2026 നവംബർ 23, തിങ്കളാഴ്‌ച

അന്യമാകുന്ന ഇന്നലെകൾ....(ചെറുകഥ)

വൈകുന്നേരത്തെ ചാറ്റൽമഴ ജനൽച്ചില്ലുകളിൽ വന്ന് തട്ടുമ്പോൾ അയാൾ ഓർത്തു.ഇതെന്താണിത് നവംബർ മാസത്തിലും മഴയോ...?എങ്കിലും  തന്റെ ആ പഴയ ഡയറിയുടെ ചിതലരിച്ച താളുകൾ മറിക്കുകയായിരുന്നു അയാൾ. ഓരോ എടുകൾക്കും അതിലെ ഓരോ വരികൾക്കും പിന്നിൽ ഒരായിരം ഓർമ്മകളുണ്ട്. ഒരുമിച്ചിരുന്ന് ചിരിച്ചവരും, കൈകോർത്തു നടന്നവരും, എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിയവരും  ചില എടുകളിലും ചില വരികളിലുമായി പുഞ്ചിരിച്ചു നിൽക്കുന്ന പോലെ അയാൾക്ക് തോന്നി.എന്നാൽ... ഇന്ന് ആ ചിരികളെല്ലാം വെറും നിഴലുകൾ മാത്രമായിരിക്കുന്നു. ഇന്നലെയുടെ എല്ലാം തനിക്ക് അന്യമാകുന്നു എന്ന സത്യം അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു.
ചില ഒത്തുചേരലുകളിൽ പണ്ട് മുഴങ്ങിക്കേട്ടിരുന്ന ആരവങ്ങൾ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. മനസ്സിലെയും ജീവിതത്തിലെയും ഇല്ലായ്മകൾ ചിലർക്ക് മുൻപിൽ നികത്താനാവാത്ത ഒരു വിടവായി തന്നെ നിലകൊള്ളുന്നത് അയാൾ പതിയെ തിരിച്ചറിഞ്ഞു. സാമ്പത്തികമായ ഉയർച്ചതാഴ്ചകളും തിരക്കുകളും...ജാതി-മത ചിന്തകളും
മനുഷ്യർക്കിടയിൽ വലിയ മതിലുകൾ തീർത്തു കൊണ്ടിരിക്കുന്നത് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു
തനിക്ക് പ്രിയപ്പെട്ടവരെല്ലാം അകന്നുപോകുന്നത് അയാൾ വേദനയോടെ നോക്കിക്കണ്ടു. അടുപ്പിച്ചു നിർത്താൻ ശ്രമിക്കും
തോറും അകന്നുപോകുന്ന സ്നേഹബന്ധങ്ങൾ... സൗഹൃദങ്ങൾ...രക്തബന്ധങ്ങൾ... ബന്ധുക്കൾ... അങ്ങനെ പലരും. പണ്ട് ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നവർ ഇന്ന് ഫോൺ കോളുകൾക്ക് പോലും മറുപടി നൽകാൻ സമയമില്ലാത്തവരായി മാറിയിരിക്കുന്നു.തമ്മിൽ കണ്ടാൽ ഞാൻ കുറച്ച്‌ തിരക്കിലാണ്.പിന്നെ എപ്പോഴെങ്കിലും സംസാരിക്കാം എന്ന് പറഞ്ഞു ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടവർ ഒരുമാത്ര തിരിഞ്ഞു നോക്കാതെ കടന്നു പോയതും അയാൾക്ക് ഓർമ്മ വന്നു.ആ അകൽച്ച അയാളെപ്പോലുള്ളവരിൽ ശൂന്യതയുടെ ആഴം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു.പെട്ടെന്നാണ് അയാളുടെ ഫോൺ ശബ്ദിച്ചത്. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അയാൾ ഒന്ന് അമ്പരന്നു.
ഒരു കാലത്ത് നിഴൽ പോലെ കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്ത്."ഹലോ...സുഖമാണോ?" മറുവശത്ത് അവളുടെ ശബ്ദം.
വർഷങ്ങൾക്ക് ശേഷമുള്ള ആ വിളി അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. എങ്കിലും... ആ സംസാരത്തിൽ പണ്ടത്തെ ആ ആത്മബന്ധത്തിന്റെ ഊഷ്മളത എവിടെയോ നഷ്ടപ്പെട്ടതുപോലെ അയാൾക്ക് തോന്നി. വെറും ഔപചാരികതയുടെ വാക്കുകൾ മാത്രം. സംസാരം അവസാനിപ്പിച്ച് ഫോൺ വെക്കുമ്പോൾ അയാൾ ഓർത്തു. ജീവിതയാത്രയിൽ ഞാൻ ആരെയൊക്കെയോ കണ്ടുമുട്ടി.അതിൽ ചിലപ്പോൾ അപൂർവ്വം ചിലരെ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു.
എന്നാൽ പിന്നീട് അവർ അകന്നുപോകുന്നതും അവർ തനിക്ക് അന്യമാകുന്നതും ഞാനെന്തേ തിരിച്ചറിയാൻ വൈകിപ്പോയി.ആ പഴയ
ഡയറി അടച്ചുവെച്ച് അയാൾ ജനാലയ്ക്കരികിലേക്ക് നടന്നു.സമയം എത്രയായി എന്നറിയില്ലെങ്കിലും അയാൾ ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി.നവംബർ മാസമായതിനാൽ പുറത്ത് ഇപ്പോൾ മഴ മാറി മഞ്ഞ് പെയ്യുന്നുണ്ട്.ഒപ്പം നേരിയ നിലാവും.ആകാശത്ത് തെളിഞ്ഞു നിന്നിരുന്ന നക്ഷത്രത്തെ നോക്കി അയാൾ നെടുവീർപ്പിട്ടു. കാലം പിന്നെയും മനുഷ്യന് മേൽ അതിന്റെ വികൃതികൾ തുടർന്നു
കൊണ്ടേയിരിക്കും. പക്ഷേ... ആ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് നടക്കുക എന്നതല്ലാതെ മറ്റെന്ത് വഴിയാണ് തനിക്കുള്ളത്.
എന്തോ ഓർമ്മ വന്ന പോലെ അയാൾ പതിയെ ജനൽ പാളികൾ ചേർത്തടച്ചു ഉറങ്ങാനായി കിടന്നു.
ചിന്തകൾക്കുമപ്പുറം ഉറക്കം അയാളെ തേടിയെത്തിയത് അയാൾ പോലുമറിഞ്ഞില്ല.

