2026 നവംബർ 23, തിങ്കളാഴ്‌ച

അന്യമാകുന്ന ഇന്നലെകൾ....(ചെറുകഥ)

വൈകുന്നേരത്തെ ചാറ്റൽമഴ ജനൽച്ചില്ലുകളിൽ വന്ന് തട്ടുമ്പോൾ അയാൾ ഓർത്തു.ഇതെന്താണിത് നവംബർ മാസത്തിലും മഴയോ...?എങ്കിലും  തന്റെ ആ പഴയ ഡയറിയുടെ ചിതലരിച്ച താളുകൾ മറിക്കുകയായിരുന്നു അയാൾ. ഓരോ എടുകൾക്കും അതിലെ ഓരോ വരികൾക്കും പിന്നിൽ ഒരായിരം ഓർമ്മകളുണ്ട്. ഒരുമിച്ചിരുന്ന് ചിരിച്ചവരും, കൈകോർത്തു നടന്നവരും, എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിയവരും  ചില എടുകളിലും ചില വരികളിലുമായി പുഞ്ചിരിച്ചു നിൽക്കുന്ന പോലെ അയാൾക്ക് തോന്നി.എന്നാൽ... ഇന്ന് ആ ചിരികളെല്ലാം വെറും നിഴലുകൾ മാത്രമായിരിക്കുന്നു. ഇന്നലെയുടെ എല്ലാം തനിക്ക് അന്യമാകുന്നു എന്ന സത്യം അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു.
ചില ഒത്തുചേരലുകളിൽ പണ്ട് മുഴങ്ങിക്കേട്ടിരുന്ന ആരവങ്ങൾ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. മനസ്സിലെയും ജീവിതത്തിലെയും ഇല്ലായ്മകൾ ചിലർക്ക് മുൻപിൽ നികത്താനാവാത്ത ഒരു വിടവായി തന്നെ നിലകൊള്ളുന്നത് അയാൾ പതിയെ തിരിച്ചറിഞ്ഞു. സാമ്പത്തികമായ ഉയർച്ചതാഴ്ചകളും തിരക്കുകളും...ജാതി-മത ചിന്തകളും
മനുഷ്യർക്കിടയിൽ വലിയ മതിലുകൾ തീർത്തു കൊണ്ടിരിക്കുന്നത് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു
തനിക്ക് പ്രിയപ്പെട്ടവരെല്ലാം അകന്നുപോകുന്നത് അയാൾ വേദനയോടെ നോക്കിക്കണ്ടു. അടുപ്പിച്ചു നിർത്താൻ ശ്രമിക്കും
തോറും അകന്നുപോകുന്ന സ്നേഹബന്ധങ്ങൾ... സൗഹൃദങ്ങൾ...രക്തബന്ധങ്ങൾ... ബന്ധുക്കൾ... അങ്ങനെ പലരും. പണ്ട് ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നവർ ഇന്ന് ഫോൺ കോളുകൾക്ക് പോലും മറുപടി നൽകാൻ സമയമില്ലാത്തവരായി മാറിയിരിക്കുന്നു.തമ്മിൽ കണ്ടാൽ ഞാൻ കുറച്ച്‌ തിരക്കിലാണ്.പിന്നെ എപ്പോഴെങ്കിലും സംസാരിക്കാം എന്ന് പറഞ്ഞു ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടവർ ഒരുമാത്ര തിരിഞ്ഞു നോക്കാതെ കടന്നു പോയതും അയാൾക്ക് ഓർമ്മ വന്നു.ആ അകൽച്ച അയാളെപ്പോലുള്ളവരിൽ ശൂന്യതയുടെ ആഴം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു.പെട്ടെന്നാണ് അയാളുടെ ഫോൺ ശബ്ദിച്ചത്. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അയാൾ ഒന്ന് അമ്പരന്നു.
ഒരു കാലത്ത് നിഴൽ പോലെ കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്ത്."ഹലോ...സുഖമാണോ?" മറുവശത്ത് അവളുടെ ശബ്ദം.
വർഷങ്ങൾക്ക് ശേഷമുള്ള ആ വിളി അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. എങ്കിലും... ആ സംസാരത്തിൽ പണ്ടത്തെ ആ ആത്മബന്ധത്തിന്റെ ഊഷ്മളത എവിടെയോ നഷ്ടപ്പെട്ടതുപോലെ അയാൾക്ക് തോന്നി. വെറും ഔപചാരികതയുടെ വാക്കുകൾ മാത്രം. സംസാരം അവസാനിപ്പിച്ച് ഫോൺ വെക്കുമ്പോൾ അയാൾ ഓർത്തു. ജീവിതയാത്രയിൽ ഞാൻ ആരെയൊക്കെയോ കണ്ടുമുട്ടി.അതിൽ ചിലപ്പോൾ അപൂർവ്വം ചിലരെ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു.
എന്നാൽ പിന്നീട് അവർ അകന്നുപോകുന്നതും അവർ തനിക്ക് അന്യമാകുന്നതും ഞാനെന്തേ തിരിച്ചറിയാൻ വൈകിപ്പോയി.ആ പഴയ
ഡയറി അടച്ചുവെച്ച് അയാൾ ജനാലയ്ക്കരികിലേക്ക് നടന്നു.സമയം എത്രയായി എന്നറിയില്ലെങ്കിലും അയാൾ ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി.നവംബർ മാസമായതിനാൽ പുറത്ത് ഇപ്പോൾ മഴ മാറി മഞ്ഞ് പെയ്യുന്നുണ്ട്.ഒപ്പം നേരിയ നിലാവും.ആകാശത്ത് തെളിഞ്ഞു നിന്നിരുന്ന നക്ഷത്രത്തെ നോക്കി അയാൾ നെടുവീർപ്പിട്ടു. കാലം പിന്നെയും മനുഷ്യന് മേൽ അതിന്റെ വികൃതികൾ തുടർന്നു
കൊണ്ടേയിരിക്കും. പക്ഷേ... ആ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് നടക്കുക എന്നതല്ലാതെ മറ്റെന്ത് വഴിയാണ് തനിക്കുള്ളത്.
എന്തോ ഓർമ്മ വന്ന പോലെ അയാൾ പതിയെ ജനൽ പാളികൾ ചേർത്തടച്ചു ഉറങ്ങാനായി കിടന്നു.
ചിന്തകൾക്കുമപ്പുറം ഉറക്കം അയാളെ തേടിയെത്തിയത് അയാൾ പോലുമറിഞ്ഞില്ല.

അഭിപ്രായങ്ങളൊന്നുമില്ല: