ഇത് തന്നെയാണ് എന്റെയും നിങ്ങളുടെയും ജീവിതവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