2026 നവംബർ 21, ശനിയാഴ്‌ച

ഒരു ചെറിയ തിരിനാളം...(മിനികഥ)

കനത്ത മഴയും കാറ്റും ആഞ്ഞടിക്കുന്ന ഒരു രാത്രി. ഗ്രാമത്തിലെ ചെറിയ കുടിലിൽ ആ അമ്മയും മകൻ അപ്പുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറ്റിന്റെ ശക്തിയിൽ ജനാലകൾ കിടിലം കൊണ്ടു. പെട്ടെന്നാണ് കറന്റ് പോയത്. കുടിലിൽ കൂരിരുട്ട് നിറഞ്ഞു.
ഭയന്നുപോയ അപ്പു 
അമ്മയോട് ചേർന്നിരുന്നു. "അമ്മേ..., പുറത്ത് നല്ല ഇരുട്ടാണ്. ഈ കാറ്റും മഴയും ഇനി ഒരിക്കലും നിൽക്കില്ലേ...?" അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.അമ്മ ഒന്നും മിണ്ടാതെ പതുക്കെ എഴുന്നേറ്റു. തപ്പിത്തടഞ്ഞ് അടുക്കളയിൽ പോയി ഒരു ചെറിയ മണ്ണെണ്ണ വിളക്ക് കൊളുത്തി കൊണ്ടുവന്നു. ആ ചെറിയ തിരിനാളം കത്തിയതോടെ മുറിയിലെ ഇരുട്ട് അല്പം മാറി.അപ്പുവിന്റെ മുഖത്തേക്ക് നോക്കി അമ്മ പുഞ്ചിരിച്ചു:പിന്നെ അവനോടായി പറഞ്ഞു."മോനേ..., പുറത്തെ ഇരുട്ട് അത് എത്ര വലുതാണെങ്കിലും ഈ ചെറിയ തിരിവെട്ടത്തെ തോൽപ്പിക്കാൻ അതിന് കഴിയില്ല. എത്ര വലിയ കൊടുങ്കാറ്റിനും ശേഷം ശാന്തമായ ഒരു പുലരി പിറക്കുക തന്നെ ചെയ്യും.നീ ഇപ്പോൾ കാണുന്ന ഇരുട്ട് 
അതെത്ര കനത്തതായാലും, അതിനപ്പുറം ഒരു പ്രഭാതം കാത്തിരിപ്പുണ്ട്.ആ വിശ്വാസമാണ് നമ്മേ മുന്നോട്ട് നയിക്കേണ്ടത്.
ഒരർത്ഥത്തിൽ പറഞ്ഞാൽ ആ വിശ്വാസമാണ് ഓരോ മനുഷ്യരെയും മുന്നോട്ട് നയിക്കുന്നത്.നമ്മൾ ചെയ്യേണ്ടത് ഈ ചെറിയ വെളിച്ചം കെട്ടുപോകാതെ കാത്തുസൂക്ഷിക്കുക മാത്രമാണ്."അമ്മ പറഞ്ഞു നിർത്തി.പിന്നെ എന്തോ ഓർത്തപോലെ മകന്റെ മുഖത്തേക്ക് നോക്കി.പിന്നെ വിളിച്ചു.അപ്പൂ...വേറൊരു കാര്യം കൂടിയുണ്ട്.അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി.അമ്മ അവനോടായി പറഞ്ഞു.കുറേ നാളുകൾ കഴിയുമ്പോൾ നീ വലുതാകും...നിന്റെ മുന്നോട്ടുള്ള  യാത്രയിൽ പലരുമായും നീ പരിചയപ്പെടും.സൗഹൃദങ്ങളുടേയും...ഇഷ്ടങ്ങളുടേയും.... കാലങ്ങളിലൂടെ ചിലപ്പോൾ ചിരിച്ചും... ചിലപ്പോൾ സങ്കടപ്പെട്ടും  നീ കടന്നുപോകും.ചില അടുപ്പങ്ങൾ നിന്റെ മനസ്സിനെ ഇരുട്ടിലാഴ്ത്തും...അതുകൊണ്ട് നിന്റെ മനസ്സിൽ നീ നന്മയുടെ....
സ്നേഹത്തിന്റെ...വിശ്വാസ്യതയുടെ ഒരു വിളക്ക് കൊളുത്തി വെക്കണം.ഒരു കാറ്റിലും അണയാതെ നീ അത് കാത്ത് സൂക്ഷിക്കുകയും വേണം.
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അപ്പുവിന്റെ ഉള്ളിലെ പുറത്തെ ഇരുട്ടിനെ കുറിച്ചുള്ള ഭയം മാറിയിരുന്നു.അമ്മ പറഞ്ഞത് ശരിക്കും മനസ്സിലായില്ലെങ്കിലും
അവന്റെ മനസ്സിൽ അമ്മ പറഞ്ഞ വാക്കുകൾ വല്ലാതെ പതിഞ്ഞു കഴിഞ്ഞിരുന്നു. 
പുറത്ത് കാറ്റ് അപ്പോഴും വീശുന്നുണ്ടായിരുന്നു, പക്ഷേ...മങ്ങി കത്തിയ ആ ചെറിയ വിളക്കിന്റെ വെളിച്ചത്തിൽ അവൻ നാളത്തെ പ്രഭാതം സ്വപ്നം കണ്ട് പതിയെ ഉറക്കത്തിലേക്ക് ആഴ്ന്നു പോയി.

2026 നവംബർ 20, വെള്ളിയാഴ്‌ച

സ്റ്റാറ്റസ് കാഴ്ച്ചകൾ...(ചെറുകഥ)

ഓർമ്മകൾക്ക് പലപ്പോഴും മരണമില്ല. ഇടവേളകളിൽ ഉയിർത്തെഴുന്നേൽക്കുന്ന ഒരു മയക്കം മാത്രമാണത്.
വർഷങ്ങൾക്കിപ്പുറം ഫോണിലെ മെസ്സേജുകളിലൂടെ ചിക്കി പരതവേ മെസഞ്ചറിലെ  
 മെസ്സേജിലെ ഹിസ്റ്ററിയിൽ നിന്ന്  വീണുകിട്ടിയ ആ വരികളിലേക്ക് നോക്കിയിരിക്കുമ്പോൾ അവന്റെ മനസ്സിൽ തെളിഞ്ഞത് അവളുടെ മുഖമായിരുന്നു. 
ഒരുകാലത്ത് ഒരുപാട് അടുപ്പം പങ്കുവെച്ചവർ.അന്ന്... അവർക്കിടയിൽ ഒരു വലിയ സമുദ്രമുണ്ടായിരുന്നു.അവർ തന്നെ സ്വയം സൃഷ്ടിച്ചെടുത്ത സൗഹൃദത്തിന്റെ ഒരു മഹാസമുദ്രം. ആ തിരമാലകളിൽ അവർ പലപ്പോഴും കണ്ടുമുട്ടി. 
ചിലപ്പോൾ പിണങ്ങിയും...
വല്ലാതെ അകന്നും....
തൊട്ടടുത്ത നിമിഷം ഒന്നും സംഭവിക്കാത്തതുപോലെ വല്ലാതെ അടുത്തും
അവർ ആ സൗഹൃദം ആഘോഷിച്ചു.കാലം കടന്നുപോയി. ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഇരുവരും ചേക്കേറി. ഫോൺ കോളുകൾ മെസ്സേജുകളായും...പിന്നെ മെസ്സേജുകൾ വെറും 'സ്റ്റാറ്റസ്' കാഴ്ചകളായും ചുരുങ്ങി.
ഇന്ന് അവൾ തന്റെ വീടിന്റെ വരാന്തയിലിരുന്ന് സ്റ്റാറ്റസുകൾ മാറി മാറി ഇടുന്ന തിരക്കിലാണെങ്കിൽ...  അവനും അങ്ങ് ദൂരെ മറ്റൊരു ഭാഗത്ത്
തിരക്കിലാണെങ്കിൽ തന്നെയും ഇടക്കെപ്പോഴൊക്കെയോ 
അവളുടെ ഓരോ സ്റ്റാറ്റസും കണ്ടു കൊണ്ടേയിരിക്കുന്നു. അവർക്കിടയിൽ അവർ പണിതുയർത്തിയ സൗഹൃദത്തിന്റെ ആ പഴയ സമുദ്രം ഇപ്പോഴും അവന്റെ നെഞ്ചിലുണ്ട്. പക്ഷേ...ഇന്ന് അവർ ഇരുവരും അവർ തന്നെ സൃഷ്ടിച്ചെടുത്ത ആ സമുദ്രത്തിലെ രണ്ട് ഒറ്റപ്പെട്ട ദ്വീപുകളാണ്. അവരവരുടെ ജീവിതമാകുന്ന ഭൂപടങ്ങളിൽ പോലും പരസ്പരം അടയാളപ്പെടുത്താനാവാത്ത രണ്ട് ഉപദ്വീപുകൾ ആണത്.
അവന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ അവളുടെ പേര് തെളിഞ്ഞു നിന്നിരുന്നു.വിളിക്കണോ... വേണ്ടയോ... എന്നൊരു നിമിഷത്തെ ആശങ്ക.
അവൻ പതിയെ നെടുവീർപ്പിട്ടു. "അടുപ്പം കൊണ്ട് അകൽച്ചയും, അകൽച്ച കൊണ്ട് 
വിസ്മൃതിയും സൃഷ്ടിക്കാത്തതാണ് യഥാർത്ഥ സൗഹൃദം" എന്ന് നമ്മൾ എന്തേ മറന്നുപോയി....? 
അവൻ സ്വയം അവനോട് തന്നെ ചോദിച്ചു.സ്വയം ചോദ്യമായത്‌ കൊണ്ടോ എന്തോ അവൻ തിരിച്ച് മറുപടിയൊന്നും പ്രതീക്ഷിച്ചതുമില്ല.
ഇനിയും ആ സമുദ്രം നീന്തി കടക്കാൻ കഴിയുമോ...
എന്നൊരു തോന്നലിൽ ഫോണിലെ   'കോൾ' ബട്ടണിൽ വിരലമർത്താൻ തുനിയവേ അവൻ പെട്ടെന്ന് തന്നെ വിരൽ തുമമ്പ് വലിച്ചെടുത്തു.
ഒരുപക്ഷേ..അവൾ അത് ആഗ്രഹിക്കുന്നില്ലെങ്കിലോ....?

2026 നവംബർ 19, വ്യാഴാഴ്‌ച

മൗനത്തിന്റെ മതിൽ (മിനികഥ)

അവർക്കിടയിൽ ആദ്യം വീണത് വെറുമൊരു നേർത്ത നൂൽ മാത്രമായിരുന്നു. ഒരു ചെറിയ പിണക്കത്തിന്റെ, പറയാതെ പോയ ഒരു ക്ഷമാപണത്തിന്റെ നൂൽ."ഇന്ന് അവൾ തന്നെ വന്നു ക്ഷമ പറയട്ടെ.അവൾ ആദ്യം സംസാരിക്കട്ടെ," എന്നാൽ ഞാൻ കാശമിക്കാം.അയാൾ മനസ്സിൽ ഉറപ്പിച്ചു.
"ഇത്തവണയെങ്കിലും അയാൾ എന്നെ മനസ്സിലാക്കട്ടെ," അവളും കരുതി.അങ്ങനെ
ദിവസങ്ങൾ കടന്നുപോയി. പറയാതെ വിഴുങ്ങിയ ഓരോ പരിഭവവും ഓരോ കല്ലായി മാറി. വാശിയും വിദ്വേഷവും ചേർന്ന് ആ കല്ലുകൾക്ക് മുകളിൽ കല്ലുകൾ അടുക്കിവെച്ചു.
അവസാനം അത് മൗനത്തിന്റെ കനത്ത മതിലായി പരിണമിച്ചു.
ഒരുകാലത്ത് സ്നേഹവും വിശ്വാസവും പൂത്തുലഞ്ഞിരുന്ന ആ ബന്ധത്തിനിടയിൽ പതുക്കെപ്പതുക്കെ നിശബ്ദത പടർന്നു.
രാവിലത്തെ ചായക്കോപ്പകൾ മേശപ്പുറത്ത് വെക്കുമ്പോഴും, രാത്രി വിളക്കണയ്ക്കുമ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞില്ല. പരസ്പരം സംസാരിക്കാൻ ഒന്നുമില്ലാത്ത, അല്ലെങ്കിൽ എവിടെ തുടങ്ങണമെന്ന് അറിയാത്ത ഒരു അവസ്ഥയിലേക്ക് അവർ എത്തിയിരുന്നു.
വർഷങ്ങൾക്ക് ശേഷം, വാർദ്ധക്യത്തിന്റെ തളർച്ചയിൽ അയാൾ അവളോട് എന്തോ പറയാൻ ആഗ്രഹിച്ചു. അവളും അയാളുടെ അടുത്തേക്ക് നടന്നു. പക്ഷേ, അപ്പോഴേക്കും അവർക്കിടയിൽ പടുത്തുയർത്തപ്പെട്ട ആ മൗനത്തിന്റെ മതിൽ അത്രമേൽ ഉയർന്നും ഉറച്ചും പോയിരുന്നു. ആ മതിലിനപ്പുറത്തേക്ക് അവരുടെ ശബ്ദങ്ങൾ എത്തിയില്ല. ഒരു വാക്കുപോലും ഉരിയാടാനാവാതെ, രണ്ട് അപരിചിതരെപ്പോലെ അവർ ആ മതിലിന്റെ ഇരുവശങ്ങളിലായി നിന്നു.
തമ്മിൽ ഒരാളുടെ ജീവൻ നിശ്ചലമാകും വരെ.

2026 നവംബർ 17, ചൊവ്വാഴ്ച

തണുത്തുറഞ്ഞ ചോദ്യം...(മിനികഥ)

അവസാന ശ്വാസവും നിലച്ചപ്പോൾ മുറിയിൽ കനത്ത നിശ്ശബ്ദത പടരുന്നത് അയാളുടെ ഉൾമനസ്സ് തിരിച്ചറിഞ്ഞു.ഘനീഭവിച്ച ഓർമ്മകളുടെ ഭാരവും പേറി അയാൾ നിശ്ചലനായി നീണ്ടു നിവർന്ന് കിടന്നു.മരണത്തിന്റെ മാലാഖ അയാളുടെ ജീവന്റെ ചൂടും ആത്മാവിന്റെ താളവും കവർന്നെടുത്ത് യാത്രയാകാൻ ഒരുങ്ങി.അപ്പോൾ....അയാളുടെ തണുത്തുറഞ്ഞ ആ ശരീരം മൗനത്തിന്റെ പുതപ്പ് നീക്കി മരണത്തോട് ചോദിച്ചു: "നിനക്ക് വേണ്ടിയിരുന്നത് എന്റെ ശരീരത്തിന്റെ ചൂടും എന്റെ ഹൃദയ സ്പന്ദനവും അതിന്റെ താളവുമായിരുന്നില്ലേ? അതെല്ലാം നീ കവർന്നെടുത്ത് ഇപ്പോൾ
കൊണ്ടുപോകുകയാണല്ലോ. പിന്നെന്തിനാണ് എന്റെ ഈ തണുത്തുറഞ്ഞ ശരീരം മാത്രം ഇവിടെ ബാക്കിവെക്കുന്നത്?"
മരണം ഒന്ന് പുഞ്ചിരിച്ചു.പിന്നെ അവനോടായി പറഞ്ഞു.
 "നീ സ്നേഹിച്ചവർക്കും... നിന്നെ സ്നേഹിച്ചവർക്കും അവരുടെ കണ്ണീർ വീഴ്ത്തി നിന്നെ യാത്രയാക്കാനും നിന്നെ ദ്രോഹിച്ചവർക്കും...നിന്നെ വേദനിപ്പിച്ചവർക്കും...നിന്നെ അകറ്റി നിർത്തിയവർക്കും സങ്കടപ്പെടുന്നെങ്കിൽ ഒരു നിമിഷം സങ്കടപ്പെടാനും അതല്ലെങ്കിൽ നാളെ ഞാനും ഇതുപോലെ കിടക്കും എന്ന് ഒരു നിമിഷം ചിന്തിക്കാനും ഒരു അടയാളം വേണ്ടേ!"....? അതിനാണ് നിന്റെ ശരീരം ഞാൻ ഇവിടെ ബാക്കി വെച്ചത്.ഇത് കേട്ട അയാളുടെ ആത്മാവിന് മനസ്സിലായി ഇത് തന്നെയാണ് പരമമായ സത്യമെന്ന്.

2026 നവംബർ 15, ഞായറാഴ്‌ച

പാതി വഴിയിൽ അവസാനിപ്പിക്കുന്ന ബന്ധങ്ങൾ (മിനികഥ)

ഏകാന്തത നിറഞ്ഞ ദിനങ്ങൾക്കിടയിൽ എന്തോ ഓർമ്മ വന്നപോലെ അയാൾ തന്റെ കട്ടിലിനടിയിലേക്ക് തള്ളി വെച്ച  ആ പഴയ മരപ്പെട്ടി വലിച്ചെടുത്തു.കാലങ്ങളായി അതെടുക്കാത്തത് കൊണ്ട് നിറയെ മാറാല അതിൽ പറ്റി പിടിച്ചിരുന്നു.
തുറന്നപ്പോൾ അതിൽ നിന്നും പകുതിയിലേറെ അക്ഷരങ്ങൾ മാഞ്ഞുപോയ കുറേ കത്തുകൾ പുറത്തേക്ക് വീണു. വർഷങ്ങൾക്ക് മുൻപ് അമ്മ എഴുതിയ കത്തുകളായിരുന്നു അവ.നഗരത്തിലെ തിരക്കുകൾക്കിടയിൽ അയാൾക്ക് അമ്മയെ വിളിക്കാനോ നാട്ടിലേക്ക് പോകാനോ സമയം കിട്ടിയിരുന്നില്ല. "മോനേ, നിനക്ക് തിരക്കായിരിക്കും എന്ന് എനിക്കറിയാം, എന്നാലും ഒരു വാക്കെങ്കിലും എഴുതണേ..." എന്നായിരുന്നു മിക്ക കത്തുകളിലെയും അവസാന വരി.ഏറ്റവും ഒടുവിൽ വന്ന കത്ത് അയാൾ തുറന്നു വായിച്ചു.അതിൽ വരികൾ കുറവായിരുന്നു.പക്ഷേ... വിറയാർന്ന കൈപ്പടയിൽ ഇങ്ങനെ എഴുതിയിരുന്നു: "എന്റെ കണ്ണുകൾക്ക് ഇപ്പോൾ കാഴ്ച കുറവാണ് മോനേ. ഇനി നിനക്ക് കത്തുകൾ എഴുതാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.ഇനി നീ വരുമ്പോൾ എനിക്ക് വേണ്ടി കുറച്ചു നേരം സംസാരിക്കാൻ സമയം കണ്ടെത്തണേ..."ആ കത്ത് വായിച്ചു തീർന്നപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തോ ഒരു ഉൾപ്രേരണയിൽ പെട്ടെന്ന് ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങുമ്പോഴാണ് അയാൾ ഓർത്തത്. ആ കത്ത് വന്നിട്ട് വർഷം രണ്ടായെന്നും, അമ്മ ഈ ലോകത്ത് നിന്ന് വിടപറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെന്നും! കാലങ്ങൾ കഴിയവേ തന്നോട് അടുപ്പമുള്ള പലരോടും അയാൾ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്ന വാക്കുകൾ ഇതായിരുന്നു.
നമ്മുടെയൊക്കെ
ചില തിരക്കുകൾ അവസാനിക്കുമ്പോഴേക്കും നമുക്കായി കാത്തിരുന്നവരിൽ പലരും നമ്മെ വിട്ട് യാത്രയായിട്ടുണ്ടാകും.അത് കൊണ്ട് ഏതൊരു ബന്ധവും പാതിവഴിയിൽ വലിച്ചെറിയാതിരിക്കുക.

2026 നവംബർ 14, ശനിയാഴ്‌ച

വഴിയരികിൽ....(മിനികഥ)

വർഷങ്ങൾക്ക് ശേഷമാണ് അവനും അവളും വീണ്ടും വഴിയരികിൽ കണ്ടുമുട്ടിയത്.
കുറെ വർഷത്തെ ഇടവേളകൾക്ക് മുൻപേ അവർ തമ്മിൽ പരസ്പരം ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു.
വഴിയരികിൽ എന്നും കണ്ടുമുട്ടുമായിരുന്നു.പതിയെ പതിയെ ആ ബന്ധത്തിന് നിറം മങ്ങി പോയി.
ജോലിത്തിരക്കുകളും കുടുംബപ്രാരാബ്ധങ്ങളും മറ്റു പല പ്രശ്നങ്ങളും കാരണം അവർ തമ്മിൽ സംസാരിച്ചിട്ട് വർഷങ്ങളായിരുന്നു. പഴയതുപോലെ സംസാരിക്കാൻ കഴിയുമോ എന്നൊരു ചെറിയ ആശങ്ക ഇരുവർക്കും ഉണ്ടായിരുന്നു.അടുത്ത് കണ്ട ചായ കടയിലേക്ക് നോക്കി അവൻ പറഞ്ഞു.നമുക്ക് ഓരോ ചായ കുടിച്ചാലോ...? അവൾ സമ്മതം മൂളി.കടയുടമയോട് രണ്ട് ചായയ്ക്ക് പറഞ്ഞു. അവൾക്ക് മധുരം കൂടുതലാണ് വേണ്ടതെന്ന ഒരു ഓർമ്മയിൽ 
"ചേട്ടാ, ഒരെണ്ണത്തിൽ മധുരം കുറച്ച് കൂടുതൽ ഇട്ടോ" എന്ന് അവൻ പറയാൻ തുടങ്ങിയതും  അവൾ  അവന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു."ഡാ...നിനക്ക് ഇപ്പോഴും അത് ഓർമ്മയുണ്ടോ?" എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അപ്പോൾ അവൻ അവളോട് പുഞ്ചിരിയോടെ പറഞ്ഞു.
 പറഞ്ഞു."ചില ഓർമ്മകൾക്കും...
ചില അടുപ്പങ്ങൾക്കും...
ചില സൗഹൃദങ്ങൾക്കും
കാലപ്പഴക്കമില്ലെടോ,"   
പിന്നീട് അവിടെ മൗനമുണ്ടായിരുന്നില്ല.
അവർ തമ്മിലുണ്ടായിരുന്ന വർഷങ്ങളുടെ അകലം ആ ഒരൊറ്റ നിമിഷനേരം കൊണ്ട് ഇല്ലാതായി. യഥാർത്ഥ സൗഹൃദത്തിന് എന്നും ഒരേ ചൂടും മധുരവുമാണ് എന്ന തിരിച്ചറിവിൽ ...വീണ്ടും കണ്ടുമുട്ടാമെന്ന് പരസ്പരം സമ്മതിച്ച് അവനും അവളും യാത്ര പറഞ്ഞുവെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന് ആർക്കും ഒരു ഉറപ്പുമില്ലായിരുന്നു.

2026 നവംബർ 12, വ്യാഴാഴ്‌ച

എന്റെ ഗ്രാമം ( മിനികഥ)

കുത്തനെയുള്ള ഇറക്കവും ഇറങ്ങി മുന്നോട്ട് നടന്ന് ഞാൻ ചില സമയങ്ങളിൽ ചെന്നിരിക്കാറുള്ള ആ പാലത്തിന് മുകളിലായി ചെന്നു നിന്നു.പാലത്തിന്റെ കൈവരിയിൽ പിടിച്ചു ഞാൻ താഴോട്ട് നോക്കി.വറ്റി തുടങ്ങിയ കനാലിൽ ചെറുമീനുകൾ ഓടി കളിക്കുന്നുണ്ട്.ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ മങ്ങിയ നിഴലും ആ വെള്ളത്തിൽ കാണാൻ കഴിഞ്ഞു.എന്റെ നിഴലായത് കൊണ്ടാണോ എന്നറിയില്ല.അതിന് തീരെ ഭംഗിയില്ലായിരുന്നു.സമയം പോകും തോറും നിഴലിനു നീളം വെച്ചു കൊണ്ടിരുന്നു.
കൊയ്തൊഴിഞ്ഞ പാടത്തെ മൺചെരിവുകളിൽ തെങ്ങിന്റെ കറുത്ത നിഴൽ വീഴുമ്പോൾ അതിനൊരു വല്ലാത്ത ഛായ. 
കനാൽ ബണ്ടിന്റെ അരികിലെ അക്വേഷ്യ മരങ്ങളുടെ നിഴലും വെള്ളത്തിൽ തെളിഞ്ഞു കാണാം.കഴിഞ്ഞുപോയ ദിനങ്ങളെ കുറിച്ച് ഓർത്തെടുക്കാൻ ശ്രമിക്കവേ പുല്ലത്തറ റോഡിലൂടെ പോകുന്ന വീണമോൾ ബസ്സിന്റെ  ശബ്ദം കേട്ടു.ഓ...അപ്പോഴാണ് സമയത്തെ കുറിച്ചോർത്തത്.
തെക്ക് ദൂരെ കല്ലട ക്ഷേത്രത്തിന്റെ മങ്ങിയ വെളിച്ചവും കണ്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.
പകലിന്റെ പടിഞ്ഞാറ്റയിൽ അന്തികുളിക്ക് തയ്യാറെടുക്കുന്ന
സൂര്യന്റെ ശോണിമ ചേറ്റുകട്ടകൾക്കു പുറത്ത് നിഴലിട്ട ഛായയെ മായ്ച്ചു കളഞ്ഞു തുടങ്ങിയിരുന്നു.
ഒരു സന്ധ്യയുടെ മൗനം പൂർണ്ണമായും ഏറ്റുവാങ്ങിയ എന്റെ ഗ്രാമം ധ്യാനാത്മകമായ നിദ്രയിലേക്ക് വീഴുവാൻ ഇനി കുറച്ചു
മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ.ഞാൻ തിരിച്ചു നടന്നു എന്തെല്ലാമോ ബാക്കി വെച്ച് കൊണ്ട്.

2026 നവംബർ 11, ബുധനാഴ്‌ച

മനസ്സിന്റെ ജാലകപടിയിൽ (കവിത)

മായാജാലം വാക്കുകൾ തൻ അതിരുകൾക്കപ്പുറം,
വ്യാഖ്യാനമില്ലാതെ പെയ്യുന്ന മഴയാണ് ഓർമ്മകൾ.
മറവിയുടെ മൂടുപടമിട്ടു മൂടിയാലും,മറക്കണമെന്നു നാം വാശിപിടിക്കുമ്പോഴും
മനസ്സിൻ്റെ ജാലകപ്പടിയിൽ അവ വീണ്ടും വന്നിരിക്കും.
മനസ്സിന്റെ വാതിൽ തുറന്നവ ഓടിയെത്തുംഎപ്പോഴോ വീണുകിട്ടിയ നിമിഷങ്ങൾ,
എങ്ങനെയോ ഹൃദയത്തിൽ കൂടുകൂട്ടിയവ.
ജീവിത വീഥികളിൽ എപ്പോഴോ കടന്നുവന്ന,
നിഗൂഢമാം ചില നിമിഷങ്ങൾ തൻ സമ്മാനം.ആരും കാണാത്തൊരു സ്വകാര്യതയിൽ,
ഒരു കോശത്തിലും ചെറുതായി ഒളിച്ചിരുന്നവ.ഒരു മാന്ത്രിക വിരലാൽ തൊടുംപോലെ,
മാസ്മരികാനുഭൂതി തൻ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
കാലമെത്ര കഴിഞ്ഞു പോയാലും മായാതെ,കൂടെയെന്നും ഓടിയെത്തും ഓർമ്മ തൻ മായാജാലം.ഒരു മാസ്മരികാനുഭൂതി തൻ ആഴങ്ങളിലേക്ക്
നമ്മെ വീണ്ടും കൂട്ടിക്കൊണ്ടുപോകും!

ആരോ ഒരാൾ

2026 നവംബർ 4, ബുധനാഴ്‌ച

ആത്മ പ്രണാമം

പ്രണയത്തിന്റെ മറവിലെ ക്രൂരത(ലേഖനം)

മറ്റൊരാളുടെ ജീവനും, ഒരമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെയും ആയുഷ്കാലത്തെ മുഴുവൻ പ്രതീക്ഷകളും തല്ലിക്കൊഴിച്ച്, ഒടുവിൽ ഒരു ചാക്കിൽ കെട്ടി മൂടി ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് ഇന്നത്തെ പ്രണയം അധഃപതിച്ചിരിക്കുന്നു. ക്രൂരവും ദാരുണവുമായ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നാം സാധാരണയായി ഉത്തർപ്രദേശിലോ ബിഹാറിലോ നടന്ന സംഭവങ്ങളായിരിക്കാം എന്ന് ആശ്വസിക്കാറുണ്ട്. എന്നാൽ, സാംസ്കാരിക പ്രബുദ്ധത അവകാശപ്പെടുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം കൊട്ടിഘോഷിക്കുന്ന നമ്മുടെ സ്വന്തം കേരളത്തിലാണ് ഇത്തരം നടുക്കുന്ന കൊടുംക്രൂരതകൾ ഇന്ന് അരങ്ങേറുന്നത്. നീതിയും നിയമസംഹിതകളും അടിയന്തരമായി മാറ്റിയെഴുതേണ്ട കാലം എന്നേ കഴിഞ്ഞുപോയി എന്ന് ഓരോ ദിവസത്തെയും വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
മരണപ്പെട്ട ആ കുട്ടി അറിഞ്ഞുപോലുമില്ലായിരുന്നു, താൻ വിശ്വസിച്ചവരും സ്നേഹിച്ചവരും തന്നെ ക്ഷണിച്ചത് പ്രണയത്തിലേക്കോ ജീവിതത്തിലേക്കോ അല്ല, മറിച്ച് ദാരുണമായ മരണത്തിലേക്കാണ് എന്ന്. ആ മകനെക്കുറിച്ച്, അവന്റെ ഭാവിയെക്കുറിച്ച് ആ കുടുംബത്തിന് എത്രയെത്ര വലിയ പ്രതീക്ഷകളുണ്ടായിരുന്നിരിക്കാം. അവൻ വളർന്നു വലുതാകുന്നതും, തങ്ങളുടെ തണലായി മാറുന്നതും സ്വപ്നം കണ്ടിരുന്ന മാതാപിതാക്കളുടെ നെഞ്ചകം തകർത്താണ് ആ ജീവൻ കവർന്നെടുത്തത്. ആ കുടുംബത്തിന്റെ മാത്രമല്ല, മരണപ്പെട്ട ആ യുവാവിനും സ്വന്തം ഭാവിയെക്കുറിച്ച്, തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എത്രയെത്ര സ്വപ്നങ്ങളുണ്ടായിരുന്നിരിക്കില്ലേ? നന്മ നിറഞ്ഞ ഒരു നാളെയെക്കുറിച്ച് അവൻ എന്തെല്ലാം വിചാരിച്ചിട്ടുണ്ടാകാം.
എന്നാൽ, ഒരു നിമിഷത്തെ ക്രൂരത കൊണ്ട് എല്ലാം അവസാനിച്ചപ്പോൾ, ഇന്ന് അവന് ചുറ്റും വേർപാടിന്റെ കണ്ണീർ കാഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. പൊരുതി നേടേണ്ടിയിരുന്ന പ്രായത്തിൽ, മാതാപിതാക്കൾക്ക് തണലാകേണ്ടിയിരുന്ന സമയത്ത്, അവൻ ഇതാ നീണ്ടുനിവർന്ന് ആ ശവപ്പെട്ടിയിൽ നിത്യനിദ്രയിലാണ്. തനിക്കുചുറ്റും പ്രിയപ്പെട്ടവർ നെഞ്ചുപൊട്ടി നിലവിളിക്കുന്നത് അവൻ കാണുന്നു പോലുമില്ല.
ഈ കൊടുംചതിയിലൂടെയും കൊലപാതകത്തിലൂടെയും ആ കുറ്റവാളികളും അതിന് കൂട്ടുനിന്നവരും എന്ത് നേടി? പ്രണയമെന്ന പവിത്രമായ വികാരത്തെ അക്രമത്തിനും പ്രതികാരത്തിനുമുള്ള ആയുധമാക്കുന്നവർ സമൂഹത്തിന് വലിയ ഭീഷണിയാണ്. ഒരു ജീവൻ ഇല്ലാതാക്കുമ്പോൾ ഒരു കുടുംബം കൂടിയാണ് അവിടെ ഇല്ലാതാകുന്നത് എന്ന യാഥാർത്ഥ്യം ഇത്തരം കുറ്റവാളികൾ ഓർക്കുന്നില്ല. നിയമങ്ങൾ കൂടുതൽ ശക്തമാകുകയും, കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ അതിവേഗം ഉറപ്പാക്കുകയും ചെയ്യാത്തിടത്തോളം കാലം, സാംസ്കാരിക കേരളത്തിന് ഈ ചോരക്കറ കഴുകിക്കളയാൻ കഴിയില്ല.എന്നിട്ടും കൊലയാളികളുടെ മുഖം ക്യാമറ കണ്ണുകളിൽ നിന്ന് മറക്കാൻ തത്രപെടുന്ന ചിലർ.ആർക്ക് വേണ്ടിയായിരുന്നു ഈ പരിരക്ഷ.തുല്യ നീതി വാദിക്കുന്ന ചിലർ.ക്രിമിനൽ കേസുകളിൽ ഇന്ന് മൈനർ എന്ന പരിരക്ഷ 14 ഓ 15 ഓ വയസ്സ് വരെ മാത്രം ആക്കണം...ആണിനും പെണ്ണിനും തുല്യ ശിക്ഷയും വേണം.അല്ലെങ്കിൽ ഇനിയും ജീവനുകൾ പലയിടങ്ങളിലായി പൊലിഞ്ഞേക്കാം...എന്ത് ക്രൂരത കാട്ടിയാലും ശിക്ഷയുടെ വിധി വന്നാൽ പരിവാര സമേതം ടൂർ പോകുന്ന അവസ്ഥയിലാണ് പലരും.ഒപ്പം ദിനേന ഇറച്ചിയും... മീനും..മുട്ടയും...പാലുമൊക്കെ കിട്ടുന്ന ജയിലറകളും രക്ഷിക്കാൻ ആളുകളും ഉള്ളിടത്തോളം ആർക്ക് ആരെ ഭയക്കാൻ...മുബൈ ബോംബ് സ്പോടനത്തിലെ പ്രതിയായ അജ്മൽ കസബിനെ  വർഷങ്ങളോളം ഊട്ടിയപ്പോൾ അവനെ പിടിക്കാൻ ഉദ്ധ്യമിച്ച ഹേമന്ത് കർക്കരെ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്കും കുട്ടിക്കും കിട്ടിയ നഷ്ടപരിഹാര സംഖ്യ അഞ്ച് ലക്ഷം എന്നിരിക്കെ ക്രിക്കറ്റ് കളിക്കാർക്ക് കിട്ടുന്ന സമ്മാന തുക ഒരു കോടി രൂപക്ക് മുകളിലാണ്.ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ....തെരുവ് നായ്ക്കൾക്ക് വേണ്ടി വാദിക്കുന്ന ഇന്നിന്റെ ലോകത്ത് വിലയില്ലാത്ത ഒന്നേയുള്ളൂ.അത് മനുഷ്യന്റെ ജീവനാണ്.